Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മൾ ഇപ്പോഴും ചർച്ച ചെയ്യുന്നത് രണ്ടു വരി പാതയെക്കുറിച്ച്...!! ചൈനയിലെ ബ്ലോക്കായ 50 വരി പാതയുടെ ചിത്രങ്ങൾ കണ്ട് നാണിക്കൂ

നമ്മൾ ഇപ്പോഴും ചർച്ച ചെയ്യുന്നത് രണ്ടു വരി പാതയെക്കുറിച്ച്...!! ചൈനയിലെ ബ്ലോക്കായ 50 വരി പാതയുടെ ചിത്രങ്ങൾ കണ്ട് നാണിക്കൂ

ബീജിങ്: ഇവിടെ റോഡ് വികസന വേളയിൽ രണ്ടു വരി പാത കൊണ്ടു വരുമെന്ന് പറഞ്ഞ് ജനങ്ങളെ പ്രലോഭിപ്പിച്ച് വോട്ട് പിടിക്കുന്ന നേതാക്കന്മാരേറെയുണ്ട്. പലയിടത്തും രണ്ടു വരി പാത പോലും നിലവിൽ വന്നിട്ടില്ലാത്ത അവസ്ഥയുമാണുള്ളത്. തങ്ങളുടെ സ്ഥലവും വീടും നഷ്ടപ്പെടുമെന്ന് പറഞ്ഞ് രണ്ടു വരി പാത വരുന്നതിന് പോലും എതിരു നിൽക്കുന്നവരും ഇവിടെ ഏറെയുണ്ട്. നമ്മുടെ പല സ്ഥലങ്ങളും ഇത്തരത്തിൽ രണ്ടു വരി പാത തന്നെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാതെ വട്ടം കറങ്ങുമ്പോൽ അയൽ രാജ്യമായ ചൈനയിൽ 50 വരി പാതകളിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ കുതികുതിച്ചു കൊണ്ടിരിക്കുകയാണെന്ന് എത്ര പേർക്കറിയാം...?. ഇത്തരത്തിലുള്ള ഒരു 50വരി പാതയിലുണ്ടായ ട്രാഫിക് ബ്ലോക്കിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്രയും പറഞ്ഞത്. രണ്ടു വരി പാതയെക്കുറിച്ച് കൂലം കുഷമായ ചർച്ചകളിൽ മുഴുകിയിരിക്കുന്ന നമ്മിൽ പലരും ഈ 50വരി പാതയയുടെ ദൃശ്യങ്ങൾ കണ്ട് നാണിച്ച് തലതാഴ്‌ത്തേണ്ടി വരുമെന്നുറപ്പാണ്.

ചൊവ്വാഴ്ചയാണ് ബീജിംഗിലെ ഈ 50വരി പാതയിൽ ബ്ലോക്കുണ്ടായത്. ഒരാഴ്ച നീണ്ട നാഷണൽ ഹോളിഡേയുടെ അവസാനദിവസം ജനങ്ങൾ കൂട്ടത്തോടെ വാഹനങ്ങളുമായി റോഡിലേക്കിറങ്ങിയതിനാലാണ് ഇവിടെ ദീർഘനേരം ട്രാഫിക് ജാമുണ്ടായത്. അന്നേ ദിവസം ചൈനയിലെ പകുതി ആളുകളും റോഡിലിറങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഈ ട്രാഫിക് ബ്ലോക്കിന്റെ ഏരിയൽ ഫൂട്ടേജും ചിത്രങ്ങളും വിസ്മയം ജനിപ്പിക്കുന്നവയാണ്. ബീജിംഗിലേക്കുള്ള ഒരു പ്രധാനപാതയാണ് ഇത്തരത്തിൽ മണിക്കൂറുകളോളം കുരുക്കിലായതെന്ന് പീപ്പിൾസ് ഡെയിലി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗതാഗതക്കുരുക്ക് ആരംഭിച്ചത്. ബീജിംഗിന്റെ തൊട്ടടുത്ത് ജി 4 ബീജിങ്‌ഹോംഗ്‌കോംഗ്മകൗ എക്സ്‌പ്രസ് വേയാണ് ഇത്തരത്തിൽ അഴിയാക്കുരുക്കിലകപ്പെട്ടത്.

പതിനായിരക്കണക്കിന് ബീജിങ് നിവാസികൾ തങ്ങളുടെ അവധിക്കാല യാത്ര കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാൻ തുടങ്ങിയതാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കിയത്. ഇവിടെയുള്ള ടോളിൽ ആരംഭിച്ച പുതിയ ചെക്ക് പോയിന്റാണ് ഗതാഗതക്കുരുക്കിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചെക്ക് പോയിന്റ് വന്നത് കാരണം 50 വരിയുള്ള പാത 20 വരിയായി ചുരുങ്ങിയെന്നും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്തിന്റെ പലയിടങ്ങളിലും ഇത്തരത്തിലുള്ള ട്രാഫിക് ബ്ലോക്കുകൾ സംജാതമായിരുന്നു.ഷാൻഗായ്, നാൻജിങ് തുടങ്ങിയ നഗരങ്ങളിലും ഈ അവസ്ഥ അരങ്ങേറിയിരുന്നു.

ചൈനീസ് നാഷണൽ ഡേ ആഘോഷമായ ഗോൾഡൻ വീക്ക് ആണ് കടന്ന് പോയിരിക്കുന്നത്. അന്ന് രാജ്യത്തെ മിക്കവരും അവധിയാഘോഷത്തിനായി വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. ടൂറിസ്റ്റുകൾ കൂടുതലായി ചൈനയിലേക്കെത്തുന്ന സമയവുമാണിത്. ജോലിയിൽ നിന്ന് വിടുതൽ നേടി ഒഴിവുകാലം ആസ്വദിക്കാനുള്ള അപൂർവ അവസരമാണ് ഈ സമയത്ത് ചൈനക്കാർക്ക് ലഭിക്കുന്നത്. ഒക്ടോബർ ഒന്നിനും ഏഴിനുമിടയിലുള്ള ഈ അവധിക്കാലത്ത് ഏതാണ്ട് 750 മില്യൺ ചൈനക്കാർ യാത്രയ്ക്കിറങ്ങുമെന്നാണ് ചൈനയിലെ നാഷണൽ ടൂറിസം അഡ്‌മിനിസ്‌ട്രേഷൻ കണക്കാക്കുന്നത്. ചൈനയിലെ പകുതി ജനസംഖ്യയാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP