Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസം 35 ലക്ഷം ശമ്പളം വാങ്ങുന്ന ആ യുവശാസ്ത്രജ്ഞന്റെ 'നാസാക്കഥ' ഒരു വലിയ ബഡായി ആയിരുന്നോ? ദേശീയ മാദ്ധ്യമങ്ങളെയും പ്രധാനമന്ത്രി മോദിയെയും കബളിപ്പിച്ച അരുൺകുമാറിന്റെ കള്ളിപൊളിച്ച് സോഷ്യൽ മീഡിയ

മാസം 35 ലക്ഷം ശമ്പളം വാങ്ങുന്ന ആ യുവശാസ്ത്രജ്ഞന്റെ 'നാസാക്കഥ' ഒരു വലിയ ബഡായി ആയിരുന്നോ? ദേശീയ മാദ്ധ്യമങ്ങളെയും പ്രധാനമന്ത്രി മോദിയെയും കബളിപ്പിച്ച അരുൺകുമാറിന്റെ കള്ളിപൊളിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാസയിൽ ജോലി ലഭിച്ചിട്ടും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ മടികൊണ്ട് ജോലി ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ കോട്ടയം മണിമല സ്വദേശി യുവശാസ്ത്രജ്ഞൻ പി വി അരുൺകുമാറിനെ ഓർക്കുന്നില്ലേ? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോലും പ്രശംസപിടിച്ചു പറ്റിയ മിടുക്കൻ! മാതൃഭൂമിയും മറുനാടൻ മലയാളിയും അടക്കമുള്ള മലയാള മാദ്ധ്യമങ്ങളും ദി ഹിന്ദുവും ഇന്ത്യൻ എക്സ്‌പ്രസും അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ തന്നെ നാസയിൽ ജോലി കിട്ടിയ മലയാളി യുവ ശാസ്ത്രജ്ഞന്റെ കഥ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയറിഞ്ഞ് അരുൺകുമാറിനെ അഭിനന്ദിക്കാൻ മലയാളികൾ എല്ലാവരും ഒരുമിച്ച് നിന്നു. പൂഞ്ഞാർ എൻജിനീയറിങ് കോളേജിൽ പഠിച്ച മിടുക്കനെ കാണാനെത്തിയ ചീഫ്‌വിപ്പ് പി സി ജോർജ്ജ് അരുൺ കുമാറിന്റെ കവിളത്ത് ഉമ്മ കൊടുക്കുക പോലുമുണ്ടായി. എന്നാൽ അരുൺകുമാറിന്റെ ഈ നാസാ ജോലിക്കഥ ഒരു തട്ടിപ്പാണെന്ന് വന്നാലോ? എല്ലാവരും ഞെട്ടുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ ഞെട്ടാൻ തയ്യാറായിക്കൊള്ളൂ.. യുവശാസ്ത്രജ്ഞന്റെ നാസയിൽ ജോലി കിട്ടിയെന്ന കഥ ഒരു തട്ടിപ്പാണെന്നാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ വ്യക്തമാക്കുന്നത്.

കോട്ടയത്തെ മണിമല സ്വദേശിയായ പി വി അരുൺകുമാറിന് നാസയിൽ ഗവേഷണ ശാസ്ത്രജ്ഞനായി ജോലി ലഭിച്ചുവെന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ. നാസയിലെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് വിഭാഗത്തിൽ ജോലി ലഭിച്ചെന്നായിരുന്നു പ്രചരണം. റിമോട്ട് സെൻസിങ് വിഭാഗത്തിലെ ജോലിക്ക് പ്രതിമാസ ശമ്പളം 35 ലക്ഷം രൂപയാണെന്നും അവകാശപ്പെട്ടത് അരുൺ തന്നെയായിരുന്നു. ഇത് വിശ്വസിച്ച മാദ്ധ്യമങ്ങൾ വാർത്ത എഴുതുകയും ചെയ്തു. എന്നാൽ പിന്നീട് കേട്ടത് അരുൺകുമാർ അമേരിക്കൻ പൗരത്വം എടുക്കണമെന്ന നിബന്ധന പോലും അരുണിന് വേണ്ടി മാറ്റിയെന്നുമായിരുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ടാണ് ഇങ്ങനെയെന്നുമായിരുന്നു അരുൺ തന്നെ പ്രചരിപ്പിച്ച വാർത്ത.

അരുണിന്റെ രാജ്യസ്‌നേഹം അറിഞ്ഞ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിക്കുകയുണ്ടായി. പിന്നീട് പ്രധാനമന്ത്രി മോദിയും അഭിനന്ദിക്കുകയും ചെയ്തതോടെ ബിജെപി പ്രവർത്തർ അരുണിന്റെ കാര്യം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചു. നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് ആദരിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് ചർച്ചകൾ കൊഴുത്തതോടെ അരുണിന്റേത് കള്ളക്കഥയാണോ എന്ന സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് ഗൂഗിൽ പ്ലസ് ഗ്രൂപ്പിൽ അരുണിന്റെ യോഗ്യതയെയും മറ്റും കുറിച്ച് നിരന്തരം ചർച്ചകൾ നടന്നു. ഇതിലാണ് അരുണിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നത്.

അരുൺകുമാറിന് എംഐടിയിൽ നിന്നും പിഎച്ച്ഡി ഉണ്ടെന്നായിരുന്നു വാദം. എന്നാൽ ഇത് ശരിയല്ലെന്നും നാസയിൽ ജോലി ലഭിച്ചിരുന്നില്ലെന്നുമാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയെ വരെ പറഞ്ഞ് പറ്റിച്ച അരുൺ കുറച്ചുകാലം ബാർക്കിൽ ജോലി ചെയ്യുകയുമുണ്ടായി. കല്യാശ്ശേരി രാജ് എന്നയാൾ തുടക്കമിട്ട ചർച്ചയിലാണ് അരുൺകുമാർ തട്ടിപ്പുകാരനാണെന്ന വിരൽചൂണ്ടുന്ന വിവരങ്ങൾ പുറത്തുവന്നത്. പാട്രിക് എഡ്വേർഡ്, രഞ്ജിത്ത് ആന്റണി തുടങ്ങിയവർ നാസയിൽ ജോലി ലഭിക്കണമെങ്കിൽ അമേരിക്കൻ പൗരത്വം നിർബന്ധമാണെന്ന് ചർച്ചകളിലൂടെ വ്യക്തമാക്കി. തുടർന്ന് ചർച്ചകൾ നടത്തിയവരൊക്കെ അരുണിന്റെ വാദങ്ങളെ പൊളിച്ചു. അരുൺ അവകാശപ്പെട്ട യോഗ്യതകൾ എല്ലാം നേടണമെങ്കിൽ തന്നെ 30 വയസ് പിന്നിടണമെന്നും ചിലർ വ്യക്തമാക്കി.

എംടെക്കും, പിഎച്ച്ഡിയും പൂർത്തിയാക്കാൻ അരുണിന് സാധിച്ചിട്ടില്ലെന്നും വ്യക്തമായി. അമേരിക്കയിൽ ജോലി ലഭിച്ചുവെന്ന് പറഞ്ഞ് അരുൺ നേരെ പോയത് ഭൂട്ടാനിലേക്കായിരുന്നുവെന്നാണ് അറിയുന്നത്. അവിടെ ഒരു കോളേജിൽ അദ്ധ്യാപകനായി കഴിഞ്ഞുകൂടുകയായിരുന്നു. ഇതിനിടെ നാസയിലെ ശാസ്ത്രജ്ഞൻ എന്ന പേരിൽ അരുൺകുമാർ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. നാട്ടുകാരെയും വീട്ടുകാരെയും അരുൺ പറഞ്ഞുപറ്റിച്ചു എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നത്. അരുണിനെ നേരിട്ട് ബന്ധപ്പെടാൻ മറുനാടൻ മലയാളി ശ്രമിച്ചപ്പോൾ അരുൺ ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലും ഹൈദരാബാദിലുമായി ജോലി ചെയ്യുന്നുവെന്ന മറുപടിയാണ് അദ്ദേഹത്തിന്റെ സുഹൃത്ത് നൽകിയത്. നാസയിലെ ജോലിയുടെ കാര്യം ആരാഞ്ഞപ്പോൾ അരുൺ ലീവിലാണെന്നും മറുപടി ലഭിച്ചു.

അടുത്തിടെ പാലാ സെന്റ് ജോസഫ്‌സ് എൻജിനീയറിങ് കോളജിൽ നടന്ന യുവ എൻജിനീയർമാരുടെ സമ്മേളനത്തിലും അരുൺ എത്തിയിരുന്നു. അന്ന് അരുണിന്റെ ഗുണഗണങ്ങളെ കുറിച്ച് തയ്യാറാക്കിയ ബ്രോഷർ തന്നെ ആരെയും അമ്പരപ്പിക്കും. പിഎച്ച്ഡി ഉണ്ടെന്നും നാസ ടീം അംഗമാണെന്നും അടക്കം നിരവധി അവകാശവാദങ്ങളാണ് ഇതിൽ നിരത്തിയത്. എന്നാൽ ഇതിൽ പല കാര്യങ്ങളും കള്ളമാണെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.

അതേസമയം നാസയിൽ ജോലി ലഭിച്ചെന്ന അവകാശവാദവുമായി മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തിയ അരുണിനെ മാത്രം വിശ്വസിച്ചതാണ് മാദ്ധ്യമങ്ങൾക്കെല്ലാം പിഴവു പറ്റാൻ കാരണം. എന്തായാലും മാദ്ധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും ഒരുപോലെ ഈ യുവശാസ്ത്രജ്ഞൻ പറ്റിച്ചെന്നാണ് അറിഞ്ഞത്. ഇതിനിടെ ചിലരുടെ പരാതിയിൽ അരുണിനെ പൊലീസ് ചോദ്യം ചെയ്യുകയുമുണ്ടായി. അരുണിന്റെ പാസ്‌പോർട്ടെവിടെ എന്ന് പൊലീസ് ചോദിച്ചതോടെ അത് അമേരിക്കയിൽ തടഞ്ഞുവച്ചിരിക്കയാണെന്നാണ് ഇയാൾ മറുപടി നൽകിയതത്രേ. 35 ലക്ഷം രൂപ ശമ്പളമുണ്ടായിട്ടും ഈ പണമെവിടെ എന്ന ചോദ്യത്തിലും അരുണിന് ഉത്തരം മുട്ടി. ഈ പണം ഒരുമിച്ച് കിട്ടുമെന്നായിരുന്നു മറുപടി. 

ചർച്ച തുടങ്ങിയത് ഇവിടെ. തുടർന്നത് ഇവിടെ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP