Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠിക്കുന്ന കാലത്ത് പഞ്ചപാവം; സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനത്തിനും വഴിയില്ലാതായി; ഫീസടച്ചിരുന്നത് അദ്ധ്യാപകരും; കുട്ടിയെ തട്ടിക്കൊണ്ടു പോയ ബീനയുടെ ദുഃസ്ഥിതിയിൽ ഞെട്ടി മുൻ അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പഠിക്കുന്ന കാലത്ത് പഞ്ചപാവം; സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനത്തിനും വഴിയില്ലാതായി; ഫീസടച്ചിരുന്നത് അദ്ധ്യാപകരും; കുട്ടിയെ തട്ടിക്കൊണ്ടു പോയ ബീനയുടെ ദുഃസ്ഥിതിയിൽ ഞെട്ടി മുൻ അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി വി. കോട്ടയം പാറയിരിക്കുന്നതിൽ ഓമനയുടെ മകൾ എസ്. ബീന പഠിക്കുന്ന കാലത്ത് പഞ്ചപാവമായിരുന്നുവെന്ന് അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അവളുടെ ഇന്നത്തെ സ്ഥിതിയിൽ ദുഃഖമുണ്ടെന്ന് അറിയിച്ചു കൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കുന്നത് പത്തനംതിട്ട പ്രതിഭാ കോളജ് അദ്ധ്യാപകൻ അശോക് കുമാറാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: ''ആരും പറയാൻ മടിക്കുന്ന ഒരു സത്യം ഇവിടെ അറിയിക്കുന്നു.

കഴിഞ്ഞ ദിവസം കേരളം മുഴുവൻ ചർച്ച ചെയ്ത കുട്ടിയെ തട്ടിക്കൊണ്ടുപോകൽ നടത്തിയ ബീന 2002-04 ബാച്ചിൽ പത്തനംതിട്ട പ്രതിഭാ കോളജിൽ ബിഎ ഹിസ്റ്ററി ക്ലാസിൽ പഠിച്ചിരുന്നു. ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് അംഗം എംജി കണ്ണനും അതേ ക്ലാസിലാണ് പഠിച്ചിരുന്നത്. എപ്പോഴും ചിരിക്കുന്ന ബീനയുടെ മുഖം പഠിപ്പിച്ച അദ്ധ്യാപകർക്കും സഹപാഠികൾക്കും മറക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ഫീസ് അടയ്ക്കാൻ പോലും നിവൃത്തിയില്ലാതിരുന്ന സാമൂഹിക ചുറ്റുപാടിൽ ജീവിച്ചിരുന്ന ഈ കുട്ടിയുടെ ഇന്നത്തെ ദുഃസ്ഥിതിയിൽ ഏറെ ദുഃഖിക്കുന്നു.''

ബിഎ പാസായ ശേഷം ഇതേ കോളജിൽ ബീന എംഎക്ക് ചേർന്നു. പക്ഷേ, വിജയിക്കാൻ കഴിഞ്ഞില്ല. പഠനത്തിൽ അത്ര മിടുക്കിയൊന്നുമായിരുന്നില്ല ബീന. എപ്പോഴും ചിരിക്കുന്ന പെൺകുട്ടി എന്നതായിരുന്നു അവളുടെ പ്ലസ് പോയിന്റ്. പരീക്ഷയ്ക്ക് ഫീസടയ്ക്കാനില്ലാതെ മുന്നിൽനിന്നു കരയുമ്പോൾ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി അത് അടച്ചിരുന്നത് അശോക് കുമാർ എന്ന അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ ദിവസം ബീനയുടെ പടം പത്രങ്ങളിൽ കണ്ടത് തന്നെ ഞെട്ടിച്ചുവെന്നും അശോക് കുമാർ പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് റാന്നി അങ്ങാടി ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്തംഗം എംജി കണ്ണനുമുള്ളത്.

പഠനത്തിനു ശേഷം ഒരു തവണ മാത്രമാണ് ബീനയെ കണ്ടതെന്ന് കണ്ണൻ പറഞ്ഞു. അത് എട്ടുവർഷം മുമ്പായിരുന്നു. വിവാഹം കഴിച്ചതും ദാമ്പത്യം തകർന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ അന്ന് തന്നോടു പറഞ്ഞിരുന്നതായി കണ്ണൻ ഓർക്കുന്നു. കൊല്ലം തെക്കുംഭാഗം അമയനല്ലൂർ സ്വദേശി രവിയെ ആണ് ബീന ആദ്യം വിവാഹം കഴിച്ചത്. രണ്ടു വർഷം മാത്രമാണ് ഭർത്താവുമൊന്നിച്ച് കഴിഞ്ഞത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് നടന്നു വരികയാണ്. 2015 ൽ തെങ്ങിൽനിന്നു വീണ് പരുക്കേറ്റ പിതാവിനെ ശുശ്രൂഷിക്കാൻ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ ബീന അവിടെ വച്ച് അനീഷുമായി പരിചയപ്പെട്ടു.

2015 ജൂണിൽ വെച്ചൂച്ചിറ കുന്നം ക്ഷേത്രത്തിൽ വച്ച് ഇരുവരും മാല ചാർത്തി. വിവാഹിതരായ വിവരം ഇരുവരും വീടുകളിൽ അറിയിച്ചില്ല. വിവാഹശേഷം അനീഷ് ഒരാഴ്ച സ്വന്തം വീട്ടിൽ കഴിഞ്ഞു. പിന്നീട് തൊട്ടടുത്ത് വാടക വീട് എടുത്ത് അവിടേക്ക് താമസം മാറി. ഇതിനിടെ ബീന ഗർഭിണിയായെങ്കിലും അത് അലസിപ്പോയി. ഇത് അനീഷിൽ കടുത്ത മനോവേദന ഉളവാക്കി. ഇയാൾ മദ്യത്തിന് അടിമയായി മാറി. കഴിഞ്ഞ ഏപ്രിലിൽ ബീന വീണ്ടും ഗർഭിണിയായി.

നാലു മാസം കഴിഞ്ഞപ്പോൾ ഇതും അലസിപ്പോയി. ഈ വിവരം അനീഷിൽ നിന്ന് മറച്ചു വച്ചു. ആറു മാസത്തിനു ശേഷം തനിക്ക് പ്രസവസമയം അടുത്തെന്നും തന്റെ വീട്ടിൽ കൊണ്ടു വിടണമെന്നും ബീന ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം അനീഷ് അവളെ കോട്ടയത്തെ വീട്ടിലാക്കി. ഒരു കുഞ്ഞിനെ വളർത്താൻ ലഭിച്ചില്ലെങ്കിൽ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും രക്ഷിക്കാൻ കഴിയില്ലെന്ന തോന്നലിലാണ് കുട്ടിയെ തട്ടിയെടുത്തത്.

അതേസമയം, ബീനയുടെ രണ്ടാം ഭർത്താവ് അനീഷിന്റെ ക്രിമിനൽ പശ്ചാത്തലവും കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ ഇയാൾക്കുള്ള പങ്കും പൊലീസ് അന്വേഷിക്കാതെ വിട്ടു. ഏറെ നാൾ ഇയാൾ കൊച്ചിയിൽ ക്വട്ടേഷൻ സംഘത്തിൽ പ്രവർത്തിച്ചിരുന്നു. ഈ വിവരം അറിഞ്ഞിട്ടും പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP