Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിറ്റപ്പന്റെ ആരാച്ചാരായത് എന്നും സ്വപ്‌നങ്ങളുമായി നടന്ന ചേച്ചിയുടെ മകൻ; ചേട്ടന്റെ മരുമകളെ ജിഎം ആക്കുക കൂടി ചെയ്തപ്പോൾ എല്ലാം പൂർത്തിയായി: മാദ്ധ്യമങ്ങൾ ഗൗനിക്കാതിരുന്ന വിഷയം ഏറ്റുപിടിച്ചതു സോഷ്യൽ മീഡിയ; ചാവേറുകളായ ഇടതു സൈബർ സേന ആദ്യമേ കൈവിട്ടതും വീഴ്ചകളിലേക്കു നയിച്ചു: ഇ പിയുടെ രാജിയിലേക്കു നയിച്ചതു പൊട്ടത്തരമോ അഹങ്കാരമോ?

ചിറ്റപ്പന്റെ ആരാച്ചാരായത് എന്നും സ്വപ്‌നങ്ങളുമായി നടന്ന ചേച്ചിയുടെ മകൻ; ചേട്ടന്റെ മരുമകളെ ജിഎം ആക്കുക കൂടി ചെയ്തപ്പോൾ എല്ലാം പൂർത്തിയായി: മാദ്ധ്യമങ്ങൾ ഗൗനിക്കാതിരുന്ന വിഷയം ഏറ്റുപിടിച്ചതു സോഷ്യൽ മീഡിയ; ചാവേറുകളായ ഇടതു സൈബർ സേന ആദ്യമേ കൈവിട്ടതും വീഴ്ചകളിലേക്കു നയിച്ചു: ഇ പിയുടെ രാജിയിലേക്കു നയിച്ചതു പൊട്ടത്തരമോ അഹങ്കാരമോ?

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎമ്മിന്റെ ശക്തനായ നേതാവു മന്ത്രിസ്ഥാനത്തു നിന്നു പുറത്താകാൻ കാരണമായതു ചേച്ചിയുടെ മകന്റെ 'സ്വപ്‌നങ്ങൾ'. ഇ പി ജയരാജന്റെ ഭാര്യയുടെ ചേച്ചിയായ പി കെ ശ്രീമതി എംപിയുടെ മകൻ പി കെ സുധീറിന് അനധികൃതമായി നൽകിയ നിയമനമാണു 'ചിറ്റപ്പനു' വിനയായത്.

ചേട്ടന്റെ മരുമകളെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിൽ ഉന്നത സ്ഥാനത്തിൽ തിരുകിക്കയറ്റിയതും ഇ പി ജയരാജനെതിരെ കടുത്ത വിമർശനം ഉയരാൻ കാരണമായി. വിവരങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണു കാര്യങ്ങൾ ജയരാജന്റെ കൈവിട്ടുപോയത്. ഇടതുപക്ഷത്തെ അനുകൂലിക്കുന്ന സൈബർ പോരാളികൾ പോലും കൈവിട്ടതോടെ സൈബർ ലോകത്തും ജയരാജനു രക്ഷയില്ലാതായി.

നിയമനവുമായി ബന്ധപ്പെട്ട വാർത്ത ആദ്യ ദിവസം മറുനാടൻ മലയാളിയടക്കമുള്ള ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം സൈബർ ലോകത്ത് ഈ വിഷയം വലിയ ചർച്ചയാകുകയും ചെയ്തു. സിപിഎമ്മിന്റെ സൈബർ സേന പോലും ജയരാജന് അനുകൂലമായ നിലപാടു സ്വീകരിക്കാതെ വന്നതോടെ പുറത്തേക്കു പോകുക എന്ന വഴി മാത്രമായിരുന്നു ജയരാജനു മുന്നിൽ.

അധികാര കേന്ദ്രങ്ങളിൽ ദല്ലാളായി വിലസിയ പി കെ സുധീർ എന്ന മന്ത്രി ബന്ധുവിന്റെ സ്വപ്നങ്ങൾ തന്നെയാണു ചിറ്റപ്പന്റെ തൊപ്പി തെറിപ്പിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജ് ഉടമകൾക്കു വേണ്ടി 300 ഏക്കർ കറുവാത്തോട്ടം കൃത്രിമം കാണിച്ചു വെളിപ്പിക്കാൻ ഒത്താശ ചെയ്‌തെന്നും സുധീറിനെതിരെ ആരോപണം ഉയർന്നിരുന്നു. കെഎസ്‌ഐഇ എംഡിയാക്കാൻ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്ന് അടുത്ത ബന്ധുവിനെ ന്യായീകരിച്ചുള്ള ജയരാജന്റെ വിശദീകരണത്തിൽ തന്നെ വ്യക്തമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള മാനേജിങ് ഡയറക്ടർക്കു റിയാബിന്റെ പരസ്യത്തിൽ ആവശ്യപ്പെട്ട ഒരു യോഗ്യതയും സുധീർ നമ്പ്യാർക്കില്ലെന്നതിന് വ്യവസായ മന്ത്രിയുടെ പത്രക്കുറിപ്പുതന്നെ തെളിവാണ്. ഫേസ്‌ബുക്ക് പേജിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദധാരിയും നിലവിൽ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് സുധീർ എന്നാണ് മാദ്ധ്യമങ്ങൾക്കായി നൽകിയ വാർത്താക്കുറിപ്പിൽ ഇപി ജയരാജൻ പറഞ്ഞിരുന്നത്. എന്നാൽ, എംഡി സ്ഥാനത്തേക്ക് നിശ്ചയിച്ച യോഗ്യതയൊന്നും സുധീറിന് ഇല്ലെന്ന് വ്യക്തമായിരുന്നു. 15 വർഷത്തെ പ്രവൃത്തി പരിചയവും ഇതിന് ആവശ്യമായിരുന്നു. എന്നാൽ, ഈ യോഗ്യതയും സുധീറിനുണ്ടായിരുന്നില്ല. ഇങ്ങനെ എംഡിയായി നിയമിക്കാൻ സർക്കാർ നിഷ്‌കർഷിച്ച ഒരു യോഗ്യതയുമില്ലാത്ത സുധീർ നമ്പ്യാർ സ്‌ക്രീനിങ് കമ്മിറ്റിയുടെ അന്തിമപട്ടികയിൽ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യം തന്നെയാണ് അടിമുടി അട്ടിമറിയാണ് തന്റെ ബന്ധുവായ സുധീറിന് വേണ്ടി ഇ പി ജയരാജൻ നടത്തിയതെന്ന് വ്യക്തമാകുന്നത്.

നിയമന വാർത്ത പുറത്തുവന്നത് ഒക്ടോബർ അഞ്ചിന്

ക്ടോബർ അഞ്ചിനാണ് പി കെ സുധീറിന്റെ നിയമനം സംബന്ധിച്ചുള്ള വാർത്ത പുറത്തുവന്നത്. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിലായിരുന്നു ഇ പി ജയരാജന്റെ അടുത്ത ബന്ധുകൂടിയായ പി കെ ശ്രീമതിയുടെ മകനു നിയമനം ലഭിച്ചത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണു സുധീർ നമ്പ്യാർക്കു നിയമനം നൽകിയത്.

ഇ പിയുടെ ഭാര്യാസഹോദരിയായ കണ്ണൂർ എംപി പി കെ ശ്രീമതിയുടെ മകനാണ് സുധീർ നമ്പ്യാർ. നേരത്തെ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന ആരോപണം സുധീറിനെതിരായി ഉയർന്നിട്ടുണ്ട്. സുധീറിനെ എംഡിയായി നിയമിച്ചേക്കുമെന്ന വാർത്തകൾ നേരത്തെതന്നെ മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു.

ധാർഷ്ട്യം നിറഞ്ഞ മറുപടിയുമായി ജയരാജൻ

സുധീറിനെ നിയമിച്ചു എന്ന വാർത്ത പുറത്തുവന്നതോടെ ഇക്കാര്യത്തിൽ പ്രതികരിച്ച ഇ പി ജയരാജൻ 'തന്റെ ബന്ധുക്കൾ പല സ്ഥാനത്തുമുണ്ടാകും' എന്ന തരത്തിലാണു പരാമർശം നടത്തിയത്. തന്റെ ബന്ധുക്കൾ പല സ്ഥാനങ്ങളിലുമുണ്ടാവുമെന്നും എന്നാൽ അത്തരമൊരു പരാതി തന്റെ മുമ്പിൽ വന്നിട്ടില്ലെന്നും മലബാർ സിമന്റ്സിൽ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ചോദ്യം വീണ്ടൂം ആവർത്തിച്ചപ്പോൾ അക്കാര്യത്തിൽ മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.

സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണു നിയമിച്ചത്. ഇന്നലെയാണു സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇയുടെ തലപ്പത്തേക്ക് സുധീർ നമ്പ്യാരെ നിയമിച്ചത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയർ കാർഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കൈകാര്യം ചെയ്യുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണു സുധീറിനു നിയമനം നൽകിയത്. കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയുടെ പേഴ്സണൽ സ്റ്റാഫിലേക്കു മരുമകളെ നിയമിച്ചതും വിവാദമായിരുന്നു. ഇക്കാര്യം സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീമതിയുടെ മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കി നിയമനം നൽകാനുള്ള തീരുമാനം വന്നത്. വിവാദങ്ങൾ എത്രയുണ്ടായാലും തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്ന സൂചന നൽകിയ മന്ത്രിയുടെ ധാർഷ്ട്യവും എതിർപ്പുകൾക്കു ശക്തികൂട്ടി.

സുധീർ നമ്പ്യാറിനെ മുമ്പേ പുറത്താക്കിയെന്നു വിശദീകരണം

വിവാദങ്ങൾ കത്തിപ്പടർന്നതോടെ പി കെ സുധീറിനെ നിയമിക്കുന്ന കാര്യത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് ഒക്ടോബർ മൂന്നിനു തന്നെ സുധീറിനെ ഒഴിവാക്കിയിരുന്നുവെന്നായിരുന്നു വിശദീകരണം.

കടുത്ത നിലപാടുമായി പിണറായി

പാർട്ടിക്കും സർക്കാരിനും കോട്ടം തട്ടുന്ന ഒന്നിനും അനുവാദം നൽകില്ലെന്ന കടുത്ത നിലപാടാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരം ഉന്നതസ്ഥാനങ്ങളിൽ കഴിവും മാനദണ്ഡവും മാത്രം പരിഗണിച്ചാകണം നിയമനം എന്നായിരുന്നു പിണറായി പ്രതികരിച്ചത്. ഇതോടെ ഇ പി ജയരാജനെതിരായ പ്രതികരണം പാർട്ടി അണികൾ പോലും ശക്തമാക്കി. പാലൊളി മുഹമ്മദു കുട്ടിയെപ്പോലുള്ള മുതിർന്ന നേതാക്കളും വിഷയത്തിൽ പരാമർശം നടത്തിയതോടെ ജയരാജൻ പ്രതിസന്ധിയിലായി.

മറ്റൊരു ബന്ധു കൂടി രാജിവയ്ക്കുന്നു

പി കെ സുധീർ വിഷയം കത്തിനിന്നപ്പോഴായിരുന്നു മറ്റൊരു ബന്ധുവിന്റെ നിയമനം കൂടി ജയരാജനു പ്രതിസന്ധി സൃഷ്ടിച്ചത്. ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദിനെ കേരള ക്ലേയ്‌സ് ആൻഡ് സെറാമിക് ജനറൽ മാനേജർ സ്ഥാനത്തായിരുന്നു നിയമിച്ചിരുന്നത്. ഇ.പി. ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യയാണു ദീപ്തി. നിയമനവിവാദം മുറുകിയതോടെ ദീപ്തിയും രാജിവച്ചു. നിയമനവിവാദം കത്തിപ്പടർന്ന ഒരാഴ്ചയ്ക്കിടെയായിരുന്നു ദീപ്തിയുടെ രാജിയും. വിവാദം ഉയർന്നപ്പോൾ തനിക്ക് എല്ലാ യോഗ്യതയുമുണ്ടെന്നും രാജിയില്ലെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത നിലപാടുകൾ കൂടി വന്നതോടെ ദീപ്തിക്കു രാജിവച്ച് ഒഴിയേണ്ടി വന്നു.

വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും തിരിച്ചടിയായി

നിയമനവിവാദത്തിൽ ഇ പി ജയരാജനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ ഇ പി രാജിവയ്ക്കുമെന്നുറപ്പായി. രാജിക്കത്തു മുഖ്യമന്ത്രിക്കു കൈമാറിയെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനു പിന്നാലെ രാജി വയ്ക്കുമെന്നും അഭ്യൂഹം പരന്നു.

ഒടുവിൽ രാജി

വിവാദം പൊട്ടിപ്പുറപ്പെട്ട് ഒമ്പതാം ദിവസമാണ് ഇ പി ജയരാജൻ രാജിവയ്ക്കുന്നത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ രാജിക്കുള്ള സന്നദ്ധത ഇ പി അറിയിക്കുകയായിരുന്നു. രാജി അംഗീകരിച്ചതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളെ അറിയിക്കുക കൂടി ചെയ്തതോടെ ഒക്ടോബർ അഞ്ചിന് ആരംഭിച്ച ബന്ധുനിയമനവിവാദങ്ങൾക്കു പരിസമാപ്തിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP