Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാവപ്പെട്ട കാൻസർ രോഗികളുടെ മുത്താണ് ഈ മണി; നിർദ്ധനരായ കാൻസർ രോഗികൾക്കായി പാടി പണം കണ്ടെത്തുന്ന വനിതാ എഞ്ചിനീയർ എറണാകുളത്തുകാർക്ക് കൗതുകമാവുന്നു

പാവപ്പെട്ട കാൻസർ രോഗികളുടെ മുത്താണ് ഈ മണി; നിർദ്ധനരായ കാൻസർ രോഗികൾക്കായി പാടി പണം കണ്ടെത്തുന്ന വനിതാ എഞ്ചിനീയർ എറണാകുളത്തുകാർക്ക് കൗതുകമാവുന്നു

റണാകുളത്തെ തെരുവുകൾക്ക് സുപരിചിതയാണ് ടി.കെ മണി എന്ന ഗായികയെ. ഉച്ച തിരിഞ്ഞാൽ ആൾക്കൂട്ടം നിറഞ്ഞ തെരുവിലേക്ക് മണി എത്തും മനോഹരങ്ങളായ പാട്ടുമായി. ജനക്കൂട്ടം ആസ്വദിച്ച് നിൽക്കുന്തോറും മണിയുടെ ഗാനമേളയും നീളും. വാടകയ്‌ക്കെടുത്ത വാഹനത്തിൽ എത്തി ഒറ്റയ്ക്കാണ് ഈ വനിതായ എഞ്ചിനീയറുടെ ഗാനമേള.

മണി പാടുന്നത് സ്വന്തം വീടിന്റെ പട്ടിണി മാറ്റാനല്ല. മറിച്ച് കാൻസർ പിടിപ്പെട്ട പാവങ്ങൾക്ക് തുണയാകാനാണ്. പാവപ്പെട്ട രോഗികൾ കാൻസർ ചികിത്സയ്ക്കായി പണത്തിന് നെട്ടോട്ടമോടുമ്പോൾ അവർക്ക് മുമ്പിൽ ദൈവദൂതയെ പോലെ മണി എത്തും. ഗാനമേളയിൽ നിന്നും കിട്ടിയ പണവുമായി. എറണാകുളത്ത് സ്വന്തമായി ചെറിയ കെട്ടിട നിർമ്മാണ സ്ഥാപനം നടത്തുകയാണ് ടി.കെ മണി എന്ന എഞ്ചിനീയർ.

തന്നാൽ കഴിയുന്നത്രയും കാലം കാൻസർ രോഗവുമായി നെട്ടോട്ടമോടുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാനാണ് മണിയുടെ തീരുമാനം. കാൻസറിന് ഇരയായി സ്വന്തം ജ്യേഷ്ഠന് കിടപ്പാടം പോലും വിൽക്കേണ്ട അവസ്ഥ കണ്ടാണ് ഇത്തരം ഒരു ഉദ്യമത്തിന് മണി ഇറങ്ങിപ്പുറപ്പെട്ടത്. കാൻസർ ബാധിച്ച ജ്യേഷ്ഠന്റെ ഭാര്യയുടെ ചികിത്സയ്ക്കായി സ്വന്തം കിടപ്പാടം തന്നെ വിൽക്കേണ്ടി വന്നു മണിയുടെ ചേട്ടന്.

16 വർഷം കഴിഞ്ഞിട്ടും ചേട്ടനും കുടുംബവും വാടക വീട്ടിലാണ് താമസം. കാൻസർ വന്നാൽ സാധാരണക്കാരുടെ അവസ്ഥ ഇതാണെങ്കിൽ കിടപ്പാടം വിൽക്കാൻപോലുമില്ലാത്തവരുടെ അവസ്ഥ എന്തായിരിക്കുമെന്നത് മണിയെ ഇരുത്തി ചിന്തിപ്പിച്ചു. ഇതോടെയാണ് പാവപ്പെട്ട രോഗികളെ എങ്ങിനെ എങ്കിലും സഹായിക്കണമെന്ന ചിന്ത മണിയുടെ മനസ്സിൽ ഉദിക്കുന്നത്. അതിന് തിരഞ്ഞെടുത്തതാവട്ടെ ദൈവം അനുഗ്രഹിച്ചു തന്ന പാടാനുള്ള തന്റെ കഴിവിനെയും.

സ്വന്തം കുടുംബക്കാര്യം കൂടി മാറ്റിവച്ചാണ് ഈ യുവതി പാട്ടുമായി തെരുവ് തോറും എത്തുന്നത്. കാണുന്നവർക്കാകട്ടെ മണിയൊരു പുതുമയും ആണ്. മനോഹരമായ മണിയുടെ പാട്ടിന് ആസ്വാദകർ ഏറെയും. നിർമ്മാണ മേഖലയിലെ തൊഴിലായതിനാൽ ഉച്ചയോടെ തിരക്ക് കഴിയും. 3 മണി മുതൽ രാത്രി 8 വരെയാണ് പാടുക. പഠിക്കുന്ന സമയത്ത് മത്സരങ്ങളിൽ പങ്കെടുത്ത് നേടിയ സമ്മാനങ്ങളാണ് മണിക്ക് ആത്മവിശ്വാസം പകർന്നത്. മലയാള ചലച്ചിത്രഗാനങ്ങളുടെ സുവർണ കാലമായിരുന്ന 70കളിലെയും 80കളിലെയും ഗാനങ്ങളാണ് പാടുന്നവയിൽ ഏറെയും.

വാഹനവും ജനറേറ്ററും മൈക്ക് സെറ്റുമായി നഗരത്തിലെ ഏതെങ്കിലും നാൽക്കവലയിൽ മണി എത്തും. ജനങ്ങൾ കൂട്ടമായി എത്തുമ്പോൾ ഗാനമേള ആരംഭിക്കും. ഇതിനിടയിൽ സഹായ അഭ്യർത്ഥനയും നടത്തും. ഇതോടെ വാഹനത്തിന് മുന്നിൽ വയ്ക്കുന്ന ബക്കറ്റിൽ നാണയവും കറൻസികളും വീണ് തുടങ്ങും. പണത്തിന്റെ ഒഴുക്കിനനുസരിച്ച് ഗാനമേളയുടെ ദൈർഘ്യവും നീളും. ഗാനമേള അവസാനിച്ച ശേഷം ബക്കറ്റിലെ തുക എണ്ണി തിട്ടപ്പെടുത്തും. വണ്ടിയുടെയും മറ്റും വാടക നൽകിയശേഷം ബാക്കി വരുന്ന തുക സഹായിക്കുന്ന കാൻസർ രോഗികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് പതിവ്.

വലിയ സമ്പാദ്യമൊന്നും ഇല്ലാത്തതിനാലാണ് തെരുവുകളിൽ പാടി പണം കണ്ടെത്താൻ തീരുമാനിച്ചതെന്ന് മണി പറയുന്നു.ഒരു കാൻസർ രോഗിയെ സഹായിക്കുമ്പോൾ വിവരിക്കാനാവാത്ത മാനസിക സംതൃപ്തിയാണ് ലഭിക്കുന്നത്. പാടാൻ കഴിയുന്നിടത്തോളം ഈ നില തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് മണി പറഞ്ഞു. തൃശൂർ ജില്ലയിലെ ഒല്ലൂർ അവണിശേരി സ്വദേശിയാണ് . ഭർത്താവിനോടൊത്ത് എറണാകുളം വടുതല ജെ.എം ഗാർഡൻസിലാണ് താമസം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP