Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസയില്ലാതെയുള്ള സഞ്ചാരസ്വാതന്ത്ര്യം ഉപയോഗിച്ച് പോളീഷ് യുവാവ് കൊന്നൊടുക്കിയത് ആറ് രാജ്യങ്ങളിലെ സ്ത്രീകളെ; സ്ത്രീകളെ കൊന്ന് നഗ്‌ന ശരീരത്തിൽ ചാപ്പ കുത്തുന്ന ഭീകരന്റെ ഇരകളുടെ എണ്ണമെടുത്ത് പൊലീസ്

വിസയില്ലാതെയുള്ള സഞ്ചാരസ്വാതന്ത്ര്യം ഉപയോഗിച്ച് പോളീഷ് യുവാവ് കൊന്നൊടുക്കിയത് ആറ് രാജ്യങ്ങളിലെ സ്ത്രീകളെ; സ്ത്രീകളെ കൊന്ന് നഗ്‌ന ശരീരത്തിൽ ചാപ്പ കുത്തുന്ന ഭീകരന്റെ ഇരകളുടെ എണ്ണമെടുത്ത് പൊലീസ്

ലയിൽ മുടിയില്ലാത്ത ഒരു വെളുത്ത ഭീകരൻ രാത്രിയിൽ നിങ്ങളെ തേടി ഏത് സമയവുമെത്തിയേക്കാം... ആ ഒരു ഭീതിയിൽ ബ്രിട്ടനിലെ സ്ത്രീകൾ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. യൂറോപ്പിലെ ആറോളം രാജ്യങ്ങളിലെ നിരവധി സ്ത്രീകളെ കൊന്നൊടുക്കിയ ഈ ഭീകരൻ ബ്രിട്ടനിലും ഏറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിസയില്ലാതെയുള്ള സഞ്ചാര സ്വാതന്ത്യം ദുരുപയോഗിച്ചാണ് ഈ പോളിഷ് യുവാവ് ആറ് രാജ്യങ്ങളിലെ സ്ത്രീകളെ കൊന്നൊടുക്കിയത്. സ്ത്രീകളെ കൊന്ന് ശരീരത്തിൽ ചാപ്പ കുത്തുന്ന ഈ ഭീകരന്റെ ഇരകളുടെ എണ്ണെടുക്കുകയാണ് ഇപ്പോൾ പൊലീസ്.

ഇത്രയും കാലത്തിനിടെ നിരവധി സ്ത്രീകളെയാണ് ഡാരിയസ് പാവെൽ കോട്ട്വിക എന്ന 29കാരൻ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും അംഗവൈകല്യം വരുത്തുകയും ചെയ്തിരിക്കുന്നത്. യൂറോപ്പിനെ ഇത്തരത്തിൽ ഭീതിയിലാഴ്‌ത്തിയ ആദ്യത്തെ സീരിയൽ കില്ലറാണ് ഡാരിയസ്. ഓസ്ട്രിയയിൽ കൊല്ലപ്പെട്ട ദമ്പതികളെ താനാണ് കുത്തിക്കൊന്നതെന്ന് ഡാരിയസ് സമ്മതിച്ചിട്ടുമുണ്ട്.ഇതിന് പുറമെ ഒരു മാസം മുമ്പ് സ്വീഡനിൽ കൊല്ലപ്പെട്ട പെൻഷനറെ കൊന്നതിന്റെ ഉത്തരവാദിത്വവും ഇയാൾ ഏറ്റെടുത്തിട്ടുണ്ട്.

ഓസ്ട്രിയയിലെ സ്ത്രീയെ വധിച്ച ശേഷം ബലാത്സംഗം ചെയ്ത ഡാരിയസ് അവരുടെ നഗ്‌നശരീരത്തിൽ ഭ്രമാത്മകമായ പ്രസ്താവനകൾ എഴുതി വച്ചിരുന്നു.തന്റെ ആത്മാവിനാൽ പ്രചോദിതമായിട്ടാണ് താൻ കൊല ചെയ്യുന്നതെന്നും അതിൽ ആനന്ദം കണ്ടെത്തുന്നുണ്ടെന്ന് ഡാരിയസ് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യൂറോപ്പിലാകമാനം ഇത്തരത്തിൽ ക്രൂരമായ നിരവധി കൊലപാതകങ്ങൾ നടത്തിയ ഡാരിയസ് നിരവധി വർഷങ്ങൾ യുകെയിലും താമസിക്കുകയും ഇവിടെയും നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിട്ടുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ സേനകൾ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ത്വരിതഗതിയിൽ നടത്തുകയും ചെയ്തിരുന്നു. കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച ഇയാളുടെ ഡിഎൻഎ സാംപിളുകൾ ഇതിന് വേണ്ടി പരിശോധിച്ചിരുന്നു. ഇപ്പോൾ പിടിയിലായ ഡാരിയസ് ഓസ്ട്രിയയിലെ ജയിലിൽ വിചാരണ കാത്ത് കഴിയുകയാണ്.

യൂറോപ്യൻ യൂണിയനിലെ പൊലീസ് സേനകൾക്ക് പ്രസ്തുത പ്രതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മുതൽക്കൂട്ടേകാനായി ഓസ്ട്രിയയിലെ ദമ്പതികളുടെ കൊലപാതകസ്ഥലത്ത് നിന്നും കണ്ടെടുത്ത ഇയാളുടെ ഡിഎൻഎ റിപ്പോർട്ടുകളും ഫിംഗർ പ്രിന്റുകളും പൊലീസ് യൂറോപ്യൻ യൂണിയനിലുടനീളം പങ്ക് വച്ചതിനെ തുടർന്നായിരുന്നു ഡാരിയസിന്റെ കൊലപാതകപരമ്പരകൾ ചുരുളഴിയാൻ തുടങ്ങിയത്. ഈ വർഷം മെയ് 21നായിരുന്നു ഇയാൾ വിയന്നയിലെ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നത്. കൊല്ലപ്പെട്ട 75കാരൻ ഗെർഹാർഡ് ഹിന്റർമിയറിന്റെയും ഭാര്യയായ 74കാരി ഏർണയുടെയും മൃതദേഹങ്ങൾ അവരുടെ വീട്ടിൽ നിന്നും ബന്ധുക്കൾ കണ്ടെടുക്കുകയായിരുന്നു. ഇവർ ക്രൂരമായ മർദനത്തിന് വിധേയമാവുകയും നിരവധി തവണ കത്തിക്കുത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീയുടെ നഗ്‌നശരീരത്തിൽ ഡാരിയസ് ബ്രൗൺ പെയിന്റ് കൊണ്ട് ടാന്റം എർഗോ എന്ന ലാറ്റിൻ ഫ്രേസ് എഴുതി വയ്ക്കുകയും ചെയ്തിരുന്നു.ഫോറൻസിക് പരിശോധനയിലൂടെ ഈ കൃത്യം നിർവഹിച്ചത് ഡാരിയസാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.തുടർന്ന് ബ്രിട്ടീഷ് സർക്കാരും അന്വേഷണത്തിൽ ചേരുകയായിരുന്നു. ജൂൺ എട്ടിനാണ് ഡാരിയസിനെ ജർമൻ പൊലീസ് പിടികൂടി ഓസ്ട്രിയയ്ക്ക് കൈമാറിയിരിക്കുന്നത്.

പിടിയിലായ ഉടനെ താനാണ് ഓസ്ട്രിയൻ ദമ്പതികളെ കൊലപ്പെടുത്തിയതെന്നും ഈ സ്ത്രീയെ ബലാത്സംഗം ചെയ്തിരുന്നുവെന്നും ഡാരിയസ് സമ്മതിച്ചിരുന്നു. ഇതിന് പുറമെ ഏതാനും ആഴ്ചകൾക്ക് മുമ്പെ കൊല്ലപ്പെട്ട സ്ത്രീയുടെ മരണത്തിനും ഉത്തരവാദി താനാണെന്ന് ഇയാൾ സമ്മതിച്ചിരുന്നു.2012ൽ ഒരു ഷോപ്പിൽ കവർച്ച നടത്തിയ ശേഷം ഒരു കൊലപാതകം ചെയ്യാൻ താൻ ശ്രമിച്ചിരുന്നുവെന്നും ഡാരിയസ് സമ്മതിച്ചിട്ടുണ്ട്.2011ൽ നെതർലാൻഡ്‌സിൽ നിരവധി പേരെ ശാരീരികമായി ഉപദ്രവിച്ചതിന് പുറകിലും ഇയാളാണെന്ന് സംശയമുണ്ട്. ഇതിന് പുറമെ ജർമനിയിലെ ഒരു ഷോപ്പും അയാൾകവർച്ച ചെയ്തിട്ടുണ്ട്.ഇയാൾ ചെയ്ത കൂടുതൽ കൊലപാതകങ്ങളും കവർച്ചയും അന്വേഷിച്ചറിയാൻ പൊലീസ് യത്‌നിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP