Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന് കഥയ്ക്കു പേരിട്ടാൽ അള്ളാഹുവിനെ കുറിച്ച് ഒരു പരാമർശവും ഇല്ലെങ്കിലും കൈവെട്ടുമോ? രണ്ടുകൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച കഥ പുസ്തകമാകാൻ ഒരുങ്ങവെ ന്യൂമാൻ കോളേജ് മാതൃകയിൽ ഏഴുത്തുകാരനു നേരെ ആക്രമണം; എന്നുനിന്റെ മൊയ്തീൻ സിനിമയുടെ സഹസംവിധായകൻ കൂടിയായ ജിംഷാർ കഴിയുന്നത് മരണഭീതിയിൽ

'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന് കഥയ്ക്കു പേരിട്ടാൽ അള്ളാഹുവിനെ കുറിച്ച് ഒരു പരാമർശവും ഇല്ലെങ്കിലും കൈവെട്ടുമോ? രണ്ടുകൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച കഥ പുസ്തകമാകാൻ ഒരുങ്ങവെ ന്യൂമാൻ കോളേജ് മാതൃകയിൽ ഏഴുത്തുകാരനു നേരെ ആക്രമണം; എന്നുനിന്റെ മൊയ്തീൻ സിനിമയുടെ സഹസംവിധായകൻ കൂടിയായ ജിംഷാർ കഴിയുന്നത് മരണഭീതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: എന്നുനിന്റെ മൊയ്തീൻ സിനിമയുടെ അസി. ഡയറക്ടറായിരുന്ന യുവകഥാകൃത്ത് പി ജിംഷാറിനു നേരെ അള്ളാഹുവിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ക്രൂരമായ ആക്രമണം. പുറത്തിറങ്ങാനിരിക്കുന്ന കഥാസമാഹാരത്തിന്റെ പേരുപറഞ്ഞ് ഇന്നലെ രാത്രിയാണ് ജംഷീറിനെ കൂറ്റനാടുവച്ച് നാൽവർ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിംഷാർ ഇപ്പോൾ കൂറ്റനാട് മോഡേൺ ആശുപത്രിയിൽ ചികിത്സയിലാണ്.

അടുത്തമാസം പുറത്തിറങ്ങാനിരിക്കുന്ന 'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന പുസ്തകത്തിന്റെ പേരുപറഞ്ഞ് ഇന്നലെ രാത്രി പതിനൊന്നോടെ കൂറ്റനാടുവച്ച് നാലുപേർ ജിംഷാറിനെ ചവിട്ടിവീഴ്‌ത്തി ആക്രമിക്കുകയായിരുന്നു. നീ അള്ളാഹുവിനെ അപമാനിക്കുമല്ലേടാ എന്നും നീ വിവരമറിയുമെന്നുമെല്ലാം പറഞ്ഞായിരുന്നു ആക്രമണമെന്ന് ജിംഷാർ മറുനാടനോട് പറഞ്ഞു. രണ്ടുകൊല്ലം മുമ്പ്, 2014 ഫെബ്രുവരിയിൽ ഈ പുസ്തകം ശാന്തം മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുൾപ്പെടെ ഒമ്പതു കഥകളുൾപ്പെടുത്തിയ ജിംഷാറിന്റെ കഥാസമാഹാരം ഓഗസ്റ്റ് അഞ്ചിന് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. പടച്ചോന്റെ ചിത്രപ്രദർശനം തൊട്ടാവാടി,. ഗട്ടറിൽ ഒരു തവള,. ഉപ്പിലിട്ടത്, മേഘങ്ങൾ നിറച്ചുവച്ച സിഗരറ്റുകൾ, മരണം പ്രമേയമാക്കിയ ഒരു ന്യൂജനറേഷൻ കഥ,. ഫീമെയിൽ ഫാക്ടറി, ചുവന്ന കലണ്ടറിലെ ഇരുപത്തിയെട്ടാം ദിവസം, മുണ്ടൻപറമ്പിലെ ചെങ്കൊടി കണ്ട ബദർ യുദ്ധം എന്നിവയാണ് കഥകൾ.

അതേസമയം, പുസ്തകത്തിൽ അള്ളാഹുവിനെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും പേരിൽ അള്ളാഹുവെന്ന് വാക്കുവന്നതുകൊണ്ട് എന്തു മതവിദ്വേഷമാണ് ഉണ്ടാകുകയെന്നും കഥാകൃത്ത് ചോദിക്കുന്നു. ഇന്നലെ രാത്രി ഉപ്പയുടെ ഉമ്മയെ കൂനംമൂച്ചിയിലെ വീട്ടിൽചെന്ന് കണ്ടതിനുശേഷം പെരുമ്പിലാവിലെ വീട്ടിലേക്ക് മടങ്ങാൻ ബസ് കയറാനൊരുങ്ങുമ്പോഴാണ് കൂറ്റനാട് ബസ് സ്‌റ്റോപ്പിൽവച്ച് ജിംഷാറിനെ ആക്രമിക്കുന്നത്. കൂനംമൂച്ചിയിൽ നിന്നും ബസ് ഇല്ലായിരുന്നതിനാൽ മറ്റൊരാളുടെ ബൈക്കിലാണ് കൂറ്റനാടുവരെ എത്തിയത്. പത്തേമുക്കാലോടെ ബസ് കയറാനൊരുങ്ങുമ്പോൾ ഒരാൾവന്ന് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വിളിച്ചിറക്കുകയായിരുന്നു.

പിന്നീട് സംസാരിക്കാനെന്ന മട്ടിൽ അൽപം മാറ്റിനിർത്തിയപ്പോഴേക്കും മൂന്നുപേർകൂടി വന്നു. നീ അള്ളാഹുവിനെതിരെ എഴുതും... അല്ലേടാ എന്നുചേദിച്ച് പൊടുന്നനെ നടുവിന് ചവിട്ടി വീഴ്‌ത്തി. നാലുപേരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചപ്പോൾ 'നിനക്ക് കാര്യം അറിയണം അല്ലേടാ' എന്നുചോദിച്ച് മർദ്ദനം തുടർന്നു. അവശനിലയിലായതോടെ അവർ ജംഷീറിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് കൂറ്റനാട് മോഡേൺ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റിയത്. നട്ടെല്ലിനും മുതുകിനും പരിക്കേറ്റിട്ടുണ്ട്.  

മുൻകൂട്ടി പ്ലാൻ ചെയ്ത ആക്രമണമാണ് ഇതെന്ന് സംശയമുള്ളതായി ജിംഷാർ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് ഇത്തരത്തിൽ ഒരു ഭീഷണിസന്ദേശം ജിംഷാറിന്റെ ഫോണിൽ ലഭിച്ചിരുന്നു. ഈ കഥയുടെ പേരുപറഞ്ഞായിരുന്നു ശരിപ്പെടുത്തിക്കളയുമെന്ന ധ്വനിയോടെ ഭീഷണിയുണ്ടായത്. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ആക്രമണം നടന്നതെന്നാണ് സംശയം. സംഭവത്തിനു പിന്നിൽ മതതീവ്രവാദികളുണ്ടോ എന്ന കാര്യം ചാലിശ്ശേരി പൊലീസ് അന്വേഷിച്ചുവരികയാണ്. ജാഫർ എന്നൊരാളും കണ്ടാലറിയാവുന്ന ചിലരും ചേർന്നാണ് ആക്രമിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ചാലിശ്ശേരി എസ്‌ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

'പടച്ചോന്റെ ചിത്ര പ്രദർശനം' എന്ന പുസ്തകത്തിന്റെ കവർ ജിംഷാർ വാട്ട്‌സപ്പിൽ ഷെയർ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഭീഷണിസന്ദേശം എത്തിയതും ഇപ്പോൾ അക്രമം നടന്നതുമെന്നാണ് സംശയം. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ന്യൂമാൻസ് കോളേജ് അദ്ധ്യാപകൻ ജോസഫിന്റെ കൈവെട്ടിയ കേസിന് സമാനമായ സംഭവമാണ് ഇതെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും സോഷ്യൽമീഡിയയിൽ ആവശ്യമുയർന്നിട്ടുണ്ട്. ഈ കേസിലും തീവ്രവാദ ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നു.

ഉമ്മയ്ക്കും അനുജനും പെങ്ങൾക്കുമൊപ്പമാണ് ജിംഷാർ പെരുമ്പിലാവിൽ താമസിക്കുന്നത്. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഈ ഇരുപത്തഞ്ചുകാരൻ 'എന്നുനിന്റെ മൊയ്തീൻ' എന്ന സിനിമ കൂടാതെ 'ഒരുമുറൈ വന്തു പാർത്തായാ' എന്ന സിനിമയിലും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയാ രംഗത്തും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ലേഖനമെഴുതുന്ന ജിംഷാർ 'ഭൂപടത്തിൽ നിന്ന് കുഴിച്ചെടുത്ത കുറിപ്പുകൾ' എന്ന നോവലും ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP