Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുഞ്ഞിനെ വെള്ളത്തിലേക്ക് പ്രസവിപ്പിക്കും! വേദനയില്ലാതെ പ്രസവം വാഗ്ദാനം ചെയ്യുന്ന 'വാട്ടർ ബർത്ത്' തട്ടിപ്പ്; കോട്ടക്കലിൽ കുഞ്ഞിന്റെ മരണത്തെ തുടർന്ന് ചികിത്സാ കേന്ദ്രം അടച്ചുപൂട്ടി; മാനദണ്ഡം പാലിക്കാതെ പ്രകൃതിചികിത്സയുടെ മറവിലെ കള്ളക്കളിക്കെതിരെ ആരോഗ്യ വകുപ്പ്; റെയ്ഡുകൾ വ്യാപകമാക്കും

കുഞ്ഞിനെ വെള്ളത്തിലേക്ക് പ്രസവിപ്പിക്കും! വേദനയില്ലാതെ പ്രസവം വാഗ്ദാനം ചെയ്യുന്ന 'വാട്ടർ ബർത്ത്' തട്ടിപ്പ്; കോട്ടക്കലിൽ കുഞ്ഞിന്റെ മരണത്തെ തുടർന്ന് ചികിത്സാ കേന്ദ്രം അടച്ചുപൂട്ടി; മാനദണ്ഡം പാലിക്കാതെ പ്രകൃതിചികിത്സയുടെ മറവിലെ കള്ളക്കളിക്കെതിരെ ആരോഗ്യ വകുപ്പ്; റെയ്ഡുകൾ വ്യാപകമാക്കും

കെ.വി നിരഞ്ജൻ

കോഴിക്കോട്:ആധുനിക ലോകത്ത് ഏറ്റവും കച്ചവടവത്ക്കരിക്കപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞിരിക്ക പ്രസവത്തെ പ്രകൃതി ചികിത്സയുടെ മറവിലും വിറ്റ് കാശാക്കുന്നു. വേദനയില്ലാതെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാമെന്ന് പറഞ്ഞ് വാട്ടർ ബർത്ത് എന്ന കപട ചികിത്സയിലൂടെയാണ് ഇവർ പണം പിടുങ്ങുന്നത്.

കഴിഞ്ഞ ആഴ്ച മലപ്പുറം കോട്ടക്കലിനടുത്തെ ഇത്തരം ഒരു പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തെതുടർന്ന് അരോഗ്യവകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്ത് ഇത്തരം രണ്ടു ഡസനിലേറെ വാട്ടർ ബർത്ത് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി അറിയുന്നത്. ഇവരിൽ ഒന്നിനുപോലും അംഗീകാരമില്ലെന്ന് മാത്രമല്ല ഒരു എമർജൻസിയുണ്ടായാൽ നേരിടാനുള്ള യാതൊരു സംവിധാനവും ഇല്ല. അതിനാൽ തന്നെ പ്രകൃതിചികിത്സയുടെ മറവിൽ നടക്കുന്ന തട്ടിപ്പകേന്ദ്രങ്ങൾക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ് മുന്നോട്ടുപോവുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് തെന്നല വാളക്കുളത്തെ പ്രകൃതിചികിത്സാ കേന്ദ്രത്തിൽ വാട്ടർ ബർത്ത് ചികിത്സക്കിടെ കുഞ്ഞ് മരിച്ചത്.തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ഹംസക്കുട്ടിയാണ് പരാതിക്കാരൻ. മകന്റെ ഭാര്യക്ക് വാട്ടർ ബർത്ത് ചികിത്സ മൂലം കുഞ്ഞിനെ നഷ്ടപ്പെട്ടതായാണ് പരാതി. മരുമകളുടെ ഗർഭാശയം, മൂത്രസഞ്ചി എന്നിവ തകർന്നതായും കുഞ്ഞ് മരിച്ചതായും പരാതിയിൽ പറയുന്നു. മൂന്ന് സിസേറിയൻ കഴിഞ്ഞതാണ് യുവതി. സുഖപ്രസവമായിരിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു വാളക്കുളത്തെ വാടക വീട്ടിൽ ചികിത്സ തേടിയത്തെിയത്.

ചൊവ്വാഴ്ചയാണ് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വാട്ടർ ബർത്തിൽ കിടത്തിയ യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായതോടെ സ്ഥിതി ഗുരുതരമായി. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് കാറിൽ ചങ്കുവെട്ടി മിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് പൊലീസിന് ആശുപത്രി അധികൃതർ നൽകിയ വിവരം. കുഞ്ഞിന്റെ മാതാവ് ഹസീന ഇപ്പോഴും ഐ.സി.യുവിലാണ്. ഇവർ അപകടനില തരണം ചെയ്യാത്തതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല.

അതിനിടെ ആരോഗ്യവകുപ്പ് ഇടപെട്ട് കേന്ദ്രം അടച്ചുപൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച തന്നെ കേന്ദ്രം നടത്തിപ്പുകാരായ കുടുംബം സാധനസാമഗ്രികളുമായി പോയെന്നാണ് വിവരം. തെന്നല വാളക്കുളത്ത് ഇരുനില വാടക വീട്ടിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വാർത്ത പുറത്തുവന്നതോടെ ഉടമ വീട് ഒഴിയാൻ നിർദേശിക്കുകയായിരുന്നു. വാട്ടർ ബർത്ത് ചികിത്സയാണ് ഇവിടെ നടന്നിരുന്നതെന്ന് കുഞ്ഞിന്റെ മരണം വിവാദമായതോടെയാണ് നാട്ടുകാരിൽ പലരുമറിയുന്നത്.

പരിസരത്ത് പ്രവർത്തിക്കുന്ന പ്രകൃതിചികിത്സാകേന്ദ്രങ്ങളിലൊന്നാണിതെന്നാണ് ഇവർ കരുതിയിരുന്നത്. നടത്തിപ്പുകാർ സമീപവാസികളോട് ബന്ധം സ്ഥാപിച്ചിരുന്നില്ല. ഒരു വർഷം മുൻപ് പ്രവർത്തനമാരംഭിച്ച കേന്ദ്രത്തിൽ ദൂരസ്ഥലങ്ങളിൽ നിന്നാണ് രോഗികൾ എത്തിയിരുന്നതെന്ന് പറയുന്നു.

അതേസമയം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. കേന്ദ്രത്തിൽ പരിശോധന നടത്താനോ ഇവരെ ചോദ്യം ചെയ്യാനോ പൊലീസ് ശ്രമിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർ നടപടികളിലേക്ക് കടക്കൂവെന്നാണ് പൊലീസ് നിലപാട്.മമ്പാട് സ്വദേശിയായ ഡോ. ഹാബിർ ഹൈദർ, ഭാര്യ, ഹാബിറിന്റെ പിതാവ് എന്നിവർക്കെതിരെയാണ് കേസ്.

ഇയാളുടെ സർട്ടിഫിക്കറ്റുകൾ പരിശോധനക്ക് വിധേയമാക്കും. പ്രാഥമിക അന്വേഷണത്തിതന്നെ ഇവർ വ്യാജരാണെന്നും, ചികിൽസക്കുള്ള അനുമതിയില്‌ളെന്നാണ് കണ്ടത്തെിയത്.പ്രകൃതിചികിത്സ ബിരുദവുമായാണ് കേന്ദ്രം നടത്തിയിരുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മുപ്പതിലധികം പ്രസവങ്ങൾ നടന്നതായും മുൻപ് സമാനമായ മരണം സംഭവിച്ചതായും ഡോ. രേണുക നടത്തിയ അന്വേഷണത്തിൽ കണ്ടത്തെിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ഒരു മാനദണ്ഡവും പാലിക്കാതെ നടത്തിയ ചികിത്സാരീതി വകുപ്പധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.

ആദ്യഒന്നും രണ്ടും പ്രസവങ്ങൾ സിസേറിയൻ ആയവരെ കണ്ടത്തെിയവാണ് ഇവർ ചാക്കിടുന്നത്. വാട്ടർ ബർത്തിലൂടെയാവുമ്പോൾ സുഖപ്രസവം മാത്രമേ സംഭവിക്കൂവെന്നാണ് ഇവർ വിശ്വസിപ്പിക്കുന്നത്. കുഞ്ഞിനെ വെള്ളത്തിലേക്ക് പ്രസവിപ്പിക്കുയാണ് ഇവരുടെ രീതി.പക്ഷേ ഇതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുള്ളതായി ആധുനിക ശാസ്ത്രം അംഗീകരിക്കുന്നില്ല. പക്ഷേ സാധാരണക്കാരന്റെ അഞ്ജത മുതലെടുത്ത് ഇത്തരം കേന്ദ്രങ്ങൾ തഴച്ചുവളരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP