Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറുത്തവരോടുള്ള അവഗണനയ്‌ക്കെതിരെ ദേശീയ ഗാനസമയത്ത് മുട്ടുകുത്തിയവരെ പുറത്താക്കണമെന്ന് ട്രംപ്; പ്രതിഷേധവുമായി അനേകം അമേരിക്കൻ ടീമുകൾ ദേശീയഗാനത്തെ അവഗണിച്ചു; പുത്തൻ പ്രതിഷേധത്തിൽ നാണംകെട്ട് അമേരിക്ക

കറുത്തവരോടുള്ള അവഗണനയ്‌ക്കെതിരെ ദേശീയ ഗാനസമയത്ത് മുട്ടുകുത്തിയവരെ പുറത്താക്കണമെന്ന് ട്രംപ്; പ്രതിഷേധവുമായി അനേകം അമേരിക്കൻ ടീമുകൾ ദേശീയഗാനത്തെ അവഗണിച്ചു; പുത്തൻ പ്രതിഷേധത്തിൽ നാണംകെട്ട് അമേരിക്ക

ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതുമുതൽ പുതിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് അമേരിക്കയിലെമ്പാടും. കറുത്തവരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മത്സരത്തിന് മുന്നോടിയായി ദേശീയഗാനം മുഴങ്ങിയപ്പോൾ മുട്ടുകുത്തി നിന്ന താരങ്ങളെ പുറത്താക്കണമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഏറ്റവുമൊടുവിൽ പ്രതിഷേധത്തിനിടയാക്കിയത്. ഇതേത്തുടർന്ന് ട്രംപിനോടുള്ള പ്രതിഷേധ സൂചകമായി അമേരിക്കയിലെമ്പാടും ടീമുകൾ ദേശീയഗാന സമയത്ത് മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചു.

അമേരിക്കയെ നിന്ദിച്ച താരങ്ങളെ പുറത്താക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് താരങ്ങൾ കൂട്ടത്തോടെ, സമാനമായ കൃത്യം ചെയ്ത് പ്രതിഷേധിച്ചത്. ജാക്സൺവീൽ ജാഗ്വേഴ്‌സിലെയും ബാൾട്ടിമോർ റാവൻസിലെയും ഏതാനും താരങ്ങളാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഇതേത്തുടർന്ന് വെള്ളിയാഴ്ച ഒരു റാലിയിൽ സംസാരിക്കവെ ട്രംപ് കടുത്തഭാഷയിൽ വിമർശിച്ചു. ഈ എൻ.എഫ്.എൽ ടീമുകളുടെ ഉടമകളാരെങ്കിലും അമേരിക്കൻ പതാകയെ നിന്ദിക്കുന്നത് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ട്രംപ് ചോദിച്ചു. അങ്ങനെയില്ലെങ്കിൽ, ദേശീയഗാന സമയത്ത് മുട്ടുകുത്തിയ തെമ്മാടികളെ ടീമിൽനിന്ന് പുറത്താക്കണമെന്നും ട്രംപ് പറഞ്ഞു.

യഥാർഥത്തിൽ മുട്ടുകുത്തിയുള്ള പ്രതിഷേധം കഴിഞ്ഞവർഷം മുതൽക്കെയുണ്ട്. കറുത്തവർഗക്കാരോടുള്ള സമീപനത്തിനെതിരെ കോളിൻ കോപ്പർനിക്ക് എന്ന താരമാണ് ഇത്തരത്തിലുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത്. ഇക്കുറി ജാഗ്വേഴ്‌സിലെയും റാവൻസിനെയും മുഴുവൻ താരങ്ങളും അത്തരത്തിൽ പ്രതിഷേധിച്ചതോടെയാണ് ട്രംപ് രംഗത്തെത്തിയത്. ജാഗ്വേഴ്‌സിന്റെ ഉടമ ഷാദ് ഖാൻ ഒപ്പമുണ്ടായിരുന്നെങ്കിലും മുട്ടുകുത്തിയിരുന്നില്ല. ഫുൾഹാം ഫുട്‌ബോൾ ടീമിന്റെ ഉടമകൂടിയായ ഷാദ് ഖാൻ, ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അഞ്ച് ദശലക്ഷം ഡോളർ സംഭാവന നൽകിയിരുന്നു.

കളിക്കാർ മൈതാനത്ത് പ്രകടിപ്പിച്ച പ്രതിഷേധത്തോട് നൂറുശതമാനം യോജിക്കുന്നതായി ട്വിറ്ററിലൂടെ റാവൻസ് ടീമധികൃതർ പറഞ്ഞു. ഇത് ജനാധിപത്യമാണെന്നും എല്ലാ ശബ്ദവും ഉയർന്നുകേൾക്കണമെന്നും ടീമിന്റെ ട്വീറ്റിൽ പറയുന്നു. ജാഗ്വേഴ്‌സും അവരുടെ താരങ്ങളുടെ പ്രതിഷേധത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തു. ട്രംപിനോടുള്ള പ്രതിഷേധമായി ജാഗ്വേഴ്‌സും റാവൻസും മുട്ടുകുത്തിയപ്പോൾ മറ്റു പല രീതികളിലാണ് മറ്റു ടീമുകൾ പ്രതിഷേധമറിയിച്ചത്.

നാഷ്‌വീലിലെ മത്സരത്തിന് മുമ്പായി ദേശീയഗാനം മുഴങ്ങിയപ്പോൾ സീഹോക്‌സിന്റെയും ടൈറ്റൻസിന്റെയും താരങ്ങൾ അവരുടെ ഡ്രെസ്സിങ് റൂമിൽത്തന്നെയിരിക്കാനാണ് തീരുമാനിച്ചത്. ദേശീയഗാനത്തിനുശേഷം മാത്രമേ ടീം മൈതാനത്തിറങ്ങിയുള്ളൂ. പിറ്റ്‌സ്ബർഗ് സ്റ്റീലേഴ്‌സിന്റെ താരങ്ങളും സമാനമായ രീതിയിൽ പ്രതികരിച്ചു. സ്റ്റീലേഴ്‌സിന്റെ പരിശീലകൻ മൈക്ക് ടോംലിനും ഏതാനും സപ്പോർട്ട് സ്റ്റാഫും മാത്രമാണ് കളത്തിലുണ്ടായിരുന്നത്.

ന്യൂ ഓർലൻസ് സെയ്ന്റ്‌സിന്റെ താരങ്ങൾ കളത്തിലിറങ്ങിയെങ്കിലും ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാൻ തയ്യാറായില്ല. ബഫല്ലോ ബിൽസും ടാപ ബേ ബുക്കാനീർസും മിസെനോട്ട വൈക്കിങ്‌സും ക്ലീവ് ലാൻഡ് ബ്രൗൺസും ഷിക്കാഗോ ബിയേഴ്‌സും ഇന്ത്യാനപ്പൊലീസ് കോൾട്‌സും ഹൂസ്റ്റൺ ടെക്‌സൻസും ന്യുയോർക്ക് ജെറ്റ്‌സും ബഫല്ലോ ബിൽസും മറ്റനേകം ടീമുകളും കറുത്തവരോടുള്ള ഐക്യദാർഢ്യമായും ട്രംപിനോടുള്ള പ്രതിഷേധമായും ദേശീയഗാനത്തെ അവഗണിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP