Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർമ്മാതാക്കളെയും സംവിധായകരെയും പിണക്കിയാൽ സിനിമയിൽ ഒറ്റപ്പെടുമെന്ന് ഉറപ്പായി; മുൻ ഭർത്താവിന്റെ സിനിമയെ പിന്തുണച്ച് മഞ്ജു വാര്യർ രംഗത്തെത്തിയത് 'അമ്മ'യുമായി അനുരഞ്ജനത്തിന് വഴിതുറന്ന്; വുമൺ സിനിമ കലക്ടീവിന്റെ പേരിൽ കടുത്ത ദിലീപ് വിരുദ്ധ പ്രചരണം നടത്തുന്നതിലും നടിക്ക് അമർഷം; ലേഡി സൂപ്പർസ്റ്റാറിന്റെ നിലപാട് സിനിമാക്കാരുടെ വനിതാ കൂട്ടായ്മയിലെ ഭിന്നിപ്പ് ശക്തമാക്കും

നിർമ്മാതാക്കളെയും സംവിധായകരെയും പിണക്കിയാൽ സിനിമയിൽ ഒറ്റപ്പെടുമെന്ന് ഉറപ്പായി; മുൻ ഭർത്താവിന്റെ സിനിമയെ പിന്തുണച്ച് മഞ്ജു വാര്യർ രംഗത്തെത്തിയത് 'അമ്മ'യുമായി അനുരഞ്ജനത്തിന് വഴിതുറന്ന്; വുമൺ സിനിമ കലക്ടീവിന്റെ പേരിൽ കടുത്ത ദിലീപ് വിരുദ്ധ പ്രചരണം നടത്തുന്നതിലും നടിക്ക് അമർഷം; ലേഡി സൂപ്പർസ്റ്റാറിന്റെ നിലപാട് സിനിമാക്കാരുടെ വനിതാ കൂട്ടായ്മയിലെ ഭിന്നിപ്പ് ശക്തമാക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അഴിക്കുള്ളിലായ ശേഷമുള്ള ചിത്രമായ രാമലീലയും മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും പുറത്തിറങ്ങുന്നത് ഒരേ ദിവസമാണ്. ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തിൽ എന്തുകൊണ്ടും ശ്രദ്ധിക്കപ്പെടും ഈ രണ്ടു ചിത്രങ്ങളും എന്നത് ഉറപ്പാണ്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് രാമലീല തീയറ്ററുകളിലേക്ക് എത്തുന്നത്. ഈ സിനിമക്ക് പിന്തുണ നൽകണമെന്നും അരുതെന്നും വാദിക്കുന്ന രണ്ട് വിഭാഗങ്ങൾ കേരളത്തിലുണ്ട്. ചിത്രം കാണരുതെന്ന് പറഞ്ഞതിന്റെ പേരിൽ നിരൂപകൻ ജി പി രാമചന്ദ്രനെതിരെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം കേസും കൊടുത്ത സാഹചര്യം ഉണ്ടായി. ഇങ്ങനെ വിവാദങ്ങളുടെ നടുവിൽ നിൽക്കുന്ന വേളയിലാണ് മുൻ ഭർത്താവിന്റെ സിനിമയെ പിന്തുണച്ചു കൊണ്ട് നടി മഞ്ജു വാര്യർ രംഗത്തെത്തിയത്.

സിനിമയ്ക്ക് പിന്നിൽ ഒരുപാട് പേരുടെ അധ്വാനമുണ്ടെന്ന് മനസിലാക്കി തന്നെയാണ് മഞ്ജു വാര്യർ രാമലീലയെ പിന്തുണച്ച് രംഗത്തെത്തിയത്. മഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റോടെ പുറത്തുവരുന്നത് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയിലെ ഭിന്നതകളുമാണ്. സിനിമയല്ല എതിർക്കപ്പെടേണ്ടത് എന്ന വ്യക്തമായ സന്ദേശം നൽകുക എന്നതാണ മഞ്ജുവിന്റെ ഉദ്ദേശമെന്നത് ഉറപ്പാണ്. മറിച്ചൊരു നിലപാട് സ്വീകരിച്ചാൽ മലയാള സിനിമയിൽ താൻ കൂടുതൽ ഒറ്റപ്പെട്ടേക്കാം എന്ന തിരിച്ചറിവിൽ നിന്നുമാണ് അവർ രാമലീലയെ പിന്തുണച്ചതും.

ഇപ്പോഴത്തെ സാഹചര്യത്തിലും സിനിമാ പ്രവർത്തകർക്കിടയിൽ ദിലീപിനെ പിന്തുണക്കുന്നവരാണ് കൂടുതൽ. താരസംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കിയെങ്കിലും ഇപ്പോഴും സംഘടനയിൽ ദിലീപിന് തന്നെയാണ് മേൽക്കൈയുള്ളത്. നിർമ്മാതാക്കളും സംവിധായകരും ദിലീപിനെ പിന്തുണക്കുന്നു. ദിലീപിനെ അനുകൂലിക്കുന്ന അമ്മയുടെ നിലപാടിന് വിരുദ്ധമായാണ് മഞ്ജുവിന്റെ നേതൃത്വത്തിലുള്ള വുമൺ ഇൻ സിനിമ കലക്ടീവ് ഇതുവരെ കൈക്കൊണ്ട നിലപാട്. അവൾക്കൊപ്പം എന്നു പ്രഖ്യാപിച്ച് ഒപ്പു ശേഖരണം നടത്തുകയും മറ്റും ചെയ്തിരുന്നു. എന്നാൽ, പലപ്പോഴും ഇത്തരം കാര്യങ്ങളിൽ മഞ്ജുവാര്യരുടെ നിലപാടും ആരും ആരാഞ്ഞതുമില്ല.

സംഘടനയുടെ പേരിൽ നടത്തിയ പരിപാടികൾ പലപ്പോഴും മഞ്ജുവിന് തന്നെ ക്ഷീണമുണ്ടാക്കുന്ന വിധത്തിലായി. വുമൺ ഇൻ കലക്ടീവിന്റെ പേരിൽ നടത്തുന്ന ആക്ടിവിസ്റ്റ് ലൈനിലുള്ള പരിപാടികളോട് മഞ്ജുവിനും വിയോജിപ്പുണ്ടായിരുന്നു എന്നാണ്. കൂട്ടായ്മയിൽ അംഗമായിരുന്ന ചിലർ തന്നെ രാമലീലക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിലപാടെടുത്തു. ഫലത്തിൽ ഇത്തരം നിലപാടുകൾ മഞ്ജുവിനെ കൂടുതൽ സിനിമാ പ്രവർത്തകരിൽ നിന്നും അകറ്റുകയാണ് ഉണ്ടായത്. അതുകൊണ്ട് കൂടിയാണ് രാമലീല കേവലം ദിലീപിന്റെ സിനിമ അല്ലെന്നും അത് കൂട്ടായ്മയുടെ സിനിമയാണെന്നും പറഞ്ഞ് മഞ്ജു രംഗത്തെത്തിയത്.

സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും തിയേറ്റർ കത്തിക്കണമെന്ന ആക്രോശങ്ങളുമൊക്ക നിർഭാഗ്യകരമാണെന്നാണ് മഞ്ജു വാര്യർ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ വിയോജിപ്പുകളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും ഒരു സിനിമയും ഒരാളുടേത് മാത്രമല്ലെന്നുമാണ് മഞ്ജു പറയുന്നത്. അതായത് ഈ ദിലീപ് ചിത്രം വിജയിക്കണമെന്ന് മഞ്ജുവും മനസുകൊണ്ട് ആഗ്രഹിക്കുന്നു. 'രാമലീല', ടോമിച്ചന്മുളകുപാടം എന്ന നിർമ്മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വർഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുൺഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകൻ കാണണമെന്ന് ആഗ്രഹിക്കാനും ഇവർക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാൻ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ലെന്നും മഞ്ജു തന്റെ പോസ്റ്റിൽ പറയുന്നു.

അതേസമയം ചിത്രത്തിലെ നായകനായ ദിലീപിന്റെ പേര് മഞ്ജു ഒരിടത്തും പരാമർശിച്ചിരുന്നുമില്ല. ദിലീപ് ജാമ്യാപേക്ഷയിൽ പോലും മഞ്ജുവിനെ പ്രതിക്കൂട്ടൽ നിർത്താൻ ശ്രമം നടത്തിയിരുന്നു. മഞ്ജുവിന്റെയും ശ്രീകുമാര മേനോന്റെയും പേരുകൾ കോടതിയിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഇത്തരം സാഹചര്യത്തിലും ദിലീപ് ചിത്രത്തെ പിന്തുണക്കുക വഴി മറ്റ് സിനിമാക്കാരുടെയും പ്രേക്ഷകരുടെയും കൈയടി നേടുകയാണ് മഞ്ജു ചെയ്തത്.

'ഉദാഹരണം സുജാത' റിലീസ് ചെയ്യുന്ന ദിവസം തന്നെയാണ് രാമലീലയും റിലീസാകുന്നത്. മഞ്ജുവിന്റെ നിലപാടിലൂടെ ഈ ചിത്രവും ശ്രദ്ധിക്കപ്പെടുമെന്ന കാര്യം ഉറപ്പായി. ഉദാഹരണം സുജാതയെ വിജയിപ്പിക്കുന്നതു പോലെ രാമലീലയെയും വിജയിപ്പിക്കണമെന്നാണ് മഞ്ജു അഭ്യർത്ഥിച്ചിരിക്കുന്നത്. ഓണക്കാലത്തെ ചിത്രങ്ങൾ വേണ്ട വിധത്തിൽ വിജയിക്കാതെ പോയതിൽ താരസംഘടനയും നിർമ്മാതാക്കളും അടക്കമുള്ളവർ ഗൗരവമായി എടുത്തിട്ടുണ്ട്. ഈ സാഹചചര്യത്തിലാണ് ജയിലിലായ ജനപ്രിയന്റെ പുതിയ ചിത്രത്തിന്റ റിലീസിങ് അനൗൺസ് ചെയ്യുന്നതും.

സൂപ്പർ താരങ്ങളുടേതുൾപ്പടെയുള്ള ചിത്രങ്ങൾ ഒന്നിച്ച് റിലീസിങ് നടത്താറുണ്ടെങ്കിലും ദിലീപ്- മഞ്ജുമാരുടെ ചിത്രങ്ങൾ ഒരുമിച്ച് ഇറങ്ങുന്നതിനെ ശ്രദ്ധേയമാക്കുന്നത് സിനിമയ്ക്കു അപ്പുറമുള്ള കാരണങ്ങൾ കൂടിയാണ്. മഞ്ജു വാര്യർ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഉദാഹരണം സുജാത. ഫാന്റം പ്രവീൻ സംവിധാനം ചെയ്യുന്ന ചിത്രം ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടുമാണ് നിർമ്മിക്കുന്നത്. സെപ്റ്റംബർ 15 നാണ് റീലിസ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു. ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകൾ ഒന്നിച്ച് തിയറ്ററുകളിൽ എത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് ദിലീപിന്റെ 2 കൺട്രീസ് റിലീസ് ചെയ്ത ദിവസങ്ങളിലായിട്ടാണ് മഞ്ജുവിന്റെ ജോ ആൻഡ് ദ ബോയി റിലീസ് ചെയ്തിരുന്നത്. 2015 ൽ ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു ഇരു സിനിമകളും റിലീസ് ചെയ്തിരുന്നത്. എന്നാൽ 2 കൺട്രീസ് ഹിറ്റായപ്പോൾ മഞ്ജുവിന്റെ സിനിമയ്ക്ക് ബോക്‌സ് ഓഫീസിൽ തകർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP