Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഖ്യചർച്ചകൾക്കായി വെള്ളാപ്പള്ളിയും മകനും ഡൽഹിയിൽ; അമിത് ഷായുമായി ചർച്ച; വെള്ളാപ്പള്ളിയുടെ ഗവർണർ പദവിയോ തുഷാറിന്റെ രാജ്യസഭ എംപി സ്ഥാനമോ പ്രധാന ചർച്ച; പാർട്ടി രൂപീകരിച്ചു മുന്നണിയായി നിൽക്കാനും ആലോചന: വ്യക്തമാകുന്നത് മറുനാടൻ റിപ്പോർട്ട് ശരിവെക്കുന്ന കാര്യങ്ങൾ തന്നെ

സഖ്യചർച്ചകൾക്കായി വെള്ളാപ്പള്ളിയും മകനും ഡൽഹിയിൽ;  അമിത് ഷായുമായി ചർച്ച; വെള്ളാപ്പള്ളിയുടെ ഗവർണർ പദവിയോ തുഷാറിന്റെ രാജ്യസഭ എംപി സ്ഥാനമോ പ്രധാന ചർച്ച; പാർട്ടി രൂപീകരിച്ചു മുന്നണിയായി നിൽക്കാനും ആലോചന: വ്യക്തമാകുന്നത് മറുനാടൻ റിപ്പോർട്ട് ശരിവെക്കുന്ന കാര്യങ്ങൾ തന്നെ

ബി രഘുരാജ്

തിരുവനന്തപുരം: കേന്ദ്രത്തിൽ മൂന്ന് തവണ അധികാരം പിടിച്ചപ്പോഴും ബിജെപിയെന്ന പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കാതെ ഉഴറുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, അടുത്തകാലത്തായി അക്കൗണ്ട് തുറക്കാനുള്ള അവസരം തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷ ബിജെപിക്ക് ശക്തമായിട്ടുണ്ട്. എസ്എൻഡിപി-എൻഎസ്എസ് എന്നീ സമുദായിക സംഘടനകളുമായി കൈകോർത്ത് പാർട്ടിയെ വളർത്തുക എന്ന ദൗത്യമാണ് ദേശീയ പ്രസിഡന്റ് അമിത് ഷാ ബിജെപിക്ക് സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വച്ചിരുന്നത്. ഇതിന്റെ തുടക്കമെന്നോണം ബിജെപി ആദ്യം സഹകരിക്കാൻ ഒരുങ്ങുന്നത് എസ്എൻഡിപിയുമായിട്ടാണെന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളി ആയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എസ്എൻഡിപിയുമായി സഹകരിക്കുന്നതിന് പകരമായി തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ അംഗത്വമോ തനിക്ക് ഗവർണർ സ്ഥാനമോ വേണമെന്ന നിബന്ധനയായിരുന്നു വെള്ളാപ്പള്ളി മുന്നോട്ടു വച്ചത്. എന്നാൽ, ഇക്കാര്യത്തിൽ അമിത് ഷാ മനസുതുറക്കാത്ത കാര്യവും മറുനാടൻ വാർത്തയായിരുന്നു. ഇപ്പോഴിതാ മറുനാടൻ വാർത്തയെ ശരിവച്ചു കൊണ്ട് അമിത് ഷായുമായുള്ള ചർച്ചകൾക്കായി വെള്ളാപ്പള്ളിയും മകനും ഡൽഹിയിൽ എത്തി.

ബിജെപിയുമായുള്ള സഹകരണത്തിന്റെ ആദ്യപടിയെന്നോണം ആദ്യമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സഹകരണമാണ് ലക്ഷ്യമിടുന്നത്. മുൻകാല തിരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർട്ടികളും കേരള കോൺഗ്രസും വരെ സ്ഥാനാർത്ഥികളെ തേടി എസ്എൻഡിപിയെ സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിൽ ഇത്രകാലം പലരെയും സഹായിച്ചെങ്കിലും സമുദായത്തിനു പ്രത്യുപകാരമൊന്നുമുണ്ടായിട്ടില്ലെന്ന അഭിപ്രായക്കാരനാണ് വെള്ളാപ്പള്ളി അതുകൊണ്ട് ഇത്തവണ ബിജെപിയെ പിന്തുണക്കുമെന്ന വ്യക്തമായ സൂചന ഡൽഹിയിലെ ചില മാദ്ധ്യമപ്രവര ്ത്തകരുമായും വെള്ളാപ്പള്ളി പങ്കുവച്ചിട്ടുണ്ട്.

രാജ്യം ഭരിക്കുന്ന ബിജെപിയോട് എസ്എൻഡിപിക്ക് അയിത്തമില്ലെന്നും വെള്ളാപ്പള്ളി നിലപാടു വ്യക്തമാക്കി. വാജ്‌പേയി സർക്കാരിന്റെ കാലത്തും ബിജെപി നേതൃത്വവുമായി നല്ല ബന്ധത്തിലായിരുന്നു. എസ്എൻഡിപി യോഗം നേരിട്ടു രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയില്ലെങ്കിലും യോഗ നേതൃനിരയിലുള്ളവർ സമുദായ താൽപര്യം സംരക്ഷിക്കാനായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയാൽ പ്രശ്‌നാധിഷ്ഠിത പിന്തുണ നൽകുമെന്നു വെള്ളാപ്പള്ളി പറഞ്ഞു.

കൊല്ലത്ത് ആർ.ശങ്കറിന്റെ പ്രതിമ അനാഛാദനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനാണ് എത്തിയതെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാൽ, ഇന്ന് അമിത് ഷായുമായി നടക്കുന്ന കൂടിക്കാഴ്‌ച്ചയിൽ നടക്കുക വിലപേശലായിരിക്കും. തുഷാറിനെ രാജ്യസഭയിൽ എത്തിക്കുന്നതിനാണ് വെള്ളാപ്പള്ളിയുടെ പ്രഥമ പരിഗണന. അല്ലെങ്കിൽ തനിക്ക് ഗവർണ്ണർ സ്ഥാനം വേണം. ഇത് സംബന്ധിച്ച് ഇന്നു ബിജെപി അധ്യക്ഷൻ അമിത് ഷായുമായി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ചർച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം ബിജെപി നേതാക്കളുടെ എതിർപ്പുണ്ടാകാൻ ഇടയുള്ളതിനാൽ വെള്ളാപ്പള്ളിയുടെയും മകന്റെയും ആഗ്രഹം ഒറ്റയടിക്ക് നടക്കുമെന്ന തോന്നുന്നില്ല. എങ്കിൽ പാർട്ടിക്ക് നേട്ടമുണ്ടായാൽ വിട്ടുവീഴ്‌ച്ചക്ക് അമിത് ഷായും തയ്യാറായേക്കും. എന്നാൽ കേന്ദ്രമന്ത്രി പദവിയെന്ന സ്ഥാനം തുഷാറിന് നൽകാൻ കഴിയില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. വെള്ളാപ്പള്ളിയുടെ ഗവർണ്ണർ സ്ഥാനമെന്ന ആവശ്യത്തോടും പ്രതികരിക്കുന്നില്ല. വെള്ളാപ്പള്ളി കുടുംബത്തിൽ നിന്ന് ആർക്കെങ്കിലും ഒരാൾക്ക് പദവി നൽകാം. രാഷ്ട്രീയഉദ്യോഗസ്ഥ തല പരിചയമുള്ളവരെയാണ് ഗവർണ്ണർമാർ എന്ന ഭരണഘടനാ പദവിയിലേക്ക് നിയോഗിക്കാറുള്ളൂ. അവിടേയ്ക്ക് സമുദായ നേതാവിനെ അയച്ചാൽ അത് പുതിയ രാഷ്ട്രീയ വിവാദമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

എസ്എൻഡിപിയിൽ നിന്നു നേതാക്കളെ ഉൾക്കൊള്ളാനാണു ബിജെപിക്കു താൽപര്യമെങ്കിലും എസ്എൻഡിപിയുമായി ബന്ധമുള്ള രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ സഖ്യമുണ്ടാക്കാനും ബിജെപി തയാറാണ്. എസ്എൻഡിപിയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് സഖ്യകക്ഷിയായി നിലനിൽക്കാം എന്ന നിർദ്ദേശമാണ് അമിത് ഷാ മുന്നോട്ടു വച്ചിട്ടുള്ള ഒരു ഫോർമുല എന്നാണ് അറിയുന്നത്. ഇങ്ങനെ നിന്നരാഷ്ട്രീയ ശക്തി തെളിയിച്ചാൽ കൂടുതൽ സ്ഥാനങ്ങൾ നൽകാമെന്നും അമിത് ഷാ വ്യക്തമാക്കിയേക്കും. എന്തായാലും കേരളത്തിൽ എസ്എൻഡിപി - ബിജെപി രാഷ്ട്രീയ ധാരണയ്ക്കായി ആർഎസ്എസ് - വിഎച്ച്പി നേതൃത്വവും ചരടുവലികൾ ഊർജിതമാക്കിയിട്ടുണ്ട്.

കേരളത്തിൽ ന്യൂനപക്ഷ ജനസംഖ്യയിൽ വർധനയുണ്ടായിട്ടുണ്ടെങ്കിലും ഏകദേശം 90 നിയമസഭാ മണ്ഡലങ്ങളിൽ ഹിന്ദു വോട്ടർമാർക്കാണു ഭൂരിപക്ഷമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപി- എസ്എൻഡിപി ധാരണയുണ്ടാക്കിയാൽ വൻ മുന്നേറ്റത്തിനു സാധ്യതയുണ്ടെന്നും കേന്ദ്ര നേതൃത്വം കരുതുന്നു.

എസ്എൻഡിപിക്കു 6500 ശാഖകളും 74,000 മൈക്രോ ഫിനാൻസ് യൂണിറ്റുകളുമുള്ളത് ഏതൊരു കേഡർ പാർട്ടിയുമായും കിടപിടിക്കുന്ന സംഘടനാ സംവിധാനമാണെന്നു ബിജെപി കരുതുന്നു. മൈക്രോ ഫിനാൻസ് പദ്ധതിയിലൂടെ 4100 കോടി രൂപ സമുദായാംഗങ്ങളുടെ ഉപജീവന പദ്ധതികൾക്കായി ലഭ്യമാക്കിയ എസ്എൻഡിപി നേതൃത്വത്തോടു സമുദായത്തിനുള്ള വിശ്വാസം രാഷ്ട്രീയമായി മുതലെടുക്കാനാണു ബിജെപിയുടെ പദ്ധതി. രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ എസ്എൻഡിപി യോഗത്തിനുള്ളിൽ സമ്മർദ്ദം ശക്തമാകുന്നതും അനുകൂല സാഹചര്യമായാണ് ബിജെപി കാണുന്നത്. ഹിന്ദു ഏകീകരണത്തിനായി വാദിക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകളും ബിജെപി രാഷ്ട്രീയത്തിനു സഹായകമാണ്.

എസ്എൻഡിപിയുമായുള്ള അകൽച്ച പരിഹരിക്കാൻ സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സിപിഐ(എം) ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ കഴിഞ്ഞയാഴ്ച വെള്ളാപ്പള്ളി നടേശനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം സിപിഐ(എം) പിബി അംഗം പിണറായി വിജയൻ, തുഷാർ വെള്ളാപ്പള്ളിയുമായി നടത്തിയ ചർച്ചയും ഫലിച്ചില്ല. അരുവിക്കരയിൽ എസ്എൻഡിപി നേതൃത്വം സിപിഎമ്മിനെതിരെ പ്രവർത്തിച്ചുവെന്ന പിണറായിയുടെ ആരോപണം തുഷാർ വെള്ളാപ്പള്ളി തള്ളിക്കളഞ്ഞു. ഈഴവ സമുദായത്തിന്റെ രാഷ്ട്രീയ ചിന്താഗതിയിൽ മാറ്റമുണ്ടാകുന്നതിൽ എസ്എൻഡിപി നേതൃത്വത്തെ കുറ്റം പറയുന്നതിൽ അർഥമില്ലെന്ന മറുപടിയാണ് തുഷാർ വെള്ളാപ്പള്ളി നൽകിയത്.

സിപിഎമ്മിന്റെ പരമ്പരാഗത വോട്ടു ബാങ്കാണ് ഈഴവർ. നെയ്യാറ്റിൻകരയിലും അരുവിക്കരയിലും തെരഞ്ഞെടുപ്പുകളിൽ ഈ വിഭാഗം ബിജെപിക്ക് അനുകൂലമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈഴവർ ബിജെപിക്ക് വോട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയെ പരസ്യമായി ഒപ്പം നിർത്തി രാഷ്ട്രീയ നേട്ടത്തിന് ബിജെപി ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP