Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചീഫ് സെക്രട്ടറിയാകാൻ ജിജി തോംസൺ ഡൽഹിയിൽ നിന്നും വണ്ടി കയറിയത് വെറുതേ ആകുമോ? സൂരജിനെയും രാഹുൽ ആർ നായരെയും പുറത്താക്കി 'അഴിമതിക്കെതിരെ പൊരുതിയ' യുഡിഎഫ് സർക്കാർ പാമോലിൻ കുരുക്കിൽ

ചീഫ് സെക്രട്ടറിയാകാൻ ജിജി തോംസൺ ഡൽഹിയിൽ നിന്നും വണ്ടി കയറിയത് വെറുതേ ആകുമോ? സൂരജിനെയും രാഹുൽ ആർ നായരെയും പുറത്താക്കി 'അഴിമതിക്കെതിരെ പൊരുതിയ' യുഡിഎഫ് സർക്കാർ പാമോലിൻ കുരുക്കിൽ

ബി രഘുരാജ്

തിരുവനന്തപുരം: പാമോലിൻ അഴിമതി കേസിന്റെ ഭൂതം ഹൈക്കോടതി വിധിയോടെ വീണ്ടും കുടംതുറന്ന് പുറത്തുവന്നതോടെ യുഡിഎഫ് സർക്കാറിന് വീണ്ടുമൊരു പരീക്ഷണത്തെ നേരിടുകയാണ്. കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കേസിലെ പ്രതിയായിരുന്ന ആളെ ചീഫ് സെക്രട്ടറിയാക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് തിരിച്ചടിയായി ഹൈക്കോടതി വിധി വന്നിരിക്കുന്നത്. വിജിലൻസ് കേസിന്റെ പേരിൽ ടി ഒ സൂരജിനെയും രാഹുൽ ആർ നായരെയും പുറത്താക്കിയ സർക്കാർ ചീഫ് സെക്രട്ടറിയായി കളങ്കിതനെ നിയമിക്കുന്നത് എങ്ങനെയെന്ന പൊതുചോദ്യം ഇതോട ഉയർന്നുവരും. നിലവിലെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൺ ഈ മാസം 31ന് സ്ഥാനമൊഴിയുമ്പോൾ പകരമായി ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാനായിരുന്നു സർക്കാർ തീരുമാനിച്ചത്. ഇപ്പോഴത്തെ ഹൈക്കോടതി വിധിയോടെ ജിജി തോംസണെ തന്നെ സർക്കാർ ചീഫ് സെക്രട്ടറിയാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയിട്ടുണ്ട്. പാമോലിൻ അഴിമതിക്കേസിലെ പ്രതിയെ ഉന്നതപദവിയിൽ നിയമിക്കരുതെന്ന് വി എസ് പറഞ്ഞു. ഇത് നിയമ വ്യവസ്ഥയോടും സുപ്രീംകോടതിയോടുമുള്ള വെല്ലുവിളിയാണെന്നും വി എസ് പറഞ്ഞു. നിലവിൽ കേന്ദ്രത്തിൽ സായി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജിജി തോംസൺ അഡീഷണൽ ചീഫ് സെക്രട്ടറി തസ്തികയിലാണ്. ജിജിയുടെ സേവനം സംസ്ഥാനത്തിന് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

സീനിയോറിറ്റി പട്ടികയിൽ നിലവിലെ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ് തൊട്ടുതാഴെ അടുത്തകാലംവരെ കേരളത്തിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന വി. സോമസുന്ദരത്തിന്റെ പേരാണുള്ളത്. എന്നാൽ, കേന്ദ്ര വ്യോമയാന സെക്രട്ടറിയായ അദ്ദേഹത്തിന് അവിടെ തുടരാനാണ് താത്പര്യമെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. അമിതാഭ്കാന്തും ജിജി തോംസണെക്കാൾ സീനിയറാണ്. എന്നാൽ. ഡൽഹിമുംബൈ വ്യവസായ കോറിഡോർ കോർപ്പറേഷന്റെ സിഇഒ. ആയ അദ്ദേഹത്തിനും ഡൽഹിയിൽ തുടരാനാണ് താത്പര്യമെന്ന് സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചതോടെയാണ് ജിജി തോംസണെ സർക്കാർ പരിഗണിച്ചത്.

അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തിനുപോലും പരിഗണിക്കാൻ പാടില്ലെന്ന 2011ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജിജി തോംസണെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വി എസ് ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പാമോലിൻ കേസിൽ പ്രതിയായി കുറ്റവിചാരണ നേരിടുന്ന പി ജെ തോമസിനെ ചീഫ് വിജിലൻസ് കമ്മീഷണറാക്കിയ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇങ്ങനെ ഉത്തരവിട്ടത്.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ പാമോയിൽ ഇടപാട് നടക്കുമ്പോൾ ജിജി തോംസൺ സിവിൽ സപൈഌ് എം.ഡിയായിരുന്നു. കേസിൽ പ്രതിയായവരിൽ സർവീസിൽ തുടരുന്ന ഏക ഉദ്യോഗസ്ഥനാണ് ജിജിതോംസൺ. കേസിലെ അഞ്ചാം പ്തിയാണ് ജിജി തോംസൺ. കേസും നടപടികളും അനന്തമായി നീളുന്നത് ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നുവെന്ന് ജിജിതോംസണ് പരാതിയുണ്ടായിരുന്നു. ഈ കത്ത് പരിഗണിച്ച്് സർക്കാർ ജിജി തോംസണിന്റൈ പ്രമോഷനും സർവീസ് ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കാണിച്ച് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.

എന്നാൽ കേസ് എഴുതിത്തള്ളാൻ സാധിക്കില്ലെന്ന വിജിലൻസ് കോടതി ഉത്തരവിനെ ഹൈക്കോടതി ഇന്ന് ശരിവെക്കുകയാണ് ഉണ്ടായത്. ഇതോടെ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വണ്ടി കയറിയ ജിജി തോംസന്റെ കാര്യം എന്താകുമെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. അഴിമതി കേസിൽ പ്രതിയായതിന്റെ പേരിലാണ് സർക്കാരിന് കീഴിലുള്ള ചില ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജിജി തോംസണെ ചീഫ് സെക്രട്ടറി ആക്കുന്നതിരെ പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയേക്കും.

ദേശീയ ഗെയിംസിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുപൊങ്ങിയ പശ്ചാത്തലത്തിൽ ജിജി തോംസണെ കേരളത്തിൽ എത്തിച്ച് എല്ലാ കാര്യങ്ങളും ശരിയാക്കുമെന്നും വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ജിജി തോംസൺ ചഫ് സെക്രട്ടറിയായി കേരളത്തിൽ എത്താനുള്ള സാധ്യത കൂടി മങ്ങിയിരിക്കാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ തിരക്കിട്ട് അപ്പീലിന് ശ്രമിച്ചാൽ തന്നെ അത് പൊതുജന സംശയം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നതിനാൽ സർക്കാർ ഇതിന് തുനിയുമോ എന്നും കണ്ടറിയണം. ഇപ്പോഴത്തെ കോടതി വിധി പരിശോധിച്ച് അപ്പീൽ നൽകാനുള്ള ശ്രമങ്ങൾ സാവകാശമായാൽ ചീഫ് സെക്രട്ടറിയായി ജിജി തോംസന്റെ നിയമനവും നീണ്ടു പോയേക്കും. അതേസമയം വിധി അനുകൂലമായാലും പ്രതികൂലമായാലും ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാനുള്ള തീരുമാനത്തിൽ നിന്നും മുഖ്യമന്ത്രി ഉമ്മൻചണ്ടി പിന്നോട്ടു പോയേക്കില്ലെന്നുമാണ് അറിയുന്നത്. മദ്യനയത്തെ ചൊല്ലിയുള്ള വിവാദം അടങ്ങിയതിന് പിന്നാലെയാണ് പാമോലിൻ കേസിന്റെ രൂപത്തിൽ സർക്കാറിന് തിരിച്ചടിയേറ്റിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP