Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിൽ കൃത്രിമരേഖകളുണ്ടാക്കി ഭൂമാഫിയ വിഴുങ്ങിയത് 22,500 ഏക്കർ ഭൂമി; മലയാളം പ്‌ളാന്റേഷൻസിന്റെ 30,000 ഏക്കറിൽ ഇപ്പോൾ ഹാരിസന്റെ കൈവശമുള്ളത് 7,500 ഏക്കർമാത്രം; ഭൂമി വീതിച്ചെടുക്കാൻ കുട്ടികളുടെ പേരിൽപോലും പത്തേക്കർവീതം വീതിച്ച് രേഖയുണ്ടാക്കിയുള്ള തട്ടിപ്പിന് ഒത്താശചെയ്ത് ലാൻഡ് ബോർഡും ട്രിബ്യൂണലുകളും

വയനാട്ടിൽ കൃത്രിമരേഖകളുണ്ടാക്കി ഭൂമാഫിയ വിഴുങ്ങിയത് 22,500 ഏക്കർ ഭൂമി; മലയാളം പ്‌ളാന്റേഷൻസിന്റെ 30,000 ഏക്കറിൽ ഇപ്പോൾ ഹാരിസന്റെ കൈവശമുള്ളത് 7,500 ഏക്കർമാത്രം; ഭൂമി വീതിച്ചെടുക്കാൻ കുട്ടികളുടെ പേരിൽപോലും പത്തേക്കർവീതം വീതിച്ച് രേഖയുണ്ടാക്കിയുള്ള തട്ടിപ്പിന് ഒത്താശചെയ്ത് ലാൻഡ് ബോർഡും ട്രിബ്യൂണലുകളും

കൽപറ്റ:  മൂന്നാറിലെ കയ്യേറ്റങ്ങൾ വൻ ചർച്ചയായതിന് പിന്നാലെ ആയിരക്കണക്കിന് ഏക്കർഭൂമി വൻതോക്കുകൾ കയ്യേറിയ വയനാട്ടിലെ ഭൂമാഫിയയുടെ വിളയാട്ടവും ചർച്ചയാവുന്നു. വയനാട് ജില്ലയിൽ 22,500 ഏക്കർ ഭൂമി കൃത്രിമ രേഖകളുണ്ടാക്കിയും ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെയും ഭൂമാഫിയ കൈയേറിയതായാണ് റിപ്പോർട്ടുകൾ.

ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷൻസിന്റെ കൈവശം ഉണ്ടായിരുന്ന 30,000 ഏക്കറിൽ 7,500 ഏക്കർ മാത്രമാണ് അവരുടെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്ന ഹാരിസൺ മലയാളം പ്ലാന്റേഷൻസിന്റെ പക്കൽ ഇപ്പോഴുള്ളത്. ബാക്കി 22,500 ഏക്കർ കൃത്രിമരേഖകൾ ചമച്ചും മറ്റും നിരവധിപേരുടെ കൈകളിലെത്തി. ഇതിൽ 500 ഏക്കർ മാത്രമാണ് ചെറുകിടക്കാരുടെ കൈവശമുള്ളത്. ബാക്കി 22,000 ഏക്കറും വൻകിട ഭൂമിതട്ടിപ്പുകാരുടെ കൈവശമാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഈ കയ്യേറ്റങ്ങൾക്കെല്ലാം കാലാകാലങ്ങളായി ഇതിന് ലാൻഡ് ബോർഡും ലാൻഡ് ട്രിബ്യൂണലുകളും കൂട്ടുനിൽക്കുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തു.

ഇപ്പോൾ തമിഴ്‌നാട്ടിലുള്ള ചെങ്കൽപെട്ട് സബ് രജിസ്ട്രാർ ഓഫീസിൽ 1923ലാണ് മലയാളം പ്‌ളാന്റേഷന്റെ പേരിൽ രജിസ്‌ട്രേഷൻ നടന്നത്. 2806/1923 എന്ന പേരിൽ 30,000 ഏക്കറും 2805/1923 എന്ന പേരിൽ 5,000 ഏക്കറും. ഇതിൽ രണ്ടാമതുള്ള 5,000 ഏക്കർ ഭൂമി ഇപ്പോൾ തമിഴ്‌നാട്ടിലാണ്. 1947ൽ സ്വാതന്ത്ര്യ സമ്പാദനത്തോടെ മലയാളം പ്ലാന്റേഷൻസ് (യു.കെ) കമ്പനി ഇന്ത്യ വിട്ടുപോയി. പിന്നീടാണ് ഹാരിസൺ മലയാളം പ്ലാന്റേഷൻസ് വരുന്നത്.

1964 ലെ ഭൂപരിഷ്‌കരണ നിയമ പ്രകാരം പരമാവധി 15 ഏക്കറിന് മാത്രമേ ഒരു കുടുംബത്തിന് പട്ടയം നൽകാൻ പാടുള്ളൂ. എന്നാൽ വൈത്തിരി, കല്പറ്റ, മാനന്തവാടി ലാൻഡ് ട്രിബ്യൂണലുകൾ ഒരേ കുടുംബത്തിലെ നിരവധി പേർക്ക് പട്ടയം നൽകി ഇതിൽ തട്ടിപ്പ് നടത്തി. ഇതിനായി പ്രായപൂർത്തിയാകാത്തവർക്ക് പോലും പട്ടയം നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കൽപ്പറ്റ ലാൻഡ് ട്രിബ്യൂണലിന്റെ 1986 മെയ് 26ലെ ഒരു ക്രയ സർട്ടിഫിക്കറ്റ് (പട്ടയം) ഇങ്ങനെയാണ്: ''ഭൂപരിഷ്‌കരണ നിയമം 72 -ാം വകുപ്പു പ്രകാരം ഗവർമെന്റിൽ നിക്ഷിപ്തമായതും താഴെ പട്ടികയിൽ പ്രത്യേകം പറയുന്നതുമായ ഭൂമിയെ സംബന്ധിച്ച് ഭൂവുടമയുടെയും മദ്ധ്യവർത്തികളുടെയും അവകാശവും ഉടമാവകാശവും ഗവർമെന്റ് പ്രസ്തുത ഭൂമിയിലെ നടപ്പുകുടിയാനായ ഹാരിസ്, ഹസീന, സെലീന എന്നീ മൈനർമാർക്ക് വേണ്ടി എ. മുഹമ്മദ്, നെന്മേനി എസ്റ്റേറ്റ്, പുറക്കാടി പി.ഒ ക്ക് പതിച്ചു കൊടുത്തതായി സാക്ഷ്യപ്പെടുത്തുന്നു.''

ഭൂപരിഷ്‌കരണ നിയമ പ്രകാരം 1970 ജനുവരി ഒന്നു മുതൽ കുടിയാന്മ ഇല്ലാതായി. ഭൂപരിഷ്‌കരണ നിയമം വന്ന 1964ൽ പാട്ടക്കുടിയാനായിരുന്ന ആൾക്ക് സർക്കാരിൽ തുക അടച്ച് 15 ഏക്കർ വരെയുള്ള ഭൂമിക്ക് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകണമെന്നാണ് ചട്ടം. വിദ്യാഭ്യാസം കുറവായതിനാൽ പാട്ടക്കുടിയാന്മാരായ ആദിവാസികൾക്കും മറ്റും അവർ ആവശ്യപ്പെടാതെ തന്നെ ലാൻഡ് ബോർഡ് സ്വമേധയാ പട്ടയം നൽകണമെന്ന ചട്ടമുണ്ട്. ഇതിന്റെ മറപിടിച്ചാണ് ആദിവാസികളിൽ പെടാത്ത നിരവധിപേർക്ക് തട്ടിപ്പിന് അധികൃതർ ഒത്താശ ചെയ്തതെന്നാണഅ വിവരം. ഏക്കറുകണക്കിന് ഭൂമിയാണ് ഇങ്ങനെ പലർക്കും പതിച്ച് നൽകിയത്. ഒരേ കുടുംബത്തിലെ പല അംഗങ്ങൾക്കും നിയമ വിരുദ്ധമായി ഭൂമികിട്ടി.

1964ന് മുമ്പ് കുടിയാനായിരുന്ന ആൾക്ക് ഭൂമി നൽകേണ്ട വകുപ്പ് ഉപയോഗിച്ചാണ് മൈനറായ മൂന്നുപേർക്ക് 1986ൽ 10 ഏക്കർ ഭൂമി അനുവദിച്ചത്. 86ലെ മൈനർ എങ്ങനെ 64ൽ പാട്ടക്കുടിയാനാകും എന്ന് ഹൈക്കോടതിയും ചോദിച്ചതാണ്. ഒരു ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയെ തന്നെ അവരുടെ പാട്ടക്കുടിയാനായി പ്രഖ്യാപിച്ച് ഏക്കർ കണക്കിന് ഭൂമി പതിച്ചു നൽകിയെന്നതും ചർച്ചയാവുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP