Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നല്ല ജീവിതം സ്വപ്‌നം കണ്ടു കടലിൽ അലിഞ്ഞുചേർന്നത് ആയിരങ്ങൾ; തുർക്കി തീരത്ത് അടിഞ്ഞ സിറിയൻ കുരുന്നിന്റെ ചേതസ്സറ്റ രൂപം ലോകത്തെ കരയിക്കുന്നത് ഇങ്ങനെ

നല്ല ജീവിതം സ്വപ്‌നം കണ്ടു കടലിൽ അലിഞ്ഞുചേർന്നത് ആയിരങ്ങൾ; തുർക്കി തീരത്ത് അടിഞ്ഞ സിറിയൻ കുരുന്നിന്റെ ചേതസ്സറ്റ രൂപം ലോകത്തെ കരയിക്കുന്നത് ഇങ്ങനെ

ആഭ്യന്തര കലാപവും മതഭീകരതയും ജീവിതം ദുസ്സഹമാക്കിയ സിറിയയിൽനിന്ന് ലക്ഷക്കണക്കിനാളുകളാണ് പലായനം ചെയ്യുന്നത്. മരവഞ്ചികളിൽ തിങ്ങിക്കൂടിയും കടലിടുക്കുകൾ നീന്തിക്കയറിയും അവർ കരപറ്റാൻ നോക്കുന്നത് നല്ല ജീവിതം സ്വപ്‌നം കണ്ടുകൊണ്ടാണ്. ആ സാഹസത്തിനിടെ കടലിൽ ജീവൻ പൊലിഞ്ഞുപോയത് ആയിരങ്ങൾക്കാണെന്നാണ് കണക്കാക്കുന്നത്. അങ്ങനെ കടലിൽ അലിഞ്ഞില്ലാതായ ആയിരങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടാണ് തുർക്കി തീരത്ത് രണ്ട് കുരുന്ന ശരീരങ്ങൾ അടിഞ്ഞത്.

ബുധനാഴ്ച പുലർച്ചെയാണ് ആരുടെയും കരളലിയിക്കുന്ന ദൃശ്യം കടൽത്തീരത്ത് ആദ്യം പ്രത്യക്ഷപ്പെട്ടത്. കുഞ്ഞുനിക്കറും ടി ഷർട്ടുമണിഞ്ഞ്, ഓമനത്തം തുളുമ്പുന്ന മുഖവുമായി ആ കുരുന്നിന്റെ ജീവനറ്റ ശരീരം കടൽത്തീരത്തടിയുകയായിരുന്നു. കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ആ കുഞ്ഞ് കടലിൽ വീണുപോയതെന്ന കാര്യത്തിൽ സംശയമില്ല. കുട്ടിയുടെ മാതാപിതാക്കളും കടലിൽ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.ഏറെ വൈകാതെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കരക്കടിഞ്ഞു. പിന്നീടാണ് ലോകം അറിയുന്നത് ആ കുരുന്നുകൾ അടക്കം 13 പേർ സിറിയയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി കടലിൽ മുങ്ങി മരിച്ച വിവരം

ഗാലിപ്, അയ്‌ലൻ എന്നീ പേരുകളിലുള്ള അഞ്ചും മൂന്നും വയസ്സുള്ള കുരുന്നുകളും അവരുടെ അമ്മയും അടക്കം 13 പേരാണ് ബോട്ട് മുങ്ങി മരിച്ചത്. ഒൻപതും 11ഉം വയസ്സുള്ള രണ്ട് മക്കളെ കൂടി ഈ അപകടത്തിൽ നഷ്ടമായ മറ്റൊരമ്മയുടെ ദീന വിലാപവും അവിടെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. ഈ രണ്ട് കുരുന്നുകളുടെ പിതാവ് അടക്കം നാലു പേരാണ് ടൂർക്കി തീരത്തുണ്ടായ ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. മറ്റൊരു ബോട്ട് കൂടി മറിച്ചതായി റിപ്പോർട്ടുണ്ട്

സിറിയയിൽനിന്നും ഇറാഖിൽനിന്നുമായി ഓരോ ദിവസവും ആയിരങ്ങളാണ് യൂറോപ്പിലെത്തിച്ചേരുന്നത്. നല്ല ജീവിതം സ്വപ്‌നം കണ്ടുകൊണ്ടുള്ള യാത്രയിൽ പാതിവഴിയിൽ മരണത്തിന് കീഴടങ്ങുന്നതും ഒട്ടേറെപ്പേരാണ്. ആ യാഥാർഥ്യമാണ് ഈ കുരുന്നിന്റെ മൃതദേഹം മുന്നിൽക്കൊണ്ടുവരുന്നതെന്ന് ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥനായ ഫിലിപ് ഡൗസ്റ്റെ ബ്ലേസി പറഞ്ഞു.

 

ഇറാഖിൽനിന്നും സിറിയയിൽനിന്നുമുള്ള അഭയാർഥി പ്രവാഹം പല യൂറോപ്യൻ രാജ്യങ്ങൾക്കും തലവേദനയായിരിക്കുകയാണ്. ഹംഗറിയിലൂടെ ഓസ്ട്രിയയിലേക്കും ജർമനിയിലേക്കും ആയിരക്കണക്കിന് അഭയാർഥികൾ എത്തുന്നതായി കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. ഷെംഗൺ കരാർ അനുസരിച്ച് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ അതിർത്തി പരിശോധനയില്ല എന്ന സൗകര്യമാണ് അഭയാർഥികളും അവരെ കടത്തുന്നവരും മുതലാക്കുന്നത്. ഈ നില തുടർന്നാൽ, ഷെംഗൺ വിസ തന്നെ പുനഃപരിശോധിക്കുമെന്ന് ജർമൻ ചാൻസലർ എംഗല മെർക്കൽ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.




കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP