Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്ര ബുള്ളറ്റ് പ്രൂഫോട് കൂടിയ കാരവനിൽ; ദർശനത്തിനു പോലും മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ; ഭാരത പര്യടനം ഇനി കരിമ്പൂച്ചകളുമായി; അനുഗ്രഹത്തിന് ഭക്തർ തോക്കിൻ മുനയിൽ കുമ്പിട്ടു നിൽക്കണം; ഏവർക്കും അഭയം നൽകുന്ന ദൈവത്തിനും സുരക്ഷ! അമൃതാനന്ദമയിയുടെ ഇസഡ് പ്ലസ് സുരക്ഷ കേരളം പിടിക്കാനുള്ള മോദിയുടെ തന്ത്രമോ?

യാത്ര ബുള്ളറ്റ് പ്രൂഫോട് കൂടിയ കാരവനിൽ; ദർശനത്തിനു പോലും മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ; ഭാരത പര്യടനം ഇനി കരിമ്പൂച്ചകളുമായി; അനുഗ്രഹത്തിന് ഭക്തർ തോക്കിൻ മുനയിൽ കുമ്പിട്ടു നിൽക്കണം; ഏവർക്കും അഭയം നൽകുന്ന ദൈവത്തിനും സുരക്ഷ! അമൃതാനന്ദമയിയുടെ ഇസഡ് പ്ലസ് സുരക്ഷ കേരളം പിടിക്കാനുള്ള മോദിയുടെ തന്ത്രമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദൈവത്തിനും സുരക്ഷയോ? മാതാ അമൃതാനന്ദമയിക്ക് ദ കാറ്റഗറി സുരക്ഷ ഒരുക്കിയതറിഞ്ഞ് പലരും ചോദിച്ച ചോദ്യം. എല്ലാമറിയുന്നവർ എന്ന് വിശേഷിപ്പിക്കുന്ന ആൾ ദൈവത്തിന്റെ കാൽക്കീഴിൽ വീണ് നമസ്‌ക്കരിച്ച പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തപ്പോൾ ജനം മൂക്കത്ത് വിരൽ വച്ചു. ഏവർക്കും അനുഗ്രഹവും അഭയവും നൽകുന്ന ദൈവത്തിന് തനിക്ക് നേരെ വരുന്ന ആക്രമണം മുൻകൂട്ടി കഴിയില്ലേ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.

യോഗ ഗുരു ബാബ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി. പതാഞ്ജലിയുടെ ഭക്ഷ്യപാർക്കിന് സിഐഎസ്എഫിന്റെ 24 മണിക്കൂർ സുരക്ഷ ഏർപ്പെടുത്തിയത്. ഭക്ഷ്യ പാർക്കിനും ആശ്രമത്തിനും ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്നാണ് ബാബ രാംദേവിനും ആശ്രമത്തിനും സുരക്ഷ ഏർപ്പെടുത്തയത്. ഇതിന് ശേഷമാണ് അമൃതാനന്ദമയിക്ക് സുരക്ഷയെത്തുന്നത്. കേരളത്തിൽ ഇസഡ് കാറ്റഗറി സുരക്ഷ കിട്ടുന്ന ആദ്യ വ്യക്തിയാണ് വള്ളിക്കാവിലെ അമ്മ. മുഖ്യമന്ത്രിക്ക് പോലും ഈ സുരക്ഷ കേരളത്തിൽ ഇല്ലെന്നതാണ് വസ്തുത.

ബിജെപിയുടെ ദേശീയ നേതാക്കളെല്ലാം അമൃതാനന്ദമയിയുടെ ഭക്തരാണ്. അമ്മയെ പ്രീതിപ്പെടുത്താൻ ഒരുക്കിയ സമ്മാനമാണ് കാറ്റഗറി സുരക്ഷയെന്ന് പകൽ പോലെ വ്യക്തം. ഇതു സംബന്ധിച്ച കേരളാ പൊലീസ് ഒരു രഹസ്യാന്വേഷണ റിപ്പോർട്ടും തയ്യാറാക്കിയിരുന്നില്ല. സ്തനാം സിങ് വർഷങ്ങൾക്ക് മുമ്പ് ആശ്രമത്തിൽ പ്രശ്‌നമുണ്ടാക്കുകയും പിന്നീട് കൊല്ലപ്പെട്ടതുമെല്ലാം വലിയ വിവാദമായിരുന്നു. ഈ ഘട്ടത്തിലും ആരും അമൃതാനന്ദമയിക്ക് സുരക്ഷ പോരെന്ന വാദമുയർത്തിയില്ല. ആശ്രവവും ഇത്തരത്തിൽ നിർദ്ദേശം മുന്നോട്ട് വച്ചില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചുവടുറപ്പിക്കാൻ അമൃതാനന്ദമയിയുടെ പിന്തുണ അനിവാര്യമാണെന്ന് ബിജെപി കരുത്തുകാട്ടുന്നു. കൂടുതൽ ആളുകളെ അടുപ്പിക്കാൻ അമൃതാനന്ദമയിക്ക് കഴിയുമെന്നാണ് നിഗമനം.

ഈ സാഹചര്യത്തിലാണ് അമൃതാനന്ദമയിക്ക് പ്രത്യേക സുരക്ഷ ഒരുക്കിയത്. ബിജെപി ഗവൺമെന്റിന്റെ പ്രത്യേക താത്പര്യത്തിലെന്ന വാദം ശരിവയ്ക്കുകയാണ്. നിരവധി അംഗരക്ഷകരോടൊപ്പം ഉലകം ചുറ്റുന്ന അമ്മയ്ക്ക് വീണ്ടും സുരക്ഷ നൽകേണ്ടതിന്റെ ആവശ്യകതയില്ലെന്നാണ് നാട്ടുകാരുടെ സംസാരം. വള്ളിക്കാവിലെ ആശ്രമത്തിൽ എത്തുന്ന ഓരോ ആളുകൾക്കും അറിയാം അമൃതാനന്ദമയിയെ കാണാൻ നിരവധി സുരക്ഷാ പരിശോധനകൾ കടന്ന് വേണം അരികിലെത്താനെന്ന്. ആശ്രമത്തിൽ നിന്നും യാത്ര ബുള്ളറ്റ് പ്രൂഫോട് കൂടിയ കാരവനിലാണ്. ഇത്രയധികം സുരക്ഷാ സംവിധാനങ്ങളുള്ള അമൃതാനന്ദമയിക്ക് പ്രത്യേക സുരക്ഷ ഒരുക്കണ്ട യാതൊരു അവശ്യകതയുമില്ല.

ആശ്രമത്തിൽ ഒരു പൊലീസ് എയ്ഡ് പോസ്റ്റും ഉണ്ട്. കേരളാ പൊലീസിന്റെ 40 അംഗങ്ങളാണ് നിലവിൽ സുരക്ഷ ഒരുക്കുന്നത്. കൂടാതെ അമൃതാനന്ദമയിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ കോട്ടയം മുൻ വിജിലൻസ് എസ്‌പി എ.ആർ.പ്രതാപന്റെ നേതൃത്വത്തിലുള്ള അമൃതാ ഹോസ്പിറ്റലിലെ സുരക്ഷാ ജീവനക്കാരും ഉണ്ട്. കേന്ദ്രസേനയെ ആൾ ദൈവങ്ങൾക്ക് സുരക്ഷ ഒരുക്കാൻ വിട്ടയക്കുന്നത് ശരിയല്ലെന്നും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതും ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കുന്നുണ്ട്.

അമൃതാനന്ദമയിക്ക് സുരക്ഷയ്ക്കായി ആകെ സിആർപിഎഫ് ന്റെ 64 അംഗരക്ഷകരെയാണ് നിയമിച്ചിരിക്കുന്നത്. യാത്രകളിലുടനീളം 24 പേരുണ്ടാകും 4 പേർ എന്ന രീതിയിൽ മാറി മാറിയാവും ഇവരുടെ ഡ്യൂട്ടി. 40 പേർക്ക് വള്ളിക്കാവ് ആശ്രമത്തിന്റെ സുരക്ഷാ ചുമതലയാണ്. രണ്ട് വാഹനങ്ങൾ അകമ്പടി സേവിക്കും. ഇവർക്കുള്ള താമസ സൗകര്യം അമൃതാനന്ദമയി മഠത്തിലും അമൃതാനന്ദമയി പോകുന്ന സ്ഥലങ്ങളിലുമായിരിക്കും. സേനയുടെ മുഴുവൻ തുകയും അമൃതാനന്ദമയി മഠം വഹിക്കും.

വി.ഐ.പി, വി.വി.ഐപി വിഭാഗത്തിൽപെട്ടവർക്ക് സുരക്ഷ നിശ്ചയിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉൾപ്പെടുന്ന രണ്ട് സമിതികളാണ്. പ്രൊട്ടക്ഷൻ റിവ്യൂ ഗ്രൂപ്പ്, സെക്യൂരിറ്റി കാറ്റഗറൈസേഷൻ കമ്മിറ്റി എന്നിവയാണ് ഇക്കാര്യം തീരുമാനിക്കാനുള്ള സമിതികൾ.രണ്ട് കമ്മറ്റികളെയും നയിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ്. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും ഈ കമ്മിറ്റികളിലുണ്ട്. രാജ്യത്താകെ 300 ഓളം വ്യക്തികൾക്കാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളത്.

മറ്റുള്ളവരെ ആശ്രയിക്കുന്നവർക്ക് ഒരിക്കലും ആരേയും രക്ഷിക്കാനാവില്ലെന്നാണ് അമൃതാനന്ദമയി മുമ്പ് ട്വീറ്റ് ചെയ്തതിരുന്നു. അതിന്റെ സ്‌ക്രീൻ ഷോട്ട് ആണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. അത്ര പഴയതല്ല പഴയ ട്വീറ്റ് എന്ന് പറഞ്ഞാൽ ഒരുപാട് പഴയതാണെന്ന് കരുതണ്ട. കഴിഞ്ഞ മാർച്ച് മാസം 23 -ാം തിയ്യതി ആയിരുന്നു ആ ട്വീറ്റ് വന്നത്. ഇങ്ങനെ സെൽഫ് ട്രോൾ അടിക്കുന്ന അമ്മയെ ട്രോൾ മലയാളം മുതലാളിക്ക് പാർട്ണർ ആയി എടുത്തുകൂടെ എന്നാണ് വിപിൻ പാണപ്പുഴ ചോദിക്കുന്നത്.

ക്ലാസ്സിക് സെൽഫ് ട്രോൾ എന്നാണ് സുധീഷ് സുധാകരൻ ഇതിനെ വിശേഷിപ്പിച്ചത്. മോദിയുടെ പ്രിയപ്പെട്ട ആൾദൈവം- ആരാധകരുടെ രക്ഷക- എന്നാണ് വിശേഷണം. അമൃതാനന്ദമയിക്കും ആശ്രമത്തിന്റെയും സുരക്ഷയ്ക്കായി സെക്യൂരിറ്റി ഇന്റിലജൻസ് ഏജൻസി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP