Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജമാണിക്യം തിരിച്ചെത്തും മുൻപ് കെഎസ്ആർടിസിയെ അടച്ചുപൂട്ടാനൊരുങ്ങി സർക്കാർ; ശബരിമലയിലും മരാമണിലും കുളമാക്കിയതിന് പുറത്താക്കിയ എക്‌സിക്യുട്ടീവ് ഡയറക്ടറെ ജനറൽ മാനേജരാക്കി പ്രൊമോഷൻ നൽകി ഉത്തരവിറങ്ങി; ചട്ടങ്ങൾ ലംഘിച്ച് പ്രൊമോഷൻ നൽകിയത് ഏറ്റവും ജൂനിയറും ഏറ്റവും മോശം പ്രകടനക്കാരനുമായ ഉദ്യോഗസ്ഥന്

രാജമാണിക്യം തിരിച്ചെത്തും മുൻപ് കെഎസ്ആർടിസിയെ അടച്ചുപൂട്ടാനൊരുങ്ങി സർക്കാർ; ശബരിമലയിലും മരാമണിലും കുളമാക്കിയതിന് പുറത്താക്കിയ എക്‌സിക്യുട്ടീവ് ഡയറക്ടറെ ജനറൽ മാനേജരാക്കി പ്രൊമോഷൻ നൽകി ഉത്തരവിറങ്ങി; ചട്ടങ്ങൾ ലംഘിച്ച് പ്രൊമോഷൻ നൽകിയത് ഏറ്റവും ജൂനിയറും ഏറ്റവും മോശം പ്രകടനക്കാരനുമായ ഉദ്യോഗസ്ഥന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ മെച്ചപ്പെടുത്തി ഒരു കരയ്‌ക്കെത്തിക്കാൻ ഒരുവശത്ത് ധനമന്ത്രി തോമസ് ഐസക്കും കോർപ്പറേഷൻ എംഡി രാജമാണിക്യവും ശ്രമങ്ങൾ തുടരുന്നതിനിടെ അതിന് പാലംവലിക്കുന്ന പ്രവർത്തനങ്ങളുമായി ഒരു വിഭാഗം ശക്തമായി ചരടുവലി തുടരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്നോണം ശബരിമല, മരാമൺ കൺവെൻഷൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കുളമാക്കിയെന്നതുൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിട്ടതോടെ സ്ഥാനം തെറിച്ച ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ പിഎം ഷറഫ് മുഹമ്മദിന് ദിവസങ്ങൾക്കകം ജനറൽ മാനേജരാക്കി പ്രെമോഷൻ നൽകിയിരിക്കുകയാണ് സർക്കാർ.

ഇതോടെ വീണ്ടും അഴിമതിയിലേക്ക് കോർപ്പറേഷനെ എത്തിക്കാനുള്ള ശ്രമങ്ങൾ തന്നെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നതെന്ന ആക്ഷേപവും ശക്തമായി. ചട്ടങ്ങൾ ലംഘിച്ചാണ് പുറത്താക്കിയ ഉദ്യോഗസ്ഥന് പ്രൊമോഷൻ നൽകിയിരിക്കുന്നത്. അർഹമായി ഈ സ്ഥാനം ലഭിക്കേണ്ട പലരേയും മറികടന്നാണ് ഏറ്റവും ജൂനിയറും മോശം പ്രകടനക്കാരനെന്ന് നിരവധി തവണ പഴികേട്ടയാളുമായ ഉദ്യോഗസ്ഥനെ ജനറൽ മാനേജരാക്കിയത്.

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, ശബരിമല തീർത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ടും കെ.എസ്.ആർ.ടി.സി.യുടെ ക്രമീകരണങ്ങൾ പാളിയത് ഈ ഉദ്യോഗസ്ഥന്റെ പിടിപ്പുകേടാണെന്ന് വ്യക്തമായിരുന്നു. അന്ന് തന്നെ ഷറഫിനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ നടപടി എടുക്കാൻ രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണം ഷറഫ് ആ സ്ഥാനത്ത് തുടർന്നു. എന്നാൽ പിന്നീട് അടുത്തിടെ മാരാമൺ കൺവെൻഷന് ബസ് കൃത്യമായി ഓടിക്കുന്നതിൽ വീഴ്ചവരുത്തിയ ഓപ്പറേഷൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദിനെ ചുമതലയിൽ നിന്ന് മാറ്റുകയായിരുന്നു. ചീഫ് ട്രാഫിക് മാനേജർ ജി. അനിൽകുമാറിന് അധികചുമതല നൽകുകയും ചെയ്്തു. പത്തനംതിട്ട എംഎൽഎ വീണ് ജോർജിന്റെ ഇടപെടലിനെ തുടർന്നായിരുന്നു നടപടി. പക്ഷേ, ദിവസങ്ങൾക്കകം പ്രൊമോഷൻ നൽകി ഇപ്പോൾ സർക്കാർ ഇയാളോടുള്ള സ്‌നേഹം വീണ്ടും അറിയിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.

മുൻ ഗതാഗത മന്ത്രി കൂടിയായ മാത്യു ടി തോമസും വീണാ ജോർജ് എംഎൽഎയും ശക്തമായി ആവശ്യപ്പെട്ടതോടെയാണ് ഈ ഉദ്യോഗസ്ഥനെ ഓപ്പറേഷൻസ് ചുമതലയിൽ നിന്ന് മാറ്റിയത്. എന്നാൽ ഇതിനെതിരെ ശക്തമായ നീക്കങ്ങളുമായി ഷറഫിനുവേണ്ടി മന്ത്രി കെടി ജലീലും മുന്മന്ത്രി എളമരം കരീമും കോഴിക്കോട്ടെ വ്യവസായിയും എംഎൽഎയുമായ വികെസി മമ്മദ് കോയയും രംഗത്തെത്തുകയായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനംപോയ ഷറഫ് പ്രൊമോഷനോടെ തിരിച്ചെത്തിയതെന്നുമാണ് വിവരം.

ശബരിമല, ചെറുകോൽപുഴ, മരാമൺ സ്‌പെഷ്യൽ സർവ്വീസുകൾ കുളമാക്കിയതിനു കാരണക്കാരനെന്നു ഗതാഗത സെക്രട്ടറിയും ശബരിമല ജഡ്ജിയും പത്തനംതിട്ട കളക്ടറും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഷറഫ് മുഹമ്മദിനെ മാറ്റിയത്. എന്നിട്ടും ഇത് മറികടന്ന് ഇപ്പോൾ ജിഎം ആക്കിയത് പർച്ചേസ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ അഴിമതി നടത്താനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതോടെ ഇപ്പോൾ ലീവിലുള്ള രാജമാണിക്യം തിരിച്ചെത്തുംമുമ്പുതന്നെ കെഎസ്ആർടിസിയെ കുളംതോണ്ടാനുള്ള രീതിയിലേക്ക് കാര്യങ്ങളെത്തുമെന്നും ഒരുവിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

2011 ഏപ്രിലിൽ നിയമാനുസൃതമായി എക്‌സിക്യുട്ടീവ് ഡയറക്ടർ (ടെക്‌നിക്കൽ) ആയ സുകുമാരന്റെ കയ്യിൽ നിന്നും ജനറൽ മാനേജർ സ്ഥാനം പിടിച്ചു വാങ്ങി 2016 ഫെബ്രുവരിയിൽ മാത്രം ഇഡി ആയ ഷറഫിന് നൽകിയത് നിയമ വിരുദ്ധമാണെന്നും സീനിയോരിറ്റി മറികടന്നാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഷറഫിന്റെ നിയമത്തിനു പിന്നിൽ സ്വകാര്യ ബസ് ലോബിയെ സഹായിക്കാനുള്ള ചരടുവലികളുമുണ്ടെന്നാണ് സംസാരം. ഇതോടെ കെഎസ്ആർടിസിയെ നന്നാക്കുമെന്ന് പ്രഖ്യാപിച്ച് ദൈനംദിന നടത്തിപ്പിൽ നേരിട്ട് ഇടപെടുന്ന ഗതാഗതമന്ത്രി പൂർണ്ണമായും സ്വകാര്യ ബസ് ലോബിയുടെ നിയന്ത്രണത്തിലായി എന്നാണ് ആക്ഷേപമുയരുന്നത്. 2016 ഫെബ്രുവരിയിൽ എക്‌സിക്യുട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയ ഓപ്പറേഷൻസ് മേധാവിയായിരുന്ന ഷറഫ് മുഹമ്മദിനെ ഔദ്യോഗിക ചുമതലകളിൽ നിന്നൊക്കെ മാറ്റി നിർത്തി ശിക്ഷാ നടപടികൾ സ്വീകരിച്ചത് രണ്ടു ദിവസം മുൻപായിരുന്നു.

മകരവിളക്കു ദിവസം പമ്പയിൽ കെഎസ്ആർടിസി സർവ്വീസുകൾ താറുമാറാക്കിയതിന് കാരണക്കാരൻ എന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ഗതാഗത സെക്രട്ടറിയും പ്രത്യേക പ്രത്യേകം റിപ്പോർട്ടുകൾ നൽകിയിരുന്നു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പമ്പ സ്‌പെഷ്യൽ സർവ്വീസ് വിവാദത്തിൽ മനഃപൂർവ്വമായിരുന്നു മകരവിളക്കു ദിവസത്തെ സെപ്ഷ്യൽ സർവ്വീസ് കുളമാക്കൽ എന്നു കണ്ടെത്തിയിരുന്നു. പമ്പ സർവ്വീസ് പ്രശ്‌നത്തിൽ ആർക്കും ഒന്നും ചെയ്യാനാവില്ല എന്ന ധിക്കാരമായിരുന്നു പതിറ്റാണ്ടുകളായി സ്‌പെഷ്യൽ സർവ്വീസുകൾ നടത്തുന്ന ചെറുകോൽപ്പുഴ കൺവൻഷനും മാരമൺ കൺവൻഷനും കെഎസ്ആർടിസി ബസോടിക്കാതെ ഷറഫ് മുഹമ്മദ് ധിക്കാരം കാട്ടിയത്. ഇതു ചെയ്യുമ്പോഴൊക്കെ എല്ലാ ദിവസവും കെഎസ്ആർടിസി ഓഫീസിൽ എത്തുന്നതിനു മുൻപ് ഷറഫ് ഗതാഗത മന്ത്രിയെ എന്നും നേരിട്ടു സന്ദർശിക്കുമായിരുന്നു.

രാജ മാണിക്യത്തിന്റെ പല നീക്കങ്ങൾക്കും പാര വച്ചതും ഷറഫായിരുന്നുവെന്ന ആക്ഷേപവും ഉയരു്‌നുണ്ട്. എന്നാൽ മാരമൺ കൺവൻഷനു കെഎസ്ആർടിസി ബസുകൾ ഓടിക്കാത്തത് ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസും വീണ ജോർജ് എംഎൽഎയും ഗൗരവമായി എടുത്തത് ഷറഫിനു വിവാദമായി. അങ്ങനെയായിരുന്നു ഷറഫിന്റെ ഓപ്പറേഷൻസ് മേധാവി സ്ഥാനം തെറിക്കുന്നതിലെത്തിയത്.

എന്നാൽ എക്‌സിക്യുട്ടീവ് ഡയറക്ടർമാരിൽ ഏറ്റവും കഴിവു കെട്ടവനെന്ന് സിഐറ്റിയു യൂണിയൻ വരെ ചൂണ്ടിക്കാട്ടിയ ഷറഫിനെ ഗതാഗതമന്ത്രിയുടെ പ്രത്യേക നിർദ്ദശ പ്രകാരം ജനറൽ മാനേജരാക്കുകയായിരുന്നു. കെഎസ്ആർടിസിയിൽ മാനേജിങ് ഡയറക്ടർ കഴിഞ്ഞാൽ അടുത്ത സ്ഥാനം ജനറൽ മാനേജരുടേതാണ്. എല്ലാ എക്‌സിക്യുട്ടീവ് ഡയറക്ടർമാരുടെ മുകളിലാണ് ജനറൽ മാനേജർ. പ്രഗൽഭരായ ഐഎഎസ് ഉദ്യോഗസ്ഥർ വഹിച്ച പദവിയായിരുന്നു ജനറൽ മാനേജർ. 996ൽ ഗുമസ്തനായി ജോലിയിൽ കയറി. 2006ൽ അന്നത്തെ ഗതാഗത മന്ത്രിയെ സ്വാധീനിച്ചും നിയമങ്ങൾ വരെ കാറ്റിൽ പറത്തിയും ഷറഫ് മുഹമ്മദ് എ റ്റി ഒ ആയി. 2006 ലെ ഈ സ്ഥാനക്കയറ്റവും നിയമവിരുദ്ധമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നിലവിലെ ഓപ്പറേഷൻസ് മേധാവി ഷറഫ് മുഹമ്മദും ഭരണ വിഭാഗം മേധാവി ശ്രീകുമാറും 2006 ൽ സ്ഥാന കയറ്റം വാങ്ങിയതിനു പിന്നിൽ ലക്ഷക്കണക്കിനു രൂപയുടെ അഴിമതി അന്നത്തെ ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ പരിൽ ആരോപിക്കപ്പെട്ടിരുന്നു.

ഷറഫ് മുഹമ്മദിന് ജനറൽ മാനേജരുടെ സ്ഥാനം നൽകിയതോടെ 6 വർഷം കുടുതൽ സീനിയോറിറ്റിയുള്ള സുകുമാരനാണ് അർഹിച്ച സ്ഥാനം നഷ്ടപ്പെടുന്നത്. കെഎസ്ആർടിസിയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനെന്ന പ്രശംസ നേടിയ ഇദ്ദേഹം 2014 മുതൽ ഏറെ വിവാദമായ 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കലിലൂടെ കേരളത്തിലെ എല്ലാ സ്വകാര്യ ബസ് മുതലാളിമാരുടെയും ശത്രുവായി മാറിയിരുന്നു.സുകമാരനെ ഗതാഗതമന്ത്രി ഒതുക്കുകയായിരുന്നു എന്നാണ് ആക്ഷേപം. സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി രാജീവുമായി ഏറെ അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനും കൂടിയായിരുന്നു ഇദ്ദേഹം. മാറി വന്ന എംഡിമാർക്കും ഇദ്ദേഹത്തിന്റെ പ്രവർത്തനമികവിൽ എതിരഭിപ്രായം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയായിരുന്നു മുമ്പുണ്ടായിരുന്ന ജനറൽ മാനേജർ രാജി വച്ചപ്പോൾ അന്നത്തെ എംഡി ആന്റണി ചാക്കോ ജനറൽ മാനേജർ സ്ഥാനം സുകുമാരനു നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP