Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിപ്പിന് തിളക്കം കൂട്ടാൻ കൃത്രിമ മെഴുക്; പാലിൽ കൊഴുപ്പു കുറച്ചും കള്ളക്കളി; കായവറുത്തതിൽ നിറം ചേർക്കാൻ മാരക വിഷം ടാർട്രസൈനും; ഓണവിപണയിൽ ചതിക്കുഴികൾ ഏറെ

പരിപ്പിന് തിളക്കം കൂട്ടാൻ കൃത്രിമ മെഴുക്; പാലിൽ കൊഴുപ്പു കുറച്ചും കള്ളക്കളി; കായവറുത്തതിൽ നിറം ചേർക്കാൻ മാരക വിഷം ടാർട്രസൈനും; ഓണവിപണയിൽ ചതിക്കുഴികൾ ഏറെ

രഞ്ജിത് ബാബു

കണ്ണൂർ: ഓണക്കാലത്ത് പ്രഥമനൊരുക്കാൻ പരിപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കുക. മിന്നിത്തിളങ്ങുന്ന ചെറുപയർ പരിപ്പാണെങ്കിൽ അത് വാക്സ് പോളിഷ് ചെയ്തതാണ്. ഈ വാക്സിങ് പ്രക്രിയയിൽ ഉപയോഗിക്കുന്നത് സ്വാഭാവികമെഴുകല്ല. കൃത്രിമ മെഴുകാണ്.

വാക്സിൻ മെഷിനിൽ കൃത്രിമമെഴുകു പുരട്ടി അന്യ സംസ്ഥാനങ്ങളിൽ നിന്നും ഓണക്കാലം ലക്ഷ്യമാക്കി ടൺ കണക്കിന് ചെറുപയർ പരിപ്പാണ് കേരളത്തിലെത്തുന്നത്. എടുത്തുകാട്ടുന്ന മഞ്ഞനിറവും തിളക്കവുമാണ് ഉപഭോക്താക്കളെ ചെറുപയർ പരിപ്പ് വാങ്ങാൻ ആകർഷിക്കുന്നത്. വാക്സ് ചെയ്യാത്ത പരിപ്പ് മാർക്കറ്റിൽ ലഭ്യമാണെങ്കിലും വാക്സ് ചെയ്ത പരിപ്പിന്റെ തിളക്കം മൂലം വിലക്കൂടുതലുള്ള പരിപ്പാണ് കൂടുതലാളുകളും വാങ്ങുന്നത്. ടാർട്രസൈൻ പോലുള്ള രാസവസ്തുക്കൾ ചേർത്ത് പരിപ്പിന് വർണ്ണം നൽകുന്നതിനാലാണ് ഇതിന് ആകർഷണീയത കൂടുന്നത്.

ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് പാലാണ്. അതുകൊണ്ടു തന്നെ പരിശോധനക്ക് പോലും അവസരം ലഭിക്കാത്ത വിധമാണ് പാലിന്റെ വിൽപ്പന നടക്കുന്നത്. ഉത്പ്പാദകർ കൊഴുപ്പിന്റെ അളവ് കുറച്ചാണ് പാൽ വിൽപ്പനയിലൂടെ വൻ ലാഭം കൊയ്യുന്നത്. പശുവിൻ പാലിൽ ക്രീം മാറ്റി കൊഴുപ്പു കുറയ്ക്കുകയാണ് പതിവ്. പാലിലെ ഫാറ്റിന്റെ അളവ് 3.5 എന്ന നിലവാരത്തിൽ കുറയരുതെന്നാണ് നിയമം. ഓണക്കാലത്ത് പാലെത്തുമ്പോഴേക്കും വിൽപ്പന നടക്കുന്നതിനാൽ കൊഴുപ്പിന്റെ അളവ് പരിശോധിക്കാൻ ദൃതഗതിയിൽ ഉദ്യോഗസ്ഥർക്ക് ആവുന്നില്ല. ഒരു പോയിന്റ് കൊഴുപ്പ് കുറച്ചാൽ പോലും വൻ ലാഭമുണ്ടാക്കാൻ പാൽ വിൽപ്പനയിലൂടെ കഴിയും. ഓണക്കാലത്തെ ദീർഘ അവധികൾ മുതലെടുത്ത് പാൽ ഉത്പ്പാദകരും വിതരണക്കാരും ഗുണനിലവാരമില്ലാത്ത പാൽ വിൽപ്പന നടത്തുകയാണ് പതിവ്.

മിൽമ ക്ഷീരകർഷകരിൽ നിന്നും പാൽ വാങ്ങുമ്പോൾ കൊഴുപ്പ് നോക്കിയാണ് വില നൽകുന്നത്. കൊഴുപ്പിന്റെ അളവ് കുറഞ്ഞ പാലിന് വിലയും കുറവായിരിക്കും. വിദേശത്തു നിന്നും വരുന്ന ഗുണനിലവാരം കുറഞ്ഞ പാൽപ്പൊടി കലക്കി ഫാറ്റ് അളവ് നിലനിർത്തി വിതരണം ചെയ്യുന്ന പാലും സംസ്ഥാനത്ത് വ്യാപകമായുണ്ട്. ഇതിലൂടെ വൻ ലാഭമാണ് നേടുന്നത്. നിർദ്ദേശിപ്പിക്കപ്പെടുന്ന ഫാറ്റ് ലവൽ ഇത്തരം പാലിൽ ഉണ്ടാകാറുമില്ല.

ഓണക്കാലത്തെ ഏഴു ദിവസത്തോളം വരുന്ന അവധി മുതലെടുത്ത് ഗുണനിലവാരം കുറഞ്ഞതും വിദേശ പാൽപ്പൊടി കലക്കിയതുമായ പാലാണ് കൂടുതലായി വിതരണത്തിനെത്തുന്നത്. അതു കൊണ്ടു തന്നെ പാൽ പരിശോധന കാര്യക്ഷമമായി നടക്കാറുമില്ല. ദക്ഷിണ കേരളത്തിൽ കായ വറുത്തതിലാണ് കാര്യമായി രാസവസ്തു പ്രയോഗം നടക്കുന്നത്. കായ വറുത്തതിന് നിറം നൽകാൻ ടാർട്രസൈൻ പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പാക്കറ്റുകളിൽ ലഭിക്കുന്ന കായ വറുത്തത് വിഷമുക്തമല്ല.

ഓണസദ്യക്ക് വടക്കൻ കേരളത്തിൽ പച്ചക്കറിയെത്തുന്നത് കർണ്ണാടകത്തിൽ നിന്നാണ്. തമിഴ്‌നാട് പച്ചക്കറി പോലെ കഠിനമായ കീടനാശിനി പ്രയോഗം കർണ്ണാടകത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് വസ്തുത. എന്നിരുന്നാലും വടക്കൻ കേരളത്തിലെ ജില്ലകളിൽ നിന്നും ശരാശരി 12 വീതം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ കൂടുതൽ പരിശോധനക്കായി കാർഷിക സർവ്വകലാശാലയിലേക്കയച്ചിട്ടുണ്ട്. തമിഴ്‌നാട് പച്ചക്കറികൾ വ്യാപകമായി എത്തുന്ന ദക്ഷിണ-മദ്ധ്യ കേരളത്തിൽ നിന്നും സ്‌ക്വാഡുകൾ സാമ്പിളുകൾ ശേഖരിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ജില്ലകൾ മാറി രൂപീകരിച്ചു കഴിഞ്ഞ് 17 സ്‌ക്വാഡുകൾ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP