Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികരുചിയുള്ള തണ്ണിമത്തൻ ജ്യൂസ് സൂക്ഷിക്കുക; ഇലക്ട്രോ പ്ലേറ്റിംഗിനുള്ള രാസവസ്തു അടങ്ങിയിരിക്കാം; കാഞ്ഞങ്ങാട് സൂപ്പർ ഗ്ലോ ചേർത്ത ജ്യൂസ് വിറ്റ കടക്കാരെ പിടികൂടി; പഞ്ചസാരയുടെ ആയിരം ഇരട്ടി മധുരവും അഡിക്ഷനും ഉണ്ടാക്കും

അധികരുചിയുള്ള തണ്ണിമത്തൻ ജ്യൂസ് സൂക്ഷിക്കുക; ഇലക്ട്രോ പ്ലേറ്റിംഗിനുള്ള രാസവസ്തു അടങ്ങിയിരിക്കാം; കാഞ്ഞങ്ങാട് സൂപ്പർ ഗ്ലോ ചേർത്ത ജ്യൂസ് വിറ്റ കടക്കാരെ പിടികൂടി; പഞ്ചസാരയുടെ ആയിരം ഇരട്ടി മധുരവും അഡിക്ഷനും ഉണ്ടാക്കും

രഞ്ജിത് ബാബു

കാസർഗോഡ്: തണ്ണിമത്തൻ ജ്യൂസ് കഴിക്കുമ്പോൾ അധിക രുചിയും ആസക്തിയുമുണ്ടെങ്കിൽ സൂക്ഷിക്കുക. അതിൽ രാസവസ്തുക്കൾ അടങ്ങിയിരിക്കാം.

കാഞ്ഞങ്ങാട് വ്യാപാരഭവന് സമീപം ഏറെക്കാലമായി പ്രവർത്തിച്ചു വരുന്ന ജ്യൂസ് കടയിൽ കണ്ടെത്തിയ രാസവസ്തു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാ ചരിത്രത്തിലാദ്യം. 'സൂപ്പർ ഗ്ലോ ഹൈ എഫിഷ്യൻസി ഇലക്ട്രോ പ്ലേറ്റിങ് ഫോർമുലേഷൻ' എന്ന ഇലക്ട്രോ പ്ലേറ്റിംഗിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് തണ്ണിമത്തൻ ജ്യൂസിൽ ചേർത്ത് വിൽപ്പന നടത്തിയതെന്നു പരിശോധനയിൽ കണ്ടെത്തി.

വ്യാവസായിക ആവശ്യങ്ങൾക്കു വേണ്ടി മാത്രം ഉപയോഗിച്ചു വരുന്ന രാസവസ്തുക്കളടങ്ങിയ ഈ ചേരുവ പഞ്ചസാരയുടെ ആയിരം മടങ്ങ് മധുരവും അല്പം ലഹരിയും നൽകും. അതാണ് ഈ ജ്യൂസ് കട തേടി യുവാക്കളടങ്ങിയ വൻസമൂഹം ഇവിടെ എത്തിച്ചേരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

സംസ്ഥാനത്ത് മറ്റിടങ്ങളിൽ ഇലക്ട്രോ പ്ലേറ്റിഗിനുള്ള രാസവസ്തു ചേർത്ത് ശീതളപാനീയങ്ങൾ വിൽപ്പന നടത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽ പ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇതിൽ അടങ്ങിയ രാസവസ്തു മനുഷ്യശരീരത്തിൽ എത്രമാത്രം ദോഷകരമാവുമെന്നത് ലാബറട്ടറി പരിശോധനയിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ എന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ വി.കെ. പ്രദീപ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കളാണ് സൂപ്പർ ഗ്ലോയിലുള്ളതെന്ന് പിടിച്ചെടുത്ത പാക്കറ്റുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ജ്യൂസ് കഴിക്കാൻ ഈ കടയിൽ യുവാക്കൾ കൂടി വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അന്വേഷണം ഇവിടേക്ക് പതിഞ്ഞത്. ഒരു സംഘം യുവാക്കൾ തന്നെയാണ് വിവരം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മറ്റൊരു കടയുടെ പിറകിലായി സൂക്ഷിച്ച ഇലക്ട്രോ പ്ലേറ്റിങ് രാസവസ്തു കലർത്തി ജ്യൂസിൽ ചേർക്കുകയാണ് ചെയ്യാറ്. ഇത്്് മൊബൈൽ ക്യാമറയിൽ പകർത്തിയാണ് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

മംഗളൂരുവിൽ നിന്നാണ് രാസവസ്തു വാങ്ങാറുള്ളതെന്ന് കടയുടമ ഉദ്യോഗസ്ഥർ മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. അഞ്ച്് പാക്കറ്റ് ഇലക്ട്രോ പ്ലേറ്റിങ് രാസവസ്തു സൂക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അത് കലക്കി ഉണ്ടാക്കിയ ജ്യൂസ് പിടിച്ചെടുത്ത ശേഷം കട പൂട്ടിച്ചു. പിടിച്ചെടുത്ത സാധനങ്ങൾ കോഴിക്കോട്ടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലാബിൽ പരിശോധന നടത്തിയശേഷം തുടർനടപടിയെടുക്കും.

ഇത്തരം രാസവസ്തുക്കൾ ചേർത്ത് ശീതള പാനീയങ്ങൾ വിൽക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. ചില ജ്യൂസ് വിൽപ്പന കേന്ദ്രങ്ങളിൽ അമിതമായി ന്യൂജനറേഷൻ ആകർഷിക്കപ്പെടുന്നതിനു പിന്നിലും സംശയങ്ങൾ ഉയരുന്നുണ്ട്. വഴിയോരങ്ങളിലാണ് അമിതാസക്തിയോടെ ജ്യൂസ് കഴിക്കാൻ ജനങ്ങളെത്തുന്നത്. വരുംദിവസങ്ങളിൽ അവിടങ്ങളിൽ പരിശോധന നടത്താൻ തയ്യാറായിരിക്കുകയാണ് ഉദ്യോഗസ്ഥർ.

വേനൽചൂടിന്റെ കാഠിന്യത്തിൽ ദാഹജലം തേടിയെത്തുന്ന ജനങ്ങളെ മാരകമായ രാസവസ്തുക്കൾ ചേർത്ത ശീതളപാനീയം നൽകി മുതലെടുക്കുന്നത് ഭൂരിഭാഗവും വഴിയോരക്കച്ചവടക്കാരാണെന്ന് ആരോപണമുണ്ട്. അടുത്ത കാലം വരെയും ജ്യൂസുകൾ, മധുര പലഹാരങ്ങൾ, എന്നിവക്ക് മധുരം കൂട്ടാൻ സാക്രിനും ഡെൽസിനുമാണ് ഉപയോഗിച്ചു വന്നിരുന്നത്. പൊടി രൂപത്തിൽ ലഭ്യമാവുന്ന ഇവയുടെ പ്രധാന വിപണന കേന്ദ്രം മംഗളൂരുവാണ്. ട്രെയിൻ വഴി ഇവയുടെ പാക്കറ്റുകളുമായി കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഏജന്റുമാരായി പ്രവർത്തിക്കുന്നതും യുവാക്കളാണ്. പഞ്ചസാരയുടെ ആയിരം ഇരട്ടി വരെ മാധുര്യം നൽകുന്ന രാസവസ്തുക്കൾ എല്ലാം വരുന്നത് മംഗളൂരുവിൽ നിന്നാണ്.

ഉത്തര കേരളത്തോട് ഏറ്റവും അടുത്തുകിടക്കുന്ന നഗരമെന്ന നിലയിൽ കേരളത്തിൽനിന്ന് അങ്ങോട്ടും തിരിച്ച്് ഇങ്ങോട്ടും ഇത്തരം പ്രവർത്തനങ്ങൾക്ക് വരുന്നവരെ ആരും നിരീക്ഷിക്കാറില്ല. അതിന്റെ മറവിലാണ് മധുരത്തിന്റെ പേരിലുള്ള ഈ കച്ചവടവും നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP