Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാറിന് മണിമാളിക പണിയാൻ അനുമതി നൽകിയ മുളവുകാട് പഞ്ചായത്തിനെതിരെ വിജിലൻസ് അന്വേഷണം; മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ് മറുനാടൻ പുറത്തു കൊണ്ടുവന്ന വാർത്തയെ ചൂണ്ടിക്കാട്ടി ഗിരീഷ് ബാബു നൽകിയ ഹർജിയിൽ; വീടിനോട് ചേർന്നുള്ള ജങ്കാർക്കടവും കൈയടക്കി ഇരുമ്പു വേലി കൊണ്ട് കെട്ടിമറച്ച് ഗായകൻ

തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാറിന് മണിമാളിക പണിയാൻ അനുമതി നൽകിയ മുളവുകാട് പഞ്ചായത്തിനെതിരെ വിജിലൻസ് അന്വേഷണം; മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ് മറുനാടൻ പുറത്തു കൊണ്ടുവന്ന വാർത്തയെ ചൂണ്ടിക്കാട്ടി ഗിരീഷ് ബാബു നൽകിയ ഹർജിയിൽ; വീടിനോട് ചേർന്നുള്ള ജങ്കാർക്കടവും കൈയടക്കി ഇരുമ്പു വേലി കൊണ്ട് കെട്ടിമറച്ച് ഗായകൻ

അർജുൻ സി വനജ്

കൊച്ചി: തീരദേശ പരിപാലന നിയമം കാറ്റിൽപറത്തി പിന്നണി ഗായകൻ എംജി ശ്രീകുമാറിന്റെ മണിമാളിക പണിയാൻ അവസരം ഒരുക്കി മുളവുകാട് പഞ്ചായത്തിന് മേൽ പിടിവീഴും. ചട്ടംലംഘിച്ച് നിർമ്മാണത്തിന് അനുമതി നൽകിയ കാര്യം ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് പഞ്ചായത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ത്വരിതാന്വേഷണം നടത്താനാണ് ഉത്തരവിൽ പറയുന്നത്. ഗായകന് ചട്ടംലംഘിച്ച് വീടു നിർമ്മിക്കാൻ അനുമതി നൽകിയ വാർത്ത പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളി ആയിരുന്നു. മറുനാടൻ വാർത്ത ചൂണ്ടിക്കാണിച്ചാണ് ഗിരീഷ് ബാബു രംഗത്തെത്തിയതും.

മുളവുകാട് പഞ്ചായത്ത് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നവരെ എതിർകക്ഷിയാക്കിയാണ് ഗിരീഷ് കോടതിയെ സമീപിച്ചത്. ഹർജിയിൽ എം ജി ശ്രീകുമാറും എതിർകക്ഷിയാണ്. മുളവുകാട് പഞ്ചായത്തിൽ ബോൾഗാട്ടി പാലസിന് സമീപമാണ് കായലിനോട് ചേർന്നാണ് എംജി ശ്രീകുമാർ ബഹുനിലമാളിക നിർമ്മിച്ചിരിക്കുന്നത്. കായലിൽ നിന്ന് ഇരുപത്തിയഞ്ചും അമ്പതും മീറ്റർമാറിയുള്ള വീടുകൾക്ക് തീരദേശ പരിപാലന നിയമത്തിന്റെ പേര് പറഞ്ഞ് അനുമതി നിഷേധിച്ച പഞ്ചായത്ത് അധികൃതർ എന്നാൽ എംജി ശ്രീകുമാറിന്റെ പണം കണ്ട് കണ്ണ് മഞ്ഞളിച്ചാണ് കായലിനോട് ചേർന്നുള്ള ഭൂമിയിൽ മണിമാളിക നിർമ്മിക്കാൻ അനുമതി നൽകിയതെന്ന് സമീപവാസികളും ആരോപിച്ചിരുന്നു.

ഇക്കാര്യത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ വിജിലൻസ് കോടതിയെ സമീപിച്ചത്. നേരത്തെ ജങ്കാർ കടവായിരുന്ന എംജി ശ്രീകുമാറിന്റെ വീടിനോട് ചേർന്നുള്ള പത്ത് സെന്റ് ഭൂമി ഇരുമ്പ് വേലി തീർത്ത് ഇവർ കൈവശപ്പെടുത്തിയിരിക്കുകയാണ്. രണ്ടര വർഷം മുമ്പാണ് ബോൾഗാട്ടിയിലെ വീട്ടിൽ എംജി ശ്രീകുമാറും ഭാര്യയും താമസം ആരംഭിക്കുന്നത്. എംജി ശ്രീകുമാർ ഈ സ്ഥലം വാങ്ങുമ്പോൾ 900 സ്‌ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തൃതിയുള്ള ഓടിട്ട ഒറ്റനിലവീടായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ ആ വീട് പൊളിച്ചാണ് ബഹുനില വീട് നിർമ്മിച്ചത്. വീടിനോട് ചേർന്നുള്ള മുൻ ജങ്കാർ കടവ് ഇപ്പോൾ എംജി ശ്രീകുമാർ കൈവശപ്പെടുത്തിയിരിക്കുകയാണ്.

എന്നാൽ രേഖകളിൽ പൊതുവഴിയായ ഈ സ്ഥലം (മുളവുകാട് വില്ലേജിൽ പന്ത്രണ്ടാം വാർഡിൽ 299/11) ഇതുവരെ ആർക്കും ലേലം ചെയ്തിട്ടില്ലെന്നാണ് ജൂലൈ പതിമൂന്നിന് വിവരാവകാശ നിയമ പ്രകാരം മുളവുകാട് പഞ്ചായത്ത് നൽകിയിരിക്കുന്ന മറുപടി. ശരാശരി ഒന്നരക്കോടിയിലധികം വിലവരുന്ന സ്ഥലമാണ് ഇത്. ഇരുമ്പ് മതിൽ തീർത്തിരിക്കുന്ന സ്ഥലത്തിന് സമീപം ഇപ്പോളും ബോട്ട് ജെട്ടി പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ പിന്നീട് ഇരുമ്പ് വേലി കൊണ്ടുവന്ന് ഇവിടെ സ്ഥാപിച്ച് സ്ഥലം അവകാശപ്പെടുത്തുകയായിരുന്നു എന്ന് സമീപവാസിയും പൊതുപ്രവർത്തകയും കൂടിയായ വേലിയാത്ത് വീട്ടിൽ ഷാഷാങ്ക ചൂണ്ടിക്കാട്ടിയിരുന്നു. രാവിലെ അമ്പലത്തിൽ പോകാൻ ഇറങ്ങുമ്പോൾ കുറച്ച് തമിഴന്മാരായ പണിക്കാർ വന്ന് ആ ഭാഗത്തുനിന്നും മണ്ണ് കോരുന്നുണ്ടായിരുന്നു. ജൂൺ മാസം ആദ്യമായിരുന്നു ഇത്. അമ്പലത്തിൽ പോയി തിരിച്ച് വന്നപ്പോഴേയ്ക്കും ഇപ്പോൾ കാണുന്ന വിധത്തിൽ, ഇരുമ്പ് വേലികൾക്കൊണ്ട് ഈ സ്ഥലത്തിന്റെ രണ്ട് ഭാഗവും പൂർണ്ണമായും മറച്ചിരിക്കുന്നു. ഇതേത്തുടർന്നാണ് ഈ സ്ഥലം ആർക്കെങ്കിലും ലേലം നൽകിയിട്ടുണ്ടോ എന്നറിയാൻ വിവരാവകാശം വെച്ചത്. എന്നാൽ ലേലം ചെയ്തിട്ടില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.

ഗോശ്രീ പാലം വരുന്നത് വരുന്നത് വരെ ജങ്കാർ കടവായിരുന്നു ഈ സ്ഥലം. 1992 മുതലായിരുന്നു ഇത്. ഈ പ്രദേശത്തെ കായലുകൾ പൂർണ്ണമായും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പരിധിയിലാണ്. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച സോളാർ വഴി വിളയ്ക്കും, എംജി ശ്രീകുമാർ കൈവശപ്പെടുത്തിയ സ്ഥലത്താണിപ്പോൾ. റാം സാം സൈറ്റായ ഈ ഭൂമി നിയമപ്രകാരം അടച്ച് കെട്ടാൻ പാടുള്ളതല്ലെന്ന് പ്രകൃതി സ്‌നേഹികളും ചൂണ്ടിക്കാട്ടുന്നു. വില്ലേജ് ഓഫീസർമാർക്കും, പഞ്ചായത്ത് അധികൃതർക്കും മുന്നിൽ എംജി ശ്രീകുമാർ പണം ഒഴുക്കിയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് മണിമാളികെ നിർക്കുകയും ജങ്കാർ കടവ് കയ്യേറുകയും ചെയ്തിരിക്കുന്നതെന്നാണ് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുകയുണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP