Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരണം മുഖാമുഖം എത്തിയിട്ടും ലഗേജിനു വേണ്ടി പിടിവലി; ഓക്‌സിജൻ മാസ്‌ക്കുകൾ ചിതറി കിടന്നിട്ടും സാധനങ്ങൾ പെറുക്കാൻ വെപ്രാളം; ഹല്ലേലൂയ വിളിച്ച് നിലവിളി; സാധനങ്ങൾ ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാൻ അലറി വിളിച്ച് ജീവനക്കാർ: ലാൻഡിംഗിന് മുമ്പ് മലയാളി യാത്രക്കാരുടെ നിലവിളിയും നെട്ടോട്ടവും വ്യക്തമാക്കുന്ന വീഡിയോ പുറത്ത്

മരണം മുഖാമുഖം എത്തിയിട്ടും ലഗേജിനു വേണ്ടി പിടിവലി; ഓക്‌സിജൻ മാസ്‌ക്കുകൾ ചിതറി കിടന്നിട്ടും സാധനങ്ങൾ പെറുക്കാൻ വെപ്രാളം; ഹല്ലേലൂയ വിളിച്ച് നിലവിളി; സാധനങ്ങൾ ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാൻ അലറി വിളിച്ച് ജീവനക്കാർ: ലാൻഡിംഗിന് മുമ്പ് മലയാളി യാത്രക്കാരുടെ നിലവിളിയും നെട്ടോട്ടവും വ്യക്തമാക്കുന്ന വീഡിയോ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: എഞ്ചിന് തീപിടിച്ച് ആടിയുലഞ്ഞു ഇന്നലെ ദുബായി വിമാനത്തവളത്തിൽ എമിറേറ്റ്‌സ് വിമാനം ലാൻഡ് ചെയ്തപ്പോൾ അതിലുള്ള യാത്രക്കാർ എങ്ങനെ ആയിരിക്കും പ്രതികരിച്ചത്? വിമാനത്തിൽ ഒരു യാത്രക്കാരൻ തന്നെ പുറത്തുവിട്ട വീഡിയോ മലയാളികളെ ഒരു പരിധിവരെ നാണം കെടുത്തിയെന്ന് പറയാതെ വയ്യ. എഞ്ചിന് തീപിടിച്ച വിമാനത്തിന് അകത്ത് പുക കടന്നുകയറി ഏത് നിമിഷവും വിമാനം പൊട്ടിത്തെറിക്കുമെന്ന് ഉറപ്പായിട്ടും മലയാളികൾ സാധനങ്ങൾ എടുക്കാൻ ഇടികൂടിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു യാത്രക്കാരൻ റെക്കോർഡ് ചെയ്ത വീഡിയോയാണ് ബ്രിട്ടനിലെ പ്രമുഖ പത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

അലറി വിളിച്ചു കൊണ്ട് ജീവനക്കാർ പുറത്തേക്ക് ചാടാൻ പറയുമ്പോഴും ലാപ്‌ടോപ്പും ബാഗും തപ്പി ഓടുന്ന മലയാളികളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഹല്ലേലൂയ.. സ്‌ത്രോത്രം എന്നു പറഞ്ഞ് നിലിവിളിച്ച് ചില പ്രാർത്ഥനയും അയ്യോ അയ്യോ എന്ന് പറഞ്ഞ് ചിലർ കരയുന്നതും എല്ലാം അവിടിട്ട് ഒന്ന് വേഗം പോകൂ അമ്മേ എന്ന് പറഞ്ഞ് കുഞ്ഞുങ്ങൾ കരയുന്നതും എല്ലാം ഈ വീഡിയോയിൽ ഉണ്ട്. കരഞ്ഞു നിലവിളിച്ച് സ്തബ്ധരായി നിന്ന മാതാപിതാക്കളെ എല്ലാവരും ഒന്നു പേടിക്കാതിരിക്ക് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ ശബ്ദവും ഉയർന്നു കേൾക്കാം. സാധനങ്ങൾക്ക് വേണ്ടി മലയാളി യാത്രക്കാർ കടിപിടികൂടിയപ്പോൾ അലറി വിളിച്ച് കൊണ്ട് പുറത്ത് ചാടൂ എന്ന് പറയുന്ന ജീവനക്കാരുടെ ശബ്ദവും വീഡിയോയിൽ ഉണ്ട്.

ഒന്നര മിനിറ്റ് കൊണ്ട് യാത്രക്കാരെ ഒഴിപ്പിക്കുക എന്ന അസാധ്യമായ ഉത്തരവാദിത്തം ഏറ്റെടുത്ത ജീവനക്കാരുടെ മുൻപിൽ മലയാളികളുടെ സാധനഭ്രമം തലവേദനയാകുകയായിരുന്നു. ആദ്യം ഒരു പുരുഷ ജീവനക്കാർ എല്ലാം ഉപേക്ഷിച്ച് പോവാൻ ആക്രോശക്കുന്നത് കേൾക്കാം. പിന്നാലെ ഒരു വനിത ജീവനക്കാരിയുടെ യാചന രൂപത്തിലുള്ള അപേക്ഷയും വീഡിയോയിൽ ഉണ്ട്. തുടർന്ന് യാത്രക്കാർ ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങളുള്ളത്.

മരണമാണ് കൺമുമ്പിൽ എന്നറിഞ്ഞിട്ടും ലാപ്‌ടോപ്പ് തപ്പി നടക്കുന്നവരും മലയാളി യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് സംഭവത്തിന്‌റെ ഗൗരവം അറിയാതെ ചിലർ സ്വന്തം ലഗേജുകൾ തപ്പി നടന്നത്. മരണം തൊട്ടുമുന്നിൽനിൽക്കെ യാത്രക്കാർ കാണിച്ച ഈ പിടിവലിയുടെ വീഡിയോ പുറത്തുവന്നതോടെ എത്രത്തോളം ഭീതിപ്പെടുത്തുന്ന അവസ്ഥയാണെന്ന കാര്യവും ബോധ്യമായി. ലോകമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് ആയിരക്കണക്കിന് ഷെയറുകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.

വിമാനം നിലത്തിറക്കുന്നതിന് തൊട്ടുമുമ്പുമുമ്പു മാത്രമാണ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് കുഴപ്പമുണ്ടെന്ന് പൈലറ്റ് അറിയിച്ചത്. വിമാനം നിലത്തിറക്കാൻ പോവുകയാണെന്ന് പൈലറ്റ് അറിയിച്ചതോടെ വിമാനത്തിനുള്ളിൽ കൂട്ടക്കരച്ചിലും നിലവിളിയുമായി. നിലത്തിറക്കിയ വിമാനത്തിൽനിന്ന് ചെരുപ്പുപോലും ധരിക്കാൻ നിൽക്കാതെ എമർജൻസി എക്‌സിറ്റുകളിലൂടെ പുറത്തേയ്ക്ക് കടക്കാനും ജീവനക്കാർ ആവശ്യപ്പെട്ടു.

എന്നാൽ, സ്വന്തം ലഗേജുകൾ തപ്പിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു യാത്രക്കാരിൽ പലരും ഇതിനിടെ. വിമാനത്തിന്റെ കാബിനുള്ളിൽ പുക നിറഞ്ഞിട്ടും ലഗേജുകൾ എടുക്കാൻ യാത്രക്കാർ മറന്നില്ല. ഓക്‌സിജൻ മാസ്‌കുകൾ പോലും ഉപയോഗിക്കാൻ ആരും തുനിഞ്ഞില്ല. ചിതറികിടക്കുന്ന ഓക്‌സിജൻ മാസ്‌കുകളും കാണാമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഏതോ യാത്രക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ ലോക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

വിമാനത്തിൽനിന്നുള്ള തന്റെ രക്ഷപ്പെടൽ ചിത്രീകരിക്കാനാണ് യാത്രക്കാരി ഈ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ, ദുരന്തമുഖത്തും മലയാളികളുടെ സ്വഭാവം ചിത്രീകരിക്കുന്നതായി ആ വീഡിയോ മാറിയെന്ന് മാത്രം. കാബിനുള്ളിലെ വലിപ്പിനുള്ളിൽനിന്ന് ലഗേജുകൾ വലിച്ച് പുറത്തിട്ട് സ്വന്തം ലഗേജ് തിരയുന്ന തിരക്കിലായിരുന്നു പലരും. ഇങ്ങനെ ലഗേജ് തിരഞ്ഞു പോയപ്പോഴാണ് വിമാന ജീവനക്കാർ ഉച്ചത്തിൽ പുറത്തേക്ക് ചാടി രക്ഷപെടൂവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത്. വീഡിയോ എടുത്ത യാത്രക്കാരൻ പുറത്തെത്തിയപ്പോൾ തീപിടിച്ച വിമാനത്തിന്റെ പിൻഭാഗവും വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഹിന്ദിയിൽ മിണ്ടാതിരി എന്ന് ചില യാത്രക്കാർ പറയുന്നതും കേൾക്കാമായിരുന്നു.

വിമനത്തിന് പുറത്തിറങ്ങിയ യാത്രക്കാർ വളരെ വേഗം തന്നെ ഓടി രക്ഷപെടുകയാണ് ഉണ്ടായത്. രക്ഷാപ്രവർത്തനം പൂർത്തിയായി എല്ലാവരും പുറത്തിറങ്ങി അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും വിമാനത്തിൽ വൻതോതിൽ തീപടർന്നു. പിന്നീട് പൊട്ടിത്തെറിക്കുകയുമുണ്ടായി. വിമാനം ലാൻഡ് ചെയ്ത ഉടനെ എല്ലാ സുരക്ഷാ വാതിലും തുറന്നു. യാത്രക്കാർ പുറത്തേക്കോടി. ഓട്ടത്തിനിടിയിൽ സ്ത്രീകളിൽ ചിലർ മുട്ടിടിച്ച് വീണു. ഓടികിതച്ച് വിമാനാത്തവളത്തിന്റെ ഒരു മൂലയിൽ കിതച്ചിരിക്കുമ്പോഴാണ് ഉണ്ടായ അപകടത്തിന്റെ വലുപ്പം തിരിച്ചറിയുന്നത്. പലർക്കും ചെറിയ പരിക്കുകളുണ്ട്. എന്നാലും ജീവൻ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലായി പലരും.

പുറത്തിറങ്ങിയപ്പോൾ ആംബുലൻസും സഹായിക്കാൻ ആൾക്കാരുമുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ കൺമുന്നിൽ വിമാനം കത്തിയെരിയുന്ന കാഴ്‌ച്ച കണ്ടിന്നു. ഇതോടെ പലർക്കും ഞെട്ടൽ മാറിയില്ല. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ പലരും കരഞ്ഞു. പലർക്കും ഞെട്ടൽ വിട്ടുമാറിയിട്ടില്ല.

വിമാനത്തിന്റെ ലാൻഡിങ് ഗിയറിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്. വിമാനം നിലത്തിറങ്ങുംമുമ്പുതന്നെ കാബിനുള്ളിൽ പുകനിറയാൻ തുടങ്ങിയിരുന്നുവെന്ന് ചില ദൃക്‌സാക്ഷികൾ പറയുന്നു. പുറത്തെ കൊടുംചൂടാകാം വിമാനത്തിന് തീപിടിക്കാൻ കാരണമായതെന്ന് ചില വിദഗ്ധരും അഭിപ്രായപ്പെടുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പുതന്നെ പുക നിറഞ്ഞതിനാൽ പലർക്കും ശ്വാസതടസ്സം നേരിട്ടിരുന്നുവെന്ന് യാത്രക്കാരിൽ ചിലർ പറഞ്ഞു. വിമാനത്തിനുള്ളിൽ അറിയിപ്പൊന്നും ഉണ്ടായിരുന്നുമില്ല. എമർജൻസി വാതിലുകൾ ബലംപ്രോയോഗിച്ച് തുറക്കുകയായിരുന്നുവെന്നും യാത്രക്കാർ മാദ്ധ്യമങ്ങളോടു പറഞ്ഞു.

അതേസമയം ദുരന്തമുഖത്ത് പോലും മലയാളികളുടെ അച്ചടക്കമില്ലായ്മ്മയും സാധനങ്ങളോടുള്ള ഭ്രമവുമാണ് വീഡിയോയെ അടിസ്ഥാനപ്പെടുത്തി ലോക മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്തയിൽ പോലും ഡെയ്‌ലി മെയ്ൽ ഫോക്കസ് ചെയ്തത് യാത്രക്കാർ സാധനങ്ങൾ എടുക്കാൻ പരക്കം പായുന്ന മലയാളിയെ നോക്കിയാണ്. ഇതിൽ സഹതപിക്കുകയാണ് ഈ ബ്രിട്ടീഷ് പത്രം. യുട്യൂബിൽ അടക്കം ഈ വീഡിയോ കണ്ടവർ മലയാൡകളെ വിമർശിച്ചിക്കകയാണ്. ദുരന്തമുഖത്തിൽ ലാപ്പ്‌ടോപ്പും ബാഗും തിരയാൻ പോയി മലയാളികളെ നാണം കെടുത്ത എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.

തിരുവനന്തപുരത്തു നിന്നും തിരിച്ച എമിറേറ്റ്‌സ് ഇകെ 521 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ ഇടിച്ചിറക്കേണ്ടി വന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 300 0േപരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ ആരും മരിച്ചില്ലെങ്കിലും ഒരു അഗ്നിശമന സേനാംഗം തീയണക്കാനുള്ള ശ്രമത്തിനിടെ മരിച്ചിരുന്നു.

  • നിങ്ങൾ ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നോ? എങ്കിൽ നിങ്ങളുടെ അനുഭവം [email protected]  എന്ന വിലാസത്തിൽ ഞങ്ങളെ എഴുതി അറിയിക്കാൻ മറക്കരുത്- എഡിറ്റർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP