Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുൽഖറിന് 42 ലക്ഷം എഫ്ബി ആരാധകർ; നിവിൻപോളിക്ക് 37 ലക്ഷം: ഹിറ്റുകളുടെ കാര്യത്തിലും പുരസ്‌കാര നേട്ടത്തിലും ഇരുവരും ഒപ്പത്തിനൊപ്പം; ന്യൂജൻ താരയുദ്ധത്തിൽ ആരാകും പുതിയ സൂപ്പർസ്റ്റാർ?

ദുൽഖറിന് 42 ലക്ഷം എഫ്ബി ആരാധകർ; നിവിൻപോളിക്ക് 37 ലക്ഷം: ഹിറ്റുകളുടെ കാര്യത്തിലും പുരസ്‌കാര നേട്ടത്തിലും ഇരുവരും ഒപ്പത്തിനൊപ്പം; ന്യൂജൻ താരയുദ്ധത്തിൽ ആരാകും പുതിയ സൂപ്പർസ്റ്റാർ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുൽഖറോ.. അതോ നിവിനോ.... ആരാണ് അടുത്ത സൂപ്പർസ്റ്റാർ? മമ്മുട്ടി-ലാൽ സൂപ്പർസ്റ്റാർ പോരാട്ടത്തിന്റെ മറ്റൊരു പതിപ്പുപോലെ ഒരു ന്യൂജൻ താരയുദ്ധത്തിന്റെ നെറുകയിലാണിപ്പോൾ നിവിൻപോളിയും ദുൽഖർ സൽമാനും. ആറുവർഷം മുമ്പ് 2010ൽ വിനീത് ശ്രീനിവാസൻ സംവിധായകനായ മലർവാടി ആർട്‌സ് ക്‌ളബിലൂടെ വെള്ളിത്തിരയിലെത്തിയ നിവിൻപോളി. രണ്ടുവർഷം വൈകി 2012ൽ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കൻഡ് ഷോയിലൂടെ അരങ്ങേറിയ ദുൽഖർ സൽമാൻ. ആദ്യകാലത്തുണ്ടായ മമ്മുട്ടിയുടെ മകൻ എന്ന പരിവേഷം വിട്ട് ദുൽഖർ തന്റെ രണ്ടാമത്തെ ചിത്രമായ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലൂടെ കയ്യടി നേടിയപ്പോൾ ആദ്യത്തെ കുറച്ചു വേഷങ്ങൾക്കുശേഷം, ദുൽഖർ വെള്ളിത്തിരയിലെത്തിയ അതേ വർഷത്തിൽ മറ്റൊരു വിനീത് ശ്രീനിവാസൻ ചിത്രമായ തട്ടത്തിൻ മറയത്തിലൂടെ നിവിനും വരവറിയിച്ചു. അങ്ങനെ നാലുവർഷം മുമ്പ് കേരളം കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയ ഈ പേരുകൾ നിരവധി ഹിറ്റുകൾ ഒന്നിനുപുറകിൽ ഒന്നായി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇന്ന് വിജയമുറപ്പിക്കേണ്ട ഒരു സിനിമയുടെ കഥപറയുമ്പോൾ അതിൽ തീർച്ചയായും ഇടംപിടിച്ചിരിക്കുമെന്ന മട്ടിൽ ഇരുവരും വളർന്നിരിക്കുന്നു. 

തട്ടത്തിൻ മറയത്തിനു ശേഷം സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങളിൽ, ആഷിഖ് അബുവിന്റെ ഡാ തടിയാ എന്നീ ചിത്രങ്ങളിലായിരുന്നു നിവിൻ വേഷമിട്ടത്. പിന്നീട് 2013ൽ അൽഫോൻസ് പുത്രന്റെ നേരം. 2014 മുതൽ നിവിന്റെ കാലം മാറിത്തുടങ്ങി. എബ്രിഡ് ഷൈനിന്റെ 1983 വൻ കുതിപ്പാണ് നിവിന് സമ്മാനിച്ചത്. തുടർന്ന് ഓം ശാന്തി ഓശാന, ദുൽഖറിനൊപ്പം വേഷമിട്ട ബാംഗ്‌ളൂർ ഡെയ്‌സ്, മിലി, ഒരു വടക്കൻ സെൽഫി എന്നീ ചിത്രങ്ങളിലൂടെ കഴിഞ്ഞവർഷം പ്രേമത്തിൽ എത്തുമ്പോഴക്കും നിവിൻ മലയാള സിനിമയിൽ സ്വന്തം മേൽവിലാസം അടിവരയിട്ടു കുറിച്ചുകഴിഞ്ഞു. അതിനു പിന്നാലെ ആക്ഷൻ ഹീറോ ബിജുവും മറ്റൊരു ബ്‌ളോക്ക്‌ബസ്റ്ററായി ജേക്കബിന്റെ സ്വർഗരാജ്യവും. പല ചിത്രങ്ങളും മെഗാഹിറ്റ്, ചിലത് 50 കോടിയിൽപ്പരം കളക്ഷൻ. അങ്ങനെ യുവ താരങ്ങൾക്കിടയിൽ മാർക്കറ്റുള്ള നടനായി നിവിൻ.

ഉസ്താദ് ഹോട്ടലിനുശേഷം എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്‌ളൂർ ഡേയ്‌സ്, വിക്രമാദിത്യൻ, ഞാൻ, 100 ഡെയ്‌സ് ഓഫ് ലൗ, ഒ കെ കൺമണി എന്നീ ചിത്രങ്ങളിലൂടെയായിരുന്നു ദുൽഖരിന്റെ വളർച്ച. ഇപ്പോൾ ചാർലിയും പിന്നീട് കമ്മട്ടിപ്പാടവും നൽകിയ ആത്മബലത്തിൽ മുൻനിരയിലെത്തിയ ദുൽഖർ വ്യത്യസ്തതയുള്ള വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി. ചുരുങ്ങിയകാലത്തിനിടെ മണിരത്‌നം, രഞ്ജിത്, ലാൽജോസ് അമൽനീരദ്, സമീർ താഹിർ, മാർട്ടിൻ പ്രക്കാട്ട്, അഞ്ജലിമേനോൻ തുടങ്ങിയ നിരവധി പ്രശസ്ത സംവിധായകർക്കൊപ്പം പ്രവർത്തിച്ചത് ദുൽഖറിന്റെ അനുഭവസമ്പത്ത് കൂട്ടിയെന്ന് പറയാം.

മലയാളത്തിനു പുറത്തേക്ക് ഖ്യാതി വളർത്തിയ ഇരുതാരങ്ങളും അടുത്തകാലത്ത് ഒരുപോലെ ഹിറ്റുകൾ തീർത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. നിവിൻ-അൽഫോൻസ് പുത്രൻ കൂട്ടുകെട്ടായ പ്രേമം ദക്ഷിണേന്ത്യമുഴുവൻ നിവിന് ആരാധകരെ സൃഷ്ടിച്ചു. തൊട്ടുപിന്നാലെ ആക്ഷൻഹീറോ ബിജുവും ജേക്കബിന്റെ സ്വർഗരാജ്യവും. മണിരത്‌നത്തിന്റെ ഒ കെ കൺമണി, മാർട്ടിൻ പ്രക്കാട്ടിന്റെ ചാർലി, സമീർ താഹിറിന്റെ കലി എന്നിവയ്ക്കു പുറമെ നാലാമത് ഒരു ഹിറ്റുകൂടി വെള്ളിത്തിരയിൽ വിജയിപ്പിച്ച് ദുൽഖർ ഇതിന് മറുപടി പറഞ്ഞു.

ഇത് ന്യൂ ജൻ കാലമായതിനാൽത്തന്നെ ഫാൻസിന്റെ പ്രകടനത്തിനു പുറത്ത് സോഷ്യൽമീഡിയയിലെ സാന്നിധ്യവും ഇരുവരും ഉറപ്പിക്കുന്നുണ്ട്. ഇത് ആരാധകരെ കൂടെ നിർത്തുന്നതിൽ നിർണായകമാണെന്ന് ദുൽഖറും നിവിനും തിരിച്ചറിയുന്നുമുണ്ട്. മലയാളത്തിൽ ഇന്ന് ഫേസ്‌ബുക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള താരം ദുൽഖറാണ്. 42 ലക്ഷത്തിൽപ്പരം പേർ. 37 ലക്ഷം ആരാധകരുമായി മോഹൻലാലിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട് നിവിൻപോളി. പുതിയ സിനിമയിറങ്ങുമ്പോൾ ട്രെയിലറുകളും ടീസറുകളും ഗാനങ്ങളും യു ട്യൂബിലുൾപ്പെടെ ഷെയർചെയ്ത് പുതിയ സിനിമാ യുദ്ധം മുറുകുമ്പോൾ അതിലും മുൻനിരയിലുണ്ട് നിവിനും ദുൽഖറും. പ്രേമത്തിലെ മലരേ.. എന്ന ഗാനം യു ട്യൂബിൽ ഒരുകോടി പിന്നിട്ടു. ചാർളിയിലെ ചുന്ദരിപ്പെണ്ണെ.. അൽപകാലത്തിനിടയിൽത്തന്നെ അരക്കോടിയിലധികം ആസ്വാദകരെ കീഴ്‌പ്പെടുത്തി.

തമിഴകത്ത് പ്രേമം മൊഴിമാറ്റം നടത്താതെ തന്നെ നേടിയ വിജയവും ദുൽഖർ സിനിമകൾ തമിഴ്‌നാട്ടിൽ ഹിറ്റായതും ജപ്പാനിൽവരെ പുതിയ സിനിമകൾക്ക് ആസ്വാദകരെ കിട്ടുന്നതും ന്യൂജൻ സിനിമാ കാലത്ത് ഇരുവർക്കും മുൻനിരയിലെത്താൻ അവസരമൊരുക്കിയെന്നത് മറ്റൊരു യാഥാർത്ഥ്യം. നിവിന്റെ നേരം ഒരേസമയം തമിഴിലും മലയാളത്തിലും ഇറക്കുകയും വിജയിക്കുകയും ചെയ്തതോടെ പുതിയ പടവും തമിഴിൽ ചെയ്യാനൊരുങ്ങുകയാണ് നിവിൻ. ഇരുവരും പുതിയ തമിഴ് ചിത്രങ്ങൾക്ക് ഡേറ്റും നൽകിക്കഴിഞ്ഞു. തിരക്കുപിടിച്ച് ഒരുവർഷംതന്നെ നിരവധി ചിത്രങ്ങൾ ഇറക്കുന്ന ട്രെൻഡല്ല ഇപ്പോൾ. സൂക്ഷ്മതയോടെ ട്രെൻഡുകൾ വിലയിരുത്തി പ്രേക്ഷകരുടെ മനസ്സറിഞ്ഞാണ് ഓരോ പടവും എത്തുന്നത്. വിജയം ഉറപ്പിക്കുന്നതിന് ഓരോ മേഖലയിലും കൃത്യത പുലർത്തിയുള്ള സമീപനം നിവിന്റെയും ദുൽഖറിന്റെയും ഓരോ ചിത്രത്തിലുമുണ്ട്.

ഇനിഷ്യൽ കളക്ഷൻ നേടുന്നതിലും മറ്റെല്ലാ നടന്മാരെയും അപേക്ഷിച്ച് ഇരുവരും മുന്നിലാണ്. നിവിൻപോളിയെ അപേക്ഷിച്ച് ഇക്കാര്യത്തിൽ അൽപം കൂടി മുമ്പിലാണ് ദുൽഖർ. ദുൽഖറിന്റെ കലിയും ചാർളിയും 2.33 കോടിരൂപയുടെ ഇനിഷ്യൽ കളക്ഷൻ നേടി. അതേസമയം പ്രേമം ഉൾപ്പെടെയുള്ള സിനിമകൾ തീർത്ത ട്രെൻഡിന്റെ ഹരത്തിലാണ് നിവിൻ. ഇരുവരും നടത്തുന്ന വേഷപ്പകർച്ചകളിലും സാമ്യമുണ്ട്. കട്ടിത്താടിയുമായി നിവിൻ പ്രേമത്തിൽ വേഷമിട്ടപ്പോൾ ദുൽഖറിന്റെ ചാർലിയിലെ വേഷവും സമാനമായി. ക്യാമ്പസുകളെ കയ്യിലെടുക്കുന്നു എന്നതും ഇരുവരുടെയും ചിത്രങ്ങളുടെ പ്രത്യേകതയാണ്. കുറഞ്ഞ സമയത്തിനകം പുരസ്‌കാരങ്ങൾ നേടിയും ഇരുവരും മുന്നിലെത്തി. 1983ലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം 2014ൽ നിവിൻ നേടിയപ്പോൾ തൊട്ടടുത്തവർഷത്തെ പുരസ്‌കാരം ചാർലിയിലൂടെ ദുൽഖറും നേടി.

മമ്മുട്ടി-മോഹൻലാൽ സൂപ്പർസ്റ്റാർ മത്സരം കേരളത്തിൽ കൊടുമ്പിരിക്കൊണ്ടൊരു കാലമുണ്ടായിരുന്നു. ആരാണ് താരരാജാവെന്ന ചോദ്യമുയരും മുമ്പ് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. നായകനായും വില്ലനായും ഒരേ പ്രാധാന്യമുള്ള കഥാപാത്രങ്ങളായുമെല്ലാം ലാലും മമ്മുട്ടിയും നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. എന്നാൽ പിന്നീട് ആരാണ് വലിയവനെന്ന് ഫാൻസ് ചോദിച്ചുതുടങ്ങി. രണ്ടുതാരങ്ങൾക്കും സൂപ്പർസ്റ്റാർ, മെഗാ സ്റ്റാർ തുടങ്ങിയ വിശേഷണങ്ങൾ ചാർത്തിനൽകാൻ ഫാൻസ് മത്സരിച്ചു. ഏറെക്കാലത്തിനുശേഷം നമ്പർ ട്വന്റി മദ്രാസ് മെയിൽ, ഹരികൃഷ്ണൻസ്, ട്വന്റിട്വന്റി എന്നീ ചിത്രങ്ങളിൽ ഇതിനിടയിൽ ഇരുവരും ഒരുമിച്ചെത്തിയതും ലാലിന്റെ നരസിംഹത്തിൽ മമ്മുട്ടിയുടെ ഗസ്റ്റ് റോളുമൊഴിച്ചാൽ തുടക്കകാല കോമ്പിനേഷൻ പിന്നീടുണ്ടായില്ല.

ഇതിനിടെ ന്യൂജൻ ചിത്രങ്ങൾ വന്നു. നായകന്മാരും നായികമാരും മാറിമാറിയെത്തി. താരരാജാക്കന്മാരെ മാറ്റി നിർത്തിയായി ന്യൂജൻ നടന്മാരുടെ വിലയിരുത്തലുകൾ. പുതിയ നടന്മാർക്കിടയിൽ ആരാണ് സൂപ്പർ എന്ന ചോദ്യത്തിന് മമ്മുട്ടി-ലാൽ മത്സരകാലത്തെ മാനദണ്ഡങ്ങളല്ല ഇപ്പോൾ. ഫേസ്‌ബുക്ക് ലൈക്കിന്റെയും ഫോളോവേഴ്‌സിന്റെയും എണ്ണം മുതൽ തുടർച്ചയായുള്ള ഹിറ്റുകളും ട്രെൻഡ് സെറ്റിംഗും വരെ താരമികവിന് മാനദണ്ഡമാകുന്നു. അങ്ങനെ ഏറെക്കാലത്തിനുശേഷം രണ്ടുപേരുകൾ മത്സരരംഗത്ത് വീണ്ടുമുയരുകയാണ്. നിവിനും ദുൽഖറും. മമ്മുട്ടിയുടെയും ലാലിന്റെയും കാര്യത്തിലെന്നപോലെ ആരാധകരുടെ വഴിവിട്ട അവകാശപ്രഖ്യാപനങ്ങൾ തുടങ്ങിയിട്ടില്ല. പക്ഷേ, സിനിമകളിൽ പുതുമകളുമായി ആരാധകരെ കീഴ്‌പ്പെടുത്തുമ്പോൾ, നിരന്തരം ഹിറ്റുകളുമായി മുന്നേറുമ്പോൾ, ഇനിഷ്യൽ കളക്ഷനിലുടെ നിർമ്മാതാവിന്റെ മനസ്സുനിറയ്ക്കുമ്പോൾ ഇരുവരും അറിയാതെ എത്തിപ്പെട്ടിരിക്കുന്നു. പുതിയൊരു താരയുദ്ധത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP