Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐതിഹ്യപ്പെരുമയുള്ള വെന്നിമലയിൽ നിധിശേഖരമുള്ളതായി അഭ്യൂഹം; രണ്ടിലൊന്നറിയാൻ പുരാവസ്തു, ജിയോളജി വകുപ്പ് ഓഫീസുകൾ കയറിയിറങ്ങി വിദേശ മലയാളി തളർന്നു; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പ്രയോജനമില്ല; വീടും കെട്ടിടവും വെക്കാനാവാതെ നിധിശേഖര ഭയത്തിൽ നാട്ടുകാർ

ഐതിഹ്യപ്പെരുമയുള്ള വെന്നിമലയിൽ നിധിശേഖരമുള്ളതായി അഭ്യൂഹം; രണ്ടിലൊന്നറിയാൻ പുരാവസ്തു, ജിയോളജി വകുപ്പ് ഓഫീസുകൾ കയറിയിറങ്ങി വിദേശ മലയാളി തളർന്നു; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പ്രയോജനമില്ല; വീടും കെട്ടിടവും വെക്കാനാവാതെ നിധിശേഖര ഭയത്തിൽ നാട്ടുകാർ

കോട്ടയം: മധ്യകാലഘട്ടത്തിൽ ചേരമാൻ പെരുമാൾ മഹാരാജാവ് സ്ഥാപിച്ചതായി പറയപ്പെടുന്ന, പുതുപ്പള്ളി പഞ്ചായത്തിലെ വെന്നിമല ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിൽ നിധിശേഖരങ്ങളുള്ളതായി അഭ്യൂഹം. മീനടം സ്വദേശിയായ വിദേശമലയാളി ക്ഷേത്രത്തിന് അല്പം തെക്കു മാറി വസ്തു വാങ്ങി. വസ്തുവിൽ നിധിശേഖരമുള്ളതായി അഭ്യൂഹം പരന്നതോടെ വസ്തു ഉടമ ജ്യോത്സ്യനെക്കൊണ്ടു നോക്കിച്ചു. നിധിശേഖരം പോലുള്ള എന്തോ ഒന്ന് ഉണ്ടെന്നായിരുന്നു 'കണ്ടെത്തൽ'. ഇതോടെ ഇവിടെ നിർമ്മാണ പ്രവർത്തനം തുടങ്ങാൻ സ്ഥലം ഉടമ ബുദ്ധിമുട്ടുകയാണ്. വീടും മറ്റു കെട്ടിടങ്ങളും വച്ചാൽ പിന്നീട് അതു പൊളിക്കേണ്ടി വരുമെന്നതാണ് പ്രശ്‌നം.

കാര്യങ്ങൾക്കൊരു തീരുമാനമുണ്ടാകാനായി പുരാവസ്തു വകുപ്പിന് അപേക്ഷ നൽകി. തന്റെ വസ്തുവിൽ നിധിശേഖരവും സ്വർണ്ണവും ഉണ്ടെന്ന് അഭ്യൂഹം പരന്നിരിക്കുന്നതിനാൽ പരിശോധന നടത്തി നിജസ്ഥിതി കണ്ടെത്തണമെന്നായിരുന്നു അപേക്ഷ. ഇതിനെ തുടർന്ന് പരിശോധന നടത്തുന്നതിന് കോട്ടയം ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തിയിട്ട് മാസങ്ങൾ നിരവധിയായെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായില്ല. വസ്തു ഉടമ നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. പുതിയ സർക്കാർ വന്നതിനു ശേഷം സംഭവം കാട്ടി മുഖ്യമന്ത്രിക്ക് പരാതി ഇ മെയിലായി അയച്ചു. തുടർന്ന് വീണ്ടും കോട്ടയത്ത് നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കാട്ടി കത്ത് അയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. താൻ വാങ്ങിയ വസ്തുവിൽ നിർമ്മാണപ്രവർത്തനം നടത്താൻ കഴിയാതെ വന്നിരിക്കുന്നതിനാലും പരിശോധന നീണ്ടു പോകുന്നതിനാലും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് വസ്തു ഉടമ.

ഐതിഹ്യപ്പെരുമയുള്ള സ്ഥലമാണ് വെന്നിമല. നിരവധി മഹർഷിമാർ തപസിരുന്ന മലയെന്ന് വിശ്വാസം. തങ്ങളെ ശല്യപ്പെടുത്തിയിരുന്ന രാക്ഷസന്മാരിൽനിന്നു രക്ഷപ്പെടാൻ വനവാസത്തിലായിരുന്ന രാമലക്ഷ്മണന്മാരെ പമ്പാതീരത്തു ചെന്നു കണ്ടെന്നും രാമൻ ലക്ഷ്മണനെ അവർക്കൊപ്പം അയച്ചുവെന്നും ഐതിഹ്യം. വെന്നിമലയിലെത്തിയ ലക്ഷ്മണൻ രാക്ഷസന്മാരെ കൊന്നൊടുക്കി വിജയം വരിച്ചു. അങ്ങനെ ആ മലയ്ക്കു വിജയാദ്രിയെന്ന പേരായി. ആ അർത്ഥത്തിലാണ് പിന്നീട് വെന്നിമല എന്ന പേരുവീണത്. ഈ ഐതിഹ്യപ്പെരുമയിലാണ് രാമലക്ഷ്മണന്മാരുടെ പേരിൽ ഇവിടെ ചേരമാൻ പെരുമാൾ ഇവിടെ ക്ഷേത്രം പണിതത്.

ഇരുവരുടെയും പ്രതീകാത്മകമായി ഇവിടെ രണ്ടു കൊടിമരങ്ങളാണുള്ളത്. ക്ഷേത്രത്തിനടുത്ത് പണ്ടു കപില മഹർഷി തപസിരുന്നുവെന്നു വിശ്വസിക്കുന്ന കപിലഗുഹയുണ്ട്. ക്ഷേത്രത്തിൽ വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരുന്നുവെന്നും കാലാന്തരത്തിൽ അതെല്ലാം മണ്ണുമൂടിയതാണെന്നും വിശ്വാസം. കലിയുഗത്തിൽ ഇരവിയെന്ന മലവേടൻ കിഴങ്ങുപറിക്കാൻ മണ്ണിൽ പാര കുത്തിയപ്പോൾ രക്തപ്രവാഹമുണ്ടായതായും വിഷ്ണുവിന്റെ പ്രതിഷ്ഠയിൽനിന്നുള്ള രക്തപ്രവാഹമായിരുന്നുവെന്നും ഐതിഹ്യം.

ഇപ്പോൾ മണ്ണിനടിയിലുണ്ടെന്നു വിശ്വസിക്കുന്ന നിധിശേഖരത്തെ ഭയപ്പെടുകയാണ് വിദേശമലയാളി ഉൾപ്പെടെയുള്ള നാട്ടുകാർ. നിധിയില്ലെന്ന സർട്ടിഫിക്കറ്റ് കിട്ടിയാൽ മനസ്സമാധാനത്തോടെ വീടും കെട്ടിടങ്ങളും പണിയാമല്ലോയെന്ന് അവർ പറയുന്നു. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന വെന്നിമല ഏറെ ചരിത്രപ്രാധ്യാനമുള്ള സ്ഥലമാണ്. ഇവിടത്തെ ശ്രീരാമലക്ഷ്മണ ക്ഷേത്രം ഏറെ കേൾവികെട്ടതാണ്. അടുത്തകാലത്ത് ഇതിന്റെ പുനരുദ്ധാരണത്തിന് പുരാവസ്തു വകുപ്പാണ് മേൽനോട്ടം വഹിച്ചിരുന്നത്.

തെക്കുംകൂർ രാജവംശം ഇവിടം വിട്ടപ്പോൾ പരിസരപ്രദേശങ്ങളിൽ നിധിശേഖരം സൂക്ഷിച്ചിരുന്നുവെന്നാണു വിശ്വാസം. ചിലർക്ക് ഇതിന്റെ നേരിയ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. പുതുപ്പള്ളി പഞ്ചായത്തിലാണ് വെന്നിമല ഉള്ളതെങ്കിലും മീനടം, പമ്പാടി പഞ്ചായത്തുകളും ഇതിന്റെ അതിർത്തി പങ്കിടുന്നുണ്ട്. ഇതിനെ തുടർന്നാണ് മീനടം പഞ്ചായത്തിലെ തകിടി, മുണ്ടിയാക്കൽ, ആറാണി പ്രദേശങ്ങളിൽ നിധിശേഖരമുണ്ടെന്ന് പറയപ്പെടുന്നത്. വിവിധ ജ്യോതിഷന്മാരും ചരിത്ര പണ്ഡിതന്മാരും ഈ പ്രദേശങ്ങളിൽ നിധിശേഖരം ഉണ്ടെന്ന് പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു.

വെന്നിമല ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് പരാതി നൽകിയ വിദേശമലയാളിയുടെ ഭൂമി. കവർച്ചക്കാരെയും സാമൂഹികവിരുദ്ധരെയും ഭയന്നാണ് ഇദ്ദേഹം പേരു വെളിപ്പെടുത്താത്തത്. തന്റെ വസ്തുവിൽ നിധിശേഖരം ഉണ്ടെന്നും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടും പരിശോധന നടക്കാത്തതിനാൽ തനിക്ക് വീടും കെട്ടിടങ്ങളും വയ്്ക്കാനാവുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP