Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യയിൽ ഏറ്റവും അധികം ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായി ഏറെ വൈകാതെ ഐഎസ് ആർ ഒ മാറുമോ? ഒരൊറ്റ റോക്കറ്റിൽ 83 ഉപഗ്രഹങ്ങൾ അയയ്ക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു; ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും വരെ ചെറുകിട വിക്ഷേപണങ്ങൾ മുഴുവൻ ഇന്ത്യയ്ക്ക് നൽകുന്നു

ഇന്ത്യയിൽ ഏറ്റവും അധികം ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായി ഏറെ വൈകാതെ ഐഎസ് ആർ ഒ മാറുമോ? ഒരൊറ്റ റോക്കറ്റിൽ 83 ഉപഗ്രഹങ്ങൾ അയയ്ക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു; ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും വരെ ചെറുകിട വിക്ഷേപണങ്ങൾ മുഴുവൻ ഇന്ത്യയ്ക്ക് നൽകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിദേശ നാണ്യം ഇന്ത്യയിലേക്ക് ഒഴുക്കുകയാണ് ഐഎസ്ആർഒ. ചെലവ് കുറച്ച് ഉപഗ്രങ്ങൾ അയക്കുന്ന സാങ്കേതിക വിദ്യയാണ് രാജ്യത്തിന് മുതൽക്കൂട്ടാകുന്നത്. അന്താരാഷ്ട്രതലത്തിൽ തന്നെ ഇത് ബഹിരാകാശ രംഗത്ത് ചലനമാവുകയാണ്. ഇതിനകം 21 രാജ്യങ്ങളുടെ 79 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചു. വിദേശവ്യവസായസംരംഭകർക്കുവേണ്ടി വാണിജ്യാടിസ്ഥാനത്തിലുള്ള ദൗത്യങ്ങൾക്കും പദ്ധതിയുണ്ട്. ചന്ദ്രയാൻ 2, സാർക്ക് സാറ്റലൈറ്റ് തുടങ്ങിയവയാണ് മറ്റ് വിക്ഷേപണപദ്ധതികൾ. അങ്ങനെ ഇന്ത്യൻ ബഹിരാകാശ ഗവേഷകരുടെ ഖ്യാതി കടൽ കടക്കുകയാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ചെറുകിട വിക്ഷേപണത്തിന് ഇന്ത്യയെ ആശ്രയിക്കാൻ ഒരുങ്ങുകയാണ്. വിക്ഷേപണ ചെലവ് കുറവാണെന്നതാണ് ഇതിന് കാരണം.

കഴിഞ്ഞ ജൂണിൽ ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിസി34 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2008ൽ ഒറ്റ വിക്ഷേപണത്തിൽ 10 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച് ഐ.എസ്.ആർ.ഒ മികവ് തെളിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒരൊറ്റ റോക്കറ്റിൽ 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് റെക്കോഡ് സൃഷ് ടിക്കാൻ ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് കോർപറേഷനാണ് പദ്ധതിയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. 81 വിദേശ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യൻ ഉപഗ്രഹങ്ങളും ഒന്നിച്ച് വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 2017 ആദ്യമായിരിക്കും വിക്ഷേപണം. ഇവയിൽ ഭൂരിപക്ഷവും വലിപ്പം കുറഞ്ഞ നാനോ ഉപഗ്രഹങ്ങളായിരിക്കുമെന്നും ആൻട്രിക്സ് കോർപറേഷന്റെ ചെയർമാനും എം.ഡിയുമായ രാകേഷ് ശശിഭൂഷൺ അറിയിച്ചു.

ഐഎസ്ആർഒയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എക്സ് എൽ ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുക. 500 കോടിയുടെ ഉപഗ്രഹവിക്ഷേപണ കരാർ ഇതിനോടകം ലഭിച്ചതായും രാകേഷ് അറിയിച്ചു. ഇത് വമ്പൻ സാമ്പത്തിക നേട്ടം ഐഎസ്ആർഒയ്ക്ക് നൽകും. ഇത് വിജയമായാൽ സമാനമായ വിക്ഷേപണങ്ങൾ ഇനിയും തുടരും. ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ്2 അടക്കം 20 ഉപഗ്രഹങ്ങൾ ഒറ്റ ദൗത്യത്തിൽ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ബഹിരാകാശപദ്ധതിയിൽ ഐഎസ്ആർഒ ചരിത്രം രചിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് പുതിയ ദൗത്യത്തിലേക്ക് കടക്കുന്നത്.

കഴിഞ്ഞ തവണ വിക്ഷേപിച്ച 19 ഉപഗ്രഹങ്ങളിൽ 12 എണ്ണം അമേരിക്കയുടെ ഭൗമചിത്രങ്ങളെടുക്കുന്ന ഡോവ് സാറ്റലെറ്റുകളായിരുന്നു. രണ്ടെണ്ണം കാനഡയുടേയും ജർമനി, ഇന്തോനീഷ്യ എന്നിവയുടെ ഓരോ ഉപഗ്രഹങ്ങളും. ചെന്നൈയിലെ സത്യഭാമ സർവകലാശാലയുടെയും പുനെയിലെ സ്വയം കോളജ് ഓഫ് എൻജിനീയറിങ്ങിന്റെയും രണ്ട് അക്കാദമിക് സാറ്റലൈറ്റുകളും ഉൾപ്പെട്ടിട്ടുണ്ട്. 20 ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെ 2008ൽ 10 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റെക്കോഡാണ് പി.എസ്.എൽ.വി. മറികടന്നത്. പി.എസ്.എൽ.വി സി34 വഹിച്ച 20 ഉപഗ്രഹങ്ങളുടേയും ആകെ ഭാരം 1288 കിലോഗ്രാമായിരുന്നു.

അമേരിക്കയടക്കമുള്ള രാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന മുഖ്യഘടകം വിശ്വാസ്യതയും, കുറഞ്ഞ ചെലവുമാണ്. പുതുതായി വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന 68 ഉപഗ്രഹങ്ങളിൽ 12 എണ്ണം അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലാവസ്ഥാ നിർണയ സ്ഥാപനമായ പ്ലാനിറ്റിക്യുവിന്റേതാണ്. ഉപഗ്രഹ വിക്ഷേപണ രംഗത്തെ ഇന്ത്യയുടെ വളർച്ചയാണ് ഒന്നിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ വ്യക്തമാക്കുന്നതെന്ന് ഐഎസ്ആർഒയുടെ വാണിജ്യ സ്ഥാപനമായ ആൻട്രിക്സ് സി.എം.ഡി രാകേഷ് ശശിഭൂഷൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP