Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെർത്തിൽനിന്നും കോലാലംപുരിലേക്ക് പറന്ന വിമാനത്തിന്റെ എൻജിൻ ആകാശത്തുവെച്ച് തകരാറിലായി; വാഷിങ് മെഷിൻപോലെ വിറച്ച് വിമാനം; പ്രാണനുവേണ്ടി കൂട്ടപ്രാർത്ഥന

പെർത്തിൽനിന്നും കോലാലംപുരിലേക്ക് പറന്ന വിമാനത്തിന്റെ എൻജിൻ ആകാശത്തുവെച്ച് തകരാറിലായി; വാഷിങ് മെഷിൻപോലെ വിറച്ച് വിമാനം; പ്രാണനുവേണ്ടി കൂട്ടപ്രാർത്ഥന

പെർത്ത് വിമാനത്താവളത്തിൽനിന്ന് കോലാലംപുരിലേക്ക് പറന്നുയർന്ന എയർ ഏഷ്യ വിമാനത്തിന്റെ എൻജിൻ ആകാശത്തുവെച്ച് തകരാറിലായി. പൈലറ്റിന്റെ മനസ്സാന്നിധ്യമൊന്നുകൊണ്ടുമാത്രം വിമാനം അടിയന്തിരമായി പെർത്തിൽ തിരിച്ചിറക്കി യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി. യാത്രക്കാരെ സുരക്ഷിതമായി പെർത്തിലെത്തിച്ച പൈലറ്റിനെ എയർ ഏഷ്യ വിമാനക്കമ്പനിയുടെ ഉടമ ടോണി ഫെർണാണ്ടസ് അനുമോദിച്ചു.

കോലാലംപുരിലേക്ക് പറന്നുയർന്ന് രണ്ടുമണിക്കൂർ യാത്ര ചെയ്തപ്പോഴാണ് വിമാനത്തിന്റെ ഒരെൻജിൻ തകരാറിലായത്. ഇതോടെ വിമാനം വാഷിങ് മെഷിൻ പോലെ വിറയ്ക്കാൻ തുടങ്ങിയെന്ന് യാത്രക്കാർ പറഞ്ഞു. സുരക്ഷിതമായി നിലത്തെത്താൻ പ്രാർത്ഥിക്കാൻ ജീവനക്കാർ യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ക്യാപ്റ്റൻ ഇബ്രാഹിമിന്റെയും ഫസ്റ്റ് ഓഫീസർമാരായ ഇബ്രാഹിമിന്റെയും പഴ്‌സർ റ്യൂജറുനേഗ്ലായിയുടെയും നേതൃത്വത്തിലുള്ള ജീവനക്കാരുടെ മനസ്സാന്നിധ്യമാണ് യാത്രക്കാരെ സുരക്ഷിതരാക്കിയതെന്ന് ടോണി ഫെർണാണ്ടസ് ഫേസ്‌ബുക്കിൽ കുറിച്ചു.

ക്യാപ്റ്റൻ ഇബ്രാഹിമിന്റെയും മറ്റ് ജീവനക്കാരുടെയും ധൈര്യത്തിൽ താൻ അതിയായി അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എയർ ഏഷ്യ എൻജിനുകളുണ്ടാക്കുന്നില്ലെന്നും, എല്ലാ വിമാനങ്ങൾക്കും എൻജിൻ തകരാറുകൾ ഉണ്ടാകാറുണ്ടെന്നും ടോണി പറഞ്ഞു. അത്തരം ഘട്ടങ്ങളിൽ ജീവനക്കാരുടെ മനസ്സാന്നിധ്യമാണ് യാത്ര സുരക്ഷിതമാക്കുന്നത്. എയർ ഏഷ്യ അത്തരം ജീവനക്കാരുള്ള സ്ഥാപനമാണെന്നും ടോണി കുറിച്ചു.

359 യാത്രക്കാരുമായാണ് എയർ ഏഷ്യ വിമാനം പെർത്തിൽനിന്ന് കോലാലംപുരിലേക്ക് പുറപ്പെട്ടത്. എൻജിൻ തകരാറിലായതോടെ, വിമാനം വിറയ്ക്കുന്ന വീഡിയോ ദൃശ്യം യാത്രക്കാരിലൊരാൾതന്നെയാണ് പകർത്തിയത്. പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും നിർദേശങ്ങൾ പാലിക്കണമെന്നും വിമാനം നിലത്തിറങ്ങുന്നതുവരെ പ്രാർത്ഥന കൈവിടരുതെന്നും പൈലറ്റ് ആവർത്തിച്ചുകൊണ്ടിരുന്നു.

പറന്നുയർന്ന് കുറച്ചുകഴിഞ്ഞപ്പോൾ വലിയൊരു ശബ്ദം കേട്ടിരുന്നുവെന്നും അതോടെയാണ് എൻജിൻ തകരാറ് ശ്രദ്ധയിൽപ്പെട്ടതെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു. എൻജിനുകളിലൊന്ന് തകരാറിലാണെന്ന് പൈലറ്റ് അറിയിച്ചതോടെ, വിമാനത്തിൽ കൂട്ടനിലവിളിയുയർന്നു. ചില യാത്രക്കാർ വിമാനം നിലത്തിറങ്ങന്നതുവരെ നിലവിളിച്ചുകൊണ്ടിരുന്നതായും യാത്രക്കാർ പറഞ്ഞു.

ഓസ്‌ട്രേലിയൻ സെക്ടറിൽ വൻതോതിൽ വളർച്ച കൈവരിച്ച വിമാനസർവീസാണ് എയർ ഏഷ്യയുടേത്. കഴിഞ്ഞവർഷം 35 ശതമാനം വളർച്ചയാണ് വിമാനക്കമ്പനി കൈവരിച്ചത്. 14.5 ലക്ഷം യാത്രക്കാരെയാണ് കഴിഞ്ഞവർഷം ഈ മേഖലയിൽ എയർ ഏഷ്യ കൈകാര്യം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP