Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നരേന്ദ്ര മോദിയുടെ നാലുവർഷം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ടോ? പിണറായി വിജയന്റെ രണ്ടുവർഷത്തെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു? അടിസ്ഥാന മേഖലയിൽ മാറ്റം വരുത്താൻ മോദിക്കോ പിണറായിക്കോ കഴിഞ്ഞിട്ടുണ്ടോ? മോദിയേയോ പിണറായിയേയോ അധികാരത്തിൽ എത്തിക്കാൻ ഇനിയും നിങ്ങൾ വോട്ടുചെയ്യുമോ? മറുനാടന്റെ സർവേയിൽ പങ്കെടുക്കാം

നരേന്ദ്ര മോദിയുടെ നാലുവർഷം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ടോ? പിണറായി വിജയന്റെ രണ്ടുവർഷത്തെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു? അടിസ്ഥാന മേഖലയിൽ മാറ്റം വരുത്താൻ മോദിക്കോ പിണറായിക്കോ കഴിഞ്ഞിട്ടുണ്ടോ? മോദിയേയോ പിണറായിയേയോ അധികാരത്തിൽ എത്തിക്കാൻ ഇനിയും നിങ്ങൾ വോട്ടുചെയ്യുമോ? മറുനാടന്റെ സർവേയിൽ പങ്കെടുക്കാം

ടീം മറുനാടൻ

തിരുവനന്തപുരം: തുടർച്ചയായി രണ്ടുതവണ അധികാരത്തിലിരുന്ന കോൺഗ്രസിനെ വീഴ്‌ത്തി വൻ ഭൂരിപക്ഷത്തോടെയാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. കേരളത്തിലാകട്ടെ സോളാറും ബാർകോഴയും അഴിമതിയും എല്ലാം വലിയ ചർച്ചാവിഷയമായ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ ഇറക്കിവിട്ട് പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരും അധികാരത്തിലെത്തി. കേന്ദ്രത്തിൽ പ്രധാനമന്ത്രി മോദിയുടെ ഭരണം അഞ്ചാം വർഷത്തിലേക്കും കേരളത്തിൽ മുഖ്യമന്ത്രി പിണറായിയുടെ സർക്കാർ മൂന്നാം വർഷത്തിലേക്കും കടന്നു.

ഈ സാഹചര്യത്തിൽ കേന്ദ്രത്തിലേയും സംസ്ഥാനത്തേയും സർക്കാരുകളുടെ ഭരണം വിലയിരുത്തുകയാണ് മറുനാടൻ നടത്തുന്ന ഓൺലൈൻ സർവേയിലൂടെ. വായനക്കാർക്ക് ഓരോ ചോദ്യങ്ങൾക്കും മറുപടി നൽകി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രകടനം വിലയിരുത്താം. ഇന്നു മുതൽ മൂന്നുദിവസമായിരിക്കും സർവേയിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം.

മോദിയുടെ ഭരണവും പിണറായിയുടെ ഭരണവും വിലയിരുത്താൻ രണ്ട് പ്രത്യേകം സർവേകളാണ് നടത്തുന്നത്. വ്യാഴാഴ്ച അർധരാത്രിവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. കേന്ദ്രസർക്കാരിന്റെ സർവേയിൽ വായനക്കാർ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചു അതിന്റെ ഫലവും സമഗ്ര വിലയിരുത്തൽ റിപ്പോർട്ട് വെള്ളിയാഴ്ച മറുനാടൻ പ്രസിദ്ധീകരിക്കും. പിണറായി സർക്കാരിനെ വിലയിരുത്തുന്നതിന്റെ ഫലവും ജനാഭിപ്രായങ്ങളും ശനിയാഴ്ചയും പ്രസിദ്ധപ്പെടുത്തും.

സർവേകളുടെ ലിങ്ക് ചുവടെ:

ഭരണത്തുടർച്ച പ്രതീക്ഷിച്ച് മോദിയും വീഴ്‌ത്താൻ കരുക്കൾ നീക്കി പ്രതിപക്ഷവും

കേന്ദ്രത്തിൽ അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് ബിജെപിയും മോദിയുമെല്ലാം ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ പാർലമെന്റിൽ ഒഴിവുവന്ന സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പുകളിൽ നാലാം വർഷത്തിൽ മിക്കയിടത്തും ബിജെപിക്ക് തിരിച്ചടി നേരിട്ടു. ഇത് മോദിക്കെതിരെ വികാരം രാജ്യത്ത് ശക്തമാണെന്നതിന്റെ ദിശാസൂചികളായി കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും കാണുന്നു. എന്നാൽ ജനങ്ങളുടെ വിലയിരുത്തൽ അപ്രകാരമാണമെന്നില്ല. ഇന്ധന വിലയിൽ ഉണ്ടായ വൻ വർധനവും രാജ്യത്ത് വലിയ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന സാഹചര്യവുമായിരിക്കും മോദി സർക്കാർ നേരിടുന്ന വലിയ തിരിച്ചടി.

ഇതോടൊപ്പം നോട്ടുനിരോധനം, ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്നുള്ള വിഷയങ്ങൾ, കള്ളപ്പണം പിടികൂടുമെന്ന വാഗ്ദാനത്തിലെ പാളിച്ചകൾ, ഹിന്ദുത്വ അജണ്ട, ബാങ്കുകളിൽ നിന്ന് നീരവ് മോദിയും ചോക്‌സിയുമുൾപ്പെടെ വൻതുക തട്ടി വിദേശത്തേക്ക് കടന്ന സംഭവങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ വലിയ പ്രതിരോധത്തിലാണ് ബിജെപിയും മോദിയും. ബിജെപിയുടെ വർഗീയ അജണ്ടയും പലയിടങ്ങളിലും ചർച്ചയാകുന്നു. രാജ്യത്തെല്ലാം കർഷകർ വലിയ പ്രതിഷേധം തീർക്കുന്ന സാഹചര്യവും ഉരുത്തിരിയുന്നു. ഇതിന് പിന്നാലെ ന്യൂനപക്ഷ വിരുദ്ധമാണ് കേന്ദ്ര നിലപാടുകളെന്ന പ്രചരണം ശക്തമാക്കുകയാണ് കോൺഗ്രസും പ്രതിപക്ഷവും. ഇതോടൊപ്പം ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മതേതര മുന്നണിയെന്ന മുദ്രാവാക്യമുയർത്തി അടുത്ത തിരഞ്ഞെടുപ്പിൽ മോദിയേയും ബിജെപിയേയും രണ്ടാംവരവിൽ നിന്ന് തടയാനും നീക്കം ശക്തമാണ്.

മോദി സർക്കാരിന്റെ ആദ്യവർഷങ്ങളിൽ ചർച്ചാവിഷയ പല കാര്യങ്ങളും ബിജെപിക്ക് പ്രതീക്ഷയ്ക്ക് വക നൽകിയിരുന്നു. അതിർത്തി കടന്നുള്ള സർജിക്കൽ സ്‌ട്രൈക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്തു എന്ന പ്രതിച്ഛായയും നൽകി. രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലേയും കോൺഗ്രസ് ഭരണം ഇല്ലാതാക്കി ബിജെപി അധികാരം പിടിച്ചെടുത്തു. ത്രിപുരയിൽ സിപിഎമ്മിനേയും തറപറ്റിച്ചു. ബീഹാറിലും പഞ്ചാബിലും ഏറ്റവുമൊടുവിൽ കർണാടകത്തിലുമാണ് ബിജെപിക്ക് അധികാരം നേടാനാവാതെ പോയത്. ഇതെല്ലാം മോദിയും അമിത്ഷായും അനുകൂല ഘടകങ്ങളായി കണക്കാക്കുമ്പോഴും രാ്ഷ്ട്രീയ അടിയൊഴുക്കുകൾ ശക്തമാണ്.

മേൽപ്പറഞ്ഞ തരത്തിൽ രാഷ്ട്രീയ നീക്കങ്ങളും അടിയൊഴുക്കുകളം നടക്കുമ്പോഴും മോദിയുടെ ഭരണത്തെ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്നതുതന്നെയാകും കേന്ദ്രത്തിൽ ബിജെപിക്ക് തുടർഭരണം ലഭിക്കുമോ എന്ന കാര്യത്തിൽ നിർണായകമാകുക. ഇക്കാര്യം അടിസ്ഥാനമാക്കിയാണ് മറുനാടൻ സർവേ. 12 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് സർവേ.

വികസനങ്ങൾ ഉയർത്തിക്കാട്ടുമ്പോഴും കസ്റ്റഡി കൊലപാതകവും കെവിൻ കേസും ചർച്ചചെയ്ത് കേരളം

പിണറായി സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത് ഓരോ മേഖലയിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ വികസന പദ്ധതികളും ക്ഷേമ പദ്ധതികളുമാണ്. സംസ്ഥാനത്ത് എല്ലാ മേഖലയിലും മികച്ച പുരോഗതി കൊണ്ടുവരാൻ ഈ രണ്ടുവർഷം കൊണ്ട് കഴിഞ്ഞുവെന്ന വിലയിരുത്തലാണ് ഇടതുപക്ഷം നടത്തുന്നത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഗൃഹസന്ദർശനം ഉൾപ്പെടെ നടത്തി മുന്നേറുന്നു. ഇതിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ചെങ്ങന്നൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഉണ്ടായ ഉജ്വല ജയമെന്ന വിലയിരുത്തൽ കൂടി ഇടതുപക്ഷം നടത്തുന്നു.

എന്നാൽ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വൻ വീഴ്ചകൾ സംഭവിച്ചുവെന്നത് സജീവ ചർച്ചയാണ്. രാഷ്ട്ര്ീയ കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ നാട്ടിൽ തന്നെ ഇപ്പോഴും തുടരുന്നതും ശ്രീജിത്തിന്റെ ലോക്കപ്പ് കൊലപാതകവും അതിന് പിന്നാലെ കെവിൻ എന്ന യുവാവിന്റെ ദുരഭിമാനക്കൊലപാതകത്തിന് ഒത്താശചെയ്ത പൊലീസിന്റെ സമീപനവും വിദേശവനിതയെ കാണാതായ സംഭവത്തിൽ ആദ്യം പൊലീസ് കാണിച്ച അലംഭാവവും എല്ലാം വലിയ വീഴ്ചകളായാണ് വിലയിരുത്തപ്പെടുന്നത്. ഗെയിൽ പൈപ്പ്‌ലൈൻ, ദേശീയപാത തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിൽ ഉണ്ടായ പ്രതിഷേധങ്ങളും കീഴാറ്റൂർ വിഷയവുമെല്ലാം ചർച്ചചെയ്യപ്പെടുന്നു.

കെഎസ്ആർടിസിയെ രക്ഷിക്കാൻ ഉൾപ്പെടെ സർക്കാർ നടത്തുന്ന നീക്കങ്ങളും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതും സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള വിഷയത്തിൽ ഉറച്ച തീരുമാനമെടുത്ത് നടപ്പാക്കിയതുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായ ഒരുവശത്ത് കൂട്ടുമ്പോൾ സ്വാശ്രയ വിഷയത്തിൽ മുതലാളിമാർക്ക് വേണ്ടി നിയമനിർമ്മാണം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ തിരിച്ചടിയായി നിൽക്കുന്നു. ഓഖി ദുരന്തം നേരിടുന്നതിൽ വീഴ്ചവന്നുവെന്ന ആക്ഷേപവും മദ്യവർജനമെന്ന മുദ്രാവാക്യം ഉയർത്തുമ്പോഴും പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ സാഹചര്യമൊരുക്കിയതുമെല്ലാം നെഗറ്റീവ് ഇമേജാക്കി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. അതേസമയം, പ്രതിപക്ഷത്തിന് പല വിഷയങ്ങളിലും നല്ല രീതിയിൽ ഇടപെടാൻ കഴിഞ്ഞില്ലെന്നതും ചർച്ചയാവുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല പരാജയമാണെന്ന ആക്ഷേപമുൾപ്പെടെ ഉയരുന്നു.

സർക്കാർ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടുമ്പോഴും ആദ്യ രണ്ടുവർഷങ്ങളിൽ അതുപോലെ തന്നെ വിവാദങ്ങളും ഉയർന്നുനിന്നു. അഴിമതിക്കെതിരെ വൻ വിപ്ലവം ഉണ്ടാകുമെന്ന പ്രതീക്ഷ നൽകിയാണ് പിണറായി മുഖ്യമന്ത്രിയായത്. വികസന കാര്യത്തിൽ ഉമ്മൻ ചാണ്ടിയെയും തോല്പിക്കുന്ന ഇച്ഛാശക്തി അദ്ദേഹം കാട്ടുമെന്ന് പ്രതീക്ഷിച്ചവരും ഏറെയാണ്. എന്നാൽ, ഈ പ്രതീക്ഷകളിൽ എത്രകണ്ട് നിറവേറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാറിനായി എന്ന ചോദ്യം ഇപ്പോഴും സജീവമാണ്. ഇതേക്കുറിച്ചുള്ള പൊതുജന അഭിപ്രായമാണ് മറുനാടൻ തേടുന്നത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവാദങ്ങൾ നിരവധിയാണ്. കടുത്ത ഇടതു അനുഭാവികൾ പോലും ഈ സർക്കാറിന് ഫുൾമാർക്ക് നൽകാൻ സാധ്യതയില്ല എന്ന നിലയിൽ സ്വാശ്രയ വിഷയത്തിലുൾപ്പെടെ കൈക്കൊണ്ട നിലപാടുകളിൽ സോഷ്യൽ മീഡിയയിൽപോലും കണ്ട പ്രവണതകൾ സൂചന നൽകുന്നു.

സർക്കാറിന്റെ പ്രതിച്ഛായ കെടുത്തിയ രണ്ട് മന്ത്രിമാരുടെ വിവാദമായ രാജി ആദ്യവർഷം. ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി ഇ പി ജയരാജന് രാജി വെക്കേണ്ടി വന്നതിന് പിന്നാലെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ മംഗളം ചാനലിന്റെ ഹണി ട്രാപ്പിലും കുടുങ്ങി രാജിവച്ചു. ഇതിന് പിന്നാലെ വന്ന തോമസ് ചാണ്ടിക്ക് ഭൂമി വിവാദത്തിലും സ്ഥാനം പോയി. എന്നാൽ അതിന് പി്ന്നാലെ ശശീന്ദ്രൻ കുറ്റവിമുക്തനായി വീണ്ടും മന്ത്രിയായി എത്തി. ഇതെല്ലാം ചർച്ചയായി ഇപ്പോഴും നിൽക്കുന്നു.

ഇതിനിടെ സർക്കാറിന്റെ വികസന പദ്ധതികൾ മാധ്യമങ്ങൾ കണ്ടില്ലെന്നു നടിച്ചു എന്ന ആക്ഷേപവും ശക്തമായി. വിവാദപ്പെരുമഴയിൽപ്പെട്ട് മുങ്ങിപ്പോയ നിരവധി നല്ലകാര്യങ്ങളും മുങ്ങിപ്പോകുന്ന കാഴ്‌ച്ചയാണ് കേരളം കണ്ടത്. കാർഷികരംഗത്തും വ്യാവസായിക രംഗത്തും തൊഴിൽരംഗത്തുമെല്ലാം താഴേത്തട്ടിൽ ഉണർവുണ്ടാക്കാൻ പിണറായി സർക്കാറിന് സാധിച്ചു എന്നാണ് വിലയിരുത്തുന്നത്. കശുവണ്ടി മേഖലയിൽ തൊഴിൽ ദിനങ്ങൾ ഉണ്ടാക്കാൻ സാധിച്ചത് വലിയൊരു നേട്ടമായി. തരിശുഭൂമികളിൽ കൃഷിയിറക്കാൻ തീരുമാനിച്ചതും വലിയൊരു മുന്നേറ്റമാണ് ഉണ്ടാക്കിയത്. പാവപ്പെട്ടവരുടെ ഏക ആശ്രയമായ ക്ഷേമപെൻഷനുകൾ കുടിശ്ശിക തീർത്ത് നൽകിത്തുടങ്ങിയത്, വിദ്യാഭ്യാസ വായ്‌പ്പയുടെ പലിശബാധ്യത ഏറ്റെടുത്തത് തുടങ്ങിയ കാര്യങ്ങൾ എൽഡിഎഫ് സർക്കാറിന്റെ തിളങ്ങുന്ന നേട്ടങ്ങളായി മാറി.

സ്‌കൂൾ യൂണിഫോറം കൈത്തറിയിലൂടെ നൽകിയതും എൽഡിഎഫിന്റെ മികച്ചൊരു പദ്ധതിയായാണ് വിലയിരുത്തപ്പെട്ടത്. ദേശീയപാതാ വികസനം, എൽഎൻജി പൈപ്പ് ലൈൻ പദ്ധതി, കൂടംകുളം വൈദ്യുതി ലൈൻ പദ്ധതി തുടങ്ങിയവയിലെല്ലാം സർക്കാർ ശക്തമായി ഇടപെട്ടു. ഗെയിൽ പൈപ്പ് ലൈനിന്റെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. റെയിൽവെ, സിവിൽ ഏവിയേഷൻ മേഖലയിൽ വലിയ വികസന കുതിപ്പിന് തുടക്കമിട്ടു.

അടിസ്ഥാന വികസനത്തിന് സാമ്പത്തിക സമാഹരണത്തിന് കിഫ്ബി എന്ന നൂതന സംവിധാനം പ്രായോഗികമാക്കി. ക്ഷേമ പെൻഷനുകളുടെ വിതരണം കാര്യക്ഷമമാക്കിയതും നോക്കുകൂലി നിർത്താലാക്കിയതും ഏറ്റവും ഒടുവിൽ ഇന്ധന വില കുതിച്ചുയരുന്നതിന് അൽപം ആശ്വാസമായി സംസ്ഥാനത്ത് ഒരു രൂപ കുറയ്ക്കാനെടുത്ത തീരുമാനവും ഉൾപ്പെടെ നേട്ടങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നു. ഇങ്ങനെ വികസനവും വിവാദങ്ങളും നിറഞ്ഞു നിന്ന പിണറായി വിജയൻ സർക്കാറിന്റെ രണ്ടുവർഷത്തെ വർഷത്തെ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും മാർക്കിടാനാണ് മറുനാടൻ മലയാളി സർവേ. 27 ചോദ്യങ്ങളാണ് മറുനാടൻ സർവേക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്.

രണ്ടു സർവേകളുടേയും ലിങ്ക് ചുവടെ:-

ഇരു സർവേകളിലും ഓരോ ചോദ്യങ്ങളിലും നിങ്ങളുടെ അഭിപ്രായം ഒപ്ഷനിൽ ക്ലിക് ചെയ്തു രേഖപ്പെടുത്താം. ഈ വാർത്തയ്‌ക്കൊപ്പം നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് സർവേകളിൽ പങ്കാളികളാകാം. നിങ്ങളുട ജിമെയ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വേണം വോട്ട് രേഖപ്പെടുത്താൻ. മുൻകാലങ്ങളിലെ മറുനാടൻ സർവേകളിലേതു പോലെ മോദിസർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്ന വേളയിലും പിണറായി സർക്കാർ മൂന്നാംവർഷത്തിലേക്ക് പ്രവേശിച്ച വേളയിലും വായനക്കാരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ ജിമെയിൽ വിലാസം ലോഗിൻ ചെയ്താൽ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കു, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്‌നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP