Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈ സിറ്റി കൗൺസിലർ യാക്കോബ് മേമനു ഒടുവിൽ ആശ്വാസമായി; ഇനി കുപ്രസിദ്ധ കുറ്റവാളിയെന്ന് പറഞ്ഞ് ആരും തടഞ്ഞുവയ്ക്കില്ല; മേമന്റെ വധശിക്ഷ അപരന് സന്തോഷം പകരുന്നത് ഇങ്ങനെ

മുംബൈ സിറ്റി കൗൺസിലർ യാക്കോബ് മേമനു ഒടുവിൽ ആശ്വാസമായി; ഇനി കുപ്രസിദ്ധ കുറ്റവാളിയെന്ന് പറഞ്ഞ് ആരും തടഞ്ഞുവയ്ക്കില്ല; മേമന്റെ വധശിക്ഷ അപരന് സന്തോഷം പകരുന്നത് ഇങ്ങനെ

മുംബൈ: ഒരു പേരിൽ എന്തിരിക്കുന്ന കാര്യം? എന്ന് ചോദിച്ചാൽ ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. മുബൈയിൽ കൗൺസിലറായ യാക്കോബ് മേമൻ അനുഭവിച്ചത് ചില്ലറയല്ല. മുംബൈ സ്‌ഫോടനക്കേസിലെ പ്രതി താനല്ലെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. ചിലർ സംശയത്തോടെ കണ്ടു. ഒടുവിൽ യഥാർത്ഥ പ്രതി അറസ്റ്റിലായി. അപ്പോഴാണ് ആശ്വാസമെത്തിയത്. ഇപ്പോൾ കുറ്റവാളിയെ മരണ ശിക്ഷയ്ക്കും വിധേയനാക്കി. ഇപ്പോൾ യാക്കോബ് മേമൻ സന്തോഷവാനാണ്.

അന്വേഷണങ്ങൾ, സംശയങ്ങൾ എല്ലാം കൗൺസിലറായ യാക്കൂബ് മേമന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എങ്കിലും മേമന് പരാതിയില്ല. ഒരിക്കലും പേര് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് യാക്കൂബ് മേമൻ പറയുന്നു. തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിച്ചത് ഈ പേരിലാണ്. താൻ സ്‌ഫോടനക്കേസ് പ്രതിയല്ല, വെറുമൊരു അപരനാണെന്ന് വിശദീകരിക്കേണ്ട കാലം കഴിഞ്ഞെന്ന് ഇനി ഇദ്ദേഹത്തിന് അറിയാം. പൊതു പ്രവർത്തനവുമായി മുന്നോട്ട് നീങ്ങാൻ തന്നെയാണ് തീരുമാനം. 

1993ൽ മുംബൈയെ നടുക്കിയ സ്‌ഫോടന പരമ്പരകൾക്ക് ശേഷം യഥാർത്ഥ കുറ്റവാളിയായ യാക്കൂബ് മേമൻ ദുബൈയിലേക്ക് പോയി. അങ്ങനെയാണ് അപരനായ യാക്കൂബ് ശ്രദ്ധേകേന്ദ്രമായത്. സ്‌ഫോടനക്കേസ് പ്രതി യാക്കോബ് മേമനാണെന്ന് പറഞ്ഞ് പത്രവാർത്തകളെത്തി. ഇതിലൊന്നും യഥാർത്ഥ പ്രതിയുടെ ചിത്രമില്ലായിരുന്നു. ഇതോടെ മറ്റൊരു യാക്കോബ് മേമൻ കുടുങ്ങി. അപ്പോൾ ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യത്തിന് തൊട്ടടുത്തുള്ള ഭേന്ദി ബസാറിന് സുപരിചിതനായ യാക്കൂബ് മേമൻ ഇതോടെ പ്രതിസന്ധിയിലായി. സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട യാക്കൂബ് മേമൻ താനല്ല എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുന്ന തിരക്കിലായിരുന്നു ആ സമയത്ത് യാക്കൂബ് മേമൻ എന്ന കൗൺസിലർ.

കഴിഞ്ഞ 22 വർഷമായി മേമൻ കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ പുറത്തിറങ്ങാറില്ല. കാരണം പേരെന്താണെന്ന് പറയുന്ന നിമിഷം മുതൽ സംശയത്തിന്റെ കണ്ണുകൾ മേമനെ പിന്തുടരാറുണ്ടായിരുന്നു. ആരും എവിടേയും തടഞ്ഞു വയ്ക്കപ്പെടാവുന്ന അവസ്ഥ. ഇതിനെല്ലാം ഇനി പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ഭേന്ദി ബസാറിന് പരിചിതനായ ഈ യാക്കൂബ് മേമന് താൻ സ്‌ഫോടന കേസിൽ ഉൾപ്പെട്ട യാക്കൂബ് മേമൻ അല്ല എന്ന് ഇപ്പോഴും വിശദീകരിക്കേണ്ടിവരാറുണ്ട്. ആ യാക്കൂബ് മേമൻ ഇപ്പോഴും പ്രാദേശിക നേതാവായി തുടരുന്നു. സമാജ് വാദി പാർട്ടി ടിക്കറ്റിലാണ് യാക്കൂബ് മേമൻ കൗൺസിലറായി മത്സരിച്ച് വിജയിച്ചത്.

1992ലെ മുംബൈ കലാപത്തിനും 93ലെ സ്‌ഫോടന പരമ്പരയ്ക്കും ശേഷം നഗരം ആശങ്കയുടെ മുൾമുനയിലായിരുന്നു. യാക്കൂബ് മേമൻ ഇന്ത്യ വിട്ടെന്ന വാർത്ത തലക്കെട്ടുകളിൽ നിറഞ്ഞു. പക്ഷേ വാർത്തയ്‌ക്കൊപ്പം മേമന്റെ ഫോട്ടോ ഇല്ലായിരുന്നു. ഇതോടെ അപരനായ യാക്കൂബ് മേമൻ വെട്ടിലായി. അന്ന് കൗൺസിലറായിരുന്നു. പേരിലെ സാമ്യത്തിന്റെ പേരിൽ പലരും സംശയിച്ചു. വൈകാതെ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഭേന്ദി ബസാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മേമനെ തേടി വരാൻ തുടങ്ങി. പേടിക്കേണ്ടതില്ലെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തി ആ ദിവസങ്ങളിൽ യാക്കൂബ് മേമൻ ഭേന്ദി ബസാറിലൂടെ നടന്നു.

പത്രവാർത്തകളിൽ നിറഞ്ഞ യാക്കൂബ് മേമൻ താൻ അല്ല, ടൈഗർ മേമന്റെ സഹോദരൻ യാക്കൂബ് ആണെന്ന് വോട്ടർമാരെ പറഞ്ഞുമനസ്സിലാക്കി. ആദ്യം മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായാണ് മേമൻ ബിഎംസിയിലേക്ക് മത്സരിച്ചത്. പിന്നീട് സമാജ് വാദി പാർട്ടി ടിക്കറ്റിലും. ഏതായാലും ഇപ്പോഴും അദ്ദേഹം കൗൺസിലറാണ്. ഭേന്ദി ബസാർ ഉൾപ്പെടുന്ന 220ാം നമ്പർ വാർഡിനെയാണ് ഇപ്പോൾ അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട ദിവസങ്ങളെ നാട്ടുകാരുടെ കൗൺസിലർ ഓർക്കുന്നത് ഇങ്ങനെയാണ്. 'പൊലീസ് എല്ലാവരെയും സംശയത്തോടെ നോക്കുന്ന ദിവസങ്ങൾ ആയിരുന്നു അത്. കലാപം നടന്ന നാളുകൾ ഞാൻ വ്യക്തമായി ഓർക്കുന്നു. തെരുവിൽ അക്രമാസക്തരായ നൂറു കണക്കിന് മനുഷ്യർ..അതിന് ശേഷമാണ് കനത്ത കർഫ്യു ഏർപ്പെടുത്തിയത്. കർഫ്യു ലംഘിച്ചതിന്റെ പേരിൽ പോലും മനുഷ്യർക്ക് നേരെ പൊലീസ് നിറയൊഴിച്ചു.

സ്‌ഫോടനം നടന്നതോടെ നഗരത്തെ സംഘർഷത്തിനൊപ്പം ആശങ്കയും വിഴുങ്ങി. ദക്ഷിണ മുംബൈയിലായിരുന്നു എന്റെ മണ്ഡലം. അങ്ങോട്ടുള്ള യാത്രയിൽ ദിവസവും എന്റെ കാർ തടഞ്ഞുനിർത്തപ്പെടും. പേര് പറഞ്ഞു കഴിഞ്ഞാൽ കാറിൽ നിന്ന് ഇറങ്ങാൻ പൊലീസ് ആവശ്യപ്പെടും. പിന്നെ കാറിൽ വിശദമായ പരിശോധന നടത്തും. ബിഎംസി തിരിച്ചറിയൽ കാർഡുമായാണ് എന്നും ഞാൻ പുറത്തിറങ്ങിയിരുന്നത്. മറ്റ് രാജ്യങ്ങിലേക്ക് പോകുമ്പോൾ പാസ്‌പോർട്ട് വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നതും പതിവായിരുന്നു' യാക്കൂബ് പറയുന്നു.

മുംബൈ കലാപം നടക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഈ കൗൺസിലറുടെ വിവാഹം. ഭർത്താവിന്റെ പേര് കാരണം താൻ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്ന് മേമന്റെ ഭാര്യ ഷഹനാസ് പറഞ്ഞു. അതേസമയം യാക്കൂബ് മേമൻ എന്ന പേര് വാർത്തകളിൽ വീണ്ടും നിറഞ്ഞപ്പോൾ മകൾ സബ മേമന് അത് തന്റെ അച്ഛനല്ലെന്ന് സുഹൃത്തുക്കളോട് വിശദീകരിക്കേണ്ടിവന്നു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP