Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടുകുലവൻ തെയ്യം കെട്ടിന്റെ മറവിൽ കുടക് വനത്തിൽ വ്യാപകമായി മൃഗവേട്ട; കാവുകളിൽ കുലവനിലൂടെ ആരാധനാ പാത്രമായി മാറിയ കണ്ടനാർ കേളന്റെ അനുഷ്ഠാനവുമായി ബന്ധപ്പെട്ട് വേട്ടയാടുന്നത് കാട്ടുപന്നികളെ; കാസർഗോഡ് എട്ട് കാവുകളിൽ മാത്രമാണ് കണ്ടനാർ കേളനും വയനാട്ടുകുലവനും കെട്ടിയാടുന്നതെങ്കിലും കലയുമായി പുലബന്ധമില്ലാത്തവരും നായാട്ടിനിറങ്ങുന്നു

വയനാട്ടുകുലവൻ തെയ്യം കെട്ടിന്റെ മറവിൽ കുടക് വനത്തിൽ വ്യാപകമായി മൃഗവേട്ട; കാവുകളിൽ കുലവനിലൂടെ ആരാധനാ പാത്രമായി മാറിയ കണ്ടനാർ കേളന്റെ അനുഷ്ഠാനവുമായി ബന്ധപ്പെട്ട് വേട്ടയാടുന്നത് കാട്ടുപന്നികളെ; കാസർഗോഡ് എട്ട് കാവുകളിൽ മാത്രമാണ് കണ്ടനാർ കേളനും വയനാട്ടുകുലവനും കെട്ടിയാടുന്നതെങ്കിലും കലയുമായി പുലബന്ധമില്ലാത്തവരും നായാട്ടിനിറങ്ങുന്നു

രഞ്ജിത് ബാബു

കാസർഗോഡ്: വയനാട്ടുകുലവൻ തെയ്യം കെട്ടിന്റെ മറവിൽ കുടക് വനത്തിൽ നിന്നും വ്യാപകമായി മൃഗവേട്ട നടക്കുന്നു. വയനാട്ടുകുലവൻ  കെട്ടിയാടുന്ന കാവുകളിൽ കുലവനിലൂടെ ആരാധനാ പാത്രമായി മാറിയ കണ്ടനാർ കേളന്റെ അനുഷ്ഠാനവുമായി ബന്ധപ്പെട്ടാണ് കാട്ടുപന്നിയെ വേട്ടയാടി കൊണ്ടു വരുന്നത്. അത്യപൂർവ്വമായി മാത്രം കളിയാട്ടം നടക്കുന്ന വയനാട്ടു കുലവൻ തെയ്യം കെട്ടിന്റെ പേരിൽ നായാട്ടു സംഘങ്ങൾ കേരള കർണ്ണാടക അതിർത്തിയിലെ വനങ്ങളിൽ അഴിഞ്ഞാടുകയാണ്. ഈ കളിയാട്ട കാലത്ത് കാസർഗോഡ് ജില്ലയിൽ എട്ട് കാവുകളിൽ മാത്രമാണ് കണ്ടനാർ കേളനും വയനാട്ടുകുലവനും കെട്ടിയാടുന്നത്.

എന്നാൽ വയനാട്ടുകുലവൻ കാവുകളിൽ കളിയാട്ടം ആരംഭിച്ചിട്ടില്ല. അതിനു മുമ്പു തന്നെ നായാട്ടു സംഘങ്ങൾ തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി അതിർത്തി വനങ്ങളിൽ വിലസുകയാണ്. പ്രതീകാത്മകമായി നടക്കുന്ന ആചാരത്തിന്റെ മറവിൽ കാവുകളുമായി പുലബന്ധമില്ലാത്തവർ പോലും നായാട്ടിനിറങ്ങുകയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. വയനാട്ടു കുലവൻ കെട്ടിയാടുന്ന പാലക്കുന്ന് കഴകത്തിൽ നിന്നും ലഭിക്കുന്ന വിവരം ഇങ്ങിനെ.

ആചാരവും അനുഷ്ഠാനവും മുൻ നിർത്തിയാണ് 'ബപ്പിടൽ ' എന്ന പേരിലുള്ള ചടങ്ങ് നടക്കുന്നത്. ഗോത്ര ആരാധനയുമായി ബന്ധപ്പെട്ട് നിഷ്ഠയോടെ നടത്തുന്ന ഈ ചടങ്ങിന് ചില ചിട്ടകളുണ്ട്. ബപ്പിടലിനുവേണ്ടി മൃഗത്തെ തേടി പോകുന്നവർ കാവിലെത്തി വയനാട്ടു കുലവനെ വണങ്ങണം. പിന്നീട് കാവിന്റെ അധികാരികളിൽ നിന്നും അനുഗ്രഹം വാങ്ങി വേണം നായാട്ടിന് പോകാൻ. പൂർണ്ണമായും ദൈവഹിതം അനുസരിച്ചാണ് ഇങ്ങിനെ ചെയ്യുന്നതെന്നാണ് വിശ്വാസം. ഇപ്പോൾ നടക്കുന്ന നായാട്ടുമായി വയനാട്ടുകുലവൻ കാവുകൾക്ക് യാതൊരു ബന്ധവുമില്ല.

കണ്ടനാർ കേളൻ എന്ന തെയ്യത്തിന്റെ ബപ്പിടൽ ചടങ്ങിന്റെ സങ്കൽപ്പം ഇങ്ങിനെ. വയനാട്ടു കുലവൻ തെയ്യക്കാവുകളിൽ കെട്ടിയാടുന്ന കണ്ടനാർ കേളൻ ദ്രുത താളത്തിന്റെ അകമ്പടിയോടെ നർത്തനമാടി കാവിൻ മുറ്റത്തെ മടക്കളത്തിലെത്തും. ഈ സമയം കാട്ടിൽ നിന്നം വേട്ടയാടി കൊണ്ടു വന്ന കാട്ടു പന്നിയുടെ മാംസം ആചാരാനുഷ്ഠാനത്തോടെ തെയ്യത്തിന് സമർപ്പിക്കും. ഇതിനാണ് ബപ്പിടൽ എന്ന് പറയുന്നത്. പിന്നീട് ഈ മാംസം പാചക പുരയിൽ കൊണ്ടു പോയി പാകം ചെയ്ത് കാവിലെത്തുന്ന ഭക്ത ജനങ്ങൾക്ക് പ്രസാദ സദ്യയോടൊപ്പം നൽകും.

ഇങ്ങിനെയുള്ള ചടങ്ങ് അപൂർവ്വമായി മാത്രമേ നടക്കാറുള്ളൂ. കണ്ടനാർ കേളന്റെ തോറ്റത്തിൽ തന്നെ പറയുന്നത് ഓട്ടിറച്ചി, പച്ചയിറച്ചി, ചുട്ടിറച്ചി, എന്നിവ കൂട്ടിയുള്ള ഭക്ഷണമാണ്. കാട് വെട്ടി തെളിയിച്ച് പുനം നെല്ല് കൃഷി ചെയ്യുന്ന ഒരു കഠിനാദ്ധ്വാനിയായ കർഷകൻ പണിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാൽ മധുരകള്ളും ഇറച്ചിയും കഴിക്കുന്ന ഗോത്ര വർഗ്ഗ ജീവിത രീതിയുടെ പ്രതീകമാണ് കണ്ടനാർ കേളൻ.

എന്നാൽ തെയ്യം കെട്ടിന്റെ പേരിൽ കാടുകളിലേക്ക് നായാട്ടു സംഘങ്ങൾ യാതൊരു നീതിയുമില്ലാതെ നായാട്ടു നടത്തുകയാണ്. ഒരു കൂട്ടം വനപാലകരെ തെറ്റിദ്ധരിപ്പിച്ചും മൃഗവേട്ട നടത്തുന്നുമുണ്ട്. തെയ്യം കെട്ടിന് എന്ന വ്യാജേനെ കാവുകളുമായി യാതൊരു ബന്ധവുമില്ലാത്തവർ തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി കുടക് വനത്തിലേക്ക് തമ്പടിക്കുകയാണ്. അതുകൊണ്ടു തന്നെ മാൻ, മ്ലാവ്, എന്നീ ഇനത്തിൽ പെട്ട വന്യ ജീവികൾ ഇവരുടെ ആയുധങ്ങൾ കൊണ്ട് വേട്ടയാടപ്പെടുന്നു. വിശ്വാസത്തിന്റെ പേരിലെന്ന പ്രതീതി ജനിപ്പിക്കുന്നതു മൂലം കുടക് വനപാലകരും ചിലപ്പോൾ കണ്ണടക്കാറുണ്ട്. എന്നാൽ വനം വകുപ്പിലെ ചിലരുടെ മൗനാനുവാദവും ഈ നായാട്ടു സംഘങ്ങൾക്ക് മൃഗവേട്ട നടത്താൻ പ്രേരണയാവുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP