Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിനൊപ്പം ഒരുമിച്ച് ഉറങ്ങുന്നത് പോലും വല്ലപ്പോഴും; രാജ്ഞിയാകാൻ കാമില സഹിക്കുന്നത് പെടാപ്പാട് തന്നെ

ഭർത്താവിനൊപ്പം ഒരുമിച്ച് ഉറങ്ങുന്നത് പോലും വല്ലപ്പോഴും; രാജ്ഞിയാകാൻ കാമില സഹിക്കുന്നത് പെടാപ്പാട് തന്നെ

ലിസബത്ത് രാജ്ഞി ഏത് നിമിഷവും സ്ഥാനം ഒഴിയുമെന്ന പ്രചാരണം ശക്തമായതോടെ പകരക്കാരനായി വരുന്ന മകൻ ചാൾസിന്റെ ഭാര്യയും ഒരുക്കങ്ങൾ തുടങ്ങി. വെള്ളക്കാരുടെ സാധാരണ രീതി അനുസരിച്ചാണെങ്കിൽ പണ്ടേ ഉപേക്ഷിക്കേണ്ട പല സ്വഭാവങ്ങളും ചാൾസ് രാജകുമാരൻ പ്രകടിപ്പിച്ചിട്ടും എല്ലാം സഹിഷ്ണുതയോടെ കാമില നേരിടുന്നത് ചാൾസിന്റെ പത്‌നി എന്ന നിലയിൽ റാണിയാകാൻ തന്നെ. ഡയാനയ്ക്ക് പകരക്കാരിയാകുന്നത് ബ്രിട്ടീഷ് ജനം സഹിക്കില്ല എന്നറിയുന്നതുകൊണ്ട് തന്നെ ഒരു പരാതിക്കും ഇടകൊടുക്കാതെയാണ് കാമിലയുടെ പെരുമാറ്റം. വല്ലപ്പോഴുമാണ് ഇരുവരും ഒരുമിച്ച് താമസിക്കുന്നത് പോലും. എന്നാൽ ചാൾസിന് ഒരു കുറവും വരാതെ വേലക്കാരിയെപ്പോലെ എല്ലാം നോക്കി നടത്താൻ കാമില ബദ്ധശ്രദ്ധയാണ്.

കാനഡയിലെ ഉല്ലാസയാത്ര കഴിഞ്ഞ് ചാൾസും കാമിലയും വിമാനത്താവളത്തിൽ നിന്ന് രണ്ട് കാറുകളിൽ രണ്ട് താമസസ്ഥലങ്ങളിലേക്ക് മടങ്ങിയത് ശ്രദ്ധേയമായിരുന്നു. 30 മൈലുകൾ അകലെയുള്ള തന്റ വസതിയായ ഗ്ലൗസെസ്റ്റെർഷെയറിലെ ഹൈഗ്രോവിലേക്കാണ് മടങ്ങിയത്. എന്നാൽ കാമിലയാകട്ടെ വിൽറ്റ്‌ഷെയറിലെ റേ മിൽ ഹൗസിലേക്കാണ് പോയത്. ഇരുവരും പിണക്കത്തിലാണെന്നൊന്നും ഇതുകൊണ്ട് തെറ്റിദ്ധരിക്കേണ്ട കേട്ടോ...!!.വരുന്ന ഏപ്രിലിൽ അവർ പത്താം വിവാഹവാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. കാമില ചാൾസിനൊപ്പം ഹൈഗ്രോവിൽ വളരെക്കുറച്ച് സമയം മാത്രമെ ചെലവഴിക്കുന്നുള്ളുവെന്നാണ് കാമിലയുടെ ഒരു സുഹൃത്ത് പറയുന്നത്. തങ്ങളുടെ മറ്റ് ബന്ധങ്ങൾ ഇരുവർക്കും സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് ഇവർ വേറിട്ട് താമസിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

റേമില്ലിൽ തന്റെ അഞ്ച് പേരക്കുട്ടികൾക്കൊപ്പമാണ് കാമില കഴിയുന്നത്. ഇവിടെ പൂന്തോട്ടവും മറ്റു കാര്യങ്ങളുമൊക്കെയാണ് അവർ സമയം ചെലവഴിക്കുന്നത്. ഹൈഗ്രോവിലെ ശാന്തത ചാൾസും ആസ്വദിക്കുന്നുണ്ട്. ഇവിടെ വായനയിൽ മുഴുകിയും ചാൾസ് സമയം ചെലവഴിക്കുന്നുണ്ട്. കൂടാതെ തന്റെ പൂന്തോട്ടത്തിലും അദ്ദേഹം വ്യാപൃതനാകുന്നു. ഇപ്പോളവർ വേറിട്ടാണ് താമസിക്കുന്നതെങ്കിലും ഒരുമിച്ച് ചേരുന്ന നിമിഷങ്ങൾ അവിസ്മരണീയമാണെന്നാണ് അവരുടെ ഒരു അടുത്ത സുഹൃത്ത് വെളിപ്പെടുത്തുന്നത്. താൻ സമീപത്തില്ലാത്തപ്പോഴും ചാൾസിനെ എങ്ങനെയാണ് പരിചരിക്കേണ്ടതെന്ന് കാമിലക്ക് നന്നായറിയാം. അദ്ദേഹത്തിന് ഒരു കുറവും വരുത്താതെ ഒരു വേലക്കാരിയെപ്പോലെ അവർ പരിചരിക്കാറുമുണ്ട്. എന്നാൽ ഡയാനക്ക് ഇത്തരത്തിൽ ചാൾസിന് വേണ്ടതെല്ലാം കണ്ടറിഞ്ഞ് ചെയ്തു കൊടുക്കാൻ അറിയില്ലായിരുന്നുവെന്നും പ്രസ്തുത സുഹൃത്ത് ഓർമിക്കുന്നു.

കാമിലയുടെ നർമബോധവും തമാശകളും കാരണമാണ് ചാൾസ് അവരിൽ ആകൃഷ്ടനായത്. കാമിലയെ രാജ്ഞിയാക്കാൻ ചാൾസും തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഇതിനായി തന്റെ സ്വഭാവങ്ങളിൽ കൂടുതൽ പക്വത പരിശീലിക്കാൻ കാമിലയും ഒരുക്കം തുടങ്ങിക്കഴിഞ്ഞു. അഞ്ചാം വയസ്സ് മുതൽ ചാൾസ് രാജാവാകാൻ തയ്യാറെടുത്ത് വരികയാണെന്നാണ് അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്ത് വെളിപ്പെടുത്തുന്നത്. അദ്ദേഹം ഒരു നല്ല രാജാവായിരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും കാമിലയുടെ ഉറച്ച പിന്തുണ ഇത് ഉറപ്പാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP