Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലണ്ടൻ മേയറുടെ അധികാരങ്ങളോടെ ബർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളിലെയും സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടൻ മറ്റൊരു മേയറെ തെരഞ്ഞെടുക്കുന്നു; അരിവാൾ ചുറ്റികയിൽ മത്സരിക്കുന്ന കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയെ കണ്ടു ആവേശം കയറി യുകെയിലെ സിപിഎമ്മുകാർ; ചൂടില്ലാത്ത പ്രചരണത്തിന് ചൂടു പിടിപ്പിക്കാൻ മലയാളികളും

ലണ്ടൻ മേയറുടെ അധികാരങ്ങളോടെ ബർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളിലെയും സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടൻ മറ്റൊരു മേയറെ തെരഞ്ഞെടുക്കുന്നു; അരിവാൾ ചുറ്റികയിൽ മത്സരിക്കുന്ന കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയെ കണ്ടു ആവേശം കയറി യുകെയിലെ സിപിഎമ്മുകാർ; ചൂടില്ലാത്ത പ്രചരണത്തിന് ചൂടു പിടിപ്പിക്കാൻ മലയാളികളും

കെ ആർ ഷൈജുമോൻ

ലണ്ടൻ: ലോകത്തെ വൻകിട നഗരങ്ങൾക്കെല്ലാം മേയർമാരുണ്ട്. അവർക്കാണ് ആ രാജ്യത്തെ പ്രധാനമന്ത്രിയേക്കാളും പ്രസിഡന്റിനേക്കാളും ഒക്കെ ആ സ്ഥലത്തെ പ്രധാന തീരുമാനങ്ങളിൽ പങ്കുണ്ടാവും. ഉദാഹരണത്തിന് ഒളിംപിക്സ് ഒരു നഗരത്തിൽ നടന്നെന്നു വരിക. അവിടെ സ്റ്റേജിൽ സ്ഥാനം കിട്ടുന്ന ഏക വ്യക്തി മേയറായിരിക്കും. പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ ഓഡിയൻസായി ഇരിക്കുമ്പോൾ ആയിരിക്കും ഇത്.

ഇത്തരം അധികാരങ്ങൾ ഏറെയുള്ള ഒരു മേയർ പദവിയാണ് ലണ്ടനിലുള്ളത്. പാക്കിസ്ഥാനിൽ ബസ് ഡ്രൈവറുടെ മകനായി ജനിച്ച സാദിഖ് ഖാൻ ലണ്ടൻ മേയറായ വാർത്ത എല്ലാവരും വായിച്ചതാണ്. ബ്രിട്ടണിൽ പക്ഷെ മേയർക്ക് പഞ്ഞമില്ല. ഓരോ ചെറിയ ടൗണിലും അവിടെ മേയറുമാരുണ്ട്. ലണ്ടൻ മേയറുടെ കീഴിൽ തന്നെ ഏതാണ്ട് 80 ബ്രോ കൗൺസിൽ മേയർമാർ വേറെയുണ്ട്. ലണ്ടനിൽ തന്നെ മറ്റൊരു പേരിൽ വേറൊരു മേയർ കൂടിയുണ്ട്. എന്നാൽ ലണ്ടൻ മേയറുടെ അധികാരങ്ങളോടെ വേറൊരു മേയറെ കൂടി സൃഷ്ടിക്കുകയാണ് സർക്കാർ ഇപ്പോൾ. ബ്രിട്ടണിലെ രണ്ടാമത്തെ നഗരമായ ബർമിങ്ഹാമും മറ്റ് അയൽ പ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് വെസ്റ്റ് മിഡ്ലാന്റ്സ് മേയറെ തെരഞ്ഞെടുക്കുന്നത്.

ബ്രിട്ടനിലെ ഒരു പ്രധാന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ അരിവാൾ ചുറ്റിക ചിഹ്‌നം കണ്ടാലോ? വിഡ്ഢിത്തം പറയാതെ എന്ന് പറയാൻ വരട്ടെ, അത് സംഭവിച്ചിരിക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. അടുത്ത മാസം നാലിന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി ചിഹ്നം കാണുവാൻ ഉള്ള ഭാഗ്യം ലഭിച്ചതിൽ സന്തോഷിക്കുകയാണ് വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ മലയാളി സഖാക്കൾ. ആദ്യമായി നടക്കുന്ന വെസ്റ്റ് മിഡ്‌ലാന്റ്‌സ് മേയർ തിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ ഒന്നും ഇല്ലെങ്കിൽ പോലും ശക്തമായ ഒരു വോട്ടു ബാങ്ക് ആയി തീരുവാൻ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിക്ക് വേണ്ടി പരമാവധി വോട്ടുകൾ സമാഹരികുവാൻ ഉള്ള ശ്രമത്തിലാണ് മലയാളി സമൂഹം, പ്രത്യേകിച്ചും ഇടതു ചിന്താഗതിയുള്ളവർ.

അതിനിടെ ഏറെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് മെയ് നാലിന് എന്നതിനാൽ മത്സര രംഗത്തുള്ള മുഴുവൻ സ്ഥനാർത്ഥികളും സജീവ പ്രചാരണത്തിലാണ്. ഒട്ടും പ്രതീക്ഷയില്ലാത്തതിനാലാകും ഇടതു പക്ഷ സ്ഥാനാർത്ഥിയുടെ സാന്നിധ്യം പോലും അവഗണിച്ച മട്ടിലാണ് മാധ്യമ പ്രചാരണം. വിവിധ പ്രവചന സർവേകൾ നടന്നതിൽ കൺസർവറ്റിവ് സ്ഥാനാർത്ഥി ആന്റി സ്ട്രീറ്റ് മുന്നിൽ ആണെന്നും എന്നാൽ ലേബർ സ്ഥാനാർത്ഥി സിയോൺ സൈമൺ ആകും വിജയിച്ചു കയറുക എന്നും സൂചനയുണ്ട്. എന്നാൽ പ്രധാന എതിരാളികൾ എല്ലാവരും തന്നെ ബർമിങ്ഹാമിൽ നിർണ്ണായക സ്വാധീനം ഉള്ളവർ ആണെന്നത് ഒരു വ്യക്തമായ പ്രവചനം അസാധ്യമാക്കുകയാണ്. പ്രധാന എതിരാളികളായ കൺസർവേറ്റിവിലെ ആന്റി സ്ട്രീറ്റും ലേബറിന്റെ സിയോനും ബർമിങ്ഹാമിൽ രാഷ്ട്രീയം കളിച്ചും ഓക്‌സ്‌ഫോർഡിൽ പഠിച്ചും വന്നവരാണെന്നതാണ് പ്രത്യേകത. വൻ കോർപറേറ്റ് രംഗത്ത് ഏറെ വർഷം പ്രവർത്തിച്ചു പരിചയമുള്ള ആന്റി ആറക്ക ശമ്പളം വലിച്ചെറിഞ്ഞാണ് ഗ്രെറ്റർ ബർമിങ്ഹാമിന്റെ മേയർ ആകാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്.

വമ്പൻ ബിസിനസ് സ്ഥാപനങ്ങളെ ബർമിങ്ഹാമിൽ എത്തിക്കുക എന്നതാണ് ആൻഡിയുടെ പ്രധാന ലക്ഷ്യം. എന്നാൽ മുഴുസമയ രാഷ്ട്രീയം തന്നെയാണ് ലേബറിന്റെ സിയോൺ ഇതുവരെ ചെയ്തിട്ടുള്ളത്. മുൻ എംപിയും ജൂനിയർ മന്ത്രിയും ആയിരുന്നു എന്നതൊക്കെയാണ് സിയോണിന്റെ പ്രചാരണത്തിൽ നിറഞ്ഞു നിൽക്കുന്നത്. ടോണി ബ്ലായറിനൊപ്പവും ഗോർഡൻ ബ്രൗണിനൊപ്പം പ്രവർത്തിച്ചിട്ടുള്ള സിയോൺ ഡെയിലി ടെലിഗ്രാഫിൽ പ്രമുഖ കോളം എഴുത്തുകാരൻ കൂടിയായിരുന്നു. ലണ്ടൻ മേയറെപ്പോലെ ഏറെ അധികാരവും പ്രൗഢിയും ഉണ്ടാകുന്ന വിധമാണ് ബർമിങ്ഹാം, വൂൾവർഹാംപ്ടൺ, കവൻട്രി എന്നീ പ്രദേശങ്ങൾ ചേർത്ത് വെസ്റ്റ് മിഡ്‌ലാന്റ്‌സ് മേയറുടെ അധികാരത്തിന് കീഴിൽ എത്തുന്നത്. രാജ്യത്തെ രണ്ടാമത്തെ വൻ നഗരം ആയിട്ടും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെടുന്ന വളർച്ച ഈ പ്രദേശത്തിന് ഉണ്ടായില്ല എന്ന ചിന്തയിലാണ് വിവിധ പ്രാദേശിക കൗൺസിലുകളെ ഒന്നിപ്പിക്കുന്ന വെസ്റ്റ് മിഡ്‌ലാന്റ്‌സ് രൂപം കൊണ്ടിരിക്കുന്നത്. നഗരം സന്ദർശിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ഇരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നഗരവും ചുറ്റുപാടും 13. 5% സാമ്പത്തിക വളർച്ചയാണ് സ്വന്തമാക്കിയത്. നഗര സിരാ കേന്ദ്രത്തിൽ തന്നെ 10000 പുതിയ വീടുകൾ കൂടി തയാറാകുന്നു. ബർമിങ്ഹാം കൂടുതലായി രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നത് തന്നെയാണ് വിലയിരുത്തൽ. ഇങ്ങനെ എണ്ണിയെണ്ണി പറയാൻ ഒട്ടേറെ നേട്ടങ്ങൾ മുന്നിൽ നിൽക്കെ കടന്നെത്തുന്ന മേയർ തിരഞ്ഞെടുപ്പിലൂടെ വിജയിച്ചു കയറുന്ന ആൾക്ക് ഒട്ടേറെ ചുമതലാകളും ഭരണപരമായ കർത്യവ്യങ്ങളുമാണ് കാത്തിരിക്കുന്നത്. മാത്രമല്ല, രാജ്യത്ത് ഈ പ്രദേശത്തിന്റെ മൊത്തം അംബാസിഡർ പദവിയും പുതിയ വെസ്റ്റ് മിഡ്‌ലാന്റ്‌സ് മേയറെ തേടിയെത്തുകയാണ്.

ലണ്ടൻ മേയറുടെ ഭരണപരമായ അധികാരവും ചുമതലയും പോലെ തന്നെയുള്ള ഒരു സംവിധാനമാണ് വെസ്റ്റ് മിഡ്‌ലാന്റ്‌സ് മേയർ തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതും. എന്നാൽ ലോകത്തെ പല പ്രധാന നഗരങ്ങളെയും പിന്നിലാക്കി ബർമിങ്ഹാം മികച്ച സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കടന്നു വരുന്നത്. ഈ വർഷം പുറത്തു വന്ന മെർസാർ ക്വാളിറ്റി ലിവിങ് പട്ടികയിൽ റോം, ലോസ് അഞ്ചേഴ്‌സ്, മിയാമി, ദുബായ് എന്നിവയെക്കാൾ മുകളിലാണ് ബർമിങ്ഹാമിന്റെ സ്ഥാനം, എന്നാൽ രണ്ടു വർഷം മുൻപ് ചാനൽ ഫോർ പുറത്തു വിട്ട ബെനഫിറ്റ് സ്ട്രീറ്റ് പരമ്പരയും ബ്രിട്ടന്റെ ജിഹാദി തലസ്ഥാനം എന്ന ദുഷ്‌പ്പേരും ബർമിങ്ഹാമിനെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.

മാത്രമല്ല, നഗര സിരാകേന്ദ്രം വിട്ടാൽ ബർമിങ്ഹാമിന്റെ പ്രാന്ത പ്രദേശങ്ങൾ ഏറെ വികസനം ആവശ്യമുള്ള സ്ഥലങ്ങൾ കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനവും ഇവിടെ പ്രധാനമാണ്. ഇത്തരം വെല്ലുവിളികളും മേയറുടെ ചുമലിൽ എത്തും. പുതിയ മേയറുടെ കണ്ണ് ബർമിങ്ഹാമിനൊപ്പം വൂൾവർഹാംപ്ടൺ, സോലിഹാൾ, ഡെഡ്‌ലി, കവൻട്രി, വാൽസാൽ, വെസ്റ്റ് ബ്രോംവിച് എന്നീ ഏരിയകളിൽ കൂടി എത്തണം എന്നതും പ്രധാനമാണ്. നിലവിലെ കൗൺസിലുകളക്ക് ചെയ്യാൻ കഴിയുന്നതിൽ എന്ത് കൂടുതൽ പുതുതായി വരുന്ന മേയറുടെ ഓഫീസിന് ചെയ്യാൻ കഴിയും എന്നതാണ് ഗൗരവം അർഹിക്കുന്ന ചോദ്യം.

മലയാളികൾ ഏറെയും തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടു ചെയ്തു കഴിഞ്ഞതിനാൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ സാന്നിധ്യം വോട്ടർമാരെ അറിയിക്കാൻ ഉള്ള ശ്രമമാകും മലയാളികൾ നയിക്കുന്ന ഇടതു പക്ഷ സംഘടനയായ സമീക്ഷ ഏറ്റെടുക്കുകയെന്നു പ്രസിഡന്റ് രാജേഷ് ചെറിയാനും ജോയിന്റ് സെക്രട്ടറി സ്വപ്ന പ്രവീണും അറിയിച്ചു. അതിനായി ബർമിങ്ഹാമിൽ ഏറ്റവും അധികം ആളുകൾ തടിച്ചു കൂടുന്ന പ്രധാന പരിപാടിയായ ഹാൻസ്വർത്തിലെ വൈശാഖി ആഘോഷ വേളയ്‌ക്കെത്തുന്ന ഒരു ലക്ഷം പേരിലേക്ക് വെസ്റ്റ് മിഡ്‌ലാന്റ്‌സ് മേയർ തിരഞ്ഞെടുപ്പ സന്ദേശം എത്തിക്കാനും കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയുടെ സാന്നിധ്യം അറിയിക്കാനും ഉള്ള ശ്രമാണ് സമീക്ഷ ഏറ്റെടുക്കുന്നത്.

മലയാളികളെ ലക്ഷ്യമിട്ടു മലയാളത്തിൽ ഉള്ള ലഘു ലേഖകളും തയ്യാറാക്കിയിട്ടുണ്ട്. വൈശാഖി മേളയ്‌ക്കെത്തുന്നവരിൽ മുഴുവൻ തന്നെ ഇന്ത്യൻ വംശജർ ആയതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പറ്റിയ ഏറ്റവും മികച്ച വേദിയും ഇത് തന്നെ ആണെന്ന് സംഘടനാ വിലയിരുത്തുന്നു. ഏറ്റവും ചുരുങ്ങിയത് 3000 വോട്ടെങ്കിലും ഇടതു സ്ഥാനാർത്ഥിക്കായി കണ്ടെത്താൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും രാജേഷ് ചെറിയാൻ സൂചിപ്പിച്ചു. വിജയം എന്നതിലുപരി ഇടതു ആശയങ്ങൾ കൂടുതൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യം ബ്രിട്ടനിലും യാഥാർഥ്യമാകുന്നു എന്ന് കൂടുതൽ പേരെ ബോധ്യപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് സ്വപ്നയും വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP