Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനവും ചെന്നിത്തലയും ചടങ്ങു പോലെ വന്നു മടങ്ങിയ സമരഭൂമിയിലേയ്ക്ക് വി എസ് എത്തിയതോടെ ലോ അക്കാദമി സമരത്തിന്റെ സ്വഭാവം മാറുന്നു; മടിച്ചു നിന്ന മാദ്ധ്യമങ്ങളെല്ലാം വിഷയം ഏറ്റെടുത്തു; പ്രിൻസിപ്പലിന്റെ രാജിയെ കുറിച്ച് മിണ്ടാതെ ഭൂമി ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടതു ഇതുവരെ കുലുങ്ങാതിരുന്ന ലക്ഷ്മി നായരെ പ്രതിസന്ധിയിലാക്കും: പുറത്ത് വരുന്നത് ഇടതു-വലതു പാർട്ടികൾ ചേർന്നൊരുക്കിയ വമ്പൻ കൊള്ളയുടെ വിശദാംശങ്ങൾ

കുമ്മനവും ചെന്നിത്തലയും ചടങ്ങു പോലെ വന്നു മടങ്ങിയ സമരഭൂമിയിലേയ്ക്ക് വി എസ് എത്തിയതോടെ ലോ അക്കാദമി സമരത്തിന്റെ സ്വഭാവം മാറുന്നു; മടിച്ചു നിന്ന മാദ്ധ്യമങ്ങളെല്ലാം വിഷയം ഏറ്റെടുത്തു; പ്രിൻസിപ്പലിന്റെ രാജിയെ കുറിച്ച് മിണ്ടാതെ ഭൂമി ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടതു ഇതുവരെ കുലുങ്ങാതിരുന്ന ലക്ഷ്മി നായരെ പ്രതിസന്ധിയിലാക്കും: പുറത്ത് വരുന്നത് ഇടതു-വലതു പാർട്ടികൾ ചേർന്നൊരുക്കിയ വമ്പൻ കൊള്ളയുടെ വിശദാംശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം 13 ദിവസം പിന്നിട്ടപ്പോഴും പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് കൂസലില്ലായിരുന്നു. കാരണം, പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും ഉടൻ രാജി വെയ്ക്കണമെന്ന വിദ്യാർത്ഥികളുടെ വാദം ആണ് കുട്ടികൾ ഉയർത്തിയിരുന്നത് എന്നതുതന്നെ. സാങ്കേതികമായി വെറും പ്രിൻസിപ്പൽ മാത്രമാണെങ്കിലും പ്രായോഗികമായി കോളജിന്റെ ഉടമ തന്നെയാണ് ലക്ഷ്മി നായർ എന്നതാണ് അവസ്ഥ. വിദ്യാർത്ഥികളുടെ എല്ലാ ആവശ്യങ്ങളും സമ്മതിച്ചുകൊടുക്കാൻ മാനേജ്‌മെന്റ് തയ്യാറാണെങ്കിൽ പോലും സമരം നീണ്ടു പോയത് ഈ ആവശ്യം മൂലമായിരുന്നു.

വിദ്യാർത്ഥികളെ ഏറ്റവും വലിയ ആവശ്യമായ പ്രിൻസിപ്പൽ രാജിയെക്കുറിച്ച് മിണ്ടാതെ സമരപന്തലിൽ എത്തിയ വി എസ് പക്ഷേ, പ്രശ്‌നത്തിന്റെ മൂലക്കല്ലിൽ തന്നെ സ്പർശിച്ചാണ് മടങ്ങിയത്. വിദ്യാർത്ഥികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കാം എന്നു പറഞ്ഞ പ്രിൻസിപ്പൽ വിദ്യാർത്ഥികൾ ഇതുവരെ ഉയർത്തിയിട്ടില്ലാത്ത ലോ അക്കാദമി നിലനിൽക്കുന്ന 12 ഏക്കർ സർക്കാർ ഭൂമിയെ കുറിച്ചാണ് ഊന്നി പറഞ്ഞത്. ഈ വിഷയം ചൂടുപിടിച്ചാൽ പ്രിൻസിപ്പലിന്റെ രാജിയല്ല ലോ അക്കാദമിയുടെ നിലനിൽപ് തന്നെ അപകടത്തിലാകുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയെന്നു വരാം.

ലോ അക്കാദമി ഒരു സ്വകാര്യ പ്രൈവറ്റ് കോളജ് ആണെങ്കിലും അതിന്റെ ഭൂമി സർക്കാരിന്റെയാണ്. സ്വാശ്രയം എന്ന ആശയം ചിന്തിക്കാൻ പോലും സാധിക്കുന്നതിന് മുമ്പേ ഏതാണ്ട് 50 വർഷം മുമ്പാണ് അക്കാദമി രൂപം കൊള്ളുന്നത്. അന്നു കേരളത്തിലെ ആകെ രണ്ട് ലോ കോളജുകൾ ഉണ്ടായിരുന്നുള്ളു. തിരുവനന്തപുരത്തെയും, എറണാകുളത്തെയും കോളജുകൾ. അക്കാലത്ത് ഇടതു വലതു പാർട്ടികൾ ഒരുമിച്ചു ചേർന്നാണ് സ്വകാര്യ മേഖലയിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് അക്കാദമി ആരംഭിക്കുന്നത്. അക്കാലത്തെ തിരുവനന്തപുരത്തെ ഏറ്റവും പ്രമുഖ സിപിഐ(എം) നേതാവായിരുന്ന കോലിയക്കോട് കൃഷ്ണൻ നായരുടെ ജേഷ്ടനായിരുന്ന നാരായണൻ നായരായിരുന്നു കോളജിന്റെ അധിപൻ. ജസ്റ്റിസ് കൃഷ്ണൻ നായരെ മുന്നിൽ നിർത്തി തുടങ്ങിയ ഈ സ്ഥാപനമാണ് കേരളത്തിലെ മുഴുവൻ നേതാക്കൾക്കും എൽഎൽബി നൽകിയത്.

വിദ്യാർത്ഥി സമരം ശക്തമായപ്പോൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ലക്ഷ്മി നായർ പറഞ്ഞത് ലോ അക്കാദമി എയ്ഡഡ് സ്ഥാപനമല്ലെന്നും പ്രൈവറ്റ് കോളേജ് ആണെന്നും പറയുകയുണ്ടായി. ഇങ്ങനെ പ്രൈവറ്റ് കോളേജാണെന്ന് പറയുമ്പോൾ പിന്നെ സർക്കാർ ഭൂമി എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിനും ഉത്തരം പറയേണ്ടി വരും. തിരുവനന്തപുരം നഗരത്തിലെ ലോ അക്കാദമിക്കല്ലാതെ മറ്റൊരു പ്രൈവറ്റ് കോളേജുകൾക്കും കേരളത്തിൽ സർക്കാർ ഭൂമി പാട്ടത്തിന് കൊടുത്തിട്ടുണ്ടോ എന്നതാണ് അന്വേഷിക്കേണ്ടതുമാണ്. ഇക്കാര്യമെല്ലാം കണക്കാക്കി കൊണ്ട് തന്നെയാണ് വി എസ് അച്യുതാനന്ദൻ മർമ്മപ്രധാനമായ ഈ വിഷയത്തിലേക്ക് വിരൽ ചൂണ്ടിയത്.

തിരുവനന്തപുരം നഗരത്തിൽ 12 ഏക്കർ ഭൂമിക്ക് കോടികൾ വില വരും. സർക്കാറിന്റെ പല പദ്ധതികൾക്കും സ്ഥാപനങ്ങളും സ്ഥാപിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലാണ് ഒരു പ്രൈവറ്റ് സ്ഥാപനം കോടികളുടെ ഭൂമിയിൽ കൈവശം വെക്കുന്നത്. ഈ ഭൂമിയിൽ ഫ്‌ലാറ്റും വീടും വച്ചുവെന്നതും നഗ്നമായ നിയമലംഘനമാണ്. ഇതൊക്കെ അറിഞ്ഞിട്ടും രാഷ്ട്രീയക്കാരെല്ലാം മൗനം പാലിക്കുകയായിരുന്നു. നിലവിലെ ചട്ടപ്രകാരം മൂന്നേക്കർ മാത്രം മതി നിയമകോളേജ് പ്രവർത്തിക്കുന്നതിന് അവശേഷിക്കുന്ന 9 ഏക്കർ സർക്കാറിലേക്ക് തിരിച്ചെടുക്കണം എന്നതാണ് വി എസ് ഉന്നയിക്കുന്ന ആവശ്യം. ഇപ്പോൾമാനേജ്‌മെന്റ് ഭൂമി കൈവശം വെക്കുന്നത് അനധികൃതമാണെന്നാണ് വി എസ് വ്യക്തമാക്കുന്നത്. ഇതോടെ റവന്യൂ വകുപ്പിന് വിഷയത്തിൽ ഇടപെടൽ നടത്തേണ്ടി വരും.

1968ൽ സർക്കാർ 11 ഏക്കർ 49 സെന്റ് ഭൂമി ആദ്യം മൂന്നു വർഷത്തേക്കും പിന്നീട് 30 വർഷത്തേക്കും പാട്ടത്തിനു നല്കിയതായി ലോ അക്കാദമി വെബ് സൈറ്റിൽ തന്നെ നേരത്തെ വ്യക്തമാക്കിയിരിക്കുന്നു. ആദ്യം സൊസൈറ്റി ആയി രൂപീകരിച്ച് അതിന്റെ നടത്തിപ്പിനായി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ അംഗങ്ങളായി മുന്നിൽ നിന്നിരുന്നു. ഇങ്ങനെ സൊസൈറ്റിയായി തുടങ്ങിയ സ്ഥാപനം ഇപ്പോൾ എങ്ങനെ പ്രൈവറ്റ് സ്ഥാപനമായി എന്നതിലേക്ക് അന്വേഷണം നീണ്ടാൽ ഇടതും-വലതും മൗനം പാലിച്ചു കൂട്ടു നിന്ന ഭൂമി തട്ടിപ്പിന്റെ വിവരങ്ങളാകും വ്യക്തമാകുക.

സർക്കാർ ഭൂമി പാട്ടത്തിന് നൽകിയപ്പോൾ ഉണ്ടായിരുന്ന വ്യവസ്ഥകൾ ലംഘിച്ചെന്ന ആരോപണവും ശക്തമാണ്. കോലിയക്കോട് കൃഷ്ണൻനായരുടെ ജ്യേഷ്ഠൻ നാരായണൻനായർ സെക്രട്ടറിയായി രൂപീകരിച്ച ട്രസ്റ്റിന്റെ പേരിൽ സ്വന്തമാക്കിയ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് 100 മീറ്റർ മാത്രം അകലെയുള്ള 37.5 സെന്റ് സ്ഥലമാണ് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ വൻകിട കെട്ടിട നിർമ്മാതാക്കളുമായി ചേർന്ന് സംയുക്ത സംരഭ വ്യവസ്ഥയിൽ ഫ്‌ലാറ്റ് നിർമ്മാണത്തിനായി വിനിയോഗിച്ചത്. നഗരസഭ കൗൺസിലിൽ എതിർപ്പുണ്ടായെങ്കിലും ഭരണക്കാരുടെ സ്വാധീനത്തിലാണ് ഈ ഫ്‌ലാറ്റ് നിർമ്മാണമെന്ന ആരോപണവും ശക്തമാണ്.

വഞ്ചിയൂർ വില്ലേജിലെ സർവ്വേ നമ്പർ 2889/2, 2890, 2883/13 നമ്പരുകളിൽപ്പെടുന്ന 34.5 സെന്റ് സ്ഥലവും ചേർന്നുള്ള മൂന്ന് സ്ഥലത്തുമാണ് എട്ടുനില ഫ്‌ലാറ്റ് സമുച്ചയം കെട്ടിയത്. വിപണിയിൽ 20 കോടിയിലധികം രൂപവരുന്ന സ്ഥലത്താണ് ഫ്ളാറ്റ് സമുച്ചയം ഉയർന്നത്.
തിരുവിതാംകൂർ-കൊച്ചി ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേരള ലോ അക്കാദമി സൊസൈറ്റിയുടെ പേരിലായിരുന്നു ഭൂമി.

ഇവിടെ കേരള യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടെയുള്ള റിസർച്ച് സെന്ററും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസും പ്രവർത്തിക്കുകയായിരുന്നു. സൊസൈറ്റിയുടെ ആക്ട് പ്രകാരം ഈ വസ്തുവകകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാത്രമേ ഉപയോഗിക്കാവൂ. എന്നാൽ 2009ൽ ഇവിടെ വാണിജ്യ ആവശ്യത്തിനായി പത്തുനില കെട്ടിടം നിർമ്മിക്കുന്നതിനായി ലോ അക്കാദമി നഗരസഭയെ സമീപിച്ചു. ട്രസ്റ്റ് ഭൂമിയായിട്ടും നഗരസഭ എതിർപ്പുകൾ അവഗണിച്ച് അനുമതി നൽകി.

ഈ അനുമതി നിലനിൽക്കെത്തന്നെ 2012 സ്വകാര്യ കെട്ടിട നിർമ്മാതാക്കളായ ഹെദർ കൺസ്ട്രക്ഷനുമായി ചേർന്ന് 60:40 വ്യവസ്ഥയിൽ ഫ്ളാറ്റ് നിർമ്മാണത്തിനു അനുമതി തേടി ഇരുകൂട്ടരും നഗരസഭയും സമീപിച്ചു. നഗരസഭയിൽ എതിർപ്പുയർന്നെന്നെങ്കിലും സിപിഐ(എം) അടക്കമുള്ളവരുടെ ഇടപെടലോടെ ഫ്‌ലാറ്റ് നിർമ്മാണം തുടങ്ങുകയായിരുന്നു. ഇതിനെതിരെ ജില്ലാ കളക്ടർക്കും ജില്ലാ രജിസ്ട്രാർക്കുമൊക്കെ പരാതി പോയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ലോ അക്കാദമിയിലെ സമരം ഉണ്ടാകുന്നത്.

സമരം തുടങ്ങിയത് ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണെങ്കിലും വി എസ് ഇക്കാര്യം ഊന്നിപ്പറഞ്ഞില്ല. പകരം ഭൂമി വിഷയം ഉന്നയിച്ചതോടെ മാനേജ്‌മെന്റ് ശരിക്കും വെട്ടിലായി. വിഎസിന്റെ ആവശ്യത്തിന്റെ ചുവടു പിടിച്ച് ബിജെപിയും രംഗത്തെത്തി. ഇക്കാര്യം വി മുരളീധരൻ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു. എന്നാൽ, ഗുരുതരമായ ഭൂമി വിഷയം വിഎസിനെ പോലൊരു നേതാവ് ഉയർത്തിയതോടെ സർക്കാറിന് ഈ വിഷയം ഗൗനിക്കാതിരിക്കാൻ സാധിക്കില്ല. ഇടതു സർക്കാർ ലക്ഷ്മി നായരെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഇപ്പോൽ തന്നെ ശക്തമാണ്.

വി എസ് കൂടി വിഷയം ഏറ്റെടുത്തതോടെ മാദ്ധ്യമങ്ങളും ലോ അക്കാദമി വിഷയത്തിലേക്ക് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. എല്ലാ മാദ്ധ്യമങ്ങളും വിഷയം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇന്നലെ മിക്ക ചാനലുകളുടെയും പ്രൈംടൈം ചർച്ച ലോ അക്കാദമി വിഷയമായിരുന്നു. നിരവധി ചട്ടലംഘനങ്ങൾ ലോ അക്കാദമിയിൽ നടക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും ഇത്തരം വിവാദങ്ങളെ മറികടക്കുന്നത് ഉന്നതരുടെ മക്കൾക്ക് പഠിക്കാൻ അവസരം നൽകിയും മറ്റുമാണ്. എന്നാൽ ഇപ്പോഴത്തെ നിലയിൽ വിവാദം മുന്നോട്ടു പോയാൽ തൽക്കാലത്തേക്ക് ലക്ഷ്മി നായർ അവധിയിൽ പ്രവേശിക്കാനുള്ള സാധ്യതയുള്ള തള്ളിക്കളയാനാവില്ല.

ഇതിനിടെ ലക്ഷ്മി നായരുടെ രാജി ആവശ്യത്തിൽ നിന്നും എസ്എഫ്‌ഐ പിന്മാറണമെന്ന സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശവും എസ്എഫ്‌ഐ തള്ളാനാണ് സാധ്യത. വിഎസിന്റെ പിന്തുണയുണ്ടെന്ന കാര്യം വിദ്യാർത്ഥഇ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് എസ്എഫ്‌ഐ നേതാക്കളെ തിരുവനന്തപുരത്തെ സിപിഐഎം ജില്ലാകമ്മിറ്റി ഓഫിസിലേക്ക് വിളിപ്പിച്ചത്. പ്രിൻസിപ്പലിന്റെ രാജിയെന്ന ആവശ്യം പ്രായോഗികമല്ലെന്നാണ് സിപിഐഎം നേതൃത്വം വ്യക്തമാക്കിയത്. അതേസമയം അത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP