Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ചാറുകുപ്പി പറന്നുവന്നതും അയേൺ ബോക്‌സ് തെറിച്ചുവീണതും വിവരമറിഞ്ഞെത്തിയ ലേഖകന്റെ തലയിൽ വാച്ചെറിഞ്ഞ് മുറിവേൽപിച്ചതും പാവം ചാത്തനല്ല; കാട്ടാക്കടയിലെ ചാത്തനേറിന്റെ ഗുട്ടൻസ് വെളിപ്പെടുത്തി ദേശാഭിമാനി ലേഖകൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു; ഈ അന്ധവിശ്വാസത്തിന് ആര് ചികിത്സ നൽകും?

അച്ചാറുകുപ്പി പറന്നുവന്നതും അയേൺ ബോക്‌സ് തെറിച്ചുവീണതും വിവരമറിഞ്ഞെത്തിയ ലേഖകന്റെ തലയിൽ വാച്ചെറിഞ്ഞ് മുറിവേൽപിച്ചതും പാവം ചാത്തനല്ല; കാട്ടാക്കടയിലെ ചാത്തനേറിന്റെ ഗുട്ടൻസ് വെളിപ്പെടുത്തി ദേശാഭിമാനി ലേഖകൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു; ഈ അന്ധവിശ്വാസത്തിന് ആര് ചികിത്സ നൽകും?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേട്ടവർ കേട്ടവർ കയ്യിൽനിന്ന് രണ്ടെണ്ണം കൂടിയിട്ട് കാച്ചി പെരുപ്പിച്ച കാട്ടാക്കടയിലെ വീട്ടിൽ നടന്ന ചാത്തനേറിന്റെ കഥകേട്ട് അങ്ങോട്ട് ഓടിക്കൂടിയവർ നിരവധിയാണ് വിവരമറിഞ്ഞ പത്രക്കാരും പിന്നാലെ പൊലീസുമെത്തി. ഒടുവിൽ ചാത്തനെ പിടികിട്ടാതെ കുടുംബത്തെ ഉൾപ്പെടെ പുറത്തിറക്കി വീടിന് താഴിട്ട് തൽക്കാലം പ്രശ്‌നം പരിഹരിച്ചെങ്കിലും കൂടിയവർക്കാർക്കും ആ വീട്ടിൽ സംഭവിച്ചതെന്തെന്ന് പിടികിട്ടിയില്ല. 

അ്ച്ചാറുകുപ്പി വായുവിൽ തനിയെ പറന്നുവന്നെന്നും ഗ്യാസടുപ്പ് താഴെ വീണെന്നും അയേൺ ബോക്‌സ് തെറിച്ചുവീണെന്നുമെല്ലാം ഉള്ള കഥകളാണ് കാട്ടാക്കടയിലെ വീട്ടിൽ നിന്ന് ഇന്നലെ പുറത്തുവന്നത്. കേട്ടപാതി ജനപ്രവാഹമായി. പലരും സംഭവങ്ങൾ വീട്ടുകാരിൽ നിന്ന് ചോദിച്ചറിഞ്ഞപ്പോഴും അവർ വാദങ്ങളിൽ ഉറച്ചുനിന്നു. പക്ഷേ, സംഭവമറിഞ്ഞ് അവിടെയെത്തിയ ദേശാഭിമാനി കാട്ടാക്കട ലേഖകനും സിപിഐ(എം) നേതാവുമായ പിഎസ് പ്രഷീദ് ചാത്തനേറിന്റെ പിന്നിലെ 'രഹസ്യം' തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.

പ്രഷീദിന്റെ പോസ്റ്റ് ഇങ്ങനെ:

നാട്ടുകാർക്ക് ആകെ ഭ്രാന്തായോ ..?? രണ്ടു ദിവസമായി കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂരിനടുത്തുള്ള വീട്ടിൽ ചാത്തനേറ് എന്ന വാർത്ത പരക്കുന്നു.. ആദ്യം കാര്യമാക്കിയില്ല ..അപ്പോൾ ഇതുമായി ബന്ധപ്പെട്ടു നിരവധി കഥകൾ പരക്കുന്നു .. വീട്ടിനുള്ളിൽ വിവിധ മുറികളിൽ ഇരിക്കുന്ന
സാധനങ്ങൾ തനിയെ പറന്നു നടക്കുന്നു. ഗ്യാസ് അടുപ്പു തെറിച്ചു പോകുന്നു .. അടുക്കളയിൽ ഇരുന്ന അച്ചാറുകുപ്പി പറന്ന് ഹാളിൽ വീണുടയുന്നു.
വെള്ളത്തോടുകൂടിയ ജഗ്ഗ് പ്രായമായ ആളുടെ തല ലക്ഷ്യം വച്ച് പാഞ്ഞു വന്നു ..മേശപ്പുറത്തിരുന്ന ഇസ്തിരി പെട്ടി പറന്ന് കളിച്ച ശേഷം
നിലത്തു വീണു പൊട്ടുന്നു .. ഹാളിൽ കിടന്ന ഇരുമ്പു കസേര രണ്ടായി പൊട്ടി മാറുന്നു .. അപ ശബ്ദങ്ങൾ കേൾക്കുന്നു .. ഇങ്ങനെ എത്ര എത്ര കഥകൾ ..

നിരവധിപേർ വിളിച്ചു പറഞ്ഞതുകൊണ്ട് എന്തായാലും ആ ചാത്തനെ ഒന്ന് കണ്ടു കളയാം എന്ന് കരുതി അവിടെ പോയി .. അവിടെ ചെന്നപ്പോൾ വീടിനുള്ളിലും പരിസരത്തുമായി നൂറു കണക്കിന് ആളുകൾ .. കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും സംഭാവമറിഞ്ഞു വന്നവരുടെ വാഹനങ്ങളുടെ നീണ്ട നിര. ..പൊലീസിന് പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല .. ഒരുവിധത്തിൽ വീടിനുള്ളിൽ എത്തി .. അപ്പോൾ അവിടെ ചന്ദ്രിക ലേഖകൻ രാഗിഷ് അടക്കമുള്ള ചില മാദ്ധ്യമ സുഹൃത്തുക്കളും ഉണ്ട് .. എല്ലാവരുടെയും ശ്രദ്ധ രാഗിഷിലേക്കാണ് .. സംഭവം എന്തെന്നറിയാൻ അന്വേഷിച്ചപ്പോൾ രാഗിഷ്
ക്യാമറയിൽ വീട്ടുകാരുടെ വാക്കുകൾ ഷൂട്ട് ചെയ്തു ക്യാമറ ഓഫാക്കിയ ഉടൻ തൊട്ടടുത്ത മുറിയിൽ നിന്നും ഒരു വാച്ചു വേഗത്തിൽ വന്നു തലയിൽ കൊണ്ടു .. തല മുറിയുകയും ചെയ്തു ..

ഇതുകേട്ട് ഞാൻ രാഗിഷിനോട് ചോദിച്ചു ആ സമയം വച്ചിരുന്ന റൂമിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് .. അവൻ പറഞ്ഞു ആവീട്ടിലെ പയ്യൻ പതിനൊന്നോ പന്ത്രണ്ടോ വയസ്സുവരുന്ന പയ്യൻ മുറിക്കുള്ളിൽ ഉണ്ടായിരുന്നു എന്ന് .. അത് കഴിഞ്ഞു അച്ചാർ കുപ്പിയും ജഗ്ഗും അടുക്കളയിൽ നിന്നും പറന്ന് വന്നപ്പോൾ അടുക്കളയിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോൾ ആ അടുക്കളയിൽ വീട്ടുടമയുടെ ഭാര്യ രാഗിണി ഉണ്ടായിരുന്നു ..
ഇങ്ങനെ ഓരോ സംഭവങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോഴും ആ സാധനങ്ങൾ ഇരുന്ന സ്ഥലങ്ങളിൽ ഈ അമ്മയുടെയും മോന്റെയും സാന്നിധ്യം ഉണ്ടായിരുന്നു എന്ന് മനസ്സിലായി. ഇവരുടെ സാന്നിധ്യം ഇല്ലാത്ത സമയത്ത് ഒന്നും നടന്നിട്ടും ഇല്ല ..

പിന്നെ പറഞ്ഞു കേട്ട കഥയിലെ കസേര യാതൊരു കുഴപ്പവും ഇല്ലാതെ അവിടെ ഇരിക്കുന്നു. സാധനങ്ങൾ താനേ പറന്ന് കളിക്കുന്നത് ആരും കണ്ടിട്ടും ഇല്ല ..ആൾക്കാർ കൂടി ആ അമ്മയെയും മോനെയും അവർക്കിടയിൽ ഇരുത്തിയതോടെ ഏറും നിന്നു. ആ സ്ത്രീ അപ്പോഴും യാതൊരു പരിഭ്രമവും ഇല്ലാതെ നടന്ന കാര്യങ്ങളെ കുറിച്ച് വന്നു കൂടിയവരോട് വിശദീകരിച്ചു വിശ്വസിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. ഹാളിലെ മേശപ്പുറത്തു നോക്കിയപ്പോൾ ഒരു നിലവിളക്കും കുറെ പൂക്കളും എണ്ണയും എവിടുന്നോ ഉള്ള ഇലയിൽ പൊതിഞ്ഞ പ്രസാദവും ..

ഇതെന്താണെന്നു ആ സ്ത്രീയോട് ചോദിച്ചപ്പോൾ ഇവിടെ വിളക്ക് കൊളുത്താറില്ലായിരുന്നു ..അടുത്ത കാലത്തായി മോന്റെ നിർബന്ധം കാരണം കൊളുത്തി തുടങ്ങിയതാണ് എന്ന് മറുപടി .. മണിക്കൂറുകൾ ഞങ്ങൾ ആ വീടിനുള്ളിൽ ഇരുന്നിട്ടും അസ്വാഭാവികമായി ഒന്നും കാണാൻ കഴിഞ്ഞില്ല ..
അതിനിടയിൽ ചിലർ വന്ന് ഏതോ തന്ത്രിയെയും മന്ത്രവാദിയെയും കൊണ്ടുവന്നു പൂജയും മന്ത്രവാദവും നടത്തുന്നതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. അൽപ സമയം കഴിഞ്ഞപ്പോൾ പൊലീസ് ഇടപെട്ടു വീട്ടുകാരെ അടക്കം ഉള്ളിലുണ്ടായിരുന്ന എല്ലാവരെയും പുറത്താക്കി വീട് പൂട്ടി ..
വീട്ടുകാർ പോയിട്ടും കാഴ്ച കാണാൻ എത്തിയവർ അവിടെ തന്നെ എന്തോ പ്രതീക്ഷിച്ചു കാത്തു നിന്നു .. ഒന്നും സംഭവിക്കാത്തതുകൊണ്ട് നിരാശരായി അവർ മടങ്ങുമ്പോൾ അതിനിരട്ടിയായി കൂടുതൽ പേർ എത്തും .. അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് .. കുറച്ചു സമയം കഴിഞ്ഞു ഞാനും മടങ്ങി ..

വൈകുന്നേരമായപ്പോൾ എന്നെ ചില സുഹൃത്തുക്കൾ പല സ്ഥലങ്ങളിൽ ഉള്ളവർ വിളിക്കുന്നു .. ചേട്ടന് നല്ല പരിക്കുണ്ടോ എന്നാണു ചോദ്യം .. ആദ്യം സംഭവം മനസ്സിലായില്ല . പിന്നെയാണ് അവിടെ പോയ എനിക്കും കാട്ടാക്കട എസ് ഐ അടക്കമുള്ളവർക്കും തലയ്ക്കു ഏറുകിട്ടിയതായി
ഉള്ള കഥകൾ ആരോ പ്രചരിപ്പിക്കുന്നതായി മനസ്സിലായത് . എന്തായാലും ഏറു കിട്ടി എന്റെ തല മുറിഞ്ഞത് നാട്ടുകാർ മുഴുവൻ അറിഞ്ഞു ..
ഞാൻ മാത്രം അറിഞ്ഞില്ല..!!! ഇതൊക്കെ കേട്ടിട്ട് എനിക്ക് ഓർമ്മ വന്നത് മണിച്ചിത്രത്താഴിലെ ചില സീനുകൾ ആണ് .

മുൻപ് നടന്ന ഒരു സംഭവം കൂടി പറയാം. ഒരു വർഷം ഇതുപോലെ പൂവച്ചലിനടുത്ത് ഒരു വീട്ടിനു നേരെ നിരന്തരം കല്ലേറ്. കല്ലുകൾ പലദിക്കിൽ നിന്നാണ് ..വലിയ ആൾക്കൂട്ടവും പൊലീസും . എന്താണെന്നറിയാൻ അവിടെ പോയി .. വീടിന്റെ പരിസരത്തു നിരവധി കല്ലുകൾ .. മൂന്നു ദിവസമായി ചാത്തൻ എറിഞ്ഞു കൂട്ടിയതാണെന്നു വീട്ടുകാർ .. അവിടെ ഒരു കരിമ്പൂച്ച കിടപ്പുണ്ട് . അസ്ഥിത്തറയിൽ വിളക്ക് വക്കുന്നതിനടുത്ത് 

ഒരു ഉരുളൻ കല്ലിനടുത്താണ് ഈ പൂച്ച കിടക്കുന്നത് .. എല്ലാവരുടെയും സംസാരം ഈ പൂച്ചയുമായി ബന്ധപ്പെട്ടാണ് . മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വന്നുകൂടിയവർ മടങ്ങി ..

ഞാനും 4 മാദ്ധ്യമ സുഹൃത്തുക്കളും അവിടെ പരിസരത്തുള്ള 3 പേരും മാത്രം ബാക്കി .. ഞങ്ങൾക്ക് ഒരു വാശി ..ആ ഏറു കണ്ടിട്ടേ പോകുന്നുള്ളു ..
വീട്ടുകാരോട് ഞങ്ങൾ പോകുന്നതായി പറഞ്ഞ ശേഷം ഞങ്ങൾ തൊട്ടടുത്ത വീടിന്റെ ടെറസിലും അടുത്ത പുരയിടത്തിലും ഒക്കെ ആയി ക്യാമറകളുമായി കാത്തിരുന്നു .. കുറച്ചു സമയം കഴിഞ്ഞപ്പോൾ വീടിന്റെ പിന്നാമ്പുറത്ത് ആ വീട്ടിലുള്ള പതിനൊന്നു വയസ്സുള്ള പെൺകുട്ടി ..
ഞങ്ങൾ ശ്രദ്ധിച്ചപ്പോൾ ആ കുട്ടി പാവാട ചരടിന്റെ ഭാഗത്തു നിന്നും ഒരു കല്ലെടുത്ത് വീടിനു മുകളിലൂടെ മുറ്റത്തേക്ക് ഒരേറ്.. ഞാൻ ഇതിന്റെ പടമെടുക്കുകയും ആ കുട്ടിയുടെ അടുത്തേക്ക് ഞങ്ങൾ ഓടിയെത്തുകയും ചെയ്തു . അപ്പോഴേക്കും ആ കുട്ടി ഓടി വീടിനുള്ളിൽ കയറി ..

ഞങ്ങൾ പുറകെ പോയി നോക്കുമ്പോൾ ആ കുട്ടി ഒന്നും സംഭവിക്കാത്തത് പോലെ അടുക്കളയിലെ ബഞ്ചിൽ ഇരിക്കുന്നു .. ഞങ്ങൾ ഉടൻ തന്നെ പൊലീസിൽ വിളിച്ചു വിവരം പറഞ്ഞു .. വനിതാ പൊലീസ് ഉൾപ്പടെ എത്തി ആ കുട്ടിയേയും ജീപ്പിൽ കയറ്റി സൈക്യാട്രിസ്റ്റിന്റെ അടുത്ത് എത്തിച്ചു .
.കുട്ടിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞു ഇതൊരു മാനസിക രോഗം ആണെന്ന് .. തുടർന്ന് ചികിത്സ നൽകി . അതോടെ അവിടത്തെ ചാത്തനേറും നിന്നു ..

പ്ലാവൂർ സംഭവം ഇതുമായി ചേർത്തു വായിച്ചാൽ സത്യം പിടികിട്ടും .. പൂവച്ചലിൽ ഒരു പെൺകുട്ടിക്ക് മാത്രമായിരുന്നു പ്രശനമെങ്കിൽ
ഇവിടെ അത് ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് കൂടി എത്തിയിട്ടുണ്ട് .. ഇവരെ ചികിൽസിപ്പിക്കുകയാണ് വേണ്ടത് .. പക്ഷെ പറഞ്ഞു കേട്ട കഥകൾക്ക് അനുബന്ധ കഥകൾ ഉണ്ടാക്കുകയും പൊടിപ്പും തൊങ്ങലും വച്ച് നാട് മുഴുവൻ പ്രചരിപ്പിക്കുകയും കേൾക്കുന്നതെല്ലാം അന്ധമായി വിശ്വസിക്കുകയും
ചെയ്യുന്നവർക്ക് ആര് ചികിത്സ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP