Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാട്ടുകാരെ കൊള്ളയടിച്ച് കുത്തക കമ്പനികൾ കുപ്പിവെള്ളം വിറ്റ് കോടികൾ കൊയ്യുമ്പോൾ ചൂട്ടുപിടിച്ച് സർക്കാറും! കോടികൾ മുടക്കിയ വാട്ടർ അഥോറിറ്റിയുടെ കുപ്പിവെള്ളപദ്ധതി നിർത്തണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്; കുറഞ്ഞ വിലക്ക് വെള്ളം വിൽക്കാനുള്ള നീക്കത്തിന് തുരങ്കം വെക്കുന്നത് വൻകിടക്കാരെ സഹായിക്കാനെന്ന് ആക്ഷേപം

നാട്ടുകാരെ കൊള്ളയടിച്ച് കുത്തക കമ്പനികൾ കുപ്പിവെള്ളം വിറ്റ് കോടികൾ കൊയ്യുമ്പോൾ ചൂട്ടുപിടിച്ച് സർക്കാറും! കോടികൾ മുടക്കിയ വാട്ടർ അഥോറിറ്റിയുടെ കുപ്പിവെള്ളപദ്ധതി നിർത്തണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്; കുറഞ്ഞ വിലക്ക് വെള്ളം വിൽക്കാനുള്ള നീക്കത്തിന് തുരങ്കം വെക്കുന്നത് വൻകിടക്കാരെ സഹായിക്കാനെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുപ്പിവെള്ള ബിസിനസ് കേരളത്തിൽ കോടികൾ കൊയ്യുന്ന വ്യവസായമായി മാറിയിട്ടുണ്ട്. ബഹുരാഷ്ട്ര കുത്തക ഭീമന്മാർ അരങ്ങുവാഴുന്ന ഈ മേഖലയിലേക്ക് ചെറുകിടക്കാരും നിരവധി കാൽവെച്ചു കഴിഞ്ഞു. എന്നാൽ, പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ 12 രൂപക്ക് കുപ്പിവെള്ളം വിൽക്കാനുള്ള നീക്കം ചെറുകിട കുപ്പിവെള്ള നിർമ്മാതാക്കൾ നടത്തിയിരുന്നു. ഈ നീക്കത്തിന് തുടക്കം മുതൽ തുരങ്കം വെച്ചത് കുത്തകക്കാരുടെ സ്വാധീനത്തിൽ വ്യവസായികളായിരുന്നു. കൂടുതൽ കമ്മീഷൻ ലഭിക്കും എന്നതു കൊണ്ട് കട ഉടമകൾ ചെറുകിടക്കാരുടെ കുപ്പിവെള്ളം വിൽക്കാനും തയ്യാറാകുന്നില്ല. ഇതിനിടെയാണ് സർക്കാറിന്റെ നേതൃത്വത്തിൽ കുപ്പിവെള്ളം പുറത്തിറക്കാൻ തീരുമാനിച്ചത്. അരുവിക്കരയിൽ കോടികൾ മുടക്കി വാട്ടർ അതോരിറ്റിയുടെ കുപ്പിവെള്ള പ്ലാന്റിന് തുടക്കമിടുകയും ചെയ്തു. എന്നാൽ ബഹുരാഷ്ട്ര കുത്തകൾക്ക് വേണ്ടി ഈ നീക്കത്തിന് തുരങ്കം വെക്കുകയാണ് സർക്കാർ തന്നെ.

അരുവിക്കരയിലെ വാട്ടർ അഥോറിറ്റിയുടെ കുപ്പിവെള്ള പദ്ധതിക്ക് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വിലക്കുമായി രംഗത്തെത്തിയത്. പ്ലാന്റിന്റെ പണി തൊണ്ണൂറു ശതമാനവും പൂർത്തിയായ ശേഷമാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നടപടി. പത്തുരൂപ നിരക്കിൽ കുടിവെള്ളം വിപണിയിൽ എത്തിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ നീക്കം വൻകിടക്കാർക്ക് തിരിച്ചടിയാകുമെന്ന് കണ്ട് അവരെ സഹായിക്കാൻ വേണ്ടിയാണ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് ആക്ഷേപം.

കുറഞ്ഞ നിരക്കിൽ ജനങ്ങൾക്കു ശുദ്ധജലം ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് വാട്ടർ അഥോറിറ്റി കുപ്പിവെള്ള പദ്ധതിക്ക്തുടക്കം കുറിച്ചത്. പൊതുജനങ്ങളിൽ നിന്നും വലിയ സ്വീകാര്യത ഈ നീക്കത്തിന് ലഭിച്ചിരുന്നു. സംസ്ഥാനം കടുത്ത വരൾച്ചയിലേക്കു നീങ്ങുമോയെന്ന ആശങ്കയിൽ നിന്നാണ് പദ്ധതിയുടെ തുടക്കം. എന്നാൽ കോടികൽ മുടക്കിയ പദ്ധതി അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് സർക്കാർ പാളയത്തിൽ നിന്നും പാര വരുന്നത്. വാട്ടർ അഥോറിറ്റി കുപ്പിവെള്ളം പോലുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കണ്ടെന്നും അതിന് ഇവിടെ ധാരാളം കമ്പനികൾ ഉണ്ടെന്നും അഡീഷണൽ ചീഫ് സെക്രട്ടറി വാട്ടർ അഥോറിറ്റിക്ക് അയച്ച കത്തിൽ പറയുന്നു.

ഇത്തരം കാര്യങ്ങളിൽ കേരള വാട്ടർ അഥോറിറ്റി വെറുതെ സമയം കളയണ്ട എന്നും ആ സമയം ജല വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കാനും കത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. കുപ്പിവെള്ള പ്ലാന്റിന്റെ തൊണ്ണൂറ് ശതമാനം പണി പൂർത്തിയായി. പരീക്ഷണാർത്ഥം കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും തുടങ്ങി. കുപ്പിവെള്ളം കടകളിൽ എത്തിക്കാനുള്ള പ്രവർത്തനം തുടങ്ങാനിരിക്കുന്നതേയുള്ളു. അതിനിടയിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കത്ത് എംഡിക്ക് ലഭിക്കുന്നത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന വാട്ടർ അഥോറിറ്റിക്ക് ഈ പദ്ധതി ഗുണകരമാകുമെന്ന് കരുതുന്നവരും ഏറെയാണ്.

16 കോടി രൂപ ചെലവിട്ടാണ് പ്ലാന്റിന്റെ പണി പൂർത്തിയാക്കിയത്. രണ്ട് മാസത്തിനുള്ളിൽ വെള്ളം പുറത്തിറക്കാനായിരുന്നു പദ്ധതി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെയും അനുമതി ലഭിച്ചാൽ കുപ്പിവെള്ളം പുറത്തിറക്കാം. പ്ലാന്റിന് ആറുകോടികൂടി ചെലവഴിച്ചതിന്റെ പുതുക്കിയ അടങ്കൽ തുകയ്ക്ക് ജല അഥോറിറ്റി ഭരണാനുമതി തേടിയിരുന്നു. ഇതിന് അനുമതി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് കുപ്പിവെള്ളപദ്ധതി ആവശ്യമില്ലെന്ന് നിർദേശിച്ചിട്ടുള്ളത്.

തിരുവനന്തപുരം അരുവിക്കര അണക്കെട്ടിന് സമീപമാണ് പ്ലാന്റ് നിർമ്മിച്ചത്. രണ്ട് ശുദ്ധീകരണ യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരെണ്ണംകൂടി സ്ഥാപിക്കാനുള്ള സ്ഥലമുണ്ട്. ഒരു യന്ത്രത്തിൽ മണിക്കൂറിൽ ഒരു ലിറ്ററിന്റെ 3600 കുപ്പികൾ നിറയ്ക്കാം. 500 മില്ലീലിറ്റർ, ഒരു ലിറ്റർ, രണ്ടു ലിറ്റർ, 20 ലിറ്റർ കുപ്പികളിലാണ് വെള്ളം പുറത്തിറക്കുന്നത്. 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ വിതരണം ഉദ്ദേശിക്കുന്നത്. അതേസമയം പദ്ധതിക്ക് അനുമതി നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് കണ്ടില്ലെന്നാണ് ജല അതോരിറ്റി എംഡി എ ഷൈനമോൾ അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP