Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂത്ത് കോൺഗ്രസ്സിന്റെ ദേശരക്ഷാ ബന്ധൻ രാഖി ഒരുങ്ങുന്നത് മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്നും; ഇതുവരെയായി 25,000 മൂവർണ്ണ രാഖി ഒരുക്കികഴിഞ്ഞു; പിണറായി പഞ്ചായത്തിൽ നിന്നും ദേശരക്ഷാ രാഖിക്ക് നിരവധി ഓർഡറുകൾ ലഭിച്ചു; കോൺഗ്രസ്സിന്റെ ആശയാദർശങ്ങൾ പരിപോഷിപ്പിക്കാനുള്ള പരിപാടിയിൽ അസ്വഭാവികമായി ഒന്നുമില്ലെന്ന് നേതാക്കൾ

യൂത്ത് കോൺഗ്രസ്സിന്റെ ദേശരക്ഷാ ബന്ധൻ രാഖി ഒരുങ്ങുന്നത് മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്നും;  ഇതുവരെയായി 25,000 മൂവർണ്ണ രാഖി ഒരുക്കികഴിഞ്ഞു; പിണറായി പഞ്ചായത്തിൽ നിന്നും ദേശരക്ഷാ രാഖിക്ക് നിരവധി ഓർഡറുകൾ ലഭിച്ചു; കോൺഗ്രസ്സിന്റെ ആശയാദർശങ്ങൾ പരിപോഷിപ്പിക്കാനുള്ള പരിപാടിയിൽ അസ്വഭാവികമായി ഒന്നുമില്ലെന്ന് നേതാക്കൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: യൂത്ത് കോൺഗ്രസ്സിന്റെ ദേശരക്ഷാ ബന്ധൻ രാഖി ഒരുങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ നിന്നും. ഇതുവരെയായി 25,000 മൂവർണ്ണ രാഖി ഒരുങ്ങിക്കഴിഞ്ഞു. കടമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയാണ് ദേശസ്നേഹവും മതേതരത്വവും ഉൾക്കൊള്ളുന്ന ആശയ പ്രചരണത്തിന് വേണ്ടി രാഖിയുമായി രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ്സ് ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ തലയിൽ പോലും ഉദിക്കാത്ത ഇത്തരമാരു ആശയം ഇപ്പോൾ പ്രവർത്തകർ ഏറ്റെടുത്തിരിക്കയാണ്.

കടമ്പൂർ മണ്ഡലം വിട്ട് മറ്റ് മണ്ഡലം കമ്മിറ്റികളും ത്രിവർണ്ണ രാഖിയുടെ പ്രചാരകരായി മാറുകയാണ്. വരുന്ന ഓഗസ്റ്റ് 15 മുതൽ 22 വരെ ഒരാഴ്ചക്കാലം ദേശ സ്നേഹവും മതസൗഹാർദ്ദവും ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രചാരണമാണ് കടമ്പൂരിലെ യൂത്ത് കോൺഗ്രസ്സുകാർ നടപ്പാക്കുക. തത്വത്തിൽ ഒരു പ്രാദേശിക ഘടകം തുടങ്ങിവെച്ച പരിപാടിയെ നേതൃത്വം അംഗീകരിച്ചു കഴിഞ്ഞിട്ടില്ല. എന്നാൽ കോൺഗ്രസ്സിന്റെ ആശയാദർശങ്ങൾ പരിപോഷിപ്പിക്കാനുള്ള ഈ പരിപാടി നടത്തുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കടമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ. റിജിൻ രാജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ആർ.എസ്. എസും ബിജെപി.യും വർഗ്ഗീയത വളർത്താൻ കാവി രാഖി പ്രചരിപ്പിക്കുമ്പോൾ വർഗ്ഗീയതക്കെതിരെ ദേശരക്ഷാ ബന്ധനവുമായാണ് യൂത്ത് കോൺഗ്രസ്സിന്റെ പുറപ്പാട്. കോൺഗ്രസ്സ് പതാകയുടെ മൂവർണ്ണ നിറത്തിലുള്ള നൂലുകൾ കൊണ്ടാണ് ദേശരക്ഷാ രാഖി നിർമ്മിച്ചിട്ടുള്ളത്. കയ്യിൽ കെട്ടാൻ ത്രിവർണ ചരടുമുണ്ട്. വർഗ്ഗീയതക്കെതിരെയുള്ള മതേതര മറുപടിയായാണ് യൂത്ത് കോൺഗ്രസ്സുകാർ ഇതിനെ കാണുന്നത്. അതുകൊണ്ടു തന്നെ നേതൃത്വം ആഹ്വാനം ചെയ്യാതെ രാഖിയുടെ പ്രചാരണത്തിനായി പള്ളിക്കുന്ന് പുഴാതി, മുഴപ്പിലങ്ങാട്, പിണറായി തുടങ്ങിയ പഞ്ചായത്തുകളിലെ പ്രവർത്തകരും ദേശരക്ഷാ രാഖിക്ക് ഓർഡർ നൽകിയിരിക്കയാണ്. ഒരു പഞ്ചായത്തിൽ മാത്രം ആയിരം പേർക്കെങ്കിലും ദേശരക്ഷാ രാഖി കൈമാറണമെന്നാണ് രാഖിയെ അംഗീകരിക്കുന്ന പ്രവർത്തകർ തീരുമാനിച്ചിട്ടുള്ളത്.

ദേശരാക്ഷാ രാഖിയുടെ വിവരം പുറത്ത് വന്നതോടെ മറ്റ് ജില്ലകളിൽ നിന്നും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രാഖിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, അബുദുൾ കലാം ആസാദ്, രാജീവ് ഗാന്ധി, തുടങ്ങിയവരുടെ ഛായാ ചിത്രങ്ങൾ സാക്ഷിയാക്കിയാണ് ഓഗസ്റ്റ് 15 ന് ദേശരക്ഷാ രാഖി കെട്ടുന്ന ചടങ്ങിന്റെ ഉത്ഘാടനം നടക്കുക. എല്ലാ മതവിഭാഗങ്ങളിലേയും പണ്ഡിതന്മാരെ ചടങ്ങിന് പ്രത്യേകം ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കാവി രക്ഷാ ബന്ധനത്തിന് മറുപടിയായി യൂത്ത് കോൺഗ്രസ്സ് നടപ്പാക്കുന്ന ത്രിവർണ്ണ രക്ഷാ ബന്ധൻ പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ദേശരക്ഷയും മത സൗഹാർദ്ദവും ഉയർത്തിക്കാട്ടുന്ന ദേശരക്ഷാ ബന്ധന് പൂർണ്ണ പിൻതുണ നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ മറുനാടൻ മലയാളിയെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP