Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനിശ്ചിതത്ത്വങ്ങൾ മാറി ബ്രിട്ടൻ വീണ്ടും കുതിപ്പ് തുടങ്ങി; പൗണ്ടിനും ഉണർവ്; ഏറ്റവും വലിയ തിരിച്ചടി ജർമനിക്ക്; ബ്രെക്സിറ്റ് ഫലം ഒടുവിൽ വ്യക്തമാക്കുന്നത്

അനിശ്ചിതത്ത്വങ്ങൾ മാറി ബ്രിട്ടൻ വീണ്ടും കുതിപ്പ് തുടങ്ങി; പൗണ്ടിനും ഉണർവ്; ഏറ്റവും വലിയ തിരിച്ചടി ജർമനിക്ക്; ബ്രെക്സിറ്റ് ഫലം ഒടുവിൽ വ്യക്തമാക്കുന്നത്

യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രിട്ടൻ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്ത് യൂണിയൻ വിട്ട് പോയാൽ രാജ്യം സാമ്പത്തികമായി തകർന്ന് തരിപ്പണമാകുമെന്നായിരുന്നു മുൻപ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോണും മുൻ ചാൻസലർ ജോർജ് ഒസ്ബോണും അടക്കമുള്ള നിരവധി പേർ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നത്.

എന്നാൽ ബ്രെക്സിറ്റ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും അവയെല്ലാം വെറും പേടിപ്പെടുത്തലുകളായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്ത്വങ്ങൾ മാറിയെന്നും ബ്രിട്ടൻ വീണ്ടും കുതിപ്പ് തുടങ്ങിയെന്നുമാണ് പുതിയ പ്രവണതകൾ വ്യക്തമാക്കുന്നത്. ബ്രെക്സിറ്റിന് ശേഷം താഴോട്ട് പോയിരുന്ന പൗണ്ടും ഇപ്പോൾ ഉണർവിന്റെ പാതയിലാണ്. ബ്രെക്സിറ്റ് ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത് ജർമനിക്കാണെന്നും വ്യക്തമായിട്ടുണ്ട്. ബ്രെക്സിറ്റ് ഫലം ഒടുവിൽ വ്യക്തമാക്കുന്നത് ഇതെല്ലാമാണ്.

ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ബിസിനസ് കോൺഫിഡൻസ് സർവേയാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ജർമനിയിലെ സ്ഥാപനങ്ങൾ വേനൽക്കാല മാന്ദ്യത്തിലേക്ക് താണിരിക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. അടുത്ത വർഷം ജർമനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ദുർബലമായ വളർച്ചയാണുണ്ടാവുകയെന്നു അനലിസ്റ്റുകൾ പ്രവചിക്കുന്നു. എന്നാൽ ബ്രെക്സിറ്റിനെ തുടർന്നുണ്ടായ അൽപകാലത്തെ തകർച്ചയ്ക്ക് ശേഷം ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ച് വരവിന്റെ പാതയിലാണെന്നതിന് കൂടുതൽ തെളിവുകൾ ഇന്നലെ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. ആറ് മാസങ്ങൾക്കിടെ തങ്ങൾക്ക് ശക്തമായ വിൽപനയുണ്ടായ മാസമാണിതെന്നാണ് റീട്ടെയിലർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രെക്സിറ്റിനെ തുടർന്നുണ്ടായ അൽപദിവസങ്ങളിലെ വിൽപനയിടിവിൽ നിന്നും കരയകയറിയെന്നും അവർ വെളിപ്പെടുത്തുന്നു.

യുകെയിലെ ഹൈസ്ട്രീറ്റ് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോയിക്കൊണ്ടിരിക്കുകയാണ്.യൂറോപ്യൻ യൂണിയനിൽ നിന്നും രാജ്യം വിട്ട് പോകുന്നതിനെ തുടർന്നുള്ള ആശങ്കകളിൽ നിന്നും ബ്രിട്ടീഷ് ഷോപ്പർമാർ മുക്തരായെന്നും തെളിഞ്ഞ കാലാവസ്ഥ അവരെ വീണ്ടും ഹൈ സ്ട്രീറ്റിലേക്ക് ഒഴുകാൻ പ്രേരിപ്പിക്കുന്നുണ്ടെന്നുമാണ് ബിസിനസ്ഗ്രൂപ്പുകൾ വെളിപ്പെടുത്തുന്നത്. തങ്ങളുടെ റീട്ടെയിൽ സെയിൽസ് വോള്യം ഇൻഡെക്സ് പ്ലസ്9ലേക്ക് ഉയർന്നുവെന്നാണ് ദി കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇന്റസ്ട്രി പറയുന്നത്. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഉയർച്ചയാണിത്. ജൂലൈയിൽ ഈ ഇൻഡെക്സ് മൈനസ് 14ൽ എത്തിയതിൽ നിന്നുള്ള ശക്തമായ തിരിച്ച് വരവുമാണിത്. ഇതിന് പുറമെ യുകെയിൽ ബ്രെക്സിറ്റിന് ശേഷം തൊഴിൽ നിരക്ക് റെക്കോർഡ് നിലവാരമായ 74.5 ശതമാനത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ബ്രിട്ടനിലെ പ്രോപ്പർട്ടി മേഖലയിലും ബ്രെക്സിറ്റിന് ശേഷം വളർച്ചയാണുണ്ടായിരിക്കുന്നത്. യൂണിയൻ വിട്ടാൽ ബ്രിട്ടനിലെ പ്രോപ്പർട്ടി മാർക്കറ്റ് തകരുമെന്ന മുന്നറിയിപ്പ് വെറും പേടിപ്പെടുത്തൽ മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.ഹൗസ് ബിൽഡിങ് സ്ഥാപനങ്ങളുടെ ഓഹരി വിലകൾ കുതിച്ചുയർന്നിരിക്കുയാണിപ്പോൾ.

ബ്രിട്ടനെ യൂണിയനിൽ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റി ജർമൻ ചാൻസലർ ഏയ്ജല മെർകലടക്കമുള്ള നിരവധി ജർമൻ നേതാക്കളും സാമ്പത്തിക വിദഗ്ധരും നിരവധി ഉന്നത ജർമൻ ബിസിനസുകളും രംഗത്തെത്തിയതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായിരിക്കുന്നത്. അതായത് ബ്രെക്സിറ്റ് ജർമൻ സമ്പദ് വ്യവസ്ഥയെയാണ് ശക്തമായി ബാധിക്കുകയെന്ന് അവർ നേരത്തെ തന്നെ മനസിലാക്കിയിരുന്നുവെന്നാണിതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നാണ് സാമ്പത്തി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ജർമൻ ഇൻഡക്സ് ഇതിനെ തുടർന്ന് ജൂലൈയിൽ 108.3 ലെവലിൽ നിന്നും ഓഗസ്റ്റിൽ 106.2ലേക്ക് താഴ്ന്നിരിക്കുകയാണ്.

2014 ഡിസംബർ മുതലുള്ള അതിന്റെ ഏറ്റവും താഴ്ന്ന പോയിന്റാണിത്. ജർമനിയിലെ മാനുഫാക്ചർമാർ, റീട്ടെയിലർമാർ, ഹോൾസെയിലർമാർ തുടങ്ങിയവരുടെ ആത്മവിശ്വാസം ഓഗസ്റ്റിൽ ഇടിഞ്ഞ് താണിരിക്കുകയാണെന്നും വ്യക്കമായിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ കെമിക്കൽ, ഇലക്ട്രിക്കൽ സ്ഥാപനങ്ങളും മാന്ദ്യത്തിന്റെ പാതയിലാണ്. ഇവിടെ ഭക്ഷ്യ ബീവറേജ് സ്ഥാപനങ്ങൾ മാത്രമേ ഈ അവസരത്തിൽ അൽപമെങ്കിലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുള്ളൂ. ജർമനിയിൽ കൺസ്ട്രക്ഷൻ മേഖലയിൽ മാത്രമാണ് അൽപമെങ്കിലും വളർച്ചയുള്ളത്. രാജ്യത്തെ 30 പ്രമുഖ സ്ഥാപനങ്ങളുടെ ഡാക്സ് സ്റ്റോക്ക് മാർക്കറ്റ് ഇൻഡെക്സ് വ്യാഴാഴ്ച 1.36 ശതമാനം ഇടിഞ്ഞ് താണിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP