Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആശുപത്രിക്ക് പുറത്തെ പുൽമേടയിൽ കിടത്തി മാതാപിതാക്കളുടെ അന്ത്യാഭിവാദ്യം; എല്ലാ ശ്രമങ്ങളും പാഴായതോടെ ഇന്നോ നാളെയോ ചാർളിയെ ദയാവധത്തിന് വിധേയമാക്കും

ആശുപത്രിക്ക് പുറത്തെ പുൽമേടയിൽ കിടത്തി മാതാപിതാക്കളുടെ അന്ത്യാഭിവാദ്യം; എല്ലാ ശ്രമങ്ങളും പാഴായതോടെ ഇന്നോ നാളെയോ ചാർളിയെ ദയാവധത്തിന് വിധേയമാക്കും

സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്‌ഫോണ്ടിലുള്ള ക്രിസ് ഗാർഡിനയും കോണി യേറ്റ്‌സിനെയും സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിവസമായിരുന്നു ഇന്നലെ. വെറും 11 മാസം മാത്രം പ്രായമുള്ള തങ്ങളുടെ പ്രിയപുത്രൻ ചാർളി ഗാർഡിന് അന്ത്യാഭിവാദ്യമേകിയ ദിവസമായിരുന്നു ഇത്. ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ പുൽത്തകിടിയിലേക്ക് വിങ്ങുന്ന ഹൃദയത്തോടെ മകനെയുമെടുത്ത് പോയായിരുന്നു അവൻ ചാർളിക്ക് യാത്രാമൊഴി മുൻകൂട്ടിയേകിയത്. അവനെ രക്ഷിക്കാനുള്ള ഈ മാതാപിതാക്കളുടെ എല്ലാ ശ്രമങ്ങളും പാഴായതോടെ ചാർളിയെ ഇന്നോ നാളെയോ ദയാവധത്തിന് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.

ചാർളിക്ക് അന്ത്യാഭിവാദ്യമേകുന്നതിന്റെ ഹൃദയഭേദകമായ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ കുട്ടിയെ ഹോസ്പിറ്റലിന്റെ പുൽത്തകിടിയിൽ കിടത്തിയിരിക്കുന്നതായി കാണാം. ഒപ്പം മാതാപിതാക്കളെയും കാണാം. വീഡിയോയുടെ രണ്ടാം ഭാഗത്തിൽ ക്രിസ് ഗാർഡ് മകന് ഗുഡ് നൈറ്റ് പറയുന്നതും കേൾക്കാം. കുറച്ച് മാസങ്ങളായി ഗ്രറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന ചാർളിയെ സാധ്യമായ വേഗത്തിൽ ഒരു ഹോസ്പീസിലേക്ക് മാറ്റാനും അവന് നൽകി വരുന്ന ലൈഫ് സപ്പോർട്ട് നിർത്താനും ഒരു ഹൈക്കോടതി ജഡ്ജ് ഉത്തരവിട്ടതിന് ശേഷമാണ് മാതാപിതാക്കൾ ഇത്തരത്തിൽ ചാർളിക്ക് അന്ത്യാഭിവാദ്യമേകിയിരിക്കുന്നത്.

മകന്റെ അന്ത്യനിമിഷങ്ങളിൽ അവനൊപ്പം ഹോസ്പിസിൽ ചെലവഴിക്കാനുള്ള ഈ മാതാപിതാക്കളുടെ അഭ്യർത്ഥനയും തള്ളപ്പെട്ടിട്ടുണ്ട്. പ്രസ്തുത കേസിൽ ഗ്രറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ വിദഗ്ധരുടെ അഭിപ്രായത്തിനൊപ്പമായിരുന്നു ജസ്റ്റിസ് ഫ്രാൻസിസ് നിലകൊണ്ടിരുന്നത്. ലൈഫ് സപ്പോർട്ട് നൽകി ചാർളിയുടെ ജീവൻ നിലനിർത്തുന്നത് കുട്ടിക്ക് വേദന വർധിക്കാനെ ഉപകരിക്കൂ എന്നായിരുന്നു ആശുപത്രിയിലെ ഡോക്ടർമാർ മുന്നറിയിപ്പേകിയത്. അതിനാൽ കുട്ടിയോട് കാണിക്കാവുന്ന ഏറ്റവും നല്ല കാര്യം അവന് എത്രയും വേഗം ദയാവധം ലഭ്യമാക്കുകയെന്നും അവർ നിർദേശിച്ചിരുന്നു.

 

ചാർളിയുടെ അവസാന നിമിഷങ്ങളിൽ സ്‌നേഹത്തിന്റെ വഴിയിൽ തങ്ങൾക്ക് അവനൊപ്പം ചെലവഴിക്കാനാണ് ആഗ്രഹമെന്നും ഹോസ്പിറ്റൽ, ലോയർമാർ, കോടതി, മാധ്യമങ്ങൾ, തുടങ്ങിയവയെയെല്ലാം ഈ അമൂല്യ നിമിഷങ്ങളിൽ ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് കോടതി നിഷേധിച്ചിരിക്കുകയുമാണെന്നാണ് ചാർളിയുടെ അമ്മ വേദനയോടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലമാണ് ചാർളി വെന്റിലേറ്ററിൽ കഴിയുന്നത്. ചാർളിയുടെ ലൈഫ് സപ്പോർട്ട് ജൂൺ30ന് അവസാനിപ്പിക്കാനും ആശുപത്രി അധികൃതർ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിനെതിരെ മാതാപിതാക്കൾ രംഗത്തെത്തുകയും പോപ്പും ട്രംപും അടക്കമുള്ള നിരവധി പേർ ഇവർക്ക് പിന്തുണയുമായി മുന്നോട്ട് വരുകയും ചെയ്തതിനെ തുടർന്ന് ആ തീരുമാനത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറുകയായിരുന്നു.

ചാർളിക്ക് ചികിത്സയൊന്നുമില്ലെന്നും ദയാവധം മാത്രമാണുള്ളതെന്നുമുള്ള ബ്രിട്ടീഷ് ഡോക്ടർമാരുടെ തീരുമാനത്തിന് വഴങ്ങാൻ അവന്റെ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. പകരം അവനെ അമേരിക്കയിലേക്ക് കൊണ്ടു പോയി പരീക്ഷണാത്മകമായ ചികിത്സ നൽകാനാണ് നാളിതുവരെ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്.കുഞ്ഞിനെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്നതിനായി ചാർളിയെ പിന്തുണയ്ക്കുന്നവർ 1.3 മില്യൺ പൗണ്ട് ഈ ദമ്പതികൾക്ക് പിരിച്ച് കൊടുത്തിരുന്നു. എന്നാൽ മൂന്ന് യുകെ കോടതികൾ ഇതിന് വിഘാതമായി നിന്നതോടെ ഈ മാതാപിതാക്കളുടെ സ്വപ്നം പൊലിയുകയായിരുന്നു. ചാർളിയെ രക്ഷിക്കാനാവുമോ എന്ന് പരിശോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയച്ച ഡോ. മിക്കിയോ ഹിരാനോ ജൂലൈ 17ന് ലണ്ടനിലെത്തിയിരുന്നു. ഇതിന് പുറമെ ചാർളിക്ക് വേണ്ടി പോപ്പ് ഫ്രാൻസിസ് പറഞ്ഞ് വിട്ട ഡോക്ടറും ഇവിടെയെത്തി പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ ചികിത്സക്ക് വിദേശത്തേക്ക് കുട്ടിയെ കൊണ്ടു പോകുന്നതിന് കോടതി അനുമതി നിഷേധിച്ചതിനെ തുടർന്ന് മാതാപിതാക്കളുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP