Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം താമസിക്കവെ വീടു ഷെയർ ചെയ്തിരുന്ന യുവതിയുമായി അവിഹിത ബന്ധം; പെൺകുട്ടി ബന്ധമവസാനിപ്പിച്ചപ്പോൾ വീഡിയോ പുറത്തു വിട്ട് പ്രതികാരം; ബ്രിട്ടനിലെ ഇന്ത്യൻ പ്രണയകഥ വിവാദമായപ്പോൾ

ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം താമസിക്കവെ വീടു ഷെയർ ചെയ്തിരുന്ന യുവതിയുമായി അവിഹിത ബന്ധം; പെൺകുട്ടി ബന്ധമവസാനിപ്പിച്ചപ്പോൾ വീഡിയോ പുറത്തു വിട്ട് പ്രതികാരം; ബ്രിട്ടനിലെ ഇന്ത്യൻ പ്രണയകഥ വിവാദമായപ്പോൾ

വിഹിത ബന്ധങ്ങൾ അൽപകാലത്തേക്ക് സുഖവും സംതൃപ്തിയുമേകുമെങ്കിലും അന്തിമമായി അതു കൊണ്ട് നാശം മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് പലരുടെയും അനുഭവങ്ങളിലൂടെ പലവട്ടം തെളിഞ്ഞ കാര്യമാണ്. ബെർമിങ്ഹാമിൽ ജീവിക്കുന്ന ഇന്ത്യക്കാരനായ ആഷിഷ് തമാൻ എന്ന 29കാരന്റെ അവിഹിത ബന്ധത്തിന്റെ ദുരന്തപര്യവസാനവും ഇതു തന്നെയാണ് തെളിയിക്കുന്നത്. ഗർഭിണിയായ ഭാര്യക്കൊപ്പം താമസിക്കവെ വീട് ഷെയർ ചെയ്തിരുന്ന യുവതിയുമായാണ് ആഷിഷ് അവിഹിത ബന്ധത്തിലേർപ്പെട്ടിരുന്നത്. എന്നാൽ കുറെക്കഴിഞ്ഞപ്പോൾ പെൺകുട്ടി ബന്ധമവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ കുപിതനായ ആഷിഷ് അവരുടെ ലൈംഗികബന്ധത്തിന്റെ വീഡിയോ പുറത്ത് വിട്ട് പ്രതികാരം തീർക്കുകയായിരുന്നു. ഇതോടെ ബെർമിങ്ഹാമിലെ ഈ ഇന്ത്യൻ പ്രണയകഥ വിവാദമാവുകയും ആഷിഷ് പുലിവാൽ പിടിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ.

താനുമായുള്ള ബന്ധമവസാനിപ്പിച്ചെന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്ന് ആഷിഷ് അവർക്ക് 200 ഫോൺകാളുകളെങ്കിലും വിളിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നിട്ടും പെൺകുട്ടി വഴങ്ങാതിരുന്നതിനെ തുടർന്നാണ് പ്രതികാരമെന്ന നിലയിൽ 20 മിനുറ്റ് ദൈർഘ്യമുള്ള പെൺകുട്ടിയുമായി ബന്ധപ്പെട്ട സെക്‌സ് വീഡിയോ ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ബെർമിങ്ഹാമിലെ ഹാൻഡ്‌സ് വർത്ത് വുഡിലുള്ള വാടകവീട്ടിൽ തന്റെ ഗർഭിണിയായ ഭാര്യ റാമനും ഈ പെൺകുട്ടിക്കുമൊപ്പമായിരുന്നു ആഷിഷ് താമസിച്ചിരുന്നത്. ആ സമയത്ത് ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം വളരുകയുമായിരുന്നു. ഈ ലൈംഗിക ബന്ധം അയാൾ ഭാര്യയിൽ നിന്നും അതിവിദഗ്ധമായി മറച്ചു പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു ദിവസം ഈ അവിഹിത ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി തീരുമാനിച്ചതോടെ ആഷിഷ് അവൾക്ക് നേരെ ഭീഷണിയും അധിക്ഷേപവുമായി രംഗത്തെത്തുകയായിരുന്നു. എന്നിട്ടും പെൺകുട്ടിയുടെ മനസ് മാറാഞ്ഞതിനെ തുടർന്നാണ് പ്രതികാരമായി പ്രസ്തുത വീഡിയോ ഫേസ്‌ബുക്കിലിട്ടത്. പെൺകുട്ടി ബന്ധത്തിൽ നിന്നും ഒഴിഞ്ഞു മാറി മൂന്ന് ദിവസത്തിനുള്ളിലാണ് ആഷിഷ് അവളെ 200 വട്ടം വിളിക്കുകയും 50 ടെക്സ്റ്റ് മെസേജുകൾ അയക്കുകയും ചെയ്തത്.

തുടർന്ന് ആഷിഷ് പെൺകുട്ടിയുടെ അമ്മയുടെ പേരിൽ ഫേസ്‌ബുക്കിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുകയും താനും പെൺകുട്ടിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതു കണ്ട് പെൺകുട്ടിയും കുടുംബാംഗങ്ങളും ഞെട്ടിപ്പോവുകയായിരുന്നു. ഇതോടെ പെൺകുട്ടിക്ക് കടുത്ത അപമാനം സംജാതമായെന്ന് പറയേണ്ടതില്ലല്ലോ. വിവാഹിതനായിരുന്നിട്ട് കൂടി ആഷിഷിന് പരാതിക്കാരിയുമായി കുറച്ച് കാലം ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ വിക്ടോറിയ ലൂക്ക് ബെർമിങ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. എന്നാൽ ദീർഘകാലം ഈ ബന്ധം തുടരാൻ താൽപര്യപ്പെടാതിരുന്ന പെൺകുട്ടി ഇതിൽ നിന്ന് പിന്മാറാൻ ആഗ്രഹിച്ചതിനെ തുടർന്നാണ് ആഷിഷ് പ്രതികാരനടപടിയുമായി രംഗത്തെത്തിയതെന്നും കോടതിയിൽ വെളിവാക്കപ്പെട്ടു. ഈ വീഡിയോ എപ്പോഴാണ് പകർത്തിയതെന്ന് പെൺകുട്ടിക്ക് യാതൊരു ബോധ്യവുമില്ലെന്നാണ് റിപ്പോർട്ട്. ഈ വീഡിയോ താൻ കുടുംബക്കാരെ കാണിച്ച് അപമാനിക്കുമെന്ന് ആഷിഷ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ.

ആഷിഷിന്റെ ഇത്തരത്തിലുള്ള ഭീഷണികളിൽ നിന്നും രക്ഷപ്പെടാനായി പെൺകുട്ടി ലണ്ടനിലേക്ക് മാറിത്താമസിക്കുക വരെ ചെയ്തിരുന്നു. എന്നിട്ടും അയാൾ ഫോണിലൂടെ ഭീഷണി തുടർന്നിരുന്നുവെന്നാണ് റിപ്പോർട്ട്. മിഡ്‌ലാന്റ്‌സിലേക്ക് തിരിച്ച് വരാനായിരുന്നു അയാൾ പെൺകുട്ടിയെ നിർബന്ധിച്ചത്. തുടർന്ന് സെപ്റ്റംബർ 30നായിരുന്നു ഇയാൾ വീഡിയോ പോസ്റ്റ് ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ കസിനാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ പെൺകുട്ടി തനിക്കെതിരെ ബലാത്സംഗ കേസ് കൊടുക്കുമെന്ന ഭയത്താൽ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് ആഷിഷ് ആ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകനായ സുഖ്ദീപ് രാൻഡവ വാദിച്ചത്. എന്നാൽ കോടതി ഈ വാദം തള്ളുകയും ആഷിഷിന് തടവ്ശിക്ഷ വിധിക്കുകയുമായിരുന്നു. ഇതിന് പുറമെ പെൺകുട്ടിക്ക് ചെലവായി 185 പൗണ്ടും സർചാർജായി 80 പൗണ്ടും നൽകാനും കോടതി വിധിച്ചിട്ടുണ്ട്. ഈ പെൺകുട്ടിയുമായി മേലിൽ ബന്ധപ്പെടുന്നതിനും ഇയാൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP