Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ബ്രസൽസിലെ സ്‌ഫോടനം; ഏറെ നാളായി ഭയപ്പെട്ടത് തന്നെ; പൊട്ടിത്തെറിച്ചത് ചെക്ക് ഇൻ ചെയ്യാൻ കൊണ്ടു വന്ന ട്രോളിയിൽ ഒളിപ്പിച്ച ബോംബ്; രക്ഷപ്പെട്ട ഭീകരനെ തേടി പൊലീസ്

ബ്രസൽസിലെ സ്‌ഫോടനം; ഏറെ നാളായി ഭയപ്പെട്ടത് തന്നെ; പൊട്ടിത്തെറിച്ചത് ചെക്ക് ഇൻ ചെയ്യാൻ കൊണ്ടു വന്ന ട്രോളിയിൽ ഒളിപ്പിച്ച ബോംബ്; രക്ഷപ്പെട്ട ഭീകരനെ തേടി പൊലീസ്

ബ്രസൽസ്: പാരീസാക്രണത്തിന് ശേഷം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തങ്ങൾ കനത്ത ആക്രമണം അഴിച്ച് വിട്ട് നിരവധി പേരെ കൊലപ്പെടുത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാരീസാക്രണമണത്തിലെ സൂത്രധാരൻ സലാഹ് അബ്ദെസ്ലാമിനെ ബ്രസൽസിൽ വച്ച് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തതിന്റെ പ്രതികാരം ഐസിസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ബെൽജിയം ഇന്റീരിയർ മിനിസ്റ്റർ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.

അതിന്റെ പിറ്റേ ദിവസമാണ് ബ്രസൽസിൽ ആക്രമണമുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തിൽ വിലയിരുത്തുമ്പോൾ ബ്രസൽസിലെ സ്‌ഫോടനം ഏറെ നാളായി ഏവരും ഭയപ്പെട്ടിരുന്ന കാര്യമാണ്. ബ്രസൽസിലെ സാവന്റം വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ കൊണ്ടു വന്ന ട്രോളിയിൽ ഒളിപ്പിച്ച ബോബാണ് പൊട്ടിത്തെറിച്ച് അപകടം വിതച്ചിരിക്കുന്നത്. 14 പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്ത ആക്രമണത്തെ തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ഒരു ഭീകരനെ എങ്ങനെയെങ്കിലും പിടികൂടുകയെന്ന ലക്ഷ്യത്തോടെ പൊലീസ് ത്വരിത ഗതിയിലുള്ള നീക്കമാരംഭിച്ചിട്ടുമുണ്ട്.

വെള്ള കോട്ടും കറുത്ത തൊപ്പിയും ധരിച്ച ഒരു ഐസിസുകാരനാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.ഇയാൾക്ക് വേണ്ടി പൊലീസ് ഒരു വാണ്ടഡ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാൾ ചെക്ക് ഇൻ ഏരിയയിൽ കൂടി മറ്റ് രണ്ട് കൂട്ടാളികൾക്കൊപ്പം ലഗേജ് ട്രോളി തള്ളി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇയാൾക്കൊപ്പമുള്ള കൂട്ടാളികൾ അവരുടെ ഇടത്തെ കൈയിൽ കറുത്ത ഗ്ലൗസുകൾ ധരിച്ചതായി കണ്ടെത്തിയിട്ടതുണ്ട്. തങ്ങളുടെ എക്‌സ്‌പ്ലോസീവ് വെസ്റ്റുകൾ മറയ്ക്കാനായിരിക്കും ഇവ ധരിച്ചതെന്നാണ് സുരക്ഷാ ഉറവിടങ്ങൾ പറയുന്നത്.

ഇത്തരത്തിൽ കറുത്ത കോട്ടും ഗ്ലൗസും ധരിച്ച രണ്ടു പേരാണ് ഇവിടെ ആത്മഹത്യാ ബോംബുകളായി പൊട്ടിത്തെറിച്ച് ദുരന്തമുണ്ടാക്കിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.ഐസിസ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. മൂന്ന് ഭീകരരും ട്രോളിയുന്തിക്കൊണ്ട് നടന്ന് നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ യുഎസ് ഒഫീഷ്യലുകൾ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടയാളും ആത്മഹത്യാ ബോംബ് ധരിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് സ്വയം പൊട്ടിച്ചിതറാനുള്ള തീരുമാനം ഉപേക്ഷിച്ച ഇയാൾ മറ്റ് രണ്ടു പേർ ആത്മഹത്യാബോംബർമാരായി ചിന്നിച്ചിതറി കടുത്ത ദുരന്തം വിതയ്ക്കുന്നതിന് മുമ്പ് വിമാനത്താവളത്തിൽ നിന്നും പലായനം ചെയ്യുകയായിരുന്നുവെന്നുമാണ് ഇതിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത് മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.

എയർപോർട്ടിലെ ആക്രമണത്തിന് ശേഷം ഏകദേശം 80 മിനുറ്റുകൾ കഴിഞ്ഞാണ് മൊലെൻ ബീക്കിലെ മെട്രോ ട്രെയിൻ സ്‌റ്റേഷനിൽ ആക്രമണമുണ്ടായി 20പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നത്. എന്നാൽ ഇതിന് ഉത്തരവാദി വിമാനത്താവളത്തിൽ നിന്നും കടന്ന് കളഞ്ഞ് ഭീകരനാണോ എന്നത് ഇനിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് വെളിവായിട്ടില്ല. ഇതോടെ യൂറോപ്പിലെ മോസ്റ്റ് വാണ്ടഡ് മാനായിത്തീർന്ന ഇയാൾക്ക് വേണ്ടി പഴുതച്ച തെരച്ചിലാണ് വിവിധ രാജ്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ അരയിലുള്ള ബോംബ് പൊട്ടിക്കുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് ഈ ഭീകരൻ ഇയാൾ എയർപോർട്ടിൽ നിന്നും പലായനം ചെയ്തതാവാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ഇയാൾ ഉപേക്ഷിച്ചാ ആത്മഹത്യാ ബോംബും സ്യൂട്ട്‌കേസും എയർപോർട്ടിനടുത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നാണ് ബെൽജിയൻ ആർമി വെളിപ്പെടുത്തിയിരിക്കുന്നത്.34 പേരുടെ മരണത്തിനും 200ൽ അധികം പേർക്ക് പരിക്കേൽക്കുന്നതിനും വഴിയൊരുക്കിയ ഈ കടുത്ത ആക്രമണത്തിൽ ഭാഗഭാക്കായ ഈ ഭീകരനെ എങ്ങനെയെങ്കിലും പിടികൂടാനായി ബെൽജിയൻ പൊലീസ് വ്യാപകവും തന്ത്രപരവുമായ അന്വേഷണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

സ്‌ഫോടനം നടക്കുന്നതിന് മിനുറ്റുകൾക്ക് മുമ്പ് ഈ ഐസിസ് ഭീകരർ ടാക്‌സിയിലാണ് അവരുടെ സ്യൂട്ട്‌കേസുകളുമായി വിമാനത്താവളത്തിലെത്തിയതെന്നും ബോംബുകൾ അവരുടെ ബാഗുകളിലായിരുന്നു ബോംബുകളുണ്ടായിരുന്നതെന്നുമാണ് ലോക്കൽ മേയറായ ഫാൻസിസ് വെർമെയ്‌റൻ വെളിപ്പെടുത്തുന്നത്. അവർ സ്യൂട്ട്‌കേസുകൾ ട്രോളിയിൽ വച്ചാണ് തള്ളി വന്നതെന്നും ആദ്യത്തെ രണ്ടു പേർക്ക് ബോംബ് പൊട്ടിക്കാൻ സാധിച്ചുവെന്നും എന്നാൽ വെള്ള കോട്ട് ധരിച്ചയാൾക്ക് പേടി കാരണം അതിന് സാധിച്ചില്ലെന്നും തുടർന്ന് അയാൾ കടന്ന് കളയുകയായിരുന്നുവെന്നുമാണ് മേയർ പറയുന്നത്.

സ്‌ഫോടകവസ്തുക്കൾ തിരിച്ചറിയാതിരിക്കാനാണ് കറുത്ത വസ്ത്രം ധരിച്ചവർ കൈയിൽ കറുത്ത ഗ്ലൗസ് ധരിച്ചതെന്നും റിപ്പോർട്ടുണ്ട്. ഇവർ ആത്മഹത്യാബോംബർമാരായ ഭീകരരാണെന്നറിയാതെയാണ് താൻ ഇവരെ വിമാനത്താവളത്തിലെത്തിച്ചതെന്നാണ് ഇവരെത്തിയ ടാക്‌സി ഡ്രൈവർ പിന്നീട് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. ഇവരുടെ ബാഗുകൾ ഇറക്കാൻ താൻ സഹായിക്കാനൊരുങ്ങിയപ്പോൾ തങ്ങളുടെ ബാഗുകളിൽ തൊട്ട് പോകരുതെന്ന് ഇവർ താക്കീത് നൽകിയിരുന്നുവെന്നും ഡ്രൈവർ ഓർമിക്കുന്നു.

കഴിഞ്ഞ നവംബറിൽ പാരീസിൽ നടത്തി 130 പേരെ വധിച്ച ആക്രമണത്തിലുപയോഗിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബ്രസൽസിലും സ്‌ഫോടനം നടത്തിയതെന്നാണ് പാരീസാക്രമണത്തിന്റെ ദൃക്‌സാക്ഷികൾ ബ്രസൽസ് ദുരന്തത്തിന് ശേഷം വെളിപ്പെടുത്തിയിരിക്കുന്നത്. ഇവർ സ്യൂട്ട്‌കേസുമാ ഒരു കോഡിലൂടെ ബന്ധപ്പെടുത്തിയ സ്‌ഫോടനത്തിനുള്ള ഒരു ഡിവൈസ് കൈയിൽ പിടിച്ചിരുന്നുവെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. അത് മറ്റുള്ളവർ കാണാതിരിക്കാനാണ് കറുത്ത ഗ്ലൗസ് ധരിച്ചതെന്ന് പിന്നീട് പൊലീസ് അനുമാനിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെട്ട ഐസിസുകാരനെ കണ്ടെത്താനായി കഴിഞ്ഞ രാത്രിയിൽ ബ്രസൽസിലുടനീളം കർക്കശമായ റെയ്ഡുകളാണ് നടന്ന് കൊണ്ടിരുന്നത്.

തൽഫലമായി ഇവിടെ നിന്നും മറ്റൊരു നെയിൽ ബോംബ്, ഐസിസ് പതാക, മറ്റ് നിരവധി രാസവസ്തുക്കൾ തുടങ്ങിയവ കണ്ടെത്തിയതായിും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.സ്‌കാർബീക്ക് പ്രദേശത്തെ ഒരു വീട്ടിൽ നിന്നാണിവ കണ്ടെത്തിയിരിക്കുന്നത്. ഈ വീടിന് തീവ്രവാദ ആക്രമണവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്.ബ്രസൽസിൽ പറഞ്ഞത് പോലെ പ്രവർത്തിച്ച് കാണിച്ച ഐസിസ് ഭീകരർ ഇനി ബ്രിട്ടന് നേരെയാണ് തിരിയുന്നതെന്ന മുന്നറിയിപ്പുകൾ ശക്തമായിട്ടുണ്ട്. അതിനാൽ ബ്രിട്ടനിലെ വിമാനത്താവളങ്ങളിലും തന്ത്രപ്രധാനമായ സ്ഥലങ്ങളിലും സായുധ പൊലീസിന്റ സാന്നിധ്യം വർധിപ്പിച്ചിട്ടുമുണ്ട്. ബ്രിട്ടന് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്ക് നേരെയും ഐസിസ് ഭീഷണി ഉയർത്തിയിരിക്കുന്നതിനാൽ ബ്രസൽസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അവിടങ്ങളിലും പഴുതടച്ച സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP