Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ ഏഴു ദേശീയ പാർട്ടികൾ കഴിഞ്ഞ വർഷം 'ഔദ്യോഗികമായി' സ്വീകരിച്ച സംഭാവന വെറും 102 കോടി! 20,000 രൂപയ്ക്കു മുകളിലെ സംഭാവനക്കണു പുറത്തു വന്നപ്പോൾ 100 കോടിയോളം നൽകിയത് 1744 പേർ; കള്ളപ്പണം വെളുപ്പിക്കാൻ മാത്രമായി രാജ്യത്ത് 200 'കടലാസു പാർട്ടികൾ' പ്രവർത്തിക്കുന്നുവെന്നു വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മീഷനും; ഇന്ത്യയിൽ രാഷ്ട്രീയം ഏറ്റവും നല്ല 'ബിസിനസ്' ആകുമ്പോൾ

രാജ്യത്തെ ഏഴു ദേശീയ പാർട്ടികൾ കഴിഞ്ഞ വർഷം 'ഔദ്യോഗികമായി' സ്വീകരിച്ച സംഭാവന വെറും 102 കോടി! 20,000 രൂപയ്ക്കു മുകളിലെ സംഭാവനക്കണു പുറത്തു വന്നപ്പോൾ 100 കോടിയോളം നൽകിയത് 1744 പേർ; കള്ളപ്പണം വെളുപ്പിക്കാൻ മാത്രമായി രാജ്യത്ത് 200 'കടലാസു പാർട്ടികൾ' പ്രവർത്തിക്കുന്നുവെന്നു വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മീഷനും; ഇന്ത്യയിൽ രാഷ്ട്രീയം ഏറ്റവും നല്ല 'ബിസിനസ്' ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കള്ളപ്പണം ഒഴുകുന്നത് രാഷ്ട്രീയ പാർട്ടികളുടെ പോക്കറ്റിലേക്കോ? വിവിധ രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 1744 പേരിൽ നിന്ന് മാത്രം 'ഔദ്യോഗികമായി' 100 കോടി രൂപയോളം രാജ്യത്തെ ഏഴു ദേശീയ പാർട്ടികൾ ചേർന്ന് സ്വീകരിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട കണക്കാണിത്.

ഇതിനു പുറമേ കടലാസിൽ മാത്രം പ്രവർത്തിക്കുന്ന 200 രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ടെന്നും അവ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മാത്രം രൂപീകരിച്ചവയാണെന്നും ഇലക്ഷൻ കമ്മീഷനും സംശയം പ്രകടിപ്പിച്ചതോടെ രാജ്യത്തെ ഏറ്റവും ലാഭകരമായ 'ബിസിനസ്' ആയി രാഷ്ട്രീയം മാറുന്നുവെന്നതിലേക്കാണ് കാര്യങ്ങൾ വിരൽചൂണ്ടുന്നത്.

കറൻസി നിരോധനത്തിലൂടെ ഇപ്പോൾ നരേന്ദ്ര മോദി തുടങ്ങിവച്ച കള്ളപ്പണവേട്ടയിൽ രാജ്യത്തെ ചെറുമീനുകളാണ് വലയിൽ കുടുങ്ങുന്നതെന്നും വൻകിടക്കാരെ തൊടാൻ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ മടിക്കുന്നുവെന്നുമുള്ള വിമർശനം ഉയരുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ജനാധിപത്യ പ്രക്രിയയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്കു തടയാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ ആലോചിക്കുകയാണ്. ഇതിന്റെ ഭാഗമായി രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന്റെ ഉൾപ്പെടെ കണക്കുകൾ രാഷ്ട്രീയ പാർട്ടികൾ നൽകണമെന്ന നിഷ്‌കർഷിക്കാൻ തിരഞ്ഞെടുപ്പു കമ്മീഷൻ ആലോചനകൾ തുടങ്ങിക്കഴിഞ്ഞു.

2015-16 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏഴു ദേശീയ പാർട്ടികൾ സംഭാവനയായി സ്വീകരിച്ചത് 102.2 കോടി രൂപയാണെന്നാണ് അവ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുള്ളത്. 20,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകൾ മാത്രം പരിഗണിക്കുമ്പോഴുള്ള കണക്കാണിത്. നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഇതിൽ താഴെ തുകകൾ സ്വീകരിക്കുമ്പോൾ അത് ആരിൽ നിന്നെന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. അതേസമയം, ഇത്തരത്തിൽ ലഭിച്ച സംഭാവനകളിൽ മിക്കതിന്റെയും ഉറവിടം 'അജ്ഞാത'മാണ്.

102.2 കോടിയിൽ ഇതിൽ സിംഹഭാഗവും ഭരണകക്ഷിയായ ബിജെപിക്കു ലഭിച്ച സംഭാവനയാണ്. അതായത്, ആകെ സംഭാവന ലഭിച്ച 102 കോടി രൂപയിൽ 76 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. മറ്റു ദേശീയ പാർട്ടികളായ കോൺഗ്രസ്, എൻസിപി, സിപിഐ, സിപിഐ(എം), തൃണമൂൽ കോൺഗ്രസ് തുടങ്ങിയവർ വെളിപ്പെടുത്തിയ തുകയുടെ മൂന്നിരട്ടിയിൽ അധികമാണിത്. ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക സംഭാവന ലഭിച്ചതു കോൺഗ്രസിനാണ്. 918 പേരിൽനിന്നായി 20 കോടി രൂപ.

മുൻവർഷത്തെ അപേക്ഷിച്ച് (2014-15), ദേശീയ പാർട്ടികൾക്കു ലഭിച്ച സംഭാവനകളിൽ 528 കോടി രൂപയുടെ - 84 ശതമാനത്തിന്റെ - കുറവുണ്ടായി. തങ്ങൾക്കു ലഭിച്ചിരുന്ന സംഭാവനകളിൽ 98% ഇടിവുണ്ടായതായി ശരത് പവാർ നേതൃത്വം നൽകുന്ന എൻസിപി പറയുന്നു. 2014-15 വർഷത്തിൽ 38 കോടി രൂപ സംഭാവനയായി സ്വീകരിച്ച എൻസിപിക്കു ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത് 71 ലക്ഷം രൂപയാണ്. 2014-15 കാലയളവിൽ 437 കോടി രൂപ സംഭാവനയായി സ്വീകരിച്ച ബിജെപിക്ക് ഈ വർഷം ലഭിച്ചത് 76 കോടി രൂപ മാത്രം; അതായത് 82% ഇടിവ്. നരേന്ദ്ര മോദിക്കു കീഴിൽ കേന്ദ്രത്തിൽ ഭരണത്തിലെത്തിയതിനു പിന്നാലെ 2013-14, 2014-15 കാലയളവിൽ ബിജെപിക്കു ലഭിച്ചിരുന്ന സംഭാവനകളിൽ 156% വരെ വളർച്ചയുണ്ടായിരുന്നു. ഇതേ വർഷങ്ങളിൽ കോൺഗ്രസിനു ലഭിച്ചിരുന്ന സംഭാവനകളിലും 137% വരെ വളർച്ചയുണ്ടായിരുന്നു.

അതേസമയം, ഇത്തരത്തിൽ പുറത്തുവന്നത് ഔദ്യോഗികമായി കാണിച്ചിട്ടുള്ള കണക്കു മാത്രമാണെന്നും വൻതുകകൾ 20,000 രൂപയ്ക്ക് താഴെയെന്ന രീതിയിൽ പല പേരുകളിൽ സ്വീകരിച്ചതായി കാട്ടി രാഷ്ട്രീയ പാർട്ടികളെല്ലാം വൻതോതിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നുമുള്ള സംശയവും ഉയർന്നിട്ടുണ്ട്. 20,000 രൂപയ്ക്കു താഴെയുള്ള സംഭാവനകളുടെ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട ആദായനികുതിയുടെ വിശദാംശങ്ങൾ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾ ഇനിയും തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയിട്ടില്ലെന്നതിനാൽ ചെറിയ തുകകളിൽ വൻതുകകൾ വകമാറ്റിയിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് 2000 രൂപയ്ക്ക് മുകളിൽ വാങ്ങുന്ന എല്ലാ സംഭാവനകളുടേയും കണക്കുകൾ ഇനി നൽകണമെന്ന നിലയിൽ പുതിയ ചട്ടങ്ങൾ തിരഞ്ഞെടുപ്പുകമ്മീഷൻ കൊണ്ടുവരുന്നതെന്നാണ് സൂചന. അതേസമയം, ഇക്കാലയളവിൽ 20,000 രൂപയ്ക്കു മുകളിലുള്ള ഒരു സംഭാവന പോലും സ്വീകരിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി നേതൃത്വം നൽകുന്ന ബഹുജൻ സമാജ്‌വാദി (ബിഎസ്‌പി) അറിയിച്ചത് കമ്മീഷനെ ഞെട്ടിച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിച്ച് രാജ്യത്ത് 200 കടലാസു പാർട്ടികൾ

അതേസമയം, കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മാത്രം രാജ്യത്ത് 200 രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുന്നതായി തിരഞ്ഞെടുപ്പു കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നു. ഈ പാർട്ടികൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നികുതി ബോർഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് കമ്മീഷൻ. ഇതോടൊപ്പം ഈ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്യും ഈ പാർട്ടികളുടെ പട്ടിക കമ്മീഷൻ നികുതി ബോർഡിന് ഉടൻ തന്നെ കൈമാറും. 2005 മുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത പാർട്ടികളാണ് ഇവയെന്നും സംഭാവന നൽകുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ലെന്നതിന്റെ മറവിൽ ഈ പാർട്ടികൾ പലതും വ്യാപകമായി കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ സംശയിക്കുന്നു.

കള്ളപ്പണത്തിലൂടെ രാജ്യത്ത് കെട്ടിപ്പടുത്ത സമാന്തര സമ്പദ് വ്യവസ്ഥ വളരുന്നത് രാഷ്ട്രീയക്കാരുടെ അനുഗ്രഹത്തോടെയാണ് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. കള്ളപ്പണക്കാരുടെ സംരക്ഷകരായി രാഷ്ട്രീയക്കാർ മാറുന്നതും ഈ സാഹചര്യത്തിലാണ്. ഇതോടെയാണ് ഇതിന് അറുതിവരുത്താനുള്ള നടപടികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും ഇപ്പോൾ തുടക്കം കുറിക്കുന്നത്. 2000 രൂപയ്ക്ക് മുകളിൽ വാങ്ങുന്ന ഓരോ സംഭാവനയ്ക്കും കൃത്യമായി വിവരം നൽകണമെന്നു വരുമ്പോൾ ഇപ്പോൾ രാഷ്ട്രീയ പാർട്ടിക്കാരും കള്ളപ്പണക്കാരും ചേർന്നുള്ള അവിശുദ്ധ ബന്ധം തകരുമെന്നും പതിയെ ഇല്ലാതാകുമെന്നും തിരഞ്ഞെടുപ്പു കമ്മീഷനും കരുതുന്നു.

രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കപ്പെടുകയും മറ്റു പ്രവൃത്തികളിൽ ഏർപ്പെടുന്നതും അംഗീകരിക്കാനാകില്ല. അത്തരം പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. ഇൻകം ടാക്‌സ് റിട്ടേൺസ് സമർപ്പിക്കാൻ പോലും തയ്യാറാകാത്ത പാർട്ടികളുണ്ട്. റിട്ടേൺസ് സമർപ്പിച്ചാലും അതിന്റെ പകർപ്പ് ഞങ്ങൾക്ക് അയക്കാറുമില്ല - തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്‌പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു.

രാഷ്ട്രീയ പാർട്ടി എന്ന ലേബലിൽ ലഭിക്കുന്ന ആദായ നികുതി വകുപ്പ് ഇളവിന്റെ ആനുകൂല്യം മുതലെടുത്താണ് പാർട്ടികളുടെ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നത്. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതോട് ഈ അനുകൂല്യം ഇല്ലാതെയാകും. പാർട്ടികളുടെ പണമിടപാടുകളെ സംബന്ധിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ കേന്ദ്രനികുതി ബോർഡിനോട് ആവശ്യപ്പെടുക. നിലവിൽ ഏഴ് ദേശീയ പാർട്ടികളും 58 സംസ്ഥാന പാർട്ടികളും 1786 രജിസ്‌ട്രേഡ് പാർട്ടികളുമാണ് രാജ്യത്തുള്ളത്.
പാർട്ടികൾ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

രണ്ടായിരത്തിനും അതിനുമുകളിലും അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നത് തടയാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരണമെന്നാണ് കമ്മീഷന്റെ ആവശ്യം. നിലവിൽ അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നതിന് ഭരണഘടനാപരമായി തടസ്സങ്ങളൊന്നുമില്ല. എന്നാൽ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29 സി പ്രകാരം അപ്രഖ്യാപിതവും ഭാഗികവുമായ നിരോധനമുണ്ട്. പക്ഷെ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾക്കൊപ്പം സത്യവാങ്മൂലം നൽകണമെന്ന് നിയമത്തിലുണ്ട്. അതിനാൽ തന്നെ ഇത്തരം സംഭാവനകളുടെ കണക്കുകൾ മാത്രമേ എല്ലാ കക്ഷികളും നൽകാറുമുള്ളൂ. ഈ സ്ഥിതിക്ക് മാറ്റം വരുന്നതോടെ രാഷ്ട്രീയ പാർ്ട്ടികളുടെ മറവിൽ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ ഇല്ലാതാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP