Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീറോ മലബാർ സഭാ പ്രശ്‌നത്തിന്റെ യഥാർത്ഥ വിഷയം ഒടുവിൽ മറനീക്കി പുറത്തേക്ക്; ആലഞ്ചേരിക്കെതിരെ അണിനിരന്നത് കൽദായ വിരുദ്ധർ; ഇടവേളക്ക് ശേഷം കൽദായ വാദം സഭയെ പിടിച്ച് കുലുക്കുന്നു

സീറോ മലബാർ സഭാ പ്രശ്‌നത്തിന്റെ യഥാർത്ഥ വിഷയം ഒടുവിൽ മറനീക്കി പുറത്തേക്ക്; ആലഞ്ചേരിക്കെതിരെ അണിനിരന്നത് കൽദായ വിരുദ്ധർ; ഇടവേളക്ക് ശേഷം കൽദായ വാദം സഭയെ പിടിച്ച് കുലുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതിയായ അതിരൂപത ഭൂമിവിൽപ്പന വിവാദ കേസിനു പിന്നിൽ കൽദായ വാദികളും കൽദായ വിരുദ്ധരും തമ്മിലുള്ള പടലപ്പിണക്കവും. കത്തോലിക്കസഭയിലെ സീറോ മലബാർ റീത്തിലെ ആരാധനക്രമവുമായി ബന്ധപ്പെട്ട് കൽദായ പക്ഷവും കൽദായവിരുദ്ധരും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെങ്കിലും റോമിലെ സഭാ നേതൃത്വത്തിന്റെയും പൗരസ്ത്യ തിരുസംഘത്തിന്റെയും ശക്തമായ ഇടപെടലിനെ തുടർന്ന് തൽക്കാലം കോൾഡ് സ്റ്റോറേജിലായിരുന്നെങ്കിലും ഭൂമിവിൽപ്പന വീണ്ടും പഴയതർക്കങ്ങൾ ആളിക്കത്തിച്ചിരിക്കുകയാണ്. സീറോ മലബാർ റീത്തിലെ മുഴുവൻ ദേവാലയങ്ങളിലും ദിവ്യബലിക്ക് ഉപയോഗിക്കുന്ന കുർബാന പുസ്തകം ഒന്നാണെങ്കിലും രണ്ടുപക്ഷത്തെ വൈദികരും വിശ്വാസികളെ അഭിമുഖീകരിക്കുന്നത് ഭിന്നരീതിയിലായിരുന്നു.

കൽദായപക്ഷ രൂപതകളിലെ പള്ളികളിൽ അൾത്താര കർട്ടനിട്ട് അടച്ചിടുകയാണ് പതിവ്. ദിവ്യബലി സമയത്തുമാത്രമേ കർട്ടൻ മാറ്റുക പതിവുള്ളൂ. കുർബാന സമയത്തെ ചില ആരാധനക്രമ ഭാഗങ്ങളിൽ പുരോഹിതൻ വിശ്വാസസമൂഹത്തിനു പുറംതിരിഞ്ഞുനിന്ന് അൾത്താരയ്ക്ക് അഭിമുഖമായി നിലകൊള്ളുകയാണ് പതിവ്. എന്നാൽ കൽദായ വിരുദ്ധ പക്ഷത്തുള്ള രൂപതകളിൽ ദിവ്യബലിയുടെ മുഴുവൻ സമയവും വൈദികൻ വിശ്വാസികൾക്കുനേരേ അഭിമുഖമായി നിലകൊള്ളുന്നു. അത്തരം ദേവാലയങ്ങളിൽ കർട്ടനിട്ട് അൾത്താര മറയ്ക്കുകയുമില്ല. ആരാധനക്രമത്തെ ചൊല്ലിയും കുരിശിന്റെ ആകൃതി സംബന്ധിച്ചും നേരത്തേ ഇരുപക്ഷവും പുലർത്തിയിരുന്ന ശക്തമായ വിയോജിപ്പുകൾ റോമിന്റെ ശക്തമായ ഇടപെടലുകളെ തുടർന്ന് തൽക്കാലം കെട്ടടങ്ങുകയായിരുന്നു.

രൂപതയുടെ ഭൂമി വിൽക്കുന്നതിനു തീരുമാനമെടുത്തതും, അഡ്വാൻസ് തുക വാങ്ങിയതും സഹായമെത്രാനായ സെബാസ്റ്റ്യൻ എടയന്ത്രത്താണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഭൂമിവിൽപ്പന വിവാദത്തിൽ പ്രധാന ആരോപണ വിധേയനായ പ്രൊക്യുറേറ്റർ ജോഷി പുതുവയെ ഇതിനായി നിയോഗിച്ചത് സെബാസ്റ്റ്യൻ എടയന്ത്രത്ത് ആണെന്നും രേഖകളിലുണ്ട്. എന്നാൽ എല്ലാം കർദിനാൾ മാർ ആലഞ്ചേരിയുടെ പുറത്ത് കെട്ടിവച്ച് വിമത നീക്കം നടത്തി സ്വയം ഹീറോ ചമയുകയാണ് എടയന്ത്രത്ത്. ആഴ്ചകൾക്ക് മുമ്പ് ഈ കള്ളക്കളി പൊളിക്കുന്ന രേഖകൾ മറുനാടൻ പുറത്തുവിട്ടിരുന്നു. സഹായമെത്രാനെതിരായ രേഖകൾ കേസിന്റെ തുടർ നടപടികളിൽ ആയുധമാക്കാനും കർദ്ദിനാൾ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കേസിൽ സഹായമെത്രാനും പ്രതിയാകുമെന്ന് ഉറപ്പായി.

അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി. ഇത് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിയക്ക് ലഭിച്ചു. മാർ ആലഞ്ചേരിക്കെതിരെ വൈദികരെ ഇളക്കി വിടുന്നത് സഹായമെത്രാൻ മാർ എടയന്ത്രത്ത് ആണ്. ഇത് വിശ്വാസികൾ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മാർ എടയന്ത്രത്തിനെതിരായ നീക്കം സജീവമാക്കുന്നത്. മാർ ആലഞ്ചേരിയല്ല യഥാർത്ഥ പ്രതിയെന്നും എടയന്ത്രത്താണ് നിയമം ലംഘിച്ചതെന്നുമാണ് വിശ്വാസികളുടെ നിലപാട്. ഇത് കോടതിയെ അറിയിക്കും. നേരത്തെ ആലഞ്ചേരിക്കെതിരായ കേസിൽ അഭിഭാഷകനെ നിയമിച്ചതും എടയന്ത്രത്തായിരുന്നു. സ്ഥലവിൽപ്പനയ്ക്കായി ആദ്യത്തെ ഇടനിലക്കാരനെയും രണ്ടാമതായി സാജു വർഗീസിനെയും തീരുമാനിച്ചതും സഹായമെത്രാൻ അറിഞ്ഞു തന്നെയായിരുന്നു. എന്നാൽ ഭൂമി വിവാദം ഉയർന്നതിനു പിന്നാലെ സഹായമെത്രാൻ ഇറക്കിയ സർക്കുലറിൽ തങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലെന്നായിരുന്നു വ്യക്തമാക്കിയത്. ഇതു തെറ്റാണെന്നു രേഖകളിലൂടെ സ്ഥാപിക്കാനാണ് കർദിനാൾ പക്ഷത്തിന്റെ ശ്രമം.

എറണാകുളം അതിരൂപതയുടെ നേതൃത്വത്തിലാണ് കൽദായവിരുദ്ധപക്ഷം ശക്തമായി നിലകൊണ്ടിരുന്നത്. തൃശൂർ അതിരൂപതയും എറണാകുളം അതിരൂപതയോടൊപ്പമായിരുന്നു. ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പച്ചത്തിലായിരുന്നു കൽദായ പക്ഷത്തിന്റെ കടിഞ്ഞാൺ കൈയാളിയിരുന്നത്. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലും ബിഷപ് മങ്കുഴിക്കരിയും കൽദായവിരുദ്ധ പക്ഷത്ത് ശക്തമായി നിലകൊണ്ടവരാണ്. മലബാറിന്റെ പിതാവ് എന്നറിയപ്പെടുന്ന മാർ സെബാസ്റ്റ്യൻ പള്ളോപ്പള്ളിയുടെ കാലത്ത് തലശേരി അതിരൂപത കൽദായ വിരുദ്ധ പക്ഷത്തായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കാലശേഷം ചേരിമാറി. ചങ്ങനാശേരി അതിരൂപതാംഗമായിരുന്നു മാർ ആന്റണി പടിയറയെങ്കിലും കൽദായ വിരുദ്ധ പക്ഷത്താണ് നിലകൊണ്ടത്. മൈസൂർ രൂപത ബിഷപ്പായിരിക്കെ അദ്ദേഹത്തെ മേജർ ആർച്ച് ബിഷപ്പായി എറണാകുളത്ത് നിയമിച്ചത് കൽദായപക്ഷത്തിനു തിരിച്ചടിയേറ്റ നടപടിയായി.

സീറോ മലബാർ സഭയ്ക്കു മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി റോമിലെ സഭാ നേതൃത്വം ഉയർത്തുകയും മാർ അബ്രഹാം കാട്ടുമനയെ പൊന്തിഫിക്കൽ ഡലിഗേറ്റായി നിയമിക്കുകയും ചെയ്തിരുന്നു. കൽദായപക്ഷ നിലപാടുകാരനായിരുന്ന അദ്ദേഹത്തിന്റെ ദുരൂഹമരണവും പുതിയ വിവാദങ്ങൾക്ക് വഴിതുറക്കുകയും ചെയ്തിരുന്നു. പിന്നീട് മേജർ ആർച്ച് ബിഷപ് പദവിയിൽ പിടിമുറുക്കാൻ ഇരുപക്ഷവും ഒളിഞ്ഞും തെളിഞ്ഞും കരുക്കൾ നീക്കിയെങ്കിലും ഇരുകൂട്ടരെയും ഞെട്ടിച്ച് റോമിലെ സഭാനേതൃത്വം സന്ന്യാസ വൈദികനായ ഫാ. വർക്കി വിതയത്തിലിനെ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് കർദിനാളായി തെരഞ്ഞെടുക്കപ്പെട്ട മാർ വർക്കി വിതയത്തിൽ എറണാകുളം - അങ്കമാലി അതിരൂപതയുടെ കൽദായ വിരുദ്ധ മനോഭാവം പുലർത്തുകയായിരുന്നു. പിന്നീട് സഭയിൽ ബിഷപ്പുമാരെ തെരഞ്ഞെടുക്കുമ്പോൾ ഇരുപക്ഷത്തും സന്തുലനാവസ്ഥ നിലനിർത്താൻ നടപടി ഉണ്ടായതോടെ വിവാദങ്ങൾ പട്ടടയായി നിലകൊള്ളുകയായിരുന്നു.

റോമിലെ സഭാ നേതൃത്വം മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള അവകാശം വിട്ടു നൽകി. 2011 മെയ്‌ 26 ന് നടന്ന തെരഞ്ഞെടുപ്പിൽ പലരെയും ഞെട്ടിച്ചുകൊണ്ട് തക്കല രൂപത ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരി ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. കൂർമ്മ ബുദ്ധിയോടെ വിവാദവിഷയം കൈകാര്യം ചെയ്ത മാർ ആലഞ്ചേരി 2012 ജനുവരി 26 ന് കർദിനാളായി സ്ഥാനമേൽക്കുകയും ചെയ്തു. കൽദായ വിരുദ്ധ പക്ഷക്കാരനായി തുടക്കത്തിൽ അറിയപ്പെട്ട മാർ ആലഞ്ചേരി പിന്നീട് കൽദായ പക്ഷത്തേക്ക് ചേക്കേറുന്നതായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഇതര ബിഷപ്പുമാരും വൈദികരിലെ നല്ലൊരു വിഭാഗവും കരുതുന്നു.

കൽദായ പക്ഷവും വിരുദ്ധ പക്ഷവുമായി സഭാപിതാക്കന്മാർ പലരും മുൻകാലങ്ങളിലേതുപോലെ ഇപ്പോൾ രംഗത്തില്ലെങ്കിലും എറണാകുളം അതിരൂപതയിലെ നല്ലൊരുവിഭാഗം വൈദികരും ശക്തമായ കൽദായ വിരുദ്ധ വാദികളായി നിലകൊള്ളുകയാണ്. കർദിനാൾ മാർ ആലഞ്ചേരിയുടെ ഭൂമി വിൽപ്പന കേസിന്റെ പുറകിൽ അദ്ദേഹത്തിന്റെ നിലപാടുകളെ ശക്തമായി എതിർക്കുന്നവരാണെന്നും പറയപ്പെടുന്നു. അടുത്തിടെ റോമിലെ സഭാനേതൃത്വം മെത്രാന്മാരെ തെരഞ്ഞെടുക്കാനുള്ള പൂർണാധികാരം സീറോ മലബാർ സഭയ്ക്കു നൽകിയ സാഹചര്യത്തിൽ സഭാ തലവനായ മാർ ആലഞ്ചേരിക്ക് കടിഞ്ഞാണിടാൻ കഴിയില്ലെന്ന ഭയപ്പാടും ചിലർ വച്ചുപുലർത്തുന്നു.

സീറോ മലബാർ സഭയിൽ പ്രശ്നങ്ങൾ അതിരൂക്ഷമാണ്. ഭൂമി വിൽപ്പന വിവാദത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ ചതിച്ചത് സഹായമെത്രന്മാരും വൈദികരുമാണെന്നാണ് വ്യക്തമാകുന്നത്. ഹൈക്കോടതിയിലെ കേസിൽ അഭിഭാഷകനെ നിശ്ചയിച്ചത് ആലഞ്ചേരിക്കെതിരെ പടയൊരുക്കം നടത്തുന്ന സഹായമെത്രാൻ തന്നെയാണ്. എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടായതോടെയാണ് ചുമതലൾ സഹായമെത്രാന്മാർക്ക് കർദിനാൾ നൽകിയത്. എന്നാൽ ആലഞ്ചേരിയെ പുറത്താക്കിയേ മതിയാകൂവെന്ന തീരുമാനത്തോടെ ചിലർ ചരടുവലിച്ചു. ഇതിന്റെ ഭാഗമായി കർദിനാളിന് കാനോൻ നിയമം മാത്രമാണ് ബാധകമെന്നും ഇന്ത്യൻ നിയമം ബാധം അല്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇത് കോടതിയെ വെല്ലുവിളിക്കലായി. ഇതോടെ കേസ് അന്വേഷണത്തിനുള്ള ഉത്തരവും എത്തി.

ഈ സാഹചര്യത്തിലാണ് സീറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രതിയാകുന്നത്. അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി (കൂരിയ). ഇത് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിയക്ക് ലഭിച്ചിരുന്നു. മാർ ആലഞ്ചേരിക്കെതിരെ വൈദികരെ ഇളക്കി വിടുന്നത് സഹായമെത്രാൻ മാർ എടയന്ത്രത്ത് ആണെന്ന് വിമർശനം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇതേ സഹായ മെത്രാനെ പ്രതിക്കൂട്ടിൽ നിർത്തുന്ന രേഖകൾ മറുനാടന് ലഭിച്ചത്. എന്നാൽ ഈ റിപ്പോർട്ടൊന്നും ഹൈക്കോടതിക്ക് മുന്നിലെത്തിയില്ല. പകരം കർദിനാളിനെ കുടുക്കാനായി തയ്യാറാക്കിയ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ എത്തിയത്. വസ്തു ആധാരം എഴുതിയതിൽ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടായിരുന്നു അത്. ഇത് പരിശോധിച്ച കോടതിക്കും അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP