Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർച്ചയായ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് ബ്രിട്ടൻ; പരിശീലനം സിദ്ധിച്ച 3000 ഭീകരർ ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ; 5000 സൈനികരെ ബ്രിട്ടീഷ് തെരുവിലിറക്കി പരിശോധന കർശനമാക്കി

തുടർച്ചയായ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് ബ്രിട്ടൻ; പരിശീലനം സിദ്ധിച്ച 3000 ഭീകരർ ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ; 5000 സൈനികരെ ബ്രിട്ടീഷ് തെരുവിലിറക്കി പരിശോധന കർശനമാക്കി

ലണ്ടൻ: മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ബ്രിട്ടന്റെ ഉറക്കം കെടുത്തുന്നു. തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി തെരേസ മെയ്‌, ഏതുനിമിഷവും അത്തരമൊരു ആക്രമണം പ്രതീക്ഷിക്കാമെന്നും പ്രഖ്യാപിച്ചു. പരിശീലനം സിദ്ധിച്ച 3000-ത്തോളം ഭീകരർ രാജ്യത്തെത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ ആശങ്ക. ഇവരെ കണ്ടെത്തുന്നതിനും ആക്രമണത്തിന്റെ മുനയൊടിക്കുന്നതിനുമായി 5000-ത്തോളം സൈനികരെ ബ്രിട്ടീഷ് തെരുവുകളിൽ നിയോഗിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മാഞ്ചസ്റ്റർ അരീനയിൽ സ്‌ഫോടനം നടത്തിയത് ലിബിയൻ വംശജനായ 22-കാരൻ സൽമാൻ അബാദിയാണെന്ന് തെരേസ സ്ഥിരീകരിച്ചു. നിലവിൽ അബാദിയെ മാത്രമാണ് സംശയിക്കുന്നതെങ്കിലും ആക്രമണം അയാൾ ഒറ്റയ്ക്ക് സംഘടിപ്പിച്ചതാവണമെന്നില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഇസ്ലാമിസ്റ്റ് ഭീകരരുടെ സംഘം തന്നെ ബ്രിട്ടനിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ വിലയിരുത്തുന്നു.

ബ്രിട്ടനിലെ ഭീകരാക്രമണ സാധ്യത ഏറ്റവും ആശങ്കാജനകമായ നിലയിലാണെന്ന് ടെററിസം അനാലിസിസ് സെന്റർ വിലയിരുത്തുന്നു. 'ക്രിട്ടിക്കൽ' തലത്തിലേക്കാണ് ആക്രമണ സാധ്യത ഉയർന്നിട്ടുള്ളത്. 2006 ഓഗസ്റ്റ് ഒന്നിന് ഈ സംവിധാനം നിലവിൽവന്നശേഷം രണ്ടുതവണയേ ക്രിട്ടിക്കൽ എന്ന നിലയിലേക്ക് ഭീകരാക്രമണ ഭീഷണി ഉയർത്തിയിട്ടുള്ളൂ.

അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രൻഡെയുടെ സംഗീത പരിപാടിക്ക് പോയവരെയാണ് ഭീകരർ ലക്ഷ്യമിട്ടത്. വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരന്റെ മകനാണ് ആക്രമണം നടത്തിയ സൽമാൻ. ഇയാളുടെ വീട്ടിൽ പൊലീസ് ഇന്നലെ വ്യാപകമായ തിരച്ചിൽ നടത്തി. അവിടെനിന്ന് ലഭിച്ച സ്‌ഫോടക വസ്തുക്കൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നശിപ്പിച്ചു. അബാദിയുടെ സഹോദരൻ ഇസ്മയീൽ താമസിക്കുന്ന വീട്ടിലും പൊലീസ് തിരച്ചിൽ നടത്തി. ഇസ്മയീലിനെ കസ്റ്റഡിയിലെടുത്തതായും സംശയമുണ്ട്.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 22 പേരിൽ അഞ്ചുപേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. എട്ടുവയസ്സുകാരിയായ സാഫി റൗസോസ്, കോളേജ് വിദ്യാർത്ഥിയായ ഗ്രിഗോറിയൻ കാലണ്ടർ, ജോൺ അറ്റ്കിൻസൺ (26), കെല്ലി ബ്രെസ്റ്റർ (32), മേഗൻ ഹർളി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.. സൽമാൻ ഒറ്റയ്ക്കാണോ ഭീകരാക്രമണം നടത്തിയത് അതോ, അയാളെ സഹായിക്കാൻ ഗൂഢസംഘമുണ്ടായിരുന്നോ എന്ന കാര്യമാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമായും അന്വേഷിക്കുന്നത്.

ഒരാഴ്ചമുമ്പാണ് സൽമാൻ ലിബിയയിൽ പോയി മടങ്ങിയെത്തിയതെന്ന് അയാളുടെ സുഹൃത്തുക്കളിലൊരാൾ വ്യക്തമാക്കി. മാഞ്ചസ്റ്റർ അരീനയിൽനിന്ന് ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ഒരു സ്യൂട്ട്‌കേസ് വെക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ലിബിയൻ വംശജനും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനുമായ അബു ക്വാഖ അൽ-ബ്രിട്ടാനിയെന്ന റാഫേൽ ഹോസ്റ്റിയുമായുള്ള ഇയാളുടെ ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സുരക്ഷാ മേധാവികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സൽമാൻ തനിച്ചാണോ സ്‌ഫോടനം നടത്തിയതെന്ന കാര്യത്തിൽ അന്വേഷകർക്ക് സംശയമുണ്ടെന്ന കാര്യം പ്രധാനമന്ത്രി തെരേസ വ്യക്തമാക്കിയത്. സ്വന്തം നിലയ്ക്ക് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ പരിശീലനം സിദ്ധിച്ച യുവാക്കളുടെ സംഘം രാജ്യത്ത് പ്രവർത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു. ഇപ്പോഴത്തെ ആക്രമണം കൊണ്ട് ഭീഷണിയടങ്ങിയെന്ന് പറയാനാവില്ല. ഏതുനിമിഷവും മറ്റൊരാക്രമണം കൂടി പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു-പ്രധാനമന്ത്രി പറഞ്ഞു.

ഭീകരസംഘടനയിൽ ആകൃഷ്ടരായി ആക്രമണം നടത്താൻ തയ്യാറെടുത്ത 3000-ത്തോളം യുവതീയുവാക്കൾ ബ്രിട്ടനിലുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സിറിയയിലും ഇറാഖിലുമായി ഐസിസിൽചേർന്ന് യുദ്ധം ചെയ്യുന്നതിനായി 850-ഓളം ബ്രിട്ടീഷുകാർ പോയിട്ടുണ്ടെന്നാണ് കണക്ക്. ഇവരിൽ പലരും തിരിച്ചുവരികയോ, ഇവരുടെ സ്വാധീനത്താൽ ഭീകരസംഘടനയിലേക്ക് ആകൃഷ്ടരാവുകയോ ചെയ്തിട്ടുണ്ട്. അവരാണ് ഇപ്പോൾ രാജ്യത്തിന് ബീഷണി ഉയർത്തുന്നത്.

സിറിയയിലും ഇറാഖിലും ഐസിസിനേറ്റ തിരിച്ചടിയിൽ പലരും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാമെന്ന് കരുതുന്നു. നൂറോളം ബ്രിട്ടീഷ് ഐസിസുകാർ ഇതിനകം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷിച്ചവരുടെ സാന്നിധ്യമാണ് രാജ്യത്ത് വലിയ ഭീഷണിയായി മാറിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നാലുവർഷത്തിനിടെ നാല് വലിയ ആക്രമണശ്രമങ്ങൾ തുട്ക്കത്തിലേ പരാജയപ്പെടുത്താൻ സുരക്ഷാസേനയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ഭീകരവിരുദ്ധ സേനാ ഓഫീസർ ആക്ടിങ് ഡപ്യൂട്ടി മെറ്റ് കമ്മീഷണർ മാർക്ക് റോളി വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP