Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂര്യതാപത്താൽ ശരീരം പൊള്ളി ആശുപത്രിയിലെത്തിയാൽ സംഗതി പ്രശ്‌നമാകും; ചൂടുകാലത്ത് അശാസ്ത്രീയമായി സൂക്ഷിക്കുന്ന മരുന്നുകൾ പാഴാകുന്നതു ചികിത്സയ്ക്കു തടസമാകും; കൃത്യമായ താപനിലയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ മറ്റു മരുന്നുകളുടെ കാര്യവും പ്രതിസന്ധിയിൽ

സൂര്യതാപത്താൽ ശരീരം പൊള്ളി ആശുപത്രിയിലെത്തിയാൽ സംഗതി പ്രശ്‌നമാകും; ചൂടുകാലത്ത് അശാസ്ത്രീയമായി സൂക്ഷിക്കുന്ന മരുന്നുകൾ പാഴാകുന്നതു ചികിത്സയ്ക്കു തടസമാകും; കൃത്യമായ താപനിലയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ മറ്റു മരുന്നുകളുടെ കാര്യവും പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ താപനില അനുദിനം ഉയരുകയാണ്. നാട്ടുകാരോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് സർക്കാർ നൽകിയ നിർദ്ദേശം. അങ്ങനെ പുറത്തിറങ്ങി ശരീരം പൊള്ളി ആശുപത്രിയിലെത്തിയാൽ കാര്യം പോക്കാണെന്നതാണ് മറ്റൊരു വസ്തുത. ഓരോ മരുന്നും സൂക്ഷിക്കേണ്ടത് നിശ്ചിത താപനിലയിലാണെന്നാണ് ശാസ്ത്രീയ വശം. എന്നാൽ ഇത് കേരളത്തിൽ ഒരിടത്തും പാലിക്കപ്പെടുന്നില്ല. സർക്കാർ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും മരുന്നുകൾ സൂക്ഷിക്കുന്നത് അശാസ്ത്രീയമാണ്. ചൂട് ക്രമാതീതമായി ഉയരുമ്പോൾ മരുന്നുകളുടെ പാഴാകലാണ് സംഭവിക്കുന്നത്.

കേരളത്തിലെ ചൂട് ക്രമാതീതമായി കൂടുന്നു. പൊതുജീവിതത്തെ ഇത് വ്യാപകമായി ബാധിച്ചു കഴിഞ്ഞു. അതീവ ഗുരുതരമാണ് ഔഷധങ്ങളുടെ കാര്യവും. ചില ഉദാഹരണങ്ങൾ കൊളെസ്റോൾ നിയന്ത്രിക്കുന്നതിനായി പതിനായിരക്കണക്കിനു രോഗികൾ നിത്യവും ഉപയോഗിക്കുന്ന അറ്റോർവസ്റ്റാറ്റിൻ എന്ന മരുന്ന് സൂക്ഷിക്കേണ്ടത് 30 ഡിഗ്രി താപനിലയിൽ താഴെയാണ്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന അമലോടിപിൻ, പ്രമേഹ രോഗം നിയന്ത്രിക്കുന്നതിനുപയോഗിക്കുന്ന ഗ്ലിമിപിറൈട, പനി, ശരീര താപനില എന്നിവ കുറയ്ക്കുന്നതിനായി കുഞ്ഞുങ്ങൾക്ക് നൽകുന്ന പാരാസിറ്റമോൾ സിറപ്പ്, മുറിവുണങ്ങാൻ ഉപയോഗിക്കുന്ന ബെറ്റാടിൻ ഓയിന്റ്മെന്റ്, ആസ്തമ, അലർജി, ശ്വാസംമുട്ടൽ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന സെറോഫ്ളോ, അസ്താലിൻ, ഫൊർമിഫ്ളോ എന്നീ ഇൻഹൈലർ തുടങ്ങി നിരവധി മരുന്നുകൾ 30 ഡിഗ്രി താപനിലയിൽ സൂക്ഷിക്കേണ്ടവയാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന ക്ലോപിഡോഗ്രേൽ, ശരീര പോഷണത്തിന് ഉപയോഗിക്കുന്ന സിങ്കോവിറ്റ് അടക്കമുള്ള ടോണിക്കുകൾ, മുഖക്കുരു, ചർമ്മ രോഗങ്ങൾ തുടങ്ങിയവ ഉന്മൂലനം ചെയ്യാൻ ഉപയോഗിക്കുന്ന ക്ലിന്റമൈസിൻ, ബെറ്റ്നൊവെറ്റ് സി, ഗബാപ്റ്റിൻ, നടുവേദന, ശരീര സന്ധിവേദന എന്നിവ മാറ്റുന്നതിന് ഉപയോഗിക്കുന്ന ഡിഎഫ്ഓ ജെൽ, ശ്വാസം മുട്ടൽ തുടങ്ങിയവ നിയന്ത്രിക്കാൻ കുട്ടികൾക്കടക്കം കൊടുക്കുന്ന സാൽബുറ്റാമോൾ മെറ്റാസ്പ്രേ, ഫോറാകോർട്ട്, പുകവലി നിറുത്താൻ വലിയൊരു വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന നികൊടെക്സ് തുടങ്ങി നിരവധി മരുന്നുകൾ 25 ഡിഗ്രി താപനിലയിൽ താഴെ സൂക്ഷിക്കേണ്ടവയാണ്. എന്നാൽ പൊള്ളുന്ന ചൂടിലാണ് ഇവയെല്ലാം സർക്കാർ ആശുപത്രികളിൽ ഇരിക്കുന്നത്. കൊച്ച് ഫ്രിഡ്ജുമായി പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകളുടെ സ്ഥിതി ഇതിലും പരിതാപകരമാണ്.

താപനില ക്രമാതീതമായി പടിപടിയായി കൂടി വരികയാണ്. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ എടുക്കാനും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും സംസ്ഥാന ഔഷധ നിയന്ത്രണ വിഭാഗം യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സർക്കാർ ആശുപത്രികളിലടക്കം വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത മരുന്നുകളാണ്. ഇതിൽ പോലും ഔഷധ നിർമ്മാണക്കമ്പനികൾ അവർ ഉൽപ്പാദിപ്പിച്ചു വിപണനം ചെയ്യുന്ന മരുന്നുകൾ സൂക്ഷിക്കേണ്ട താപനിലയും മരുന്ന് ലേബലിൽ വ്യക്തമാക്കുന്നുണ്ട്. ഇപ്രകാരം മരുന്ന് കമ്പനികൾ നിഷ്‌ക്കർഷിക്കുന്ന താപനിലയിൽ അല്ലാതെ മരുന്നുകൾ സൂക്ഷിച്ചാൽ അവയുടെ ഗുണനിലവാരം നഷ്ടപ്പെടും എന്ന് ഡ്രഗ് കണ്ട്രോളർ തന്നെ വ്യക്തമാക്കുന്നു.

എന്നാൽ ഔഷധവ്യാപാരികളുടെ സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുന്ന സംസ്ഥാന ഔഷധ നിയന്ത്രണ വിഭാഗം 1940 ൽ നിലവിൽവന്ന ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ് 62 ബിയുടെ നഗ്നമായ ലംഘനത്തിനു കൂട്ടു നിൽക്കുന്നു.. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടികൾ ഉണ്ടായില്ലെങ്കിൽ മരുന്ന് കഴിച്ചു മാറാരോഗികൾ ആകുന്നവരുടെയും അകാലത്തിൽ ജീവിതത്തോട് വിട പറയുന്നവരുടെയും എണ്ണം ക്രമാതീതമായി വർദ്ധിക്കും എന്നതിൽ യാതൊരു സംശയവുമില്ല. മാരകമായ കാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ചു നമ്മുടെ രാജ്യത്ത് ദിനംപ്രതി അഞ്ചിലേറെ കുഞ്ഞുങ്ങൾ മരണപ്പെടുന്നു എന്ന വാർത്ത കൂടി ഇതോടൊപ്പം ചേർത്ത് വായിക്കുമ്പോളാണ് ഇതിന്റെ തീവ്രത മനസ്സിലാകുകയുള്ളൂ.

ജീവൻരക്ഷാ ഔഷധങ്ങൾ കൈകാര്യം ചെയ്യേണ്ടത് യോഗ്യതയുള്ള ഫാർമസിസ്റ്റ് ആയിരിക്കണം എന്ന് നിയമം അനുശാസിക്കുമ്പോൾ കേരളത്തിൽ ഔഷധ വിൽപ്പനശാലകളും ഫാർമസിയും നടത്താൻ അനുവാദം കൊടുക്കുന്നത് കേവലം ഒരു ഫാർമസിസ്റ്റിന്റെ മാത്രം മേൽനോട്ട ത്തിൽ. ഭൂരിപക്ഷം മരുന്നുകടകളും പ്രവർത്തിക്കുന്നത് പത്തു മുതൽ 15 മണിക്കൂർ വരെ. ഈ സമയം മുഴുവൻ ഫാർമസിസ്റ്റ് സ്ഥാപനത്തിൽ ഉണ്ടാകണം എന്ന ഉട്ടോപ്പിയൻ തത്വമാണ് അധികാരികൾ അടിച്ചേൽപ്പിക്കുന്നത്. ഇത് ഫാർമസി ആക്ട് 1948 ന്റെ 42-ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണ്. മിക്കവാറും സ്ഥാപനങ്ങൾ വൈകുന്നേരം 5 മണിക്ക്ശേഷം പ്രവർത്തിക്കുന്നത് യോഗ്യതയില്ലാത്ത വ്യക്തികളുടെ മേൽനോട്ടത്തിൽ.

ഇത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ 65(2), 65 (3), (1) വകുപ്പുകളുടെ ലംഘനമാണ്. ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ അവരെ പ്രതിയാക്കുന്ന സമീപനമാണ് സംസ്ഥാന ഔഷധ നിയന്ത്രണ വിഭാഗം സ്വീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP