Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതാശ്വാസ ക്യാമ്പുകളിലും താഴെ നിലയിൽ വെള്ളം കയറി; പ്രഭാതകർമ്മങ്ങൾ നിർവഹിക്കുന്നതും തുണിയലക്കുന്നതും പാത്രം കഴുകുന്നതും അഴുക്കുവെള്ളത്തിൽ; അരിയും മറ്റും ഉണ്ടെങ്കിലും കുടിവെള്ളത്തിലും വസ്ത്രത്തിനും നാപ്കിനുമൊക്കെ ക്ഷാമം; നാലുപാടും വെള്ളമായതിനാൽ മറ്റുള്ളവർക്ക് അടുക്കാൻ കഴിയുന്നില്ല; രക്ഷകരാവുന്നത് മൽസ്യത്തൊഴിലാളികൾ തന്നെ; ഒഴുക്കിൽ ബോട്ടിന്പോലും നീങ്ങാനാവുന്നില്ല; പ്രളയം വിറപ്പിച്ച ചെങ്ങന്നൂരിലെ വെൺമണിയിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്‌ച്ചകൾ ഇങ്ങനെ

ദുരിതാശ്വാസ ക്യാമ്പുകളിലും താഴെ നിലയിൽ വെള്ളം കയറി; പ്രഭാതകർമ്മങ്ങൾ നിർവഹിക്കുന്നതും തുണിയലക്കുന്നതും പാത്രം കഴുകുന്നതും അഴുക്കുവെള്ളത്തിൽ; അരിയും മറ്റും ഉണ്ടെങ്കിലും കുടിവെള്ളത്തിലും വസ്ത്രത്തിനും നാപ്കിനുമൊക്കെ ക്ഷാമം; നാലുപാടും വെള്ളമായതിനാൽ മറ്റുള്ളവർക്ക് അടുക്കാൻ കഴിയുന്നില്ല; രക്ഷകരാവുന്നത് മൽസ്യത്തൊഴിലാളികൾ തന്നെ; ഒഴുക്കിൽ ബോട്ടിന്പോലും നീങ്ങാനാവുന്നില്ല; പ്രളയം വിറപ്പിച്ച ചെങ്ങന്നൂരിലെ വെൺമണിയിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്‌ച്ചകൾ ഇങ്ങനെ

ആർ പീയൂഷ്

ചെങ്ങന്നൂർ: പ്രളയദുരന്തത്തിൽ നിന്ന് കരകയറിവരുന്ന ചെങ്ങന്നൂരിൽ ഇപ്പോളും ദുരിതം ഒഴിഞ്ഞിട്ടില്ല.ബസ്സുപോകുന്ന റോഡുകളിൽപോലും വെള്ളം കുത്തിയൊലിച്ച് പൂഴയായതോടെ ഒറ്റപ്പെട്ട വെൺമണിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മുന്നൂറോളം കുടംബങ്ങളാണ് കഴിയുന്നത്.വെൺമണി മാർത്തോമാ ഹയർസെക്കൻഡിറി സ്‌കുൾ ആണ് ക്യാമ്പാക്കി മാറ്റിയത്.ഈ സ്‌കൂളും പരിസരത്തും വെള്ളം കയറിയതിനാൽ ഒന്നാം നിലയിലും രണ്ടാം നിലയിലുമായിട്ടാണ് ആളുകൾ കഴിയുന്നത്.

ഇവിടെ അരി പലവ്യഞ്ജന സാധനങ്ങൾ എന്നിവക്കൊന്നും യാതൊരു ദൗർലഭ്യവും ഇല്ലെങ്കിലും കുടിവെള്ളത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.നാലുപാടും വെള്ളത്തിൽ ചുറ്റപ്പെട്ടതിനാൽ മറ്റ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്ന രീതിയിൽ ഇങ്ങോട്ട് സാധനങ്ങൾ എത്തിക്കാനും കഴിയുന്നില്ല.കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിലാണ് ഇവർ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുന്നതും തുണിയലക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ.കൂടുതൽ സംവിധാനങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ ഇവിടെ പകർച്ചവ്യാധി ഭീഷണിയും ഉണ്ടാകുമെന്ന് ആശങ്കയുണ്ട്.

യഥാർഥ ഹീറോകൾ കടലമ്മയുടെ മക്കൾ തന്നെ

സൈന്യവും ജില്ലാഭരണകൂടവുമൊക്കെ രക്ഷാപ്രവർത്തനത്തിന് ഉണ്ടെങ്കിലും എല്ലായിടത്തും എത്താൻ കഴിയുന്നത് പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്ക് തന്നെയാണ്.കൊല്ലത്തുനിന്നും പൂന്തുറയിൽനിന്നുമൊക്കെയുള്ള നൂറുകണക്കിന് മൽസ്യത്തൊഴിലാളികാണ് സ്വന്തം ചെലവിൽ ഇവിടെയെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്.ഈ ക്യാമ്പിൽ കഴിയുന്ന മിക്കവരെയും ഇവർ രക്ഷിച്ചുകൊണ്ടുവന്നതാണ്.ഇവിടേക്കുള്ള ഭക്ഷണം എത്തിക്കുന്നതും ഇവർ തന്നെയാണ്.

ഇപ്പോൾ എഞ്ചിൻ ഘടിപ്പിച്ച ഫൈബർ വള്ളങ്ങളാണ് ഇവർ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്.പ്രളയത്തിൽ ഒലിച്ചുവന്ന കല്ലുകളും മറ്റും തട്ടി ഫൈബർ വള്ളങ്ങളുടെ അടിഭാഗത്ത് കേടുപാടുകൾ പറ്റിയിട്ടുണ്ട്.വെൺമണിയിലുള്ള ഈ ബോട്ടിൽ ചെറുതായി വെള്ളം കയറുന്നുമുണ്ട്.എന്നാൽ ഇതൊന്നും കൂസാതെ അവർ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും ഇവർക്കുണ്ട്.നിങ്ങൾക്ക് ഉണ്ടായ എല്ലാ നഷ്ടങ്ങളും ഞങ്ങൾ പരിഹരിച്ചുതരുമെന്ന് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട പലരും ഉറപ്പുനൽകിയിട്ടുണ്ട്.

റേഞ്ചുള്ളത് ബിഎസ്എൽഎല്ലിനു മാത്രം

വാർത്താവിനിമയ ബന്ധങ്ങൾ തകർന്നതാണ് ചെങ്ങന്നൂർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന്.സ്വകാര്യമൊബെലുകൾക്കൊന്നും ഇവിടെ റേഞ്ച് കിട്ടുന്നില്ല. ബിഎസ്എൽഎൽ നെറ്റ് വർക്ക് മാത്രമാണ് പ്രവർത്തിക്കുന്നത്.ആരൊക്കെയാണ് എവിടെയൊക്കൊയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇതുമൂലം കൃത്യമായ ട്രാക്ക് ചെയ്യാൻ കഴിയുന്നില്ല. ലൊക്കേഷൻ മാപ്പ് ഇല്ലാത്തതിനാൽ സൈന്യത്തിനും എത്താൻ കഴിയുന്നില്ല. പൊലീസിന്റെ വയർലെസ് സംവിധാനവും ഭാഗികമായി തടസ്സപ്പെട്ടു.വെൺമണി പൊലീസ്സ്റ്റേഷൻ ഉൾപ്പെടെ മുങ്ങിയിരിക്കയാണ്.ഇവിടെ പൊലീസിന്റെ ജീപ്പ്പോലും എടുക്കാൻ കഴിയുന്നില്ല.കഴിഞ്ഞ നാലുദിവസമായി വീട്ടിൽപോലും പോവാൻ കഴിയാതെ ഇവർ കർമ്മ നിരതരുമാണ്.വാർത്താവിനിമയ ബന്ധം അടിയന്തിരമായി പുനഃസ്ഥാപിച്ചാൽ ചെങ്ങന്നൂരിന്റെ നില പെട്ടെന്ന് പുരോഗമിക്കും.അധികൃതരുടെ സത്വര ശ്രദ്ധ ഇതിലേക്ക് പതിയേണ്ടതാണ്.

വീടുവിടാൻ ഇപ്പോളും പലർക്കും മടിയെന്ന് രക്ഷാപ്രവർത്തകർ

പത്തടിയോളം വെള്ളം മുങ്ങിയിട്ടും വീടുവിടാൻ പലരും ഇപ്പോഴും മടിക്കയാണെന്ന് രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.നാലുദിവസം മുമ്പ് ഒഴിപ്പിക്കാൻ ചെന്നപ്പോൾ കൂട്ടാക്കാത്തവർപോലും ഇപ്പോൾ ഇവിടെയുണ്ട്.ഈ ഘട്ടത്തിലും ചിലർ ഭക്ഷണംമാത്രം മതിയെന്ന് പറയുന്നുണ്ട്.ഒറ്റ ദിവസം കൊണ്ട് വെള്ളം ഇറങ്ങുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.ഇങ്ങനെ നിൽക്കുന്ന പലരും പിന്നീട് കാര്യങ്ങൾ പിടിവിട്ടുപോവുമ്പോൾ ഞങ്ങളെ രക്ഷിക്കാൻ ആരും വന്നില്ലെന്ന് പറഞ്ഞ് ഫേസ്‌ബുക്കിലൂടെ നിലവിളിക്കുന്നത് കാണാമെന്നും രക്ഷാപ്രവർത്തകർ പറയുന്നു.രണ്ടു ദിവസം മുമ്പ് രക്ഷാപ്രവർത്തകർ എത്തിയിട്ടും ബോട്ടിൽ കയറാൻ കൂട്ടാക്കാത്ത ഒരാൾ പിന്നീട് പുരപ്പുറത്ത് കയറിനിന്ന് ഭക്ഷണത്തിനായി നിലവിളിക്കുന്ന കാഴചകളും കാണാമായിരുന്നെന്ന് അവർ പറയുന്നു

കുലം കുത്തുന്ന പുഴയിൽ ആടിയുലഞ്ഞ് ബോട്ടുകൾ

റോഡ് പത്തടിയോളം വെള്ളംപൊങ്ങിയ റോഡുകൾ.കരിശടികളും, പള്ളികളും വീടുകളും വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കുന്നു.സൂനാമി ദുരന്തചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന രീതയിൽ വെള്ളം കയറിയ കാറുകൾ.തോണി നീങ്ങാൻ തുടങ്ങുമ്പോൾ കാണാനായ പ്രളയത്തിന്റെ ഭീകരത തന്നെയായിരുന്നു.വെൺമണി കല്ലിയത്ത് ജംഗ്ഷൻ മുങ്ങിയിരക്കയാണ്.ശ്രീഭുവനേശ്വരി ക്ഷേത്രവും വെള്ളത്തിലാണ്.പിന്നീടങ്ങോട്ട് ഒഴുക്കുകൂടി.നാട്ടുകാർ കൂടി ചേർന്ന് വടംകൊട്ടിയാണ് ബോട്ട് നീങ്ങുന്നത്.എന്നാൽ ഒഴുക്ക് തുടർന്നതോടെ ബോട്ട് ഇപ്പോൾ നിർത്തിയിട്ടിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP