Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരം ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്ത് ജയ്ഹിന്ദിലേക്ക് ഒഴുക്കിയത് കോടികൾ; ശശി തരൂർ സീറ്റുമായി പോയപ്പോൾ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു; പത്തുകൊല്ലം ആയിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ കോൺഗ്രസ് വിട്ടു മടക്കം: പ്രവാസി പണവുമായി രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയൻ തോമസിന് മുടക്കു മുതൽ തിരിച്ചു കിട്ടുമോ?

തിരുവനന്തപുരം ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്ത് ജയ്ഹിന്ദിലേക്ക് ഒഴുക്കിയത് കോടികൾ; ശശി തരൂർ സീറ്റുമായി പോയപ്പോൾ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു; പത്തുകൊല്ലം ആയിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ കോൺഗ്രസ് വിട്ടു മടക്കം: പ്രവാസി പണവുമായി രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയൻ തോമസിന് മുടക്കു മുതൽ തിരിച്ചു കിട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ സീറ്റ് നിർണ്ണയം പൂർത്തിയായതോടെ സീറ്റ് ന്ഷ്ടപ്പെട്ടവർ പതിവുപോലെ പ്രതിഷേധത്തിലാണ്. ഇക്കൂട്ടത്തിൽ മുമ്പൻ വിജയൻ തോമസ് എന്ന് പ്രവാസി വ്യവസായിയാണ്. കെടിഡിസിയുടെ ചെയർമാൻ കൂടിയായ വിജയൻ തോമസ് സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് പാർട്ടി വിടാൻ ഒരുങ്ങുകയാണ്. പാർട്ടി വിടാനാണ് തീരുമാനമെന്നും കോൺഗ്രസിന്റെ മാദ്ധ്യമ സ്ഥാപനങ്ങൾക്കായി താൻ മുടക്കിയ പണം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവളം മണ്ഡലത്തിലേക്കാണ് വിജയൻ തോമസിനെ പരിഗണിച്ചിരുന്നത്. എന്നാൽ സീറ്റ് കെപിസിസി. സെക്രട്ടറി എം.വിൻസന്റിന് നൽകാനാണ് പാർട്ടി തീരുമാനം. ഇതേ തുടർന്നാണ് വിജയൻ തോമസ് കോൺഗ്രസ് വിടുന്നത്. പാർട്ടി പത്രത്തിനും ചാനലിനുമായി താൻ ഏറെ പണം മുടക്കിയിട്ടുണ്ടെന്നും പണം മടക്കിത്തന്ന് തന്നെ ഒഴിവാക്കണമെന്നാണ് നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്ന് വിജയൻ തോമസ് പറഞ്ഞു. ഇതാദ്യമായല്ല, വിജയൻ തോമസിനെ സീറ്റ് മോഹിപ്പിച്ച് കോൺഗ്രസ് വഞ്ചിക്കുന്നത്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ ഇടപെട്ട് ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്താണ് വിജയൻ തോമസ് പ്രവാസി പണവുമായി കോൺഗ്രസിലേക്ക് എത്തുന്നത്.

ജയ്ഹിന്ദ് ചാനൽ തുടങ്ങാൻ വേണ്ടി കോടികൾ മുടക്കാൻ സീറ്റ് മുന്നിൽ കണ്ട് വിജയൻ തോമസ് തയ്യാറായി. സിപിഐയുടെ പന്ന്യൻ രവീന്ദ്രനായിരുന്നു സിറ്റിങ് എംപി. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാമെന്ന് കോൺഗ്രസിനാണെങ്കിൽ തികഞ്ഞ ആത്മവിശ്വാസം. താനായിരിക്കും സ്ഥാനാർത്ഥിയെന്ന് വിജയൻ തോമസും വിശ്വസിച്ചു. സംഭവിച്ചത് മറ്റൊന്നാണ്. ഹൈക്കമാണ്ട് പിന്തുണയോടെ ശശി തരൂർ സ്ഥാനാർത്ഥിയായെത്തി. വിജയൻ തോമസ് റിബലായി പത്രികയും നൽകി. അതിനപ്പുറത്തേക്ക് പോകാതെ മത്സരരംഗത്ത് നിന്ന് വിജയൻ തോമസ് പിന്മാറി. കെപിസിസി സെക്രട്ടറിയായി. യുഡിഎഫ് ഭരണമെത്തിയപ്പോൾ കെടിഡിസിയുടെ തലപ്പത്തും.

പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലായി വിജയൻ തോമസിന്റെ പ്രതീക്ഷ. അത്തവണുയം സീറ്റ് ലഭിച്ചതില്ല. ഇതോടെ പിണങ്ങി നിന്ന അദ്ദേഹത്തെ വീണ്ടും സീറ്റ് വാഗ്ദാനം ചെയ്ത് ചാനലിലേക്ക് പണമൊഴുക്കാൻ കോൺഗ്രസുകാർക്ക് സാധിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയൻ തോമസ് സീറ്റ് പ്രതീക്ഷിച്ചെങ്കിലും അതു ഉണ്ടായില്ല. അന്ന് സറ്റ് പോയപ്പോൽ വിജയൻ തോമസ് പറഞ്ഞത് ഇങ്ങനയാണ്:

കേരള രാഷ്ട്രീയം വലിയ സങ്കീർണ്ണതകൾ നിറഞ്ഞതാണ്. വലിയ ഇക്വെഷനുകളാണ് ഇവിടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. ജനത്തിന് ഞാൻ സ്വീകാര്യനായിരുന്നു. ഞാൻ വരണമെന്ന് അവർ ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ ജനങ്ങളല്ല പാർട്ടിയാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. പാർട്ടി അതിനനുവർത്തിക്കുന്നത് ജാതി രാഷ്ട്രീയ കണക്കുകളാണ്. ഈ കണക്കുകളാണ് ഒരു എംപി സീറ്റ് എന്റെ കയ്യിൽ നിന്നും തട്ടിയകറ്റിയത്. പിന്നീട് എനിക്ക് ഈ കാര്യം മനസ്സിലായി. ഇനിയൊരു തിരഞ്ഞെടുപ്പിലും ഞാൻ സീറ്റ് അന്വേഷിക്കില്ല. വലിയ രീതിയിലുള്ള പൊതു പ്രവർത്തനം ഞാൻ നടത്തുന്നുണ്ട്.

എന്നാൽ അതിന് ശേഷം വിജയൻ തോമസിനെ തേടി കെടിഡിസി ചെയർമാൻ സ്ഥാനമെത്തി. പ്രതിഷേധം മറച്ച് പണം പമ്പുചെയ്യിക്കുക എന്നതു തന്നെയായിരുന്നു ഇതിന്റെയും ഉദ്ദേശ്യം. ഇതോടെ പ്രതിഷേധത്തിലായ വിജയൻ തോമസിന് കോവളം സീറ്റായിരുന്നു രമേശ് ചെന്നിത്തലയും ഉമ്മൻൻചാണ്ടിയും ഓഫർ ചെയ്ത്. എന്നാൽ, ഇത്തവണയും മാറ്റമൊന്നും ഉണ്ടായില്ല. ഗ്രൂപ്പു തിരഞ്ഞ് സീറ്റ് വീതംവെയ്‌പ്പ് നടന്നപ്പോൾ വിജയൻ തോമസിന് സീറ്റ് പോയി. ഇതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിന് കോൺഗ്രസ് സ്വീകരിക്കുന്ന ജാതി സമവാക്യങ്ങളുടെയും ഗ്രൂപ്പിന്റെയും ഇരയാണ് താനെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തി കഴിഞ്ഞു.

കെടിഡിസി ചെയർമാൻ എന്നി നിലയിൽ കുറച്ചു നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിൽ ടൂറിസം വികസനത്തിന് യുഡിഎഫ് സർക്കാർ എതിര് നില്ക്കുന്നുവെന്നും ഇവിടെ തുടരുന്ന ഉദ്യോഗസ്ഥ മേധാവിത്തം സർക്കാർ ടൂറിസം പദ്ധതികൾക്ക് അവസാനം കുറിക്കുകയാണെന്നും വിജയൻ തോമസ് നേരത്തെ പറഞ്ഞു വച്ചിരുന്നു. ബ്രിട്ടീഷ് കോളോണിയൽ വാഴ്ചയുടെ അവശിഷ്ടങ്ങൾ ഇവിടെ നിലനില്ക്കുകയാണെന്നും കേരളത്തിന് അടുത്തകാലത്തൊന്നും അതിൽനിന്നും രക്ഷ നേടാൻ കഴിവില്ലെന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി.

നിയമസഭാ-പാർലമെന്റ് സീറ്റിന് വേണ്ടിയാണ് താൻ ജയ്ഹിന്ദിൽ മുതൽ മുടക്കിയതെന്ന ആക്ഷേപം നേരത്തെ വിജയൻ തോമസ് നിഷേധിച്ചിരുന്നു. കോൺഗ്രസ് പാർട്ടിക്കാരനായിരുന്നു എന്നും ഞാൻ. കൈരളി ടിവിയിലൂടെ സിപിഐ(എം) ആശയ പ്രചരണം സജീവമാണ്. ഈ സാഹചര്യത്തിലാണ് ജയ്ഹിന്ദ് എന്ന ആശയം ഉയരുന്നത്. അതിനായി പണം മുടക്കിയതിൽ ഒരു വിഷമവുമില്ല. പരിമിതികൾക്കുള്ളിൽ നിന്ന് ജയ്ഹിന്ദ് ചാനൽ അതിന്റെ ഉത്തരവാദിത്തം നിറവേറ്റിയെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ, നിയമസഭയിൽ സീറ്റില്ലെന്ന് വ്യക്തമായതോടെ തനിക്ക് പണം തിരിച്ചു ലഭിക്കണമെന്ന ആവശ്യവുമായി വിജയൻ തോമസ് രംഗത്തുണ്ട് താനും.

എന്തായാലും കോൺഗ്രസിന് വേണ്ടി മുടക്കിയ പണം എളുപ്പത്തിൽ തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയൊന്നും വിജയൻ തോമസിനില്ല. എന്തായാലും പാർട്ടിവിടാൻ തീരുമാനിച്ച അദ്ദേഹം ഇനിയും നേതാക്കളുടെ വാക്കുകളിൽ വിശ്വസിച്ച് അടങ്ങിയിരിക്കുമോ എന്നാണ് അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP