Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാമത്തെ കാത് ലാബ് അനിശ്ചിതമായി നീളുമ്പോൾ കൊഴുക്കുന്നത് സ്വകാര്യ ആശുപത്രികൾ ; ഹൃദയചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും സ്വകാര്യ ആശുപത്രികൾ നൽകുന്നതു കഴുത്തറപ്പൻ ബില്ല്; സർക്കാർ ആശുപത്രിയിൽ ഏഴായിരം ചെലവാകുന്നിടത്ത് സ്വകാര്യ ആശുപത്രികൾ വാങ്ങുന്നത് കുറഞ്ഞത് ഒന്നര ലക്ഷം

കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാമത്തെ കാത് ലാബ് അനിശ്ചിതമായി നീളുമ്പോൾ കൊഴുക്കുന്നത് സ്വകാര്യ ആശുപത്രികൾ ; ഹൃദയചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും സ്വകാര്യ ആശുപത്രികൾ നൽകുന്നതു കഴുത്തറപ്പൻ ബില്ല്; സർക്കാർ ആശുപത്രിയിൽ ഏഴായിരം ചെലവാകുന്നിടത്ത് സ്വകാര്യ ആശുപത്രികൾ വാങ്ങുന്നത് കുറഞ്ഞത് ഒന്നര ലക്ഷം

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിലെ രണ്ടാമത്തെ കാത് ലാബ് നീളുമ്പോൾ നേട്ടം കൊയ്യുന്നത് സ്വകാര്യ ആശുപത്രി ലോബി. മധ്യകേരളത്തിലെ സ്വകാര്യ ആശുപത്രികൾ ഹൃദയചികിത്സയുടെയും ശസ്ത്രക്രിയകളുടെയും പേരിൽ രോഗികളെ പിഴഞ്ഞൂറ്റി കോടികൾ പ്രതിവർഷം പോക്കറ്റിലാക്കുകയാണ്.

പാവപ്പെട്ടവനെയും ഇടത്തരക്കാരനെയും കടക്കെണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുകയാണ് മെഡിക്കൽ ലോബി. ഏതു പാർട്ടി അധികാരത്തിൽ വന്നാലും അവിടെ നുഴഞ്ഞുകയറുന്ന ഈ ലോബിയുടെ ഹൃദയശൂന്യതയിൽ കോട്ടയം മെഡിക്കൽ കോളജിന്റെ രണ്ടാമത്തെ കാത് ലാബ് എന്ന സ്വപ്നത്തെ വെന്റിലേറ്ററിലാക്കിയിരിക്കുകയാണ്്.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഹൃദയചികിത്സാ രംഗത്ത്് കോട്ടയം മെഡിക്കൽ കോളജിന് ചരിത്രനേട്ടങ്ങൾ ഏറെയാണ്. ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പടെ എണ്ണിപ്പറയാൻ ഏറെ. പ്രതിവർഷം ആയിരത്തിലധികം ഹൃദയശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്നുവെന്നതും ഈ അപൂർവ വിജയഗാഥയാകുന്നു. ഇവിടെ എന്തെങ്കിലും തടസങ്ങളുണ്ടായാൽ ഹൃദ്രോഗികൾ സ്വകാര്യ ആശുപത്രികളെ അഭയം തേടേണ്ടി വരും. സാധാരണക്കാർക്കു താങ്ങാനാവാത്ത ബില്ലാകും അവിടെ.

കോട്ടയം മെഡിക്കൽ കോളജിൽ നൂതനമായ രണ്ടാമത്തെ കാത് ലാബ് എന്നത് പൂർത്തീകരിക്കാത്ത സ്വപ്നമാണ്. വർഷങ്ങൾ പിന്നിടുമ്പോഴും കാത് ലാബ് പ്രാവർത്തികമാക്കാത്തതിനു പിന്നിൽ സ്വകാര്യ ആശുപത്രിക്കാരുടെ ലോബിയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ആയിരക്കണക്കിന് നിർധന രോഗികളുടെ ആശ്രയകേന്ദ്രമാണ് ഈ ആശുപത്രി. ഇവിടെ കാത് ലാബ് വൈകുന്ന ഓരോ നിമിഷവും സമീപത്തുള്ള സ്വകാര്യ ആശുപത്രികളുടെ പെട്ടിയിലെത്തുന്നത് ലക്ഷങ്ങളാണ്. ഹൃദയ ശസ്ത്രക്രിയകൾക്ക് ഒന്നര ലക്ഷം മുതൽ പത്തുലക്ഷം വരെയാണ് ബില്ലായി ഇവിടങ്ങളിൽ ഈടാക്കുന്നത്.

കോട്ടയം മെഡിക്കൽ കോളജിൽ വിപുലവും അത്യാധുനികവുമായ കാത്‌ലാബ് വന്നാൽ ഹൃദയചികിത്സാ രംഗത്ത് കുതിച്ചുചാട്ടമാകും. നിലവിൽ ഒൻപതു വർഷം പഴക്കമുള്ള ലാബാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. പുതിയ ലാബ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പമുള്ള ആശുപത്രി സൂപ്രണ്ടും ഹൃദയ ചികിത്സാരംഗത്തെ വിദഗ്ധനുമായ ഡോ. ജയകുമാർ നിരന്തര പരിശ്രമത്തിലാണ്. പക്ഷേ രാഷ്ട്രീയ നേതൃത്വങ്ങളെ ഉള്ളം കയ്യിലിട്ട് അമ്മാനമാടുന്ന സ്വകാര്യ ലോബിയെ മറികടക്കാൻ ആത്മാർഥമായ ഈ നീക്കത്തിന് കഴിയുമോയെന്നറിയില്ല.

ഏറെ മുറവിളിക്ക് ശേഷം കാത് ലാബ് എന്ന സ്വപ്നത്തിലേക്ക് ആദ്യ ചുവടായ കെട്ടിട നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ തികഞ്ഞ സാങ്കേതികത്തികവുള്ള അനുബന്ധ ഉപകരണങ്ങൾക്കും, ഐസിയുവിനുമായി 5.5 കോടി രൂപ കൂടി വേണം. ഇതിന് അനുമതി ലഭിക്കുക എന്നതാണ് ഇനിയുള്ള കടമ്പ. ആശുപത്രിയിലെത്തുന്ന മന്ത്രിമാരും നേതാക്കളും കാത് ലാബ് ഉടൻ എന്ന് പ്രഖ്യാപിക്കുമ്പോഴും ആത്മാർഥമായ പരിശ്രമം ഇല്ലെന്ന് ഈ കാലതാമസം തന്നെ തെളിവ്.

ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളിൽ പ്രതിദിനം 25 - 40 വരെ പേർ കിടത്തിചികിത്സ ആവശ്യമായവരാണ്. പ്രതിദിനം ഒപിയിൽ മാത്രം 300 ഓളം രോഗികളാണ് എത്തുന്നത്. ഇവർക്കാവശ്യമായ ചികിത്സ നൽകാനുള്ള സൗകര്യം ഇവിടെയില്ല. അതുമൂലം ഹൃദയശസ്ത്രക്രിയകൾ നീണ്ടുപോകുന്നു. സ്വകാര്യ ആശുപത്രികൾ ഹൃദയ ശസ്ത്രക്രിയയിലെ അനിവാര്യമായ സ്റ്റെന്റുകൾക്ക് നടത്തുന്ന കൊള്ള തന്നെ ഈ രംഗത്തെ ചൂഷണത്തിന്റെ ഉദാഹരണമാണ്. സ്വകാര്യ ആശുപത്രികൾ 32000 രൂപ മുതൽ 75000 രൂപവരെയാണ് സ്റ്റെന്റ്ിനു മാത്രം ഈടാക്കുന്നത്. കോട്ടയത്തിനു സമീപത്തുള്ള സ്വകാര്യ ആശുപത്രി ലോബി ഹൃദയ ശസ്ത്രക്രിയക്ക് ഈടാക്കുന്ന കഴുത്തറപ്പൻ നിരക്ക് ഇതാണ്.

 കാത് ലാബ് ചാർജ് 35000, ഡോക്ടർ ഫീസ് 25000, സ്റ്റെന്റ് 29600 ഇതാണ് സ്വകാര്യ ആശുപത്രികളുടെ നിരക്ക് അതായത് ഒരു ശസ്ത്രക്രിയ കഴിയുമ്പോൾ ആകെ ചെലവാകുന്നത് കുറഞ്ഞത് ഒന്നര ലക്ഷം രൂപ. ഇതിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചെലവാകുന്നത് ആകെ ഏഴായിരത്തിൽ താഴെ രൂപ മാത്രം. കോട്ടയം മെഡിക്കൽ കോളജിലെ രണ്ടാം കാത് ലാബ് അനിശ്ചിതമായി നീളുന്നതിന് പി്ന്നിലുള്ള കാരണം ഇവിടെ വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP