Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹത്തിൽനിന്നും പിന്മാറാൻ ചാൾസ് കാമിലയോട് പലതവണ കെഞ്ചി; ഡയാനയുമായുള്ള വിവാഹത്തലേന്ന് പൊട്ടിക്കരഞ്ഞു; ചാൾസുമായി പ്രണയം തുടരവെ വേറെ വിവാഹം കഴിച്ചതിന്റെ പൊരുൾ തെളിയുമ്പോൾ

വിവാഹത്തിൽനിന്നും പിന്മാറാൻ ചാൾസ് കാമിലയോട് പലതവണ കെഞ്ചി; ഡയാനയുമായുള്ള വിവാഹത്തലേന്ന് പൊട്ടിക്കരഞ്ഞു; ചാൾസുമായി പ്രണയം തുടരവെ വേറെ വിവാഹം കഴിച്ചതിന്റെ പൊരുൾ തെളിയുമ്പോൾ

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഉള്ളറക്കഥകളിൽ എപ്പോഴും ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും മാത്രമേ വന്നിട്ടുള്ളൂ. ചാൾസിനെ പ്രണയിക്കുകയും ഡയാനയുമായുള്ള അദ്ദേഹത്തിന്റെ വിവാഹത്തിന് സാക്ഷിയാവുകയും ഒടുവിൽ, ഡയാനയുടെ മരണശേഷം ചാൾസിനൊപ്പം വീണ്ടും ചേരുകയും ചെയ്ത കാമില പാർക്കർ ബൗൾസിന്റെ കഥ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. കൊട്ടാരരഹസ്യങ്ങൾ നേരിട്ടറിയുന്ന ബ്രിട്ടീഷ് എഴുത്തുകാരൻ പെന്നി ജൂണർ എഴുതിയ കാമിലയുടെ കഥ പുതിയ വെളിപ്പെടുത്തലുകൾ ലോകത്തിന് മുന്നിൽ തുറന്നിടുന്നു.

തന്റെ പ്രണയിനിയായി തുടരവെ, മറ്റൊരു വിവാഹത്തിന് സമ്മതിച്ച കാമിലയോട് അതിൽനിന്ന് പിന്മാറാൻ ചാൾസ് കെഞ്ചിപ്പറഞ്ഞുവെന്ന് പുസ്തകത്തിൽ പറയുന്നു. ഡയാനയുമായുള്ള വിവാഹത്തലേന്ന് ചാൾസ് പൊട്ടിക്കരഞ്ഞുവെന്നും വെളിപ്പെടുത്തുന്നു. മകന്റെ പ്രണയങ്ങളെക്കുറിച്ച് നന്നായറിയുന്ന എലിസബത്ത് രാജ്ഞി, ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസിന് തുണയായി നിന്നുവെന്നും, ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിയെന്നും പെന്നി ജൂണർ വെളിപ്പെടുത്തുന്നു. കാമിലയോടും അവരുടെ അടുത്ത വൃത്തങ്ങളോടും സംസാരിച്ച് തയ്യാറാക്കിയ പുസ്തകം, വായനക്കാർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

1973-ലാണ് ആൻഡ്രു പാർക്കർ ബൗൾസുമായി കാമില വിവാഹിതയാകുന്നത്. ഇവർക്ക് ടോം, ലോറ എന്നിങ്ങനെ രണ്ടുമക്കളുമുണ്ട്. തന്റെ സുഹൃത്തുക്കളുമായപ്പോലും ഭർത്താവ് കിടപ്പറ പങ്കിടുന്നത് കാമിലയ്ക്ക് അറിയാമായിരുന്നു. എന്നാൽ അതേച്ചൊല്ലി ഒരിക്കലും ഭർത്താവുമായി പിണങ്ങാൻ കാമില തയ്യാറായിട്ടില്ലെന്നും പെന്നി ജൂണർ പറയുന്നു. തന്റെ ഭർത്താവുമായി കിടക്ക പങ്കിട്ട സുഹൃത്തുക്കളെയും അവർ വെറുത്തിട്ടില്ലത്രെ. എന്നാൽ, ഇത്തരം ബന്ധങ്ങളിൽ അവർ ഉള്ളാലെ വളരെ നിരാശപ്പെട്ടിരുന്നു.

1965-ലാണ് കാമില ആദ്യമായി ആൻഡ്രുവിനെ കാണുന്നത്. അന്നവർക്ക് 17 വയസ്സായിരുന്നു പ്രായം. സൈനിക ഓഫീസറായിരുന്ന ആൻഡ്രുവിന് 25-ഉം. കൊട്ടാരവുമായി വളരെയേറെ അടുപ്പമുള്ള കുടുംബമായിരുന്നു ആൻഡ്രുവിന്റേത്. അയാളുടെ അച്ഛൻ ഡെറിക് വിക്ടോറിയ രാജ്ഞിയുടെ അടുത്ത സുഹൃതത്തായിരുന്നു. കുട്ടിക്കാലത്തുതന്നെ കാമില സുഹൃത്തുക്കൾക്കിടയിൽ ഏറെ പ്രശസ്തനായിരുന്ന. ഒരു കൊട്ടാര വിരുന്നിനിടെ കാമിലയെ ആദ്യമായി കണ്ട ആൻഡ്രു, പിറ്റേക്കൊല്ലം സ്‌കോട്ട്‌ലൻഡിലെ ഒരു നൃത്തപരിപാടിക്കിടെ കണ്ടപ്പോൾ നേരിട്ട് സംസാരിക്കാനെത്തുകയായിരുന്നു.

ആ നൃത്തപരിപാടിയോടെ അവർ പ്രണയബദ്ധരായി. ഇരുവരും ഗാഢമായി പ്രണയിച്ചു. ആൻഡ്രുവിന്റെ അച്ഛന്റെ ന്യൂബറിയിലുള്ള വീട്ടിൽ വീക്കെൻഡുകൾ ചെലവിട്ടു. അക്കാലത്തുതന്നെ ആൻഡ്രുവിന് പരസ്ത്രീ ബന്ധമുണ്ടായിരുന്നു. അതൊന്നും കാമിലയെ ബാധിച്ചില്ല. തന്റെ സുഹൃത്തുക്കളും ആൻഡ്രുവിന്റെ വലയത്തിലുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ആദ്യമൊക്കെ അവർ ദേഷ്യപ്പെട്ടിരുന്നു. ഒരിക്കൽ തന്റെ സുഹൃത്തിന്റെ ഫ്ളാറ്റിന് പുറത്ത് ആൻഡ്രുവിന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ ലിപ്സ്റ്റിക്കുകൊണ്ട് വിൻഡ് സ്‌ക്രീനിൽ ശകാരവാക്കുകളെഴുതുകയും ടയറുകളുടെ കാറ്റഴിച്ച് വിടുകയും ചെയ്തതായി ജൂണർ വെളിപ്പെടുത്തുന്നു.

അഞ്ചുവർഷമായിട്ടും ആൻഡ്രു വിവാഹത്തിന് തയ്യാറാകാതിരുന്നപ്പോഴാണ് കാമിലയുടെ അടുത്ത സുഹൃത്തിയ ലൂസിയ സാന്റ ക്രൂസ് എന്ന ചിലിക്കാരി, കാമിലയെ ചാൾസിന് പരിചയപ്പെടുത്തുന്നത്. ചിലിയൻ ചരിത്രാകാരിയായ ലൂസിയയെ ചാൾസിന്റെ ആദ്യകാമുകിയായി പലരും കരുതുന്നുണ്ടെങ്കിലും അവർ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്ന് ജൂണർ പറയുന്നു. 1971-ൽ ലൂസിയയുടെ മാതാപിതാക്കൾ ചിലിയിലേക്ക് മടങ്ങിയപ്പോൾ, ബെൽഗ്രേവിയയിലെ ഇബറി സ്ട്രീറ്റിലെ ഫ്ളാറ്റിലാണ് ലൂസിയ താമസിച്ചിരുന്നത്. ഇതിന് താഴത്തെ നിലയിലാണ് കാമില മറ്റൊരു സുഹൃത്തിനൊപ്പം കഴിഞ്ഞിരുന്നത്.

അയൽക്കാരായതോടെയാണ് ലൂസിയയും കാമിലയും സുഹൃത്തുക്കളായത്. ആൻഡ്രുവുമായുള്ള കഥകളൊക്കെയറിയാമായിരുന്ന ലൂസിയ, കാമിലയെ ചാൾസിന് പരിചയപ്പടുത്തിക്കൊടുത്തു. 1971-ലായിരുന്നു അത്. കൊട്ടാരവുമായി കാമിലയുടെ കുടുംബത്തിനുണ്ടായിരുന്ന ബന്ധം ആ സൗഹൃദം പെട്ടെന്ന് വളരാനിടയാക്കി. കാമിലയിൽ രാജകുമാരൻ പെട്ടെന്ന് അനുരക്തനായി. അപ്പോൾ സൈന്യത്തിൽ ചേർന്നിരുന്ന ചാൾസ് 22-ാം വയസ്സിൽ ജെറ്റ് പൈലറ്റ് യോഗ്യത നേടുകയും ചെയ്തിരുന്നു. വ്യോമസേനയിൽനിന്ന് പിന്നീട് നാവികസേനയിലേക്ക് ചാൾസ് മാറി.
ഈ ഘട്ടത്തിലാണ് ആൻഡ്രു തിരിച്ചെത്തുന്നത്. നോർത്തേൺ അയർലൻഡ് സൈന്യത്തിലായിരുന്ന ആൻഡ്രു സൈപ്രസിൽ സൈനിക സേവനത്തിലായിരുന്നു. ചാൾസ് കരീബിയനിൽ സേവനത്തിന് പോയിരുന്ന ഘട്ടത്തിൽ ആൻഡ്രു കാമിലയ്ക്ക് മുന്നിൽ വിവാഹാഭ്യർഥനവെക്കുകയായിരുന്നു. നിസ്സഹായയായ കാമിലയ്ക്ക് അത് തള്ളിക്കളയാനായില്ല. പലവട്ടം കെഞ്ചിപ്പറഞ്ഞ ചാൾസിന് ഒടുവിൽ കണ്ണീരോടെ അത് കാണേണ്ടിവന്നതായും പെന്നി ജൂണറിന്റെ പുസ്തകത്തിൽപ്പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP