Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം എന്തുകൊണ്ട് പട്ടികജാതി, പട്ടിക വർഗക്കാർക്ക് കൊടുത്ത് കൂടാ? എൻ എസ് എസുമായി മാത്രം ചർച്ച ചെയ്യുന്നത് സങ്കടകരവും പ്രതിഷേധാർഹവുമെന്ന് വെള്ളാപ്പള്ളി; വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് എസിക്ക് വിട്ടതിൽ മൂസ്ലീം സംഘടനകൾക്കും അതൃപ്തി; സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കാൻ നീക്കമില്ലെന്ന് പറഞ്ഞിട്ടും പ്രതിഷേധങ്ങൾക്ക് അയവില്ല; ദേവസ്വം ബോർഡും വഖഫ് ബോർഡും സർക്കാരിന് തലവേദന

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം എന്തുകൊണ്ട് പട്ടികജാതി, പട്ടിക വർഗക്കാർക്ക് കൊടുത്ത് കൂടാ? എൻ എസ് എസുമായി മാത്രം ചർച്ച ചെയ്യുന്നത് സങ്കടകരവും പ്രതിഷേധാർഹവുമെന്ന് വെള്ളാപ്പള്ളി; വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് എസിക്ക് വിട്ടതിൽ മൂസ്ലീം സംഘടനകൾക്കും അതൃപ്തി; സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കാൻ നീക്കമില്ലെന്ന് പറഞ്ഞിട്ടും പ്രതിഷേധങ്ങൾക്ക് അയവില്ല; ദേവസ്വം ബോർഡും വഖഫ് ബോർഡും സർക്കാരിന് തലവേദന

കെ വി നിരഞ്ജൻ

കോഴിക്കോട്: മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്തുശതമാനം സംവരണമെന്ന് ഇ.എം.എസിന്റെ കാലംതൊട്ടുതന്നെ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണെങ്കിലും ഇതുവരെ പാർട്ടിക്ക് അക്കാര്യത്തിൽ മൂൻകൈയെടുക്കാനായിട്ടില്ല. ഇപ്പോൾ ദേവസ്വം ബോർഡിലെ ചില തസ്തികളിൽ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയപ്പോഴാവട്ടെ കടുത്ത വിമർശനവുമായി ന്യനപക്ഷ സംഘടനകളും എസ്.എൻ.ഡി.പിയും രംഗത്തെത്തിയിരക്കയാണ്. ഇതോടൊപ്പം വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതുമാണ് മുസ്‌ലീ ലീഗടക്കമുള്ള മുസ്‌ലീം സംഘടനകളെ രോഷാകുലരാക്കിയത്. സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കാൻ നീക്കമില്ലെന്ന് സർക്കാർ പറഞ്ഞിട്ടും പ്രതിഷേധങ്ങൾക്ക് അയവില്ല.

പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം വെള്ളാപ്പള്ളി എന്നും ഇടത് സർക്കാരിനെ പുകഴ്‌ത്തുകയായിരുന്നു പതിവ്. ആ പതിവാണ് ഇപ്പോൾ തെറ്റുന്നത്. സാമൂഹിക നീതി അട്ടിമറിക്കപ്പെടുകയാണെന്ന് വെള്ളാപ്പള്ളി പറയുന്നു. എൻഎസ്എസിന് വേണ്ടി തീരുമാനം എടുക്കുന്നുവെന്ന പരാതിയും ഉണ്ട്. ദേവസം ബോർഡിലെ സർക്കാർ ഇടപെടലിനെ ഇരട്ട നീതിയായി വെള്ളാപ്പള്ളി കാണുന്നു. ബിഡിജെഎസിനെ എങ്ങനേയും ഇടതുപക്ഷത്ത് എത്തിക്കാൻ വെള്ളാപ്പള്ളി കരുനീക്കം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് താൽപ്പര്യമുള്ളവരെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമിക്കുമെന്നും കരുതി. എന്നാൽ എല്ലാ പ്രതീക്ഷയും അട്ടിമറിക്കപ്പെട്ടു. ഇതോടെ സർക്കാരിനെതിരെ പുതിയ പോർമുഖം തുറക്കുകയാണ് വെള്ളാപ്പള്ളി.

ദേവസ്വം ബോർഡിൽ ഏർപ്പെടുത്തുന്ന മുന്നോക്ക സംവരണത്തിനെതിരെ നിയമപരമായി പോരാടുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ദേവസ്വം ബോർഡിലൊന്നും പിന്നാക്ക വിഭാഗക്കാർക്ക് പരിഗണന കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌പെഷൽ റിക്രൂട്ട്‌മെന്റിലൂടെ നിയമനം നൽകി ദേവസ്വം ബോർഡിൽ സാമൂഹിക നീതി ഉറപ്പാക്കുകയാണ് വേണ്ടത്. പിന്നീട് വരുന്ന ഒഴിവുകളിൽ ജനസംഖ്യാ ആനുപാതികമായി നിയമനം നടത്തണം. മന്ത്രിസഭാ തീരുമാനം ഭരണഘടനാവിരുദ്ധമാണ്. ഇത്തരമൊരു തീരുമാനം എൻ.എസ്.എസുമായി മാത്രം ചർച്ചചെയ്തത് സങ്കടകരവും പ്രതിഷേധാർഹവുമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം എന്തുകൊണ്ട് പട്ടികജാതി, പട്ടിക വർഗക്കാർക്ക് കൊടുത്ത് കൂടാ- വെള്ളാപ്പള്ളി ചോദിച്ചു.

വഖഫ് ബോർഡിന്റെയും ദേവസ്വം ബോർഡിന്റെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിക്കുകയും പിന്നീട് ദേവസ്വം ബോർഡിന്റെ നിയമന പ്രഖ്യാപനത്തിൽനിന്ന് മാത്രം സർക്കാർ പിന്മാറുകയും ചെയ്തത് ഇരട്ട നീതിയാണെന്ന് ഇന്നലെ കോഴിക്കോട്ട് ചേർന്ന മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം വിലയിരുത്തി. വഖഫ് ബോർഡിന്റെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം നിലവിലുള്ള കേന്ദ്ര വഖഫ് നിയമനത്തിനും ചട്ടങ്ങൾക്കും വിരുദ്ധമാണ്.

വർഷങ്ങളായി തെരഞ്ഞെടുക്കപ്പെടുന്ന വഖഫ് ബോർഡുകളിൽ അഡീഷനൽ സെക്രട്ടറി ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികളും, ജനപ്രതിനിധികളും ഉണ്ടായിരിക്കെ ഇത്തരം തീരുമാനം എടുത്തത് ന്യായീകരിക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ആറ് പതിറ്റാണ്ട് കാലത്തെ വഖഫ് ബോർഡിന്റെ നിയമനം ഉൾപ്പെടെയുള്ള സേവനചരിത്രം സുതാര്യവും നിരാക്ഷേപവുമാണെന്നിരിക്കെ ഇത്തരം നീക്കം രാജ്യത്തൊട്ടാകെ തെറ്റായ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

എം.ഐ. ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധാനംചെയ്ത് കെ. ഉമർ ഫൈസി മുക്കം, കെ. മോയിൻകുട്ടി മാസ്റ്റർ, ടി.പി.എം. സാഹിർ, പി.പി. അബ്ദുറഹിമാൻ പെരിങ്ങാടി, ഉമർ പാണ്ടികശാല, എൻ.സി. അബൂബക്കർ, ഇ.പി. മുസ്തഫ, വി.കെ. ബാവ, ഡോ. പി.കെ. ഫസൽഗഫൂർ, സി.ടി. സക്കീർ ഹുസൈൻ, എൻജിനീയർ പി. മമ്മദ്കോയ, പി.ടി. മൊയ്തീൻകുട്ടി, വഖഫ് ബോർഡ് അംഗം അഡ്വ. ഫാത്തിമ റോഷ്ന എന്നിവർ സംബന്ധിച്ചു. വഖഫ് ബോർഡ് അംഗം എം.സി. മായിൻഹാജി സ്വാഗതവും അഡ്വ. പി.വി. സൈനുദ്ദീൻ നന്ദിയും പറഞ്ഞു.

ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണമേർപ്പെടുത്തിയതിലൂടെ സർക്കാർ സംവരണ തത്വം അട്ടിമറിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ബിജെപി സർക്കാറിന് സഹായകരമായ നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്. വിഷയം മുന്നണിയിൽ ചർച്ച ചെയ്യും. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന സർക്കാർ നിർദ്ദേശവും അംഗീകരിക്കാനാവില്ല. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടാൽ പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂവെന്ന സ്ഥിതി വരും. ഇത് ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്‌ലാമി, സാമൂഹിക സമത്വ മുന്നണി, വെൽഫെയർ പാർട്ടി, മെക്ക തുടങ്ങിയ സംഘടനകളും സർക്കാർ നടപടിയെ എതിർത്ത് രംഗത്തുണ്ട്.

മന്ത്രിസഭ തീരുമാനത്തെ എന്തിനാണ് എതിർക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. സാമ്പത്തിക സംവരണം സംസ്ഥാനത്തിന് നടപ്പാക്കാൻ കഴിയില്ല. മുന്നാക്ക വിഭാഗത്തിലെ നിർധനനായ ഒരാൾക്ക് സംവരണം നൽകുന്നതിലൂടെ പിന്നാക്ക വിഭാഗത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ല. ദേവസ്വം ബോർഡിൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ശതമാനം കൂട്ടിയശേഷമാണ് മുന്നാക്ക പ്രാതിനിധ്യം നടപ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP