Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെക്കൻ ചൈനാക്കടലിൽ ചൈനയ്ക്ക് പരമാധികാരമില്ലെന്ന് രാജ്യാന്തര കോടതി; വിധി അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് മേഖലയിൽ ചൈനീസ് സൈനികനീക്കം; ചൈനയുടെ കടുംപിടിത്തം ശാന്തസമുദ്രത്തിലെ വൻ എണ്ണനിക്ഷേപവും കപ്പൽപ്പാതയിലെ സഹസ്രകോടികളുടെ ചരക്കുനീക്കവും ലക്ഷ്യമിട്ട്  

തെക്കൻ ചൈനാക്കടലിൽ ചൈനയ്ക്ക് പരമാധികാരമില്ലെന്ന് രാജ്യാന്തര കോടതി; വിധി അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് മേഖലയിൽ ചൈനീസ് സൈനികനീക്കം; ചൈനയുടെ കടുംപിടിത്തം ശാന്തസമുദ്രത്തിലെ വൻ എണ്ണനിക്ഷേപവും കപ്പൽപ്പാതയിലെ സഹസ്രകോടികളുടെ ചരക്കുനീക്കവും ലക്ഷ്യമിട്ട്   

ഹേഗ്: തെക്കൻ ചൈനാ കടലിൽ ഫിലിപ്പീൻസിനും അവകാശമുണ്ടെന്നും ചൈനയ്ക്ക് കുത്തകാവകാശം സ്ഥാപിക്കാനാവില്ലെന്നും അന്താരാഷ്ട്ര ട്രിബ്യൂണൽ വിധിച്ചു. തെക്കൻ കടലിൽ തങ്ങൾക്കുമാത്രമാണ് പരമാധികാരമെന്ന ചൈനയുടെ വാദം തള്ളിയാണ് അന്താരാഷ്ട്ര കോടതിയുടെ വിധി. അടിത്തട്ടിൽ വൻ പെട്രോളിയം നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ശാന്തസമുദ്രത്തിന്റെ ഭാഗമായ ദക്ഷിണ ചൈനാക്കടലിനായി ചൈനയും ഫിലിപ്പീൻസും അവകാശവാദം ശക്തമാക്കുന്നത്.

അതേസമയം, ഒരു മൂന്നാം കക്ഷിയുണ്ടാക്കുന്ന തീർപ്പുകൾ അംഗീകരിക്കില്ലെന്നാണ് ചൈനീസ് നിലപാടെന്നതിനാൽ ഇനി ചൈനയുടെ പ്രതികരണങ്ങൾ രാജ്യാന്തരതലത്തിൽ വൻ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. വൻ എണ്ണ നിക്ഷേപം കണ്ടെത്തിയതോടെ ദക്ഷിണചൈനാ കടൽമേഖല മുഴുവൻ തങ്ങളുടെ പരമാധികാര പ്രദേശമാണെന്ന് പ്രഖ്യാപിച്ച് ചൈന ഇവിടെ സൈനികശക്തി വർധിപ്പിക്കുകയായിരുന്നു. എന്നാൽ ചൈനയുടെ ഈ പരമാധികാരവാദത്തെ കടൽത്തീരം പങ്കുവയ്ക്കുന്ന ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണയ്, തയ്‌വാൻ എന്നീ രാജ്യങ്ങൾ ശക്തമായി എതിർത്തതോടെയാണ് സംഭവം രാജ്യാന്തര കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

യുഎൻ ഉടമ്പടി പ്രകാരം ഇവിടെ രൂപീകരിച്ച പ്രത്യേക സാമ്പത്തിക മേഖലയുടെ ചട്ടങ്ങൾ പ്രകാരം ചൈന മേഖലയിൽ അവകാശപ്പെടുന്ന ചരിത്രപരമായ അവകാശങ്ങൾ ഇല്ലാതായെന്ന് ഹേഗിൽ തർക്കം പരിഹരിച്ച ട്രിബ്യൂണലിലെ വിദഗ്ധരുടെ പാനൽ വ്യക്തമാക്കി. 2013ലാണ് മനില ഈ കേസുമായി അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നത്. 200 മൈൽ നീണ്ടുകിടക്കുന്ന സാമ്പത്തിക മേഖലയിൽ ചൈന കടന്നുകയറുന്നതായാണ് പരാതി ഉന്നയിക്കപ്പെട്ടത്. ഈ മേഖലയിലൂടെയുള്ള ചരക്കുനീക്കം 50,000 കോടി ഡോളറിന്റെ ചരക്കുനീക്കം ഓരോ വർഷവും നടക്കുന്ന ഈ കപ്പൽപാതയുടെ ഉടമസ്ഥതയ്ക്കു പുറമെ താഴെ അടിത്തട്ടിലെ വൻ എണ്ണനിക്ഷേപവും ലക്ഷ്യമിട്ടാണ് ഇപ്പോൾ അവകാശവാദം ഉന്നയിക്കപ്പെടുന്നത്. കടലിലെ വൻ മത്സ്യസമ്പത്തും രാജ്യങ്ങൾ തമ്മിലുള്ള കിടമത്സരത്തിന് മറ്റൊരു കാരണമാണ്.

കേസ് പ്രതികൂലമാകുമെന്ന് മനസ്സിലായ ചൈന തുടക്കംമുതലെ ഇത് ബഹിഷ്‌കരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേസ് പരിഗണനയ്‌ക്കെടുക്കുമ്പോഴെല്ലാം സൈനിക ഡ്രില്ലുകളും പരിശീലനങ്ങളും അഭ്യാസങ്ങളും നടത്തുകയാണ് അവർ ചെയ്യാറ്. ഇക്കുറിയും അതുതന്നെ സംഭവിക്കുകയും ചെയ്തു. ഇനി യുഎൻ ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാകും തർക്കത്തിലെ പുരോഗതി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യപാത കൂടിയായ ദക്ഷിണ ചൈനാക്കടലിൽ ചൈന പരമാധികാരം സ്ഥാപിക്കുന്നത് അമേരിക്കൻ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നതിനാൽ അവരും മറ്റു രാജ്യങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഏതായാലും രാജ്യാന്തര വിധി എതിരായിതോടെ മേഖലയിൽ ചൈന കൈവശംവച്ചിട്ടുള്ള ദ്വീപുകളിൽ മിസൈലുകൾ ഉൾപ്പെടെ സ്ഥാപിച്ച് സൈനിക സന്നാഹം ശക്തിപ്പെടുത്തിയിരിക്കുകയാണ് ചൈന. നിരവധി ലൈറ്റ് ഹൗസുകളും ഒരുക്കിയിട്ടുണ്ട്. ഏതാക്രമണത്തേയും ചെറുക്കുമെന്നും അമേരിക്കൻ ഇടപെടൽ ഈ മേഖലയിൽ ആവശ്യമില്ലെന്നും മുമ്പ് പലതവണ നിലപാട് വ്യക്തമാക്കിയ ചൈന വിമാനവേധ മിസൈലുകളും പ്രദേശത്ത് വിന്യസിച്ചുകഴിഞ്ഞു.

എന്നാൽ, ഇപ്പോൾ വന്ന രാജ്യാന്തര കോടതിയുടെ വിധി ചൈന അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. മേഖലയിൽ ഉണ്ടാകാനിടയുള്ള സൈനിക സംഘർഷം നേരിടാൻ ചൈന സജ്ജമാകണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പത്രം ഗ്ലോബൽ ടൈംസ് നേരത്തേ മുഖപ്രസംഗമെഴുതിയിരുന്നു. തർക്കദ്വീപുകളിൽ കഴിഞ്ഞയാഴ്ച ചൈനീസ് സൈന്യം അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തു. മേഖലയിൽ നൂറോളം ചെറുദ്വീപുകളാണുള്ളത്. ജനവാസമില്ലെങ്കിലും മിക്ക ദ്വീപുകളുടെയും അവകാശം തങ്ങൾക്കാണെന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നത്. യൂറോപ്പിൽ നിന്ന് ചൈനയിലേക്കുള്ള പ്രധാന കടൽയാത്രാ മാർഗമാണ് തെക്കൻ ചൈനാക്കടൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP