Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെഎം മാണിയുടെ പ്രായോഗിക ബുദ്ധി സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് ഐസക്കിന് ഇല്ലെന്ന് തെളിയിച്ച തിരുത്ത്; ജനവികാരം അണപൊട്ടി ഒഴുകിയിട്ടും മിണ്ടാതിരുന്ന മന്ത്രി ഭാഗപത്ര നിയമം തിരുത്തിയത് ഖജനാവ് കാലിയായപ്പോൾ; ഇനി 1000 രൂപ അടച്ചാൽ അഞ്ചേക്കർ വരെയുള്ള കുടുംബ സ്വത്തുക്കൾ വീതം വയ്ക്കാം

കെഎം മാണിയുടെ പ്രായോഗിക ബുദ്ധി സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് ഐസക്കിന് ഇല്ലെന്ന് തെളിയിച്ച തിരുത്ത്; ജനവികാരം അണപൊട്ടി ഒഴുകിയിട്ടും മിണ്ടാതിരുന്ന മന്ത്രി ഭാഗപത്ര നിയമം തിരുത്തിയത് ഖജനാവ് കാലിയായപ്പോൾ; ഇനി 1000 രൂപ അടച്ചാൽ അഞ്ചേക്കർ വരെയുള്ള കുടുംബ സ്വത്തുക്കൾ വീതം വയ്ക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ ആദ്യകാലത്ത് ടിഎം ജേക്കബിനായിരുന്നു രജിസ്‌ട്രേഷൻ വകുപ്പ്. അകാലത്തിൽ മരിച്ച ടിഎം ജേക്കാബായിരുന്നു ഭാഗപത്രങ്ങളുടെ രജിസ്‌ട്രേഷന് വിലകുറയ്ക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്. സാമ്പത്തിക ഇടപാടുകളൊന്നുമില്ലാത്ത ഭാഗപത്ര രജിസ്‌ട്രേഷന് കൂടുതൽ തുക ഈടാക്കൂന്നത് ശരിയല്ലെന്ന് ജേക്കബ് വാദിച്ചു. ഈ നിർദ്ദേശം ധനമന്ത്രി കെ എം മാണിക്കും പിടിച്ചു. ഖജനാവിലേക്ക് കൂടുതൽ തുകയെത്തുമെന്ന് മാണി വിലയിരുത്തി. കൂടുതൽ ഭാഗപത്ര ആധാരങ്ങൾ രജിസ്‌ട്രേഷന് വരാനുള്ള സാധ്യത തിരിച്ചറിഞ്ഞായിരുന്നു ഇത്. കടക്കെണയിൽ കൂപ്പുകുത്തിയ സർക്കാരിന് ഇത് ആശ്വാസവുമായി. അങ്ങനെ വസ്തു കൈമാറ്റങ്ങൾ കൂടി. ഖജനാവിൽ വരുമാനവും നിറഞ്ഞു. എന്നാൽ നടക്കുന്ന ഇടപാടുകളുടെ സാമ്പത്തികത്തിലായിരുന്നു പിന്നീട് വന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ കണ്ണ്. അങ്ങനെ ഭാഗപച്ര രജിസ്‌ട്രേഷന് മൂന്ന് ശതമാനം നികുതി ഏർപ്പെടുത്തി. ഇതോടെ ആരും രജിസ്‌ട്രേഷന് എത്താതെയായി. ഖജനാവിലേക്ക് പണമെത്തുന്നതും കുറഞ്ഞു.

സാമ്പത്തിക ശാസ്ത്രജ്ഞനാണ് തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് പോലും ഇത് അംഗീകരിക്കേണ്ടി വരുന്നു. ശാസ്ത്രത്തെ കീറിമുറിച്ച് അപഗ്രഥനം ചെയ്ത് നാടിന്റെ നന്മയ്ക്കായി പലപദ്ധതികളും തോമസ് ഐസക് നടപ്പാക്കിയിട്ടുണ്ട്. മാണിയാകെട്ടെ കേരളത്തിലെ പ്രായോഗിക രാഷ്ട്രീയ നേതാവും. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച മാണി പല പ്രായോഗിക ഇടപെടലുകളും നടത്തിയിട്ടുണ്ട്. ടിഎം ജേക്കബിന്റെ നിർദ്ദേശങ്ങളിൽ രജിസ്‌ട്രേഷൻ ഫീസ് കുറച്ചതും ഇതിലൊന്ന് മാത്രമായിരുന്നു. ഈ തീരുമാനമാണ് കഴിഞ്ഞ ബജറ്റിൽ ഐസക് തിരുത്തിയത്. എന്നാൽ വലിയ വിലയാണ് ഇതിന് നൽകേണ്ടി വന്നത്. വരുമാനം കുറഞ്ഞതോടെ ആദ്യ പടിയായി ചെറിയൊരു മാറ്റം തോമസ് ഐസക് വരുത്തുന്നു. ഇനിയും ഖജനാവിലേക്ക് പണമെത്തുന്നത് ഉയർന്നില്ലെങ്കിൽ ബാക്കി തീരുമാനവും പിൻവലിക്കേണ്ടി വരും.

വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ഭൂമിയിടപാടുകളുടെ രജിസ്‌ട്രേഷൻനിരക്ക് വർധിപ്പിച്ചപ്പോൾ സർക്കാറിനുണ്ടായത് വൻനഷ്ടം. മുൻവർഷത്തെ അപേക്ഷിച്ച് നാലുമാസത്തിനിടെ നാലുകോടി മുതൽ 16 കോടി വരെ രൂപയാണ് കുറഞ്ഞത്. കഴിഞ്ഞവർഷം ജൂലായിൽ നടന്ന 80,824 രജിസ്‌ട്രേഷനുകളിലായി സർക്കാർ ഖജനാവിലെത്തിയത് 205 കോടി രൂപയാണ്. ഇക്കൊല്ലം ജൂലായിൽ വരുമാനം 265 കോടി രൂപയായി. 91,174 രജിസ്‌ട്രേഷൻ നടന്നു. ജൂലായ് 18നാണ് പുതിയ നിരക്ക് പ്രാബല്യത്തിൽവന്നത്. ഇതിനടുത്തുള്ള ദിവസങ്ങളിൽ വൻതോതിൽ ഭൂമി രജിസ്‌ട്രേഷൻ നടന്നു. നിരക്കുവർധന വരുംമുമ്പ് രജിസ്‌ട്രേഷൻ ചെയ്യാനുള്ള ആളുകളുടെ ഒഴുക്ക് വരുമാനവർധനയ്ക്കും ഇടയാക്കി. തുടർന്നുള്ള മാസങ്ങളിൽ രജിസ്‌ട്രേഷൻ വരുമാനം കൂപ്പുകുത്തി (പട്ടിക കാണുക). ഒക്ടോബർ 25 വരെ 206.51 കോടി രൂപയാണ് വരുമാനം. 62,146 ആധാരങ്ങൾ രജിസ്റ്റർ ചെയ്തു. മുൻവർഷം ഇക്കാലയളവിൽ 222 കോടി രൂപ വീതമായിരുന്നു. രജിസ്‌ട്രേഷന്റെ എണ്ണത്തിലും ഗണ്യമായ കുറവ് ഇക്കൊല്ലമുണ്ടായി.

ഈ കണക്കുകൾ തോമസ് ഐസക്കിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വരുമാനം കൂട്ടാനായി നടത്തിയ നീക്കം പാളിയത് തിരിച്ചടിയുമായി. ഇത് മനസ്സിലാക്കിയാണ് കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗാധാരത്തിന്റെ മുദ്രപ്പത്രനിരക്ക് ഒരു ശതമാനമായി കുറയ്ക്കാൻ തീരുമാനമായത്. അഞ്ചേക്കർ വരെയുള്ള ഭൂമി ഭാഗംവെക്കാൻ ആയിരംരൂപയുടെ മുദ്രപ്പത്രം മതി. പരമാവധി 25,000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. അഞ്ചേക്കറിന് മുകളിൽ ന്യായവിലയുടെ ഒരു ശതമാനമാണ് മുദ്രപ്പത്ര നിരക്കും രജിസ്‌ട്രേഷൻ ഫീസും. ഈ നീക്കം ഫലം കണ്ടാൽ രജിസ്‌ട്രേഷനിൽ വരുത്തിയ വർദ്ധനവ് തന്നെ തോമസ് ഐസക് വേണ്ടെന്ന് വയ്ക്കും. ധനമന്ത്രിയായിരിക്കെ കെഎം മാണി നടത്തിയ പ്രയോഗികമായ ഇടപെടാലായിരുന്നു തോമസ് ഐസക് തിരുത്തിയത്. അതാണ് വരുമാനനഷ്ടത്തിന് വഴിവച്ചതെന്ന് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു.

ഭാഗപത്ര രജിസ്‌ട്രേഷൻ നിരക്കിലെ മാറ്റം ഉടൻ നിലവിൽ വരും. ഇതനുസരിച്ച് ധന ബില്ലിൽ മാറ്റംവരുത്തി നവംബർ ഏഴിന് സഭയിൽ അവതരിപ്പിക്കും. അന്ന് സഭ ബിൽ പാസ്സാക്കുന്നതോടെ ഈ നിരക്ക് നിലവിൽവരും. ഒഴിമുറി, ധനനിശ്ചയം, ഇഷ്ടദാനം എന്നിവയ്ക്കും ഇത് ബാധകമായിരിക്കും. എൽ.ഡി.എഫ്. സർക്കാറിന്റെ ബജറ്റിൽ ഇവയ്ക്കുള്ള മുദ്രപ്പത്രനിരക്ക് ഒരു ശതമാനത്തിൽനിന്ന് മൂന്നു ശതമാനമാക്കിയിരുന്നു. പരമാവധി ആയിരം രൂപ എന്ന ഇളവും രജിസ്‌ട്രേഷൻ ഫീസിലെ ഇളവും പിൻവലിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലും തീരുമാനം പുനപരിശോധിച്ചില്ല. എന്നാൽ വരുമാന നഷ്ടം വന്നതോടെ തിരുത്തലിന് ഐസക് തയ്യാറായി. അഞ്ചേക്കർ വരെ ഇളവ് കിട്ടുന്നത് ഭൂരിഭാഗം കുടുംബങ്ങൾക്കും അനുഗ്രഹമാകും. നിയമസഭാ സമിതിയിലെ പ്രതിപക്ഷ അംഗങ്ങളും ഈ ഭേദഗതിയെ അംഗീകരിച്ചു. എന്നാൽ സ്വർണ വ്യാപാരത്തിന് ചുമത്തിയ അഞ്ചുശതമാനം വാങ്ങൽ നികുതി പിൻവലിക്കണമെന്ന ആവശ്യം സമിതി അംഗീകരിച്ചില്ല. കമ്പനികൾ രൂപവത്കരിച്ച് ഓഹരി എന്ന നിലയിൽ വൻതോതിൽ ഭൂമി കൈമാറ്റംചെയ്യുന്നത് തടയാനും വ്യവസ്ഥകൊണ്ടുവരും. ഇത്തരം കൈമാറ്റത്തിന് അഞ്ചു ശതമാനം നികുതി ചുമത്താനും ധാരണയായി. ഇത് ഗുണകരമായി മാറുമെന്നാണ് വിലയിരുത്തൽ.

വി എസ് അച്യുതാനന്ദന്റെ കാലത്ത് ധനമന്ത്രിയാകുമ്പോൾ നികുതി പിരിവ് ഊർജ്ജിതമാക്കിയായിരുന്നു ഖജനാവിനെ ശക്തിപ്പെടുത്താൻ തോമസ് ഐസക് ശ്രമിച്ചത്. കർശന നിലപാടുമായി നികുതി പിരിവ് ഊർജ്ജിതമാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തു. എന്നാൽ വികസനത്തിന് വായ്പയെന്ന പതിവ് മാറ്റാൻ കൂടുതൽ വരുമാന മാർഗ്ഗങ്ങൾ തേടുകയാണ് തോമസ് ഐസക് ഇത്തവണ ചെയ്തത്. അതിന്റെ ഭാഗമായിരുന്നു രജിസ്‌ട്രേഷൻ നിരക്കുകൾ ഉയർത്തിയത്. ഇത് ഫലത്തിൽ വസ്തു ഇടപാടുകൾ കുറയ്ക്കുകയാണ് ചെയ്തത്. ഇതിലൂടെ സർക്കാർ വരുമാനത്തിൽ വലിയ കുറവും സൃഷ്ടിക്കപ്പെട്ടു. ഇക്കാര്യം മനസ്സിലാക്കി തിരുത്തുകയാണ്. ഇവിടെ ജയിക്കുന്നത് മാണിയുടെ പ്രായോഗിക ധനശാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP