Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനീസ് പ്രസിഡന്റിന്റെ വരവ് ആഘോഷമാക്കിയ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് മോദിയുടെ സന്ദർശനം പിടിച്ചില്ല; കൂടുതൽ പ്രാധാന്യം പ്രതിഷേധങ്ങൾക്ക്; ലൈവ് സംപ്രേഷണം ഇടയ്ക്കിടെ മുറിഞ്ഞു

ചൈനീസ് പ്രസിഡന്റിന്റെ വരവ് ആഘോഷമാക്കിയ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് മോദിയുടെ സന്ദർശനം പിടിച്ചില്ല; കൂടുതൽ പ്രാധാന്യം പ്രതിഷേധങ്ങൾക്ക്; ലൈവ് സംപ്രേഷണം ഇടയ്ക്കിടെ മുറിഞ്ഞു

ലണ്ടൻ: ന്യൂയോർക്ക്, പാരീസ്, ദുബൈ, ലണ്ടൻ... ലോകത്ത് ഏതു നഗരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയാലും അവിടം കീഴടക്കിയാണ് മടങ്ങുക. ഇത്തവണ ലണ്ടനിലും ആ പതിവ് തെറ്റുന്നില്ല. ഇന്നലെ സായം സന്ധ്യയിൽ ലണ്ടനും ഇന്ന് മോദിക്ക് സ്വീകരണം ഒരുക്കുന്ന വെംബ്ലി നഗരവും ത്രവർണ്ണ ശോഭയിൽ ജ്വലിക്കുക ആയിരുന്നു. ബ്രിട്ടന്റെ രണ്ടു ലോകോത്തര പ്രതിബിംബങ്ങളായ ലണ്ടൻ ഐയും വെംബ്ലി സ്റ്റേഡിയവും ത്രിവർണ്ണ ശോഭയിൽ മിന്നി തിളങ്ങിയപ്പോൾ മോദിയും അത്ര ശോഭയോടെ ബ്രിട്ടീഷ് പാർലമെന്റിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ചു.

സംയുക്ത പത്ര സമ്മേളനത്തിൽ ഹിന്ദിയിൽ സംസാരിച്ച മോദി തർജ്ജമ തത്സമയം നടക്കുന്നതിനാൽ അൽപ്പം തണുപ്പൻ ഭാഷയിലാണ് പ്രസംഗം തുടർന്നത്. എന്നാൽ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രിട്ടീഷ് പാർലമെന്റിന്റെ സംയുക്ത സഭയെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ മോദിയുടെ മറ്റൊരു മുഖമാണ് കാണികൾക്ക് ദൃശ്യമായത്. ഓരോ വാക്കിലും പ്രസരിപ്പും ഊർജ്ജവും നിറച്ചെടുത്ത് മറിച്ചു നോക്കാൻ ഒരു തുണ്ടു കടലാസ് പോലും കയ്യിൽ കരുതാതെ, ഇന്ത്യൻ വളർച്ചയുടെ ഓരോ ചലനങ്ങളും അക്കമിട്ടു നിർത്തിയ മോദിയിലൂടെ തികഞ്ഞ ലോക നേതാവിന്റെ ആത്മ വിശ്വാസം തുടിക്കുന്ന മുഖമാണ് ലോകം ദർശിച്ചത്. ഓരോ ഘട്ടത്തിലും ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണിനെ പ്രത്യേകം പരാമർശിച്ച മോദി അറിഞ്ഞോ, അറിയാതെയോ ബ്രിട്ടീഷ് രാജ്ഞിയെ പ്രസംഗത്തിൽ പരാമർശിച്ചില്ല എന്നതും പ്രത്യേകതയായി.

താൻ ലണ്ടനിൽ കാലു കുത്തിയപ്പോൾ മുതൽ മുനസ്സിൽ കുറിച്ചിട്ട വാക്കുകൾ ഓരോന്നായി ചികഞ്ഞെടുത്താണ് മോദി പ്രസംഗം പൂർത്തിയാക്കിയത്. ഇന്ത്യയിൽ പുതുവത്സര ആഘോഷം നടക്കുന്ന വേളയിൽ തന്നെ മോദി എത്തിയതിന്റെ യാദൃശ്ചികത ''സാൽ മുബാരക്'' എന്ന് സൂചിപ്പിച്ചാണ് സ്പീക്കർ ജോൺ ബെർകൗ എംപി മോദിയെ പ്രസംഗിക്കാൻ ക്ഷണിച്ചത്. 120 ലക്ഷം ആളുകൾ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന കരുത്തനായ നേതാവാണ് മോദി എന്ന വിശേഷണം നൽകാനും ബ്രിട്ടീഷ് സ്പീക്കർ തയ്യാറി.

മോദിക്ക് പറയാനുള്ളത് കേൾക്കുവാൻ പ്രധാന മന്ത്രി കാമറോണിന് ഒപ്പം പ്രഭു സഭയിലെ അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും ഒക്കെ ഒന്നിച്ചെത്തിയപ്പോൾ പ്രസംഗത്തിൽ ലേബർ പാർട്ടിയെ പരാമർശിക്കാനുള്ള രാഷ്ട്രീയ കൗശലവും മോദി സമർത്ഥമായി വിനിയോഗിച്ചു. താൻ പാർലമെന്റിലേക്ക് വരുന്നതിന് മുൻപ് കാമറോണിനൊപ്പം മഹാത്മജിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച കാര്യം സൂചിപ്പിച്ച മോദി എന്തു കൊണ്ടാണ് ഗാന്ധി പ്രതിമ ബ്രിട്ടീഷ് പാർലമെന്റിന് മുന്നിൽ എന്ന് ചോദിക്കാനും മറന്നില്ല. അതിന് ഉടൻ സ്വയം മറുപടിയും കണ്ടെത്തി. ''നിങ്ങൾ ഏറെ ബുദ്ധിയുള്ളവരാണ്. ഞങ്ങൾ കരുണയുള്ളവരും'' ചില പേരുകൾ കേട്ടാൽ ബ്രിട്ടീഷ് ആണോ ഇന്ത്യൻ ആണോ എന്ന സംശയിക്കത്തക്ക വിധം ഇഴുകി ചേർന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നും അദ്ദേഹം സൂചിപ്പിച്ചു. ജഗ്വാർ, സ്‌കോട്ട്‌ലന്റ് യാർഡ്, ബ്രൂക്ക് ബോണ്ട് എന്നിവിടങ്ങളിലൊക്കെ ഈ സാദൃശ്യം കണ്ടെത്താം.

'ഇന്ത്യയിലെ ഓരോ കുട്ടിയും ആയി വെംബ്ലി സ്റ്റേഡിയത്തിൽ കളിക്കാൻ ആഗ്രഹിക്കുന്നു. ആ സ്റ്റേഡിയത്തിൽ നാളെ എന്നോടൊപ്പം പ്രധാന മന്ത്രി ഡേവിഡ് കാമറോണും ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യും. ''നിശ്ചയ ദാർഢ്യത്തോടെ മോദി കത്തിക്കയറുകയായിരുന്നു ചില സമയങ്ങളിൽ''

35 വയസ്സിൽ താഴെ പ്രായമുള്ള 80 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ അവഗണിക്കുവാൻ ലോകത്തിന് കഴിയില്ല. ഇന്ത്യയിൽ സംശുദ്ധ ഭരണം വഴി തികഞ്ഞ മാറ്റമാണ് ഉദ്ദേശിക്കുന്നത്. അടിസ്ഥാന സൗകര്യം വികസനം ത്വരിത ഗതിയിൽ മുന്നേറുകയാണ്. ഓരോ പൗരനും വെള്ളവും വൈദ്യുതിയും ശൗചാലയ സൗകര്യവും ഒക്കെയാണ് തന്റെ സർക്കാരിന് മുന്നിലുള്ള വെല്ലുവിളി.

ചിട്ടയായ ലക്ഷ്യം വഴി ഓരോ വെല്ലുവിളിയും സമയ ബന്ധിതമായി പൂർത്തിയാക്കും. മൊബൈൽ ഫോൺ വഴി കണക്ട് ചെയ്യപ്പെട്ട ജനതയാണ് ഇന്ത്യയിലിപ്പോൾ ഉള്ളത്. 950 മില്ല്യൺ ആളുകൾക്ക് ബാങ്ക് അക്കൗണ്ട് ലഭിച്ചു. രാജ്യം 7. 5% സാമ്പത്തിക വളർച്ച നിലനിർത്തുന്നു. സാമൂഹിക സുരക്ഷയും മത സൗഹാർദ്ദവും നിലനിർത്തി തന്നെയാകും ഇന്ത്യ ലോകത്തിന് മുന്നിൽ യശസ് കാട്ടുക എന്ന മോദി പറഞ്ഞത് ലോകത്തോട് മുഴുവൻ തനിക്ക് പറയുവാനുള്ളതും ഇതു തന്നെയാണ് എന്ന അർത്ഥത്തിലാണ്. പുരോഗതി നേടുമ്പോൾ മനുഷ്യത്വം നഷ്ടമാകുന്ന ഇന്ത്യയാവില്ല തങ്ങൾ സൃഷ്ടിക്കുക. എന്നാൽ ഏറെക്കാലമായി ഇന്ത്യ ലോകത്തിന് മുന്നിൽ ചൂണ്ടിക്കാട്ടുന്ന തീവ്രവാദം ഇപ്പോഴും ശക്തമായ വെല്ലുവിളി തന്നെയാണ്. കാലതാമസം ഒട്ടും കൂടാതെ ലോകം ഒറ്റക്കെട്ടായി നിന്ന് ഒരേ ശബ്ദത്തോടെയാകണം തിവ്ര വാദത്തിന് എതിരെ പൊരുതുന്നത്.

ഏഷ്യ പസഫിക് മേഖല ശാന്തമാകാതെ ലോക സമാധാനം സുസാദ്യമല്ല. പടിഞ്ഞാറൻ ഏഷ്യയിലും ആഫ്രിക്കയിലും എല്ലാം പ്രശ്‌നങ്ങളുണ്ട്. ഇതടക്കം ഊർജ്ജ വിതരണ മേഖലയിലും ബ്രിട്ടന്റെ ബുദ്ധി ഉപയോഗിക്കുവാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നമുക്ക് രണ്ടു കൂട്ടർക്കും സ്വന്തം താൽപ്പര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. അവ നിലനിർത്തി തന്നെ പൊതുവായ ലക്ഷ്യം നേടുകയാണ് ആവശ്യം. ഇതിനായി മുന്നിലുള്ള തടസ്സങ്ങളെ ഒന്നിച്ചു നിന്ന് തകർക്കണം. ഇന്ത്യയും ബ്രിട്ടനും ചേർന്നാൽ അതിന് സാധിക്കും എന്ന് മോദി പറഞ്ഞവസാനിപ്പിക്കുമ്പോൾ 25 മിനിറ്റ് കാതോർത്തിരുന്ന സദസ്സ് ആദരവോടെ എഴുന്നേറ്റ് 2 മിനിറ്റ് നേരം തുടർച്ചയായി താളാത്മകമായി കയ്യടിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യുകയായിരുന്നു. തന്റെ ജോലി കൃത്യമായി നിർവ്വഹിച്ചു എന്ന മുഖ ഭാവത്തോടെ ഇരിപ്പടത്തിലേക്ക് മടങ്ങിയ മോദിയിൽ മാറുന്ന ഇന്ത്യയുടെ വളരുന്ന ഇന്ത്യയുടെ നിശ്ചയദാർഢ്യം തുടിക്കുന്ന പ്രസരിപ്പാണ് തെളിഞ്ഞു നിന്നത്.

ചൈനീസ് പ്രസിഡന്റിന്റെ വരവ് ആഘോഷമാക്കിയ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് മോദിയുടെ സന്ദർശനം പിടിച്ചില്ല; കൂടുതൽ പ്രാധാന്യം പ്രതിഷേധങ്ങൾക്ക്; ലൈവ് സംപ്രേഷണം ഇടയ്ക്കിടെ മുറിഞ്ഞു

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനം വലിയ വാർത്തയാക്കിയ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അസഹിഷ്ണുതയോ? പ്രധാനമന്ത്രി ഡേവിഡ് കാമറോണുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനമുൾപ്പെടെ മോദിയുടെ സന്ദർശനത്തിലെ സുപ്രധാന ചടങ്ങുകൾ പോലും മര്യാദയ്ക്ക് സംപ്രേണം ചെയ്യാൻ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്കായില്ല

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനം വലിയ വാർത്തയാക്കിയ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അസഹിഷ്ണുതയോ? പ്രധാനമന്ത്രി ഡേവിഡ് കാമറോണുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനമുൾപ്പെടെ മോദിയുടെ സന്ദർശനത്തിലെ സുപ്രധാന ചടങ്ങുകൾ പോലും മര്യാദയ്ക്ക് സംപ്രേണം ചെയ്യാൻ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾക്കായില്ല.

സംയുക്ത പത്രസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം പലതവണയാണ് മുടങ്ങിയത്. അവതാരകരുടെ ക്ഷമചോദിക്കലായിരുന്നു അധികവും. പത്രസമ്മേളനം തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ബിബിസിക്കും സ്‌കൈ ന്യൂസിനും സാങ്കേതികത്തകരാർ അടിക്കടി സംഭവിച്ചു. ബ്രിട്ടീഷ് പത്രങ്ങൾക്കും മോദിയുടെ സന്ദർശനം കാര്യമായ വാർത്തയായില്ല എന്നതാണ് മറ്റൊരു വസ്തുത.

എന്നാൽ, ചൈനീസ് പ്രസിഡന്റ് വന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതി. ദിവസങ്ങളോളം ജിൻപിങ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ബ്രിട്ടനുമായി ഒപ്പുവച്ച 30 ബില്യൺ പൗണ്ടിന്റെ കരാറുകളായിരുന്നു മാദ്ധ്യമങ്ങളുടെ ഇഷ്ട വിഭവം. എന്നാൽ, നരേന്ദ്ര മോദിയോട് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ പഴയ കോളനി സ്വഭാവം പുറത്തെടുത്തോ എന്ന് സംശയിക്കുന്ന നിലയിലാണ് കാര്യങ്ങൾ. കോളനി രാജ്യത്തോട് മേലാളന്മാരുടെ മട്ടിലുള്ള മനോഭാവമാണ് മാദ്ധ്യമങ്ങൾ പുലർത്തിയതെന്ന് വിമർശിക്കുന്നവരും ഏറെയാണ്.

മോദിയുടെ സന്ദർശനം വാർത്തായാക്കാതിരുന്ന മാദ്ധ്യമങ്ങളിൽപ്പലതും സന്ദർശനത്തിനെതിരെ ഉയർന്ന നാമമാത്രമായ പ്രതിഷേധങ്ങൾക്ക് വലിയ പ്രാധാന്യം നൽകി. യു.കെ.യിലെ ഏറ്റവും പഴയതും വലിയ പത്രവുമായ ടെലഗ്രാഫ് ഈ സന്ദർശനത്തെ കണ്ടില്ലെന്ന മട്ടിലാണ് പെരുമാറിയത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഗാർഡിയനും മർഡോക്കിന്റെ ടൈംസും മാത്രമാണ് അൽപമെങ്കിലും വാർത്ത നൽകിയത്.

ഇന്ത്യയുടെ മുഖം മോശമാക്കി ചിത്രീകരിക്കുന്ന വാർത്ത ഏത് കുഗ്രാമത്തിൽ നടന്നാലും അത് നേരിട്ട് പോയി റിപ്പോർട്ട് ചെയ്ത് ലോകം മുഴുവനെത്തിക്കുന്ന ഡെയ്‌ലി മെയ്‌ലിനും മോദിയുടെ സന്ദർശനം വലിയ വാർത്തയായില്ല. കടമ നിറവേറ്റുന്ന മട്ടിൽ ഒരു വാർത്ത നൽകി മെയ്ൽ ഒഴിഞ്ഞുമാറി. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തിൽനിന്ന് തുലോം വ്യത്യസ്തമായ രീതിയിലാണ് മോദിയെ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ സ്വാഗതം ചെയ്തത്.

എന്തും ബ്രേക്കിങ് ന്യൂസ് ആക്കുന്ന മലയാളം ചാനലുകളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സംയുക്ത പത്രസമ്മേളനം സംപ്രേഷണം ചെയ്യാൻ തയ്യാറായത് ജനം ടി.വി. മാത്രമായിരുന്നു. മറ്റു ചാനലുകളൊക്കെ സംസ്ഥാന രാഷ്ട്രീയത്തിലെ കൂട്ടലിന്റെയും കിഴിക്കലിന്റെയും വഴിയെ പോയപ്പോൾ, ബ്രിട്ടീഷ് പാർലമെന്റിൽ, മുൻകൂട്ടി എഴുതിത്ത്ത്തയ്യാറാക്കാതെ മനസ്സിൽനിന്ന് വന്ന വാക്കുകളോടെ പ്രൗഢഗംഭീരമായി പ്രസംഗിച്ച മോദിയെ നമ്മുടെ ചാനലുകളും മറന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP