Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദൈവം നൽകിയ ആയുസ്സ് എടുക്കാൻ ആരാണ് മനുഷ്യന് അധികാരം നൽകിയത്...? മോട്ടോർ ന്യൂറോസിസ് ബാധിച്ചയാൾ ഭാര്യയുടെ കൈ പിടിച്ച് സ്വയം മരണത്തിലേക്ക് നടന്നത് പ്രക്ഷേപണം ചെയ്തത് ബിബിസി

ദൈവം നൽകിയ ആയുസ്സ് എടുക്കാൻ ആരാണ് മനുഷ്യന് അധികാരം നൽകിയത്...? മോട്ടോർ ന്യൂറോസിസ് ബാധിച്ചയാൾ ഭാര്യയുടെ കൈ പിടിച്ച് സ്വയം മരണത്തിലേക്ക് നടന്നത് പ്രക്ഷേപണം ചെയ്തത് ബിബിസി

'ദൈവം ഇട്ട ആയുസു വരെ ജീവിക്കട്ടെ...'. കുടിവെള്ളമിറങ്ങാതെ കിടക്കുന്നയാളുടെ അടുത്തിരുന്ന് ബന്ധുക്കൾ സ്ഥിരം പറയുന്ന വാചകമാണിത്. നരകജീവിതം നയിക്കുന്നയാളെ പോലും ദയാവധത്തിന് വിധേയമാക്കുന്നതിനോട് മഹാഭൂരിപക്ഷത്തിനും യോജിപ്പില്ലെന്നതാണ് വാസ്തവം.ദയാവധം നിയമവിധേയമായി ചില രാജ്യങ്ങളിൽ നിലവിലുണ്ടെങ്കിലും അത് വ്യാപകമാവാതിരിക്കാൻ ഈ പൊതുമനോഭാവമാണ് തടസമായി വർത്തിക്കുന്നത്. കാര്യങ്ങൾ ഇത്തരത്തിലായിരിക്കവെയാണ് സ്വിറ്റ്‌സർലണ്ടിലെ ആത്മഹത്യാ ക്ലിനിക്കിൽ വച്ച് സൈമൻ ബിന്നറെ അനസ്‌തേഷ്യ നൽകി വധിച്ചിരിക്കുന്നത്.മോട്ടോർ ന്യൂറോസിസ് ബാധിച്ച അദ്ദേഹം ഭാര്യയുടെ കൈപിടിച്ച് മരണത്തിലേക്ക് നീങ്ങുന്നത് ബിബിസിയിൽ പ്രക്ഷേപണം ചെയ്യുകയുമുണ്ടായി. ഈ കാഴ്ച കണ്ട പല പ്രേക്ഷകർക്കും കടുത്ത അസ്വസ്ഥതയുണ്ടായെന്നാണ് റിപ്പോർട്ട്. പലരും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ദൈവം നൽകിയ ആയുസ്സ് എടുക്കാൻ ആരാണ് മനുഷ്യന് അധികാരം നൽകിയത്...? എന്ന ചോദ്യമുയരുന്നത് ഈ അവസരത്തിലാണ്.

ബിബിസി ടു ഡോക്യൂമെന്ററിയായ ഹൗ ടു ഡൈയുടെ അവസാന ഭാഗമായിട്ടാണ് ബിന്നറുടെ ആത്മഹത്യം പ്രക്ഷേപണം ചെയ്ത് ബിബിസി വിവാദം ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. മരിക്കാനുള്ള അനസ്‌തേഷ്യ സ്വീകരിക്കുന്നതിന് മുമ്പ് ബിന്നർ മരണക്കിടക്കയിൽ വച്ച് തന്റെ ഭാര്യ ഡെബിക്ക് നൽകുന്ന സന്ദേശവും വെളിച്ചത്ത് വന്നിട്ടുണ്ട്. അതിവൈകാരികത നിറഞ്ഞ് നിൽക്കുന്ന ഈ ഫൂട്ടേജ് അസ്വസ്ഥമായ മനസോടെയാണ് ബിബിസി പ്രേക്ഷകർ കണ്ടത്. അനസ്‌തേഷ്യ സ്വീകരിക്കുന്നതിന് മുമ്പ് ബിന്നർ തന്റെ സുഹൃത്തുക്കളോടും കുടുംബത്തോടും വിടപറയുന്നത് ഇതിൽ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.തങ്ങൾ ഇതുവരെ കണ്ടതിൽ വച്ചേറ്റവും ദുഃഖകരമായ രംഗങ്ങളാണിതെന്നാണ് ബിബിസി പ്രേക്ഷകർ ഇതിനെ വിവരിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ ഭാഗമായി കൂടുതൽ വിവാദപരമായ ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെന്നും സമെറിറ്റൻസിൽ നിന്നുള്ള കടുത്ത സമ്മർദം മൂലം ബിബിസി ഇത് അവസാന നിമിഷം ഒഴിവാക്കാൻ നിർബന്ധിതമാവുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.സ്വിറ്റ്‌സർലണ്ടിലെ ബാസസെലിലുള്ള അത്മഹത്യാക്ലിനിക്കിൽ കിടക്കുന്ന ബിന്നറുടെ ശവശരീരം കൂടി കാണിക്കാൻ ബിബിസി ഉദ്ദേശിച്ചിരുന്നുവെങ്കിലും അത് അവസാനം ഒഴിവാക്കാൻ നിർബന്ധിതമാവുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് സൈമൺ ബിന്നർ ഇത്തരത്തിൽ ആത്മഹത്യ ചെയ്തിരിക്കുന്നത്.കഴിഞ്ഞ രാത്രിയാണ് ബിബിസി 2 വിൽ ഇത് പ്രക്ഷേപണം ചെയ്തിരിക്കുന്നത്.

ഇതിന്റെ ദൃശ്യങ്ങൾ കണ്ട് തങ്ങൾ മുമ്പില്ലാത്ത വിധം അസ്വസ്ഥരായെന്ന് ബിബിസി പ്രേക്ഷകരിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ സമ്മറിൽ മോട്ടോർ ന്യൂറോൻ രോഗത്തിന് ചികിത്സയാരംഭിക്കുന്ന ബിന്നറിൽ നിന്ന് തുടങ്ങി അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലമാണ് ഈ ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്. മരണത്തിന് തൊട്ട് മുമ്പ് ബിന്നർ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ആസ്വദിക്കുന്ന വികാരനിർഭരമായ നിമിഷങ്ങൾ ബിബിസിയുടെ ക്യാമറ ചിത്രീകരിക്കുന്നുണ്ട്. അവസാനം ആത്മഹത്യാക്ലിനിക്കിൽ എത്തുന്ന സൈമൺ ബിന്നർ തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം അവസാനത്തെ ഭക്ഷണം കഴിക്കുന്നതും ഈ ഫൂട്ടേജിൽ കാണാം. മരിക്കാനുള്ള അനസ്‌തേഷ്യ കൊടുക്കുമ്പോൾ ബിന്നർക്ക് ചുറ്റും കുടുംബവും സുഹൃത്തുക്കളും വലയം ചെയ്ത് നിൽക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പെൺമക്കളായ ഹന്നാഹും സോയും മരണസമയത്ത് അരികിലില്ലായിരുന്നു.

സ്മാർട്ട് ചെക്ക്ഷർട്ട് ധരിച്ച് കിടക്കയിൽ കിടക്കുന്ന ബിന്നറെ ഈ ദൃശ്യങ്ങളിൽ കാണാം. അദ്ദേഹം അവസാന നിമിഷങ്ങളിൽ ഭാര്യയുടെ കൈ മുറുകെ പിടിച്ചിരിക്കുന്നതും കാണാം. മുമ്പ് റെക്കോഡ് ചെയ്ത് വച്ച ഒരു സന്ദേശം മുറിയിൽ മുഴങ്ങുന്നതും കേൾക്കാം. തന്റെ ഭാര്യയ്ക്കുള്ള സന്ദേശമെന്ന നിലയിലാണിത്. താൻ ഡെബിയെ വളരെ വളരെ സ്‌നേഹിച്ചിരുന്നുവെന്ന് ബിന്നർ ഇതിലൂടെ വ്യക്തമാക്കുന്നു.തനിക്ക് ഒരിക്കലും ഡെബിയെ പോലുള്ള ഒരു ഭാര്യയെയും തന്റെ പെൺമക്കളെയും ലഭിക്കാൻ അർഹതയില്ലെന്നും ബിന്നർ വ്യക്തമാക്കുന്നു.സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കില്ലെന്നും താൻ പോവുകയാണെന്നും പറഞ്ഞാണ് ബിന്നർ ഓഡിയോ മെസേജ് അവസാനിപ്പിക്കുന്നത്. ഇതിനെ തുടർന്ന് ബിന്നർക്ക് ജീവനെടുക്കാനുള്ള അനസ്‌തേഷ്യ നൽകുന്നത്.തുടർന്ന് ഒരു കറുത്ത സ്‌ക്രീനാണ് കാണുന്നത്. അനന്തരം ബിന്നറുടെ മൃതദേഹം സ്ട്രക്ചറിൽ ഉന്തിക്കൊണ്ട് പോകുന്നത് കാണാം. മോട്ടോർ ന്യൂറോൻസിനെ നശിപ്പിക്കുന്ന ഒരു രോഗമാണ് മോട്ടോർ ന്യൂറോൺ ഡീസീസ്. യുകെയിൽ ഈ രോഗവുമായി ജീവിക്കുന്ന 5000 ആളുകളുണ്ട്. ഈ രോഗം ബാധിക്കുന്ന ചിലർക്ക് പക്ഷാഘാതം ബാധിച്ച് ചലിക്കാനോ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ശ്വസിക്കാനോ പോലും ബുദ്ധിമുട്ടാറുണ്ട്. ഈ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ദയാവധം യുകെയിലെ നിയമത്തിനെതിരാണെന്നും അവർ വാദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP